16 November Friday

മായാനദിയും 'ബാവ്‌രാ മനും' പ്രേക്ഷക ഹൃദയങ്ങളില്‍....; ഗാനം പാടി അഭിനയിച്ച ദര്‍ശനയെ അടുത്തറിയാം

രശ്‌മി രാധാകൃഷ്‌ണന്‍Updated: Wednesday Jan 17, 2018

മായാനദി പ്രേക്ഷക ഹൃദയത്തില്‍ കരകവിഞ്ഞൊഴുകുകയാണ്. ചിത്രം തീയേറ്ററുകളില്‍ സ്വീകാര്യത നേടി മുന്നേറുന്നതിനൊടൊപ്പം കാണികള്‍ തിരയുന്ന മറ്റൊരു പേരുണ്ട്, ദര്‍ശന രാജേന്ദ്രന്‍. മായാനദിയില്‍ ബാവ്‌രാ മന്‍ പാടി, സമീറയുടേയും അപ്പുവിന്റെയും കൂട്ടുകാരി ആയി അഭിനയിച്ചു തിളങ്ങിയ ദര്‍ശനയെ.... ദര്‍ശന രാജേന്ദ്രന്‍ എന്ന പേര് പറഞ്ഞാല്‍ അറിയാത്തവരും ഇപ്പോള്‍ 'ബാവ്‌രാ മന്‍ ഗേള്‍ ' എന്നുപറഞ്ഞാല്‍ ഈ പെണ്‍കുട്ടിയെ  പെട്ടെന്ന് തിരിച്ചറിയും..ആഷിക് അബുവിന്റെ മായാനദിയില്‍ പെണ്‍ സൗഹൃദത്തിന്റെ മനസ് തൊടുന്ന റിയലിസ്റ്റിക് നിമിഷങ്ങള്‍ ഒപ്പിയെടുത്ത ആ ബാല്‍ക്കണി രംഗം സിനിമ കണ്ടവരാരും മറക്കാനിടയില്ല..തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ ദര്‍ശനയുടെ മുഖവും ബാവ്‌രാ മന്‍ ഗാനവും അങ്ങനെ മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതമായി. ദര്‍ശനയുടെ സിനിമാ വിശേഷങ്ങളിലേയ്ക്ക്....

രശ്‌മി രാധാകൃഷ്ണന്‍ എഴുതുന്നു

പാട്ടുകാരിയാണോ?

കുട്ടിയായിരുന്നപ്പോള്‍ പാട്ട് പഠിച്ചിട്ടുണ്ട്.കോളേജില്‍  ചിലതൊക്കെ ചെയ്തിട്ടുണ്ട്. സീരിയസ് ആയിട്ട് പാട്ടിനെ അപ്പ്രോച്ച്  ചെയ്തിട്ടില്ല. ഒരു കവര്‍ ചെയ്യാനൊന്നും  ഇതുവരെ ശ്രമിച്ചിട്ടില്ല. ഇപ്പോഴാണ് ആദ്യമായി  ഒരു കവര്‍ ചെയ്യുന്നത്. പെഴ്‌സണലി പാട്ടിനോട് ഒരുപാട് ഇഷ്ടമുണ്ട്. പാടാനും കേള്‍ക്കാനും.

മായാനദിയിലെ 'ബാവ്‌രാ മന്‍ ' ഗാനത്തിലേയ്‌ക്ക്?

സിനിമയില്‍ പാട്ട് വന്നത് ഭയങ്കര യാദൃശ്ചികമായിട്ടാണ്.ആര്‍ക്കും അറിയില്ലായിരുന്നു ഞാന്‍ പാടുമെന്ന്. മൂന്നാല് വര്‍ഷങ്ങള്‍ക്ക്  മുമ്പ് എപ്പോഴോ ഞാന്‍ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ വച്ച് ഈ പാട്ട് പാടിയത് റെക്കോഡ് ചെയ്തിരുന്നു. അടുത്തിടെ ആ റെക്കോഡ് ഞാന്‍ ചില സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തിരുന്നു. നടന്‍ റോഷന്‍ എന്റെ ഒരു ഫ്രണ്ടാണ്. റോഷന്‍ വഴി  ലിയോണ അത് കേട്ടു. എന്നെ പരിചയപ്പെടുന്നതിനു മുമ്പ്  തന്നെ ലിയോണ എന്റെ പാട്ടാണ് കേട്ടത്.മായാനദിയിലെ ബാല്‍ക്കണി സീന്‍ എടുക്കുന്നതിനു മുമ്പ്  തന്നെ ലിയോണ ഈ പാട്ട് സെറ്റില്‍ പല തവണ കേള്‍പ്പിച്ചിരുന്നു.അത് കേട്ടിട്ട് ശ്യാം ചേട്ടന്‍ പറയുകയായിരുന്നു അടുത്ത സീനില്‍ ഞാന്‍ പാടണം എന്ന്.

