ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അരവിന്ദന് അനുസ്മരണ പ്രഭാഷണം നടത്തിയത് സുപ്രസിദ്ധ ബംഗാളി ചലച്ചിത്രകാരി അപര്‍ണ സെന്‍ ആയിരുന്നു. സിനിമയെക്കുറിച്ചും രാജ്യം ഇന്ന് നേരിടുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ ഭീഷണിയെക്കുറിച്ചും ഫാസിസ്റ്റ് ഭീകരതയെക്കുറിച്ചും അപര്‍ണ ഐഎഫ്എഫ്കെയില് സംസാരിച്ചു.
തികച്ചും സിനിമാകുടുംബമാണ് അപര്‍ണയുടേത്. പിതാവ് ചിദാനന്ദ് ദാസ് ഗുപ്ത സംവിധായകനും ചലച്ചിത്രനിരൂപകനുമായിരുന്നു. അമ്മ, സുപ്രിയ ദാസ് ഗുപ്തയും ചലച്ചിത്രപിന്നണിപ്രവര്ത്തകയാണ്. നടിയായി സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത അപര്‍ണ ആകാശ് കുസും, തീന് കന്യ, ആരണ്യേര്‍ ദിന് രാത്രി, തുടങ്ങി നിരവധി ബംഗാളി, ഹിന്ദി സിനിമകളില്‍ അഭിനയിച്ചു. 36 ചൗരംഗി ലെയിന്‍, പരോമ, മിസ്റ്റര്‍ & മിസിസ് അയ്യര്‍, ദ ജാപ്പനീസ് വൈഫ് തുടങ്ങി പന്ത്രണ്ട് സിനിമകള്‍ സംവിധാനം ചെയ്തു. ദേശീയഅന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മക്കള്‍ സിനിമാതാരങ്ങളായ കമാലിനി ചാറ്റര്‍ജിയും കൊങ്കൊണ സെന്‍ ശര്‍മയും.
അടുത്തകാലത്ത് അന്തരിച്ച പ്രശസ്ത ഹിന്ദി നടന് ശശി കപൂറിന് എന്റെ പ്രണാമം ഈ വേളയില്‍ അര്‍പ്പിക്കാന്‍ എന്നെ അനുവദിക്കുക. കാരണം, അദ്ദേഹമില്ലായിരുന്നുവെങ്കില്‍ ഒരു ചലച്ചിത്ര സംവിധായിക എന്ന നിലയില്‍ അറിയപ്പെടാനും നിങ്ങളുടെ മുമ്പില്‍ നില്‍ക്കാനും എനിക്ക് സാധ്യമാവുമായിരുന്നില്ല.എന്നെ അരവിന്ദന് സ്മാരക പ്രഭാഷണത്തിനായി ഐഎഫ്എഫ്കെയുടെ ആര്‍ടിസ്റ്റിക് ഡയരക്ടര്‍ ബീനാ പോള്‍ വേണുഗോപാല്‍ വിളിച്ചപ്പോള്‍ ഞാനവരോട് ആരാഞ്ഞത് ഞാനെന്താണ്, എന്തിനെപ്പറ്റിയാണ് സംസാരിക്കേണ്ടത് എന്നാണ്. നിങ്ങളെപ്പറ്റിയും നിങ്ങളുടെ അനുഭവങ്ങളെപ്പറ്റിയും പറഞ്ഞാല്‍ മതി എന്നാണവര്‍ മറുപടി തന്നത്. നിങ്ങള്‍ക്ക് (ഇവിടെ കൂടിയിരിക്കുന്ന പ്രതിനിധികള്‍ക്ക്) താല്പര്യമാണെങ്കില് ഞാനപ്രകാരം സംസാരിക്കാം. ഞാനെങ്ങനെ ഈ സിനിമാലോകത്തേക്ക് വന്നു, ഞാനെങ്ങിനെ ഒരു സംവിധായിക ആയി, എന്തൊക്കെയായിരുന്നു എന്റെ അനുഭവങ്ങള്‍ എന്നിവയൊക്കെ സംസാരിക്കാമെന്നാണ് കരുതുന്നത്.
