19 September Wednesday

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്; ആദ്യ ചിത്രം ഇര്‍ഫാന്‍ ഖാനോടൊപ്പം

വെബ് ഡെസ്‌ക്‌Updated: Friday Aug 11, 2017

മലയാളി യുവാക്കളുടെ പ്രിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും ആരാധകര്‍ താരത്തിനുണ്ട്. തമിഴിനു പുറമെ തെലുങ്കില്‍ വരെ തന്റെ സാനിധ്യമറിയിച്ച താരം ഗ്ലാമര്‍ ലോകമായ ബോളിവുഡിലേക്ക് ചുവടു വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.

പ്രശസ്ത നടന്‍ ഇര്‍ഫാന്‍ ഖാനോടൊപ്പമാണ് ദുല്‍ഖര്‍ ബി ടൗണില്‍ അരങ്ങേറ്റം കുറിക്കുന്നത്. റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ 'ഗേള്‍ ഇന്‍ ദി സിറ്റി' എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ് നായിക. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും കേരളത്തില്‍ വച്ചാണ് ചിത്രീകരിക്കുകയെന്നറിയുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ രണ്ടാഴ്ചയോളം കേരളത്തില്‍ തങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ദുല്‍ഖര്‍ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്ന മഹനദിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ജെമിനി ഗണേശനായിട്ടാണ് താരമെത്തുന്നത്. മലയാളത്തില്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോ, സൗബിന്‍ സാഹിറിന്റെ പറവ എന്നിവയാണ് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍.

പ്രധാന വാർത്തകൾ
Top