ദര്‍ശന പാടിയ 'ബാവ്‌രാ മന്‍' കവര്‍ സോങ്ങ്



ഓഡീഷന്‍ വഴിയാണോ മായാനദിയില്‍ എത്തുന്നത്?


അതെ, ശരിയ്ക്കും ഓഡീഷന്‍ ടൈമില്‍ ഒരു വര്‍ക്കിനു വേണ്ടി  ഞാന്‍ വയനാട്ടിലായിരുന്നു.ബാക്കി എല്ലാവരെയും അപ്പോഴേയ്ക്കും കാസ്റ്റ് ചെയ്ത് കഴിഞ്ഞിരുന്നു.ആ സമയത്ത് റിമയാണ് പറയുന്നത് ഈ ക്യാരക്റ്ററിന്റെ കാര്യത്തില്‍ മാത്രം അതുവരെ അത്ര സാറ്റിസ്‌ഫൈഡ് അല്ല എനിയ്ക്ക് താല്പര്യമുണ്ടെങ്കില്‍ ഓഡീഷനില്‍ പങ്കെടുത്ത് നോക്കൂ എന്ന്. അങ്ങനെ റിമ അസോസിയേറ്റിന്റെ നമ്പര്‍ തന്നു. ഞാന്‍ ഓഡീഷനില്‍ പങ്കെടുക്കുകയായിരുന്നു.

തിയേറ്റര്‍ പശ്ചാത്തലം?

ഞാന്‍  ഡല്‍ഹിയില്‍ ലേഡി ശ്രീരാം കോളേജിലാണ് ഡിഗ്രി പഠിച്ചത്. മാത്‌സ് ആയിരുന്നു വിഷയം. പിന്നീട് ഉപരിപഠനത്തിനായി ലണ്ടനില്‍ പോയി. പഠനം കഴിഞ്ഞ് ഒരു ജോലിയ്ക്കായാണ് ചെന്നൈയില്‍ വരുന്നത്. വന്ന സമയത്ത് എനിയ്ക്ക് അവിടെ ആരെയും പരിചയമില്ലായിരുന്നു. സത്യജിത് എന്നൊരു ഫ്രണ്ട് മാത്രം. ഞങ്ങള്‍ അവിടെ മീറ്റ് ചെയ്തു. സത്യജിത്ത് ഒരു മ്യൂസിക്കല്‍ ഡ്രാമയുടെ ഓഡീഷന് പോകുന്ന സമയത്ത് എന്നെയും വിളിച്ചു. പാടുന്നയാളല്ലേ ചുമ്മാ വന്നോളൂ എന്നായി. ആക്റ്റിംഗ് ഒന്നും അന്ന് എന്റെ  മനസ്സിലെ ഇല്ലായിരുന്നു. എങ്കിലും അവിടെ ചെന്ന് കഴിഞ്ഞപ്പോള്‍ ആലീസ് ഇന്‍ അഡള്‍ട്ട്‌ലാന്‍ഡ് എന്ന  ഡ്രാമയില്‍  ആലീസ് ഞാന്‍ എന്‌ജോയ് ചെയ്ത് തുടങ്ങി. അന്ന് മൈക്രോ ഫിനാന്‍സില്‍ ആയിരുന്നു വര്‍ക്ക് ചെയ്തിരുന്നത്.രാത്രി ജോലി കഴിഞ്ഞുവന്നാല്‍ നേരെ ഡ്രാമ റിഹെഴ്‌സല്‍ ക്യാമ്പിലേയ്ക്ക്. പിന്നെ വളരെ വൈകിയേ വീടെത്തൂ. രാവിലെ വീണ്ടും ജോലി. മൂന്നുവര്‍ഷത്തോളം ഇതായിരുന്നു റൊട്ടീന്‍. തിയേറ്റര്‍ ഡ്രാമ ഇങ്ങനെ ചെയ്താല്‍ പോര,ഇനിയും ഒരുപാട് പഠിയ്ക്കാനുണ്ട്  എന്നൊക്കെ തോന്നിത്തുടങ്ങിയപ്പോള്‍ ജോലി തല്‍ക്കാലം വിടാന്‍ തീരുമാനിച്ചു.ഒരു ആറുമാസമോ ഒരു കൊല്ലമോ കഴിഞ്ഞിട്ട് ജോലിയിലേക്ക് തിരിച്ച് വരാം എന്നായിരുന്നു അന്ന് മനസ്സില്‍. ഇപ്പൊ ദേ മൂന്നുകൊല്ലമായി!