ഒരു കാര്യമറിയുക: ഞാനൊരിക്കലും നിങ്ങളുടെ മുന്നില്‍ ഒരു സംവിധായിക ആയി നില്ക്കുമായിരുന്നില്ല. കാരണം, ഞാനങ്ങിനെ ഉദ്ദേശിച്ചിരുന്നില്ല, എന്നതു തന്നെ. ഞാനെപ്പോഴും ഒരു അഭിനേത്രി ആയിരിക്കാനാണ് ആഗ്രഹിച്ചിരുന്നത്. പത്തു വയസ്സു മുതല്ക്കു തന്നെ ഇതായിരുന്നു എന്റെ ഏക ആഗ്രഹം. കാരണം, ഞാനാദ്യമൊരു നാടകത്തിലഭിനയിക്കുകയുണ്ടായി. സത്യജിത്റായിയുടെ പിതാവായിരുന്ന സുകുമാര്‍ റായിയുടെ കുട്ടികള്‍ക്കു വേണ്ടിയുള്ള നോവലിനെ ആസ്പദമാക്കിയ നാടകമായിരുന്നു അബോല്‍ തബോല്‍. അപഹാസ്യനാടക സമ്പ്രദായത്തിലുള്ള ആ നാടകത്തില്‍ ആമി എന്ന കഥാപാത്രത്തെയാണ് ഞാനവതരിപ്പിച്ചത്. ആത്മഗതരൂപത്തിലായിരുന്നു ആ നാടകം വിഭാവനം ചെയ്യപ്പെട്ടിരുന്നത്. ആ നാടകത്തില്‍ എന്റെ വേഷം, ചുകപ്പു വരകളുള്ള സാരി ധോത്തിയായി ധരിച്ച് അതിനു മേലെ ഒരു കുപ്പായവുമണിയുന്ന രീതിയിലായിരുന്നു. ഇന്നായിരുന്നുവെങ്കില്‍ ഞാനതിനെ ചോദ്യം ചെയ്യുമായിരുന്നു. എന്തുകൊണ്ട് ആമി, ആണ്‍കുട്ടിയുടെ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടു എന്നും പെണ്‍കുട്ടിയുടെ രൂപത്തിലായില്ല എന്നും ഞാന്‍ ചോദിക്കുമായിരുന്നു. തീര്‍ച്ചയായും അന്നതിനെ ഞാന്‍ ചോദ്യം ചെയ്തില്ല. അന്ന് നാടകത്തിലഭിനയിച്ചതും മറ്റും അതീവം ഹൃദ്യമായും ആനന്ദകരമായും ഞാന്‍ അനുഭവിക്കുകയായിരുന്നു. ആ കഥാപാത്രമായി സ്റ്റേജില്‍ കയറുന്നതു മുതല്‍ ഇറങ്ങുന്നതു വരെ എന്റെ പ്രവൃത്തികളെല്ലാം സ്വപ്നസമാനമായിരുന്നു. അത്തരത്തിലൊരു സ്ഥിതിവിശേഷം അതിനു മുമ്പ് ഞാനനുഭവിച്ചിട്ടേ ഉണ്ടായിരുന്നില്ല..
ആ നാടകമഭിനയിച്ചതിന്റെ പിറ്റേന്ന് കാലത്താണ് എനിക്കൊരു നടിയാകണമെന്ന് ഞാന്‍ എന്റെ അച്ഛനമ്മമാരോട് പറഞ്ഞത്. അവര്‍ക്കന്ന് പ്രായം തീരെ കുറവായിരുന്നു. ഞാനാകട്ടെ അവരുടെ മൂത്തകുട്ടിയുമായിരുന്നു. അവരുടനെ തന്നെ അതു സമ്മതിച്ചു. ബ്രിട്ടനിലുള്ള റോയല്‍ അക്കാദമി ഓഫ് തിയേറ്ററിക്കല്‍ ആര്‍ട്സില്‍ ചേരാന്‍ അവരെന്നോട് നിര്‍ദ്ദേശിച്ചു. പത്തു വയസ്സാകുമ്പോഴേക്കും ജീവിതത്തിന്റെ ദിശാബോധത്തെ സംബന്ധിച്ചുള്ള തീരുമാനം എടുക്കപ്പെട്ടിരുന്നു എന്ന് സാരം. പതിമൂന്ന് വയസ്സായപ്പോഴാകട്ടെ, അവിടെ ചേരുന്നത് നന്നായിരിക്കില്ല എന്നെനിക്ക് മനസ്സിലായി. ഞാനത് മാതാപിതാക്കളോട് തുറന്നു പറയുകയും ചെയ്തു. പാശ്ചാത്യ രീതിയിലുള്ള അഭിനയമായിരിക്കും അവിടെ പഠിക്കുക എന്നും അതിനാല്‍ അതിന്റെ ദുസ്വാധീനം എന്നെ ബാധിക്കുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. അവിടെ ജോലി ചെയ്യാനോ അഭിനയിക്കാനോ എനിക്ക് അവസരങ്ങളുണ്ടാകില്ലെന്നും റോളുകള്‍ക്കായി ഇന്ത്യയിലേക്ക് വരേണ്ടി വരുമെന്നും ഉള്ള യാഥാര്‍ത്ഥ്യം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഞാന്‍ അവരോട് പങ്കു വെച്ചു. അപ്പോള്‍ റോയല്‍ അക്കാദമി ഓഫ് തിയേറ്ററിക്കല്‍ ആര്‍ട്സില്‍ പഠിച്ചതു മുഴുവന്‍ റദ്ദാക്കേണ്ടിവരും (അണ്‍ലേണ്‍ ചെയ്യേണ്ടിവരും) . പതിമൂന്ന് വയസ്സായപ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഞാന്‍ ശ്രദ്ധാലുവായിരുന്നുവെന്ന് ചുരുക്കം.
