14 November Wednesday

നോ പറഞ്ഞു അവസരം നഷ്ടമായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ നടിമാർ ഉന്നതർക്ക് വഴങ്ങിക്കൊടുക്കേണ്ടിവരുന്ന വൃത്തികെട്ട സംസ്കാരം ബോളിവുഡിലുമുണ്ടെന്ന് പ്രമുഖതാരം അദിതി റാവു ഹൈദരിയുടെ വെളിപ്പെടുത്തൽ. കാസ്റ്റിങ് കൗച്ച് എന്നറിയപ്പെടുന്ന വഴങ്ങലുകൾക്ക‌് വിധേയമാകണമെന്ന് തന്നോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും തയ്യാറാകാത്തതിന്റെ പേരിൽ ദീർഘകാലം അവസരങ്ങൾ കിട്ടാതിരുന്നിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.  

പറ്റില്ല എന്നു പറഞ്ഞതിന്റെ പേരിൽ സിനിമകൾ നഷ്ടമായി, മാസങ്ങളോളം വീട്ടിലിരിക്കേണ്ടിവന്നു, വലിയ വിഷമംതോന്നിയെങ്കിലും ഞാൻ ചെയ്തതാണ് ശരിയെന്ന ഉറച്ച ബോധ്യം എനിക്കുണ്ടായിരുന്നു. ചലച്ചിത്രവ്യവസായത്തിൽ സ്ത്രീകളെ ഇങ്ങനെ തരംതാഴ്ത്തിക്കാണുന്നതിൽ എനിക്ക് രോഷവും സങ്കടവുമുണ്ട്‐ അദിതി പറഞ്ഞു. ചലച്ചിത്രവ്യവസായത്തിൽ അധികാരത്തിന്റെ ബലപരീക്ഷണമാണ് നടക്കുന്നത്. സ്ത്രീകൾ സ്വയം ശാക്തീകരിക്കപ്പെടണം. നോ പറയേണ്ടിടത്ത് പറയണം, അവസരങ്ങൾ നഷ്ടപ്പെട്ടേക്കാം, പക്ഷേ നിങ്ങൾക്ക് പ്രതിഭയുണ്ടെങ്കിൽ അവസരങ്ങൾ നിങ്ങളെ തേടിവരും‐ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ താരം ചൂണ്ടിക്കാട്ടി.

മമ്മൂട്ടിക്ക് ഒപ്പം പ്രജാപതിയിലൂടെ അഭിനയരംഗത്ത് എത്തിയ അദിതി റോക്ക് സ്റ്റാർ, വസീർ, പത്മാവത്, മണിരത്നത്തിന്റെ കാട്ര് വെളിയിടൈ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സുധീർ മിശ്രയുടെ യേ സാലി സിന്ദഗിയാണ് അവസാനമിറങ്ങിയ ചിത്രം. മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രം ചെക്കാ ചെവന്ത വാനത്തിലും അദിതി അഭിനയിക്കുന്നുണ്ട്.

ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നിരവധി താരങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. പ്രമുഖനടിമാരായ കങ്കണ റാവത്, കൽക്കി കൊച്ലിൻ, ടിസ്ക ചോപ്ര, സമീറ റെഡ്ഡി തുടങ്ങിയവർ മുമ്പ‌് ഇത്തരം അനുഭവങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. തെന്നിന്ത്യൻ ചലച്ചിത്രലോകത്തുനിന്നും ദുരനുഭവുണ്ടൊയെന്ന് ഹേറ്റ് സ്റ്റോറി‐ രണ്ടിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സുവീൻ ചാവ‌്‌ള അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നായകതാരങ്ങളായ രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന തുടങ്ങിയവരും കരിയറിന്റെ തുടക്കത്തിൽ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top