മായാനദിയിലെ ആ ബാല്‍ക്കണി സീന്‍ എങ്ങനെ ഫീല്‍ ചെയ്തു?

മായാനദിയില്‍ എന്റെയും ഫേവറിറ്റ് സീന്‍ ആണ് അത്. പെണ്‍കുട്ടികള്‍ ഇങ്ങനെ കൂടുന്നതൊക്കെ മലയാളസിനിമയില്‍ ഫ്രഷ് ആണ്. അതുകൊണ്ട് തന്നെ ആ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങളും ആ മൂഡിലായിരുന്നു. ഒന്നാമത് ലൊക്കേഷനില്‍ എന്റെയും ലിയോണയുടെയും ലാസ്റ്റ് സീന്‍ ആയിരുന്നു അത്. ഞങ്ങളൊക്കെ ഇമോഷണല്‍ ആയിരുന്നു ആ സമയം. ഷൂട്ട് ചെയ്യുമ്പോള്‍ അതുകൊണ്ട് തന്നെ പരസ്പരം നന്നായി കണക്ട് ചെയ്യാന്‍ പറ്റി. ഞങ്ങള്‍ മൂന്നുപേരും തമ്മില്‍ മുന്‍പരിചയം ഒന്നുമുണ്ടായിരുന്നില്ലെങ്കിലും സെറ്റില്‍ വന്നു ആദ്യദിവസം കഴിഞ്ഞപ്പോള്‍ തന്നെ നല്ല കൂട്ടായി. എല്ലാം ഒരുമിച്ചായിരുന്നു.കഴിയ്ക്കുന്നതും യാത്ര ചെയ്യുന്നതുമെല്ലാം. പിന്നെ ലോക്കെഷനിലെ ടീമും നല്ല കൂട്ടായിരുന്നു. ഞങ്ങള്‍ മൂന്നുപേരും തമ്മില്‍  ഓഫ് സ്‌ക്രീന്‍ അടുപ്പമുണ്ടാവാന്‍ പറ്റിയ അന്തരീക്ഷമായിരുന്നു സെറ്റില്‍. അതാണ് ഓണ്‍ സ്‌ക്രീന്‍ വര്‍ക്ക് ഔട്ട് ആയത്.

മലയാളസിനിമയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന ടീമിനൊപ്പം ആദ്യസിനിമ?


ഈ ടീമിന്റെ മുന്‍പുള്ള എല്ലാ സിനിമയും ഞാന്‍ കണ്ടിട്ടുണ്ട്. പുറം നാടുകളിലുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ സജസ്റ്റ് ചെയ്യുന്ന മലയാളസിനിമകള്‍ മിക്കതും ഈ ടീമിന്റെയാണ്. ഇവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ അവസരം കിടിയപ്പോള്‍ അതിനപ്പുറം എന്താ വേണ്ടത്!എന്തായാലും എനിയ്ക്ക് ഒരുപാട് പഠിക്കാന്‍ പറ്റും എന്നറിയാമായിരുന്നു.വളരെ കംഫര്‍ട്ടബിളായിരുന്നു. ഒരു ടെന്‍ഷനോ  പേടിയോ ഒന്നുമില്ലാതെ ആദ്യ ദിവസം തൊട്ടു തന്നെ വളരെ ഈസിയായി ചെയ്യാന്‍ പറ്റി. സെറ്റില്‍ പോകുമ്പോള്‍ ഒരു ഇന്‍ഹിബിഷന്‍ ഇല്ലായിരുന്നു. ഞാന്‍ ഇല്ലാത്ത സീനും ഞാന്‍ സെറ്റില്‍ പോയിരുന്നു കാണുമായിരുന്നു. ഇവരുടെ ആ പ്രോസസ് തന്നെ ഒരു പാഠമാണ്.
മായാനദിയുടെ ലൊക്കേഷനില്‍ നിന്ന്‌

മായാനദിയുടെ ലൊക്കേഷനില്‍ നിന്ന്‌


ഒരു പ്രേക്ഷക എന്ന നിലയില്‍ മായാനദി എങ്ങനെ കണ്ടു?