ഇങ്ങനെ ഞാന്‍ പറഞ്ഞതിനാലും, യാഥാര്ത്ഥ്യപൂര്ണമായി ചിന്തിക്കുന്നവരായതിനാലും എന്റെ മാതാപിതാക്കള്‍ അതിനും സമ്മതം മൂളി. ഉത്പല്‍ ദത്ത് നാടകസംഘത്തില്‍ ചേരാന്‍ അവര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അത് ഞാനനുസരിക്കുകയും ചെയ്തു. സത്യജിത്റായിയുടെ മേജോ ബവു എന്ന സിനിമയില്‍ ബാലതാരമായി ഞാനഭിനയിച്ചു. നാലുവര്‍ഷത്തോളം പിന്നെ ഞാന്‍ ഒന്നിനു പോകാതെ, നാടകാഭിനയ പഠനം പൂര്‍ത്തിയാക്കി. അതിനു ശേഷം, മൃണാള്‍ സെന്നിന്റെ ആകാശകുസുമം എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം, സത്യജിത് റായി തിരക്കഥയെഴുതി, സംവിധാനം ചെയ്ത തീന് കന്യ എന്ന സിനിമയില്‍ ഞാനഭിനയിച്ചു.ഞാനൊന്നിലും പക്ഷെ ഉറച്ചു നില്ക്കാന് തയ്യാറായില്ല. കുറച്ചു കാലം കൂടി കാത്തിരിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ദസ്തയേവ്സ്ക്കിയുടെ ഇഡിയറ്റിന്റെ ഏറ്റവും മോശമായ ഒരു അഡാപ്റ്റേഷനിലാണ് ഞാന്‍ പിന്നീടഭിനയിച്ചത്. അതൊരു ഭീകര അനുഭവമായിരുന്നു. പക്ഷെ, അതേ സമയം എനിക്ക് ആവശ്യമായ പ്രശസ്തി ആ ചിത്രം സമ്മാനിച്ചു. ബംഗാളിലെങ്ങും അറിയപ്പെടുന്ന ഒരു നടിയായി ഞാന്‍ മാറി. അതിന്റെ പിറകെ അധികം താമസിയാതെ ഞാനൊരു താരമായി മാറുകയും ചെയ്തു. ഞാന്‍ അഭിനയിച്ച ഒട്ടുമുക്കാലും സിനിമകളും മികച്ച വിജയങ്ങളായി മാറി. എന്നിട്ടും അത് കൈവിട്ട് ഞാനെന്തിന് സംവിധായിക ആയി മാറി എന്നതിന്റെ കാരണം, എന്നും എപ്പോഴും മാറിചിന്തിക്കാന്‍ ധൈര്യം ആവാഹിക്കുന്ന വിധത്തില്‍ ആണ് ഞാന്‍ വളര്‍ത്തപ്പെട്ടത് എന്നായിരുന്നു.
