21 November Wednesday

നവംബറില്‍ കല്യാണം

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018

ഒടുവിൽ അവർ അത് സ്ഥിരീകരിച്ചു. ബോളിവുഡിലെ യുവതാരജോടികളായ ദീപിക പദുകോണും രൺവീർ സിങ്ങും വിവാഹിതരാകും. വർഷങ്ങളായി ഇവർ പ്രണയത്തിലാണെന്ന് ബോളിവുഡ് മാധ്യമങ്ങൾ അടക്കം പറഞ്ഞെങ്കിലും രണ്ടുമാസം മുമ്പുമാത്രമാണ് ദീപിക രൺവീറിനോടുള്ള അടുപ്പം തുറന്നുപറഞ്ഞത്. വിവാഹിതരാകുകയാണെന്ന് ഇരുവരും സാമൂഹ്യമാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം വെളിപ്പെടുത്തി. കുടുംബങ്ങളുടെ ആശീർവാദത്തോടെ നവംബർ 14നും 15നുമാണ് വിവാഹച്ചടങ്ങുകൾ.

പ്രണയത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും അവിശ്വസനീയമായ യാത്രയാണ് ഒടുവിൽ വിവാഹത്തിൽ കലാശിക്കുന്നതെന്നും എല്ലാവരുടെയും അനു​ഗ്രഹം വേണമെന്നും സംയുക്ത ക്ഷണപത്രികയിൽ ഇരുവരും പറഞ്ഞു.മുപ്പത്തിമൂന്നുകാരനായ രൺവീറും മുപ്പത്തിരണ്ടുകാരിയായ ദീപികയും സഞ്ജയ് ലീല ബൻസാലിയുടെ മൂന്ന് ബി​ഗ് ബജറ്റ്  ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.  അഞ്ചുവർഷം മുമ്പിറങ്ങിയ രാം ലീല ആയിരുന്നു ആദ്യചിത്രം. ബാജിറാവു മസ്താനി, പത്മാവത് എന്നീ ചിത്രങ്ങളിലും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവച്ചത്. ബോളിവുഡ് കണ്ട ഏറ്റവും മികച്ച താരജോടികളിലൊന്നായി ഇവരെ ചലച്ചിത്രമാധ്യമങ്ങൾ വാഴ്ത്തി.

വിഖ്യാത ബാഡ്മിന്റൺ താരം പ്രകാശ് പദുകോണിന്റെ മകളായ ദീപിക, കളിക്കളം വിട്ടാണ് ചലച്ചിത്രരം​ഗത്തേക്ക് എത്തുന്നത്. ഷാരൂഖ‌്ഖാന്റെ ഓം ശാന്തി ഓമിലൂടെയായിരുന്നു  ബോളിവുഡ് അരങ്ങേറ്റം. ബൻസാലി ചിത്രങ്ങളാണ് നടിയെന്ന നിലയിൽ ദീപികയ‌്ക്ക് കഴിവ് തെളിയിക്കാൻ അവസരം നൽകിയത്. പത്മാവതിനുശേഷം ദീപിക പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.അനിൽ കപൂറിന്റെ കുടുംബവുമായി അമ്മവഴി ബന്ധമുള്ള രൺവീർ കപൂർ, ബാൻഡ് ബജാ ഭാരത് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ തുടക്കംകുറിച്ചത്. വിക്രമാദിത്യ മോട്വാനെയുടെ ലുതേരയിലൂടെ കഴിവ് തെളിയിച്ചു. ബൻസാലി ചിത്രങ്ങളാണ് രൺവീറിനും കരിയറിൽ ശക്തമായ കഥാപാത്രങ്ങളെ സമ്മാനിച്ചത്. സിംബ, ​ഗള്ളി ബോയ് എന്നിവയാണ് രൺവീർ സിങ്ങിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.


പ്രധാന വാർത്തകൾ
Top