20 November Tuesday

സ്വരമുയർത്തി സ്വരയും

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018

സിനിമയിലെ വഴങ്ങലുകൾക്കും ഭീഷണികൾക്കുമെതിരെ സ്വരമുയർത്തി ബോളിവുഡ‌് താരം സ്വര ഭാസ‌്കറും. ഇന്ത്യൻഎക‌്സ‌്പ്രസ‌് സംഘടിപ്പിച്ച സംവാദം പരിപാടിയിലാണ‌് ഹിന്ദി സിനിമാലോകത്ത‌് നടക്കുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച‌് സ്വര തുറന്നുപറഞ്ഞത‌്. 

ബോളിവുഡിലെ ഒരു വലിയ പ്രൊഡ്യൂസറുടെ മാനേജര്‍ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചടങ്ങിൽ വെളിപ്പെടുത്തി. ‘ഏതോ വസ്തുവിനെ കണ്ടതുപോലെയായിരുന്നു എന്നോടുള്ള അയാളുടെ ഭാവം. പെട്ടെന്ന് അയാള്‍ ചാടിയെഴുന്നേറ്റ് എന്റെ ചെവിക്കടുത്തെത്തി. എന്തൊക്കെയോ മന്ത്രിച്ചുകൊണ്ട‌് അയാൾ ചുംബിക്കാൻ ശ്രമിച്ചു. അയാളുടെ വായില്‍ നിറയെ എന്റെ മുടിയായിരുന്നു. ആ സാഹചര്യത്തെ എങ്ങനെ നേരിട്ടുവെന്ന് എനിക്ക് മാത്രമേ അറിയൂ. ശരിക്കും അവിടെ നിന്ന് ഓടിപ്പോരുകയായിരുന്നു’‐ സദസ്സിന്റെ ചോദ്യങ്ങൾക്ക‌് മറുപടിയായയി സ്വര സ്വരമുയർത്തി പറഞ്ഞു.

ഹോളിവുഡിലെ ‘മീ ടൂ’ പ്രചാരണത്തോടെ, ലോകവ്യാപകമായി, സിനിമാലോകത്തിലെ ദുരനുഭവങ്ങൾ നടിമാർ വെളിപ്പെടുത്തുകയാണ‌്. അതിജീവിച്ച സ‌്ത്രീകൾക്കൊപ്പമാണ‌് തങ്ങളെന്ന‌് പരസ്യപ്രഖ്യാപനങ്ങളും ഉയർന്നുതുടങ്ങി.
തുറന്നുപറയുന്ന ഇരകളുടെ വാക്കുകള്‍ സ്വീകരിക്കാന്‍ സമൂഹം തയ്യാറായാല്‍മാത്രമേ അവര്‍ക്ക് സുരക്ഷ തോന്നുകയുള്ളൂ‐ സ്വര സംവാദത്തിൽ തുടർന്നു.  അവര്‍ പബ്ലിസിറ്റിക്കുവേണ്ടി ശ്രമിക്കുകയാണെന്ന് ചിത്രീകരിക്കരുത‌്. 

തുറന്നുപറയാന്‍ തയ്യാറായവരെ തുറന്ന ചെവികളുമായി സ്വീകരിക്കാന്‍ സമൂഹം തയ്യാറാകണം. ഫെമിനിസം എന്നത‌് ലിംഗസമത്വത്തിൽമാത്രം ഒതുങ്ങുന്നതല്ല. അവസരങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും പങ്കിടൽകൂടിയാണത‌്‐ സ്വര തുടർന്നു.
ഡൽഹി മോഡലായ സ്വര, 2010 മുതൽ ഹിന്ദി സിനിമയിൽ സജീവമാണ‌്. 2010ൽ പുറത്തിറങ്ങിയ ഗുസ്സാരിഷ‌് ആണ‌് ആദ്യ ഹിറ്റ‌് സിനിമ. തനു വെഡ‌്സ‌് മനു, ചില്ലർ പാർടി, ഔറംസസേബ‌് എന്നിവയടക്കം 17 സിനിമയിലും മൂന്നു ടിവി ഷോയിലും പ്രധാനവേഷമണിഞ്ഞു. കരിന കപൂർ, സോനം കപൂർ എന്നിവർക്കൊപ്പം പ്രധാനവേഷത്തിലെത്തിയ വീരേ ഡി വെഡ്ഡിംഗ‌് ജൂൺ ഒന്നിന‌് പുറത്തിറങ്ങി.
 

പ്രധാന വാർത്തകൾ
Top