എന്റെ മാതാപിതാക്കളാണ് കല്‍ക്കത്ത ഫിലിം സൊസൈറ്റിയുടെ സ്ഥാപകര്‍. സത്യജിത് റായിയും എന്റെ പിതാവ് ചിദാനന്ദ ദാസ് ഗുപ്തയുമായിരുന്നു കല്‍ക്കത്ത ഫിലിം സൊസൈറ്റിയുടെ നേതൃനിരയിലുണ്ടായിരുന്നത്. വളരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ, അതായത് ഏതാണ്ട് എട്ടു വയസ്സു മുതല്ക്കു തന്നെ ഞാന്‍ ലോകസിനിമകള്‍ കാണാനും ഇഷ്ടപ്പെടാനും തുടങ്ങി. ബംഗാളി സിനിമകളും മുഖ്യധാരാ സിനിമകളും ആകട്ടെ അത്രയധികം കണ്ടിരുന്നതുമില്ല. മറ്റു ചില സിനിമകള്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അഛനും അമ്മയും സമ്മതിക്കുകയുണ്ടായില്ല. അങ്ങിനെ, സത്യജിത്റായിയുടെ പഥേര്‍ പാഞ്ചാലി ആണ് ഞാന്‍ ആദ്യമായി കണ്ട ബംഗാളി സിനിമ. വിസ്മയകരമാം വിധം ഗംഭീരമായ സിനിമ തന്നെയായിരുന്നു അത്. അതു കാണുമ്പോള്‍ ഞാനൊരു ചെറിയ കുട്ടിയായിരുന്നു. എനിക്ക് കരച്ചിലടക്കാനായില്ല. ഈ പരിചയപ്പെടലുകളും അനുഭവങ്ങളും ഏറെ പ്രധാനമായിരുന്നു എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. എന്റെ മാതാപിതാക്കള്‍ കലയിലൂടെ ജീവിക്കുന്നവരായിരുന്നു. ഞങ്ങളെ കൊല്ക്കത്തയിലന്ന് നടന്നിരുന്ന സംഗീതസദിരുകളിലും നൃത്തസദസ്സുകളിലും നാടകാവതരണങ്ങളിലും എല്ലാം കൊണ്ടു പോകുമായിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയൊന്നും എനിക്ക് മനസ്സിലാക്കാനായില്ലെങ്കിലും അവയുടെ അനുഭൂതികളിലൂടെ ഞാന്‍ അന്നു തന്നെ കടന്നു പോയി.
ആ കാലഘട്ടം എന്റെ മനസ്സിനെ പരിപാകപ്പെടുത്താനുള്ളതായിരുന്നു. കാരണം, സംവിധാനം അങ്ങനെ പഠിക്കാനുള്ള ഒരു വിഷയമാണെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഛായാഗ്രഹണം പഠിക്കാം, ശബ്ദ മിശ്രണമോ എഞ്ചിനീയറിംഗോ, സങ്കലന കലയോ(എഡിറ്റിംഗ്) പഠിക്കാം. സംവിധാനം നിങ്ങള്‍ ജീവിതത്തില്‍ നിന്ന് ആഗിരണം ചെയ്ത് പഠിച്ചെടുക്കണം. ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെയും പ്രക്രിയകളിലൂടെയും പങ്കാളിത്തങ്ങളിലൂടെയുമാണ് ഞാന്‍ ജീവിതത്തെയും ലോകത്തെയും ആഗിരണം ചെയ്തെടുത്തത്.അങ്ങനെ ചിന്തിക്കുമ്പോള്‍ അവരെന്നെ ശാക്തീകരിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. അവരൊരിക്കലും എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള കാര്യം ഒരു സ്ത്രീയായതുകൊണ്ട് എനിക്ക് ചെയ്യാനാകില്ലെന്ന് തോന്നിപ്പിച്ചിട്ടേ ഇല്ല. അങ്ങനെ ഒരു പരിമിതി ഉണ്ടെന്ന ആശയം തന്നെ എന്റെ തലയില്‍ അവര്‍ കുത്തിവെച്ചില്ല. ഒരാളെ വേദനിപ്പിക്കുന്നതൊഴിച്ച് വേറെ എന്തും ചെയ്യാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അവര്‍ വളരെ ചെറുപ്പക്കാരായ മാതാപിതാക്കളായിരുന്നു എന്ന് ഞാന്‍ പറഞ്ഞല്ലോ. നാലോ അഞ്ചോ വയസ്സോ ഉള്ളപ്പോള്‍ തന്നെ നിനക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നവര് പറഞ്ഞു. നിന്റെ ജീവിതമെങ്ങനെയെന്ന് തീരുമാനിക്കാന്‍ നിനക്ക് അവകാശമുണ്ട്. അങ്ങിനെ ആണോ എന്ന് ഞാന്‍ അവരോട് തിരിച്ചു ചോദിച്ചു. അതെ, ഉറപ്പാണ് എന്നവര്‍ മറുപടി തന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു. എങ്കില്‍ നാളെ മുതല്‍ ഞാന്‍ സ്കൂളില്‍ പോകുന്നില്ല. പെട്ടെന്നതു കേട്ടപ്പോള്‍ അവര്‍ പരിഭ്രാന്തരായി. കുറച്ചു സമയം കഴിഞ്ഞ് അച്ഛന് ചോദിച്ചു: സ്കൂളില്‍ പോകുന്നില്ലെങ്കില്‍ നീ എന്താണ് ചെയ്യാന്‍ പോകുന്നത്? ഞാന്‍ പറഞ്ഞു: കാലിദീദി (വീട്ടു വേലക്കാരി)യോടൊപ്പം നിലം തുടച്ചോളാം. അതു കേട്ട ഉടനെ അമ്മ കരയാനും അഛനെ ചീത്തപറയാനും തുടങ്ങി. നിങ്ങളുടെ വിപ്ലവാശയങ്ങളൊന്നും കുട്ടികളുടെ തലയില്‍ അടിച്ചു കയറ്റാന്‍ പാടില്ലെന്നും അമ്മ പറയുന്നുണ്ടായിരുന്നു. അമ്മ കരയുന്നതു കണ്ടപ്പോള്‍ എനിക്കും സങ്കടം വന്നു. ഞാന്‍ സ്കൂളില്‍ പോയ്ക്കൊള്ളാം എന്നു പറയുകയും ആ പ്രശ്നം അങ്ങനെ അവസാനിക്കുകയും ചെയ്തു.
