21 May Monday

പിള്ളേരെല്ലാം ടാക്കീസിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018


കാണാത്ത കാഴ‌്ചകൾ, സംസ‌്കാരങ്ങൾ, വിവിധ രാജ്യങ്ങളിലെ ഭൂപ്രകൃതികൾ...  സ‌്ക്രീനിൽ മിന്നിമറയുന്ന കാഴ‌്ചകൾ കണ്ട‌് ചിലർക്ക‌് അൽഭുതം, ചിലർക്ക‌് ആഹ്ലാദം, ചിലർക്ക‌് സങ്കടം.  കുട്ടികളെക്കുറിച്ചുള്ള മികച്ച സിനിമകൾ  കാണാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും അവസരം നൽകുന്ന കുട്ടികളുടെ ആദ്യ അന്താരാഷ‌്ട്ര ചലച്ചിത്രോത്സവത്തിന‌് മികച്ച പ്രതികരണം.

140 കുട്ടികളുടെ ചലച്ചിത്രങ്ങളാണ‌് മേളയിൽ പ്രദർശിപ്പിക്കുന്നത‌്. ലോക പ്രശ‌സ‌്ത കുട്ടികളുടെ ചലച്ചിത്രങ്ങൾ, കുട്ടികളുടെ പ്രശ‌്നങ്ങൾ പ്രതിപാദിക്കുന്ന ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ തുടങ്ങിയവയും പ്രദർശിപ്പിക്കുന്നുണ്ട‌്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളും രക്ഷിതാക്കളും മേളയിൽ പങ്കെടുക്കുന്നു. സിനിമാ പ്രദർശനത്തിനൊപ്പം അണിയറ പ്രവർത്തകരുമായുള്ള മുഖാമുഖം, ഓപ്പൺഫോറം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട‌്.

ദേശീയ, സംസ്ഥാന അവാർഡ‌് നേടിയ ബാലതാരങ്ങളുമായി പ്രതിനിധികൾക്ക‌് സംസാരിക്കാം.  മേ‌ളയ‌്ക്ക‌് കൊഴുപ്പേകാൻ സ‌്കൂൾ യുവജനോത്സവ വിജയികളുടെ കലാപരിപാടികളും  ഒരുക്കി. ആദിവാസി മേഖലകളിൽനിന്നും അനാഥാലയങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക‌് സിനിമ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട‌്.

ചാർളി ചാപ്ലിന്റെ ദ കിഡ്, മാജിദ‌്മജീദിയുടെ കളർ ഓഫ് പാരഡൈസ്, ജംഗിൾ ബുക്ക്, ലൈഫ് ഇസ് ബ്യൂട്ടിഫുൾ, ക്ലിന്റ്, മൈ ഫ്രണ്ട് റാഫി, ദ കിഡ്‌സ് പാർട്ടി തുടങ്ങിയ ചിത്രങ്ങൾ നിറഞ്ഞ സദസ്സിലാണ‌് പ്രദർശിപ്പിച്ചത‌്. കുട്ടികൾ ആവേശപൂർവം വരവേറ്റ ജുറാസിക‌് പാർക്ക‌്, മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ ചിത്രങ്ങൾ വരും ദിവസങ്ങളിൽ പ്രദർശിപ്പിക്കും.

20 വരെ ടാഗോർ, കൈരളി, കലാഭവൻ, ശ്രീ, നിള എന്നീ തിയറ്ററുകളിലാണ‌്  പ്രദർശനം.
 

പ്രധാന വാർത്തകൾ
Top