14 November Wednesday

പവർസ്റ്റാർ തിരിച്ചുവരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018

മലയാള സിനിമയുടെ യഥാർഥ ആക‌്ഷൻ ഹീറോ ബാബു ആന്റണി പവർസ്റ്റാറായി വീണ്ടും തിരിച്ചുവരുന്നു. കൗമാരക്കാരുടെ പ്രിയസംവിധായകനായി മാറിയ ഒമർ ലുലുവിന്റെ പുതിയ സിനിമ പവർസ്റ്റാറിൽ ബാബു ആന്റണി മുഴുനീള ആ‌ക‌്ഷൻ വേഷത്തിൽ എത്തുന്നു. സംവിധായകൻ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ത്രസിപ്പിക്കുന്ന ആക‌്ഷൻ രംഗങ്ങളായിരിക്കും പവർസ്റ്റാറിന്റെ പ്രത്യേകതയെന്ന് സംവിധായകൻ ഒമർ ലുലു കുറിച്ചു.

ചെറുപ്പംമുതൽ അദ്ദേഹത്തിന്റെ ആക‌്ഷൻ സിനിമകളുടെ വലിയ ആരാധകനായിരുന്ന തനിക്ക് ബാബു ആന്റണിയെവച്ച് ഒരു മാസ‌് ആക‌്ഷൻ പടം ചെയ്യുക എന്നത് ദീർഘകാല ആഗ്രഹത്തിന്റെ പൂർത്തീകരണമാണെന്നും സംവിധായകൻ പറയുന്നു.  2019ൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. മമ്മൂട്ടിയുടെ മാസ്റ്റർപീസ് ഒരുക്കിയ സി എച്ച് മുഹമ്മദാണ് നിർമാണം. തൃശൂരിലെ ഗുണ്ടാസംഘങ്ങളുടെ ജീവിതമാണ് സിനിമയുടെ പ്രമേയമെന്നാണ് റിപ്പോർട്ട്. ഒരു പാട്ടിലൂടെതന്നെ ദേശീയ ശ്രദ്ധ നേടിയ ഒമർ ലുലുവിന്റെ ‘അഡാറ‌് ലൗ’ ഈവർഷം അവസാനം റിലീസ് ചെയ്യും.

ഭരതന്റെ ചിലമ്പി (1986)ലൂടെ അരങ്ങേറിയ ബാബു ആന്റണി  മലയാളം, തമിഴ്, തെലുങ്ക‌്, കന്നട, ഹിന്ദി ഭാഷകളിലായി 175ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ബാബു ആന്റണിയുടെ ആക‌്ഷൻ രംഗങ്ങൾ ഒരുകാലഘട്ടത്തിൽ മലയാള സിനിമയടെ വിജയചേരുവയായിരുന്നു. ചന്ത, കടൽ, ദാദ, ഭരണകൂടം, ഗാന്ധാരി, ഉപ്പുകണ്ടം ബ്രദേഴ‌്സ‌് തുടങ്ങിയവയാണ് ബാബു ആന്റണിയുടെ ശ്രദ്ധേയമായ ആക‌്ഷൻ ചിത്രങ്ങൾ. എം പി സുകുമാരൻനായരുടെ ശയനം, അപരാഹ്നം, ഭരതന്റെ വൈശാലി എന്നിവയിലെ ബാബു ആന്റണിയുടെ പ്രകടനം രാജ്യാന്തര ചലച്ചിത്രമേളകളിൽ ശ്രദ്ധിക്കപ്പെട്ടു. ഫാസിലിന്റെ പൂവിനു പുതിയ പൂന്തെന്നൽ എന്ന സിനിമ അഞ്ചു ഭാഷകളിൽ ഇറങ്ങിയപ്പോൾ അഞ്ചിലും ഒരേവേഷം ചെയ്തത് ബാബു ആന്റണിയുടെ പേരിലുള്ള റെക്കോഡാണ്. 

ആഷിക് അബുവിന്റെ ഇടുക്കി ഗോൾഡ്, ഗൗതം വാസുദേവ് മേനോന്റെ വിണ്ണൈ താണ്ടി വരുവായ, ദേശീയ പുരസ്കാരം നേടിയ കാക്കമുട്ടൈ എന്നിവയിൽ അഭിനയജീവിതത്തിലെ വേറിട്ട കഥാപാത്രങ്ങളെ ബാബു ആന്റണി അവതരിപ്പിച്ചു. മലയാളത്തിൽ പിയാനോ എന്ന പേരിൽ സംഗീത പ്രണയചിത്രം സംവിധാനം ചെയ്യാൻ തയ്യാറെടുക്കവെയാണ് വീണ്ടും ആക‌്ഷൻ ചിത്രം അദ്ദേഹത്തെ തേടി എത്തുന്നത്.

പ്രധാന വാർത്തകൾ
Top