ഇങ്ങനെയാണ് അവരെന്നെ ഓരോ സന്ദര്‍ഭങ്ങളിലും ശക്തയാക്കിക്കൊണ്ടിരുന്നത്. ഞാനെന്താണ് പറഞ്ഞു വരുന്നതെന്നാല്‍, സംവിധായിക ആവണമെന്ന് തീരുമാനിച്ചുറച്ചു വളര്‍ന്ന ഒരാളല്ല ഞാന്‍. ആദ്യകാലത്ത് ഞാന്‍ കണ്ട സിനിമകളുടെ മേന്മ ആണ് എന്നെ ഒരു സംവിധായിക ആക്കിതീര്‍ത്തത്. അലക്സാണ്ടര്‍ നെവിന്സ്കി, ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്, പാഷന് ഓഫ് ജോവന് ഓഫ് ആര്‍ക്ക് പോലുള്ള മഹത്തായ ക്ലാസിക്കുകള്‍ അക്കാലത്തു തന്നെ കാണാനും ഒരു പരിധി വരെ ആസ്വദിക്കാനും എനിക്ക് കഴിഞ്ഞു എന്നതത്ഭുതകരമാണെങ്കിലും അതെന്റെ ജീവിതത്തെ നിര്‍ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്തു. വീട്ടിലെ ബാല്‍ക്കണിയിലുണ്ടായിരുന്ന ഒരു എട്ട് എം എം തിരശ്ശീലയിലായിരുന്നു ഞാനിതൊക്കെ കണ്ടത്. അഛന്റെ എല്ലാ ഫിലിം സൊസൈറ്റി സ്ക്രീനിംഗുകളിലും ഞാന്‍ സന്നിഹിതയായിരുന്നു. എത്രത്തോളം അതൊക്കെ അന്നു തന്നെ ഉള്ക്കൊള്ളാനെനിക്കായി എന്നത് മറ്റൊരു കാര്യം.
കഴിഞ്ഞ മുപ്പതു വര്‍ഷമായി ഞാനൊരു സിദ്ധാന്തം, ദര്‍ശനം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. എക്സ്പോഷര്‍ ആണ് പ്രധാനം. ഉദാഹരണത്തിന് ഒരു സംഗീതസംവിധായകന്റെയോ ഗായകന്റെയോ വീട്ടിലായിരുന്നു വളര്‍ന്നിരുന്നതെങ്കില്‍ പാട്ടുകളുടെ സ്വരസ്ഥാനങ്ങളും താളരീതികളും ആലാപന സമ്പ്രദായങ്ങളും ഒക്കെ സ്വായത്തമാക്കുമായിരുന്നു. അവരുടെ കാതുകളാകട്ടെ ക്ലാസിക്കല്‍ സംഗീതത്തിനനുസരിച്ച് ട്യൂണ്‍ ചെയ്തെടുത്തിട്ടുമുണ്ടാവും.അതേ പോലെ തന്നെ, ഒരാള്‍ അവളുടെ കുട്ടിക്കാലത്തു തന്നെ നല്ല സിനിമകളുമായി ഇടപഴകിക്കൊണ്ടിരുന്നാല്, അവളുടെ മനസ്സും കണ്ണും ചെവിയും ബോധവും ഭാവുകത്വവും എല്ലാം തന്നെ നല്ല സിനിമകളെ അംഗീകരിക്കാന്‍ തയ്യാറായ രീതിയില്‍ പരുവപ്പെടും. ഇതിനിടയില്‍ ആഗോളവത്ക്കരണത്തിന്റെ ഭാഗമായി ടെലിവിഷന്റെ സാന്നിദ്ധ്യം കൂടിയെങ്കിലും കുട്ടികള്‍ക്ക് ലോകസിനിമയോടുള്ള പരിചയം വര്‍ദ്ധിക്കാന്‍ ഇതൊട്ടും സഹായകമായില്ല. ഞാനതു കൊണ്ട്, കഴിഞ്ഞ കുറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നത്, നമ്മുടെ ഔപചാരിക പാഠ്യപദ്ധതിയുടെ ഭാഗമാക്കി, സിനിമയെ പാഠം(ടെക്സ്റ്റ്)പോലെ പരിഗണിക്കണമെന്നാണ്. ഞാനതു