ഞാന്‍ ശരിയ്ക്കും ആദ്യം കണ്ടത് ഓഡിയന്‍സിനെപ്പോലെ തന്നെയാണ്. അപ്പുവിന്റെയും മാത്തന്റെയും ക്യാരക്ടേഴ്‌സിനെക്കുറിച്ച് ഏകദേശം ഐഡിയ ഉണ്ടായിരുന്നു എന്നല്ലാതെ ഒന്നും അറിയില്ലായിരുന്നു. അതേപോലെ ലിപ് സിങ്കിങ് ആയിരുന്നത് കൊണ്ട് ഡബ്ബിംഗ് ഇല്ലായിരുന്നല്ലോ. ഒരു സാധാരണ പ്രേക്ഷകന്‍ കാണുന്നത് പോലെ  അത്രയും  ഫ്രഷ് ആയിട്ട് തന്നെയാണ് ഞാനും തിയേറ്ററില്‍ കണ്ടത്. കണ്ടിട്ട് ത്ര നാളായി എങ്കിലും ഇപ്പോഴും ഒരു പെയിന്‍ ഉണ്ട്. ക്യാരക്ടേഴ്‌സ്് ആണാകട്ടെ, പെണ്ണാകട്ടെ, ഹീറോ ആകട്ടെ ചെറിയ റോളുകള്‍ ആവട്ടെ  എല്ലാവരും അത്രയ്ക്ക് കംപ്ലീറ്റ് ആണ്.അപ്പുവിന്റെ  ക്യാരക്ടര്‍ എനിയ്ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റും. അവള്‍ കടന്നുപോകുന്ന സ്ട്രഗിള്‍ ഞാനുള്‍പ്പെടെ മിക്ക പെണ്‍കുട്ടികളും കടന്നുപോയിട്ടുണ്ടാവും.ഞാന്‍ കരഞ്ഞു കരഞ്ഞാണ് സിനിമ കണ്ടത്. അപ്പുവിന്റെ  കഥാപാത്രം ഒരുപാടിഷ്ടമായി. അപര്‍ണ്ണയെക്കുറിച്ച് അഭിമാനമുണ്ട്. വളരെ ടാലന്‍ടഡാണ്. ശരിയ്ക്കും സിനിമ കണ്ടിട്ട് ഞങ്ങള്‍ എല്ലാവരും കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.

സ്റ്റേജില്‍ നിന്ന് സിനിമയിലേയ്ക്ക്, എങ്ങനെ വ്യത്യാസം തോന്നുന്നു?

ഞാന്‍ കാമറയ്ക്ക് മുന്നിലെക്കാള്‍ സ്റ്റേജിലാണ് ഇപ്പോഴും കൂടുതല്‍ കംഫര്‍ട്ടബിള്‍.എനിയ്ക്ക് ക്യാമറയേക്കാള്‍ സ്റ്റേജില്‍ ആണ് എക്‌സ്പീരിയന്‍സ് കൂടുതല്‍. ക്യാമറ ഇനിയും പഠിച്ച് വരേണ്ടതുണ്ട്.അതുകൊണ്ട് സ്റ്റേജിലെ കോണ്ഫിഡന്‍സ് ക്യാമറയ്ക്ക് മുന്നിലില്ല. ക്യാമറയില്‍ വരുമ്പോള്‍ ചെറിയ കാര്യങ്ങള്‍ വലുതായിട്ട് കാണും. അതിനോടൊക്കെ പയ്യെ ഇണങ്ങി വരുന്നു. രണ്ടും ഇഷ്ടമാണ്. ഏതാണ് എന്ന് ഇപ്പൊ സെലക്റ്റ് ചെയ്യുന്നില്ല. ഇപ്പൊ എല്ലാം എന്‍ജോയ് ചെയ്യുകയാണ്.ആക്റ്റിംഗ്,വോയ്‌സ് ഓവര്‍, സ്റ്റോറി ടെല്ലിംഗ്, ഡബ്ബിംഗ് എന്തും ചെയ്യും.