പറയുന്നുണ്ടെങ്കിലും ഒരു സര്‍ക്കാരും അതിനനുസരിച്ചുള്ള കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തിയില്ല. അതിനു പകരം സിനിമ പഠിപ്പിക്കാനുള്ള ചില നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. പക്ഷെ, ഞാന്‍ പറയുന്നത്, ചെറിയ ഒരു അവതരണത്തിനു പിന്നാലെ കുട്ടികള്‍ക്ക് ക്ലാസിക്കുകള്‍ കാണിച്ചുകൊടുക്കുക എന്നതായിരിക്കണം നമ്മുടെ രീതി. അതാകട്ടെ നടക്കുന്നുമില്ല.
ഞാന്‍ മുഖ്യധാരാ സിനിമയുടെ ഭാഗമായിട്ടും പ്രവര്‍ത്തിക്കുകയുണ്ടായി. അല്ലെങ്കില്‍, പാപ്പയും(അഛനും) കാക്ക(സത്യജിത്റായി)യും കഥാപാത്രങ്ങളെ തരുന്നതും കാത്ത് ഇടവേളകളില്‍ വെറുതെ കുത്തിയിരിക്കേണ്ടി വന്നേനെ. അങ്ങനെ മുഖ്യധാരയില്‍ സജീവമായപ്പോള്‍ അതെന്നെ വല്ലാതെ ക്ഷീണിപ്പിക്കുകയും ഭീകരമായ അനുഭവങ്ങളായി ജീവിതം മാറിത്തീരുകയും ചെയ്തു. അങ്ങനെ ഒരു ഘട്ടത്തിലെത്തിയപ്പോള്‍, ഞാനാകെ ശാരീരികമാനസിക വ്യഥകള്‍ക്ക് കീഴ്പ്പെടുന്ന അവസ്ഥയിലെത്തി.ഒരിക്കല്‍, ബോംബെയിലെ ഒരു സെറ്റില്‍ ലൈറ്റിംഗ് ക്രമപ്പെടുത്തുന്ന ഇടവേളയില്‍ വിശ്രമിച്ചിരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത്, ജീവിതകാലം മുഴുവനും ഇതു തന്നെ ചെയ്യാനാണോ എന്റെ ഉദ്ദേശം എന്നായിരുന്നു. എന്റെ മനസ്സ് ഉടനെ മറുപടി പറഞ്ഞു: ഇല്ല, എനിക്കൊരിക്കലും ഇത് ജീവിതത്തില്‍ തുടര്‍ന്നു കൊണ്ടു പോകാന്‍ കഴിയില്ല. അപ്പോള്‍, വേറെയെന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നിത്തുടങ്ങി. ഞാന്‍ മുമ്പ് നന്നായി എഴുതുമായിരുന്നു. ഞാനൊരു ചെറുകഥ എഴുതാന്‍ തീരുമാനിച്ചു. ആ ചെറുകഥ, 36, ചൗരംഗി ലെയിന്‍ എന്ന സിനിമയുടെ തിരക്കഥയായി പരിണമിക്കുകയായിരുന്നു. ആ ഇതിവൃത്തം ഒരു ചെറുകഥയായി പരിമിതപ്പെടാന്‍ വിസമ്മതിക്കുകയും തിരക്കഥയായി വികസിക്കുകയുമായിരുന്നു. കാരണം, എല്ലാ അര്‍ത്ഥത്തിലും തരത്തിലും ഞാന്‍ സിനിമയില്‍ മുഴുകിയിരിക്കുകയായിരുന്നുവല്ലോ. ചെറുകഥയെഴുതിക്കൊണ്ടിരിക്കുമ്പോള്, വാക്കുകള്‍ക്കിടയില്‍ ഡിസോള്‍വ് എന്ന് കടന്നു വന്നു. പിന്നെ ആലോചിക്കുമ്പോള്‍ ഈ വാക്കിന് ചെറുകഥയിലെന്ത് പ്രസക്തി എന്ന് ഞാന്‍ ചിന്തിക്കുകയും അത് തിരക്കഥയുടെ രൂപമാണെന്ന് എനിക്ക് മനസ്സിലാകുകയും ചെയ്തു.
അവസാനം ഞാനിത് ചെയ്യാന്‍ തന്നെ തീരുമാനിച്ചപ്പോള്‍, അത് എങ്ങനെ മുന്നോട്ടു പോകണമെന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല. 1976ലാണ് ഞാനാ സ്ക്രിപ്റ്റ് എഴുതാന്‍ തുടങ്ങിയത്. അതെഴുതിത്തീരാന് രണ്ടു മൂന്നു വര്‍ഷമെടുത്തു. ഞാനൊരു പാട് ഗവേഷണം ഇതു സംബന്ധമായി നടത്തി. ആംഗ്ലോ ഇന്ത്യക്കാരുടെ വീടുകള്‍ സന്ദര്‍ശിച്ചു. ഞാനും എന്റെ അസിസ്റ്റന്റും ചേര്‍ന്ന് ഒരു ടാക്സിയില്‍ പോയി എലിയറ്റ് റോഡിലെത്തി, ഓരോരോ വീടുകളില്‍ കയറിച്ചെന്ന് ആംഗ്ലോ ഇന്ത്യക്കാരായ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും കണ്ട് ധാരാളം സമയം അവിടെ ചിലവഴിച്ചു. അവരൊക്കെ തന്നെയും ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. അവരെല്ലാം വളരെ പാവങ്ങളായിരുന്നു. അതെല്ലാം കണ്ടു നില്ക്കുന്നതു തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷെ, അവര്‍ വളരെ ദയാലുക്കളായിരുന്നു. വീട്ടില്‍ പാകം ചെയ്ത ഭക്ഷണപാനീയങ്ങളും മറ്റും ഉള്ളതില്‍ പാതി ഞങ്ങള്‍ക്കും തന്ന് ആതിഥ്യമര്യാദ കാണിച്ചു.
അതെഴുതിയത് ഇംഗ്ലീഷിലായിരുന്നു. അതു കൊണ്ട് ഒരു ഗുണവുമില്ല, നീയത് എവിടെയെങ്കിലും പൂട്ടി വെച്ചേക്ക് എന്നാണ് എന്നോട് പല സുഹൃത്തുക്കളും പറഞ്ഞത്. ഞാനത് ചെയ്യാം, പക്ഷെ അതിനു മുമ്പ് എന്റെ മാര്‍ഗദര്‍ശി(മെന്റര്‍)യായ സത്യജിത് റായിയെ കാണിക്കാന്‍ തീരുമാനിച്ചു. നീ തന്നോളൂ, ഞാന്‍ വായിക്കാം, പക്ഷെ ധൃതി പിടിപ്പിക്കരുത്, എനിക്കാവശ്യത്തിനുള്ള സമയം വേണം എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അതവിടെ വെച്ചു. ഞാനത് സമ്മതിച്ചു. രണ്ടു മാസം ഒന്നും മിണ്ടാതെ ചോദിക്കാതെ ഞാന്‍ കഴിച്ചു കൂട്ടി. അതിനു ശേഷം അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു, വീട്ടിലക്ക് വരാന്‍ പറഞ്ഞു. അദ്ദേഹം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ തട്ടിക്കൊണ്ട് (ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഒരാളായിരുന്നു അദ്ദേഹമെന്നതു കൊണ്ട് അതു കണ്ടു നിന്ന എനിക്ക് പേടി തോന്നി) പറഞ്ഞു: ഇത് എന്റെ ഹൃദയത്തില്‍ നിലനില്ക്കാന് പോകുകയാണ്. തുടര്‍ന്നു സിനിമ പൂര്‍ത്തീകരിക്കാനുള്ള പണികളുമായി മുന്നോട്ടു പോകൂ എന്നാണദ്ദേഹം പറഞ്ഞത്. മുഖ്യവേഷത്തിലേക്ക് ശശി കപൂറിന്റെ പേരും അദ്ദേഹം നിര്‍ദ്ദേശിച്ചു. ശശി അന്ന് കലിയുഗ് നിര്‍മ്മിച്ചു കൊണ്ടിരിക്കുകയായിരുന്നു. നല്ല സിനിമകളുണ്ടാക്കാന്‍ അദ്ദേഹമാരംഭിച്ച സമയമായിരുന്നു അത്. ശശി