സ്റ്റോറി ടെല്ലര്‍ കൂടെയാണല്ലോ?

പണ്ട് അമ്മൂമ്മയൊക്കെ പറഞ്ഞുതന്ന കഥകളെ റീക്രിയെറ്റ് ചെയ്യുകയാണ്. കുട്ടികള്‍ ഇപ്പോള്‍ പലതരത്തില്‍ എന്‍ഗേജ്ഡാണല്ലോ.പക്ഷെ എത്ര മീഡിയം മാറിയാലും കുട്ടികള്‍ക്ക് കഥകളോടുള്ള ഇഷ്ടം മാറില്ല.കഥകള്‍ അവരെ  നന്നായി എക്‌സൈറ്റ് ചെയ്യിക്കും.കഥ പറച്ചിലിന് എന്നും സാധ്യതകള്‍ ഉണ്ട്.ഞാന്‍ പെഴ്‌സണലി മാത്രമല്ല  ഒരു കുട്ടികളുടെ പബ്ലിക്കേഷന്റെ ഭാഗമായും ചെയ്യുന്നുണ്ട്. അവരുടെ കരിക്കുലമുള്ള സ്‌കൂളുകളില്‍ പോയിട്ട് കഥ പറയും. ആറുവയസ് വരെയുള്ള കുട്ടികളെയാണ് ഉദ്ദേശിക്കുന്നത്.ഏറ്റവും ചെറിയ കുട്ടികള്‍ ആണ് നമുക്ക് ഏറ്റവും സംതൃപ്തി തരുന്നത്.
 ദര്‍ശന നാടക വേദിയില്‍

ദര്‍ശന നാടക വേദിയില്‍


ഇഷ്ടപ്പെട്ട സിനിമകള്‍?

ഏറ്റവും അടുത്ത് കണ്ടതില്‍ കമ്മട്ടിപ്പടത്തില്‍ വിനായകന്റെ ക്യാരക്ടര്‍ ഒരുപാടിഷ്ടമായി. സ്മിത പാട്ടില്‍,നന്ദിത ദാസ് ഇവരെയൊക്കെ ഇഷ്ടമാണ്. അതേപോലെ ടച്ച് ചെയ്ത സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും.കുറേക്കാലം അതിലെ ഡയലോഗും ചെറിയ കാര്യങ്ങളും ക്യരാക്ടേഴ്‌സുമൊക്കെ  മനസ്സില്‍ കിടന്നു.എനിയ്ക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റാണ് ഇങ്ങനെയൊക്കെ എന്തെങ്കിലും കണ്ടാല്‍.

പുതിയ പ്രോജക്റ്റ്‌സ്?


അഞ്ജലി മേനോന്റെ സിനിമയ്ല്‍ ഒരു ചെറിയ റോള്‍.തമിഴില്‍ മുമ്പ് കവന്‍ എന്നൊരു സിനിമ ചെയ്തിരുന്നു.ഇനി വരാനുള്ള ഇരുമ്പ് തിരൈ എന്ന സിനിമയില്‍ വിശാലിന്റെ അനിയത്തിയുടെ റോളാണ്.ചെയ്ത് വച്ചിരുന്ന നാടകങ്ങള്‍ തുടരുന്നുണ്ട്.

കുടുംബം?

അച്ഛന്‍ രാജേന്ദ്രന്‍ സൌദിയില്‍ ബ്രിട്ടീഷ് കൌണ്‍സിലില്‍ ആയിരുന്നു.ഇപ്പോള്‍ റിട്ടയര്‍ ആയി.അമ്മ നീരജ അവിടെ ഡാന്‍സ് ടീച്ചര്‍ ആയിരുന്നു.ഇപ്പോള്‍ രണ്ടുപേരും കൊച്ചിയില്‍ സെറ്റിലായി.ഞാന്‍ മിക്കപ്പോഴും ചെന്നൈയില്‍ ആയിരിക്കും.അമ്മ രക്ഷാധികാരി ബൈജു,സോളോ, റോസാപ്പൂ,തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു കഴിഞ്ഞു.ചേച്ചി ഭാവനയും തിയേറ്റര്‍ ചെയ്യും.ഇപ്പോള്‍ ബാഗ്ലൂര്‍ വര്‍ക്ക് ചെയ്യുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top