അത് നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്ന് സത്യജിത് റായ് പറഞ്ഞു. അദ്ദേഹത്തെ ഞാന്‍ സമീപിച്ചു. ഏതാനും ദിവസം കഴിഞ്ഞ് അദ്ദേഹമെന്നോട് സിനോപ്സിസ്(ഇതിവൃത്തത്തിന്റെ സംക്ഷിപ്തരൂപം) അയച്ചു തരാന്‍ പറഞ്ഞു. അദ്ദേഹമെന്നെ വിളിക്കുകയും നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രമേയവും ആഖ്യാനത്തിനുള്ള രൂപരേഖയും തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ അദ്ദേഹത്തോട് ഞാന്‍ എന്റെ സമീപനത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. ജെനിഫര്‍, ഗോവിന്ദ് നിഹലാനി എന്നിവരും സ്ക്രിപ്റ്റ് വായനാസമയത്തുണ്ടായിരുന്നു. വായന കഴിയുമ്പോഴേക്കും ശശിയും ഗോവിന്ദും ചേര്‍ന്ന് സിനിമക്കാവശ്യമായ ബഡ്ജറ്റ് കൂടി തയ്യാറാക്കുന്നതാണ് ഞാന്‍ കണ്ടത്. ഒപ്പിട്ട കരാറുമായാണ് ഞാന്‍ ബോംബെയില്‍ നിന്ന് കല്‍ക്കത്തക്ക് തിരിച്ചു പോന്നത്. വിമാനത്തിലിരിക്കവെ, ഞാനാ കരാറിലേക്ക് തന്നെ നോക്കിയിരുന്നു. എനിക്ക് വിശ്വസിക്കാനായില്ല. ഇതൊരു സ്വപ്നമായിരിക്കുമോ? ബാക്കി ചരിത്രമാണ്. അതെല്ലാവര്‍ക്കുമറിയാം.
അതിനു ശേഷം ഞാനൊരു ഫെമിനിസ്റ്റ് ചലച്ചിത്രകാരിയായി മുദ്ര കുത്തപ്പെട്ടു. അങ്ങിനെ വിളിക്കപ്പെടുന്നതില്‍ എനിക്കെതിര്‍പ്പൊന്നുമില്ല. കാരണം, ഫെമിനിസം ഏറ്റവും നിര്‍ണായകവും ചരിത്ര ഗതിയെ മാറ്റിത്തീര്‍ക്കുന്ന വിധത്തില്‍ പ്രധാനവും ആയ ഒരു തത്വ സംഹിതയാണ്. പക്ഷെ, എന്റെ ഫെമിനിസ്റ്റ് വ്യാഖ്യാനം, മാനവിക വാദത്തിന് അനുസരിച്ചുള്ളതാണ്. അതിനോടൊപ്പം തന്നെ, കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തിനെതിരെയും ദളിതുകളെ പീഡിപ്പിക്കുന്നതിനെതിരെയും ഞാന്‍ ശബ്ദിച്ചുകൊണ്ടിരുന്നു. എന്നാലും, സ്ത്രീകളുടെ പ്രശ്നം ഏറെ വലുതാണ്. കാരണം, സ്ത്രീകള്‍ ജനസംഖ്യയുടെ പകുതി വരുന്നവരാണ്, അതിനാല്‍ ഫെമിനിസത്തെ പ്രധാനമായി തന്നെ ഞാന്‍ കാണുന്നു. അതോടൊപ്പം, തന്നെ ഒരു സ്ത്രീയുടെ കാഴ്ചപ്പാട് ചിത്രീകരിക്കുന്നത് നിര്‍ണായകമാണെന്നും ഞാന്‍ കരുതുന്നു.
പക്ഷെ, എന്നെ തുടര്‍ച്ചയായി വനിതാ ചലച്ചിത്രമേളകളിലേക്ക് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതെന്താ എല്ലാം കുറവുകളുടെ, വൈകല്യങ്ങളുടെ ഫിലിം ഫെസ്റ്റിവലുകളാണോ എന്ന് എനിക്ക് സംശയം തോന്നിത്തുടങ്ങി. എന്നാലങ്ങിനെയല്ല എന്നെനിക്ക് പുറകെ മനസ്സിലായി. കുറവുകളല്ല, വ്യത്യാസത്തെ ആഘോഷിക്കുകയാണ് വേണ്ടത് എന്നെനിക്ക് ബോധ്യപ്പെട്ടു. ആണുങ്ങളുടെ കാഴ്ചപ്പാട് മോശമാണെന്ന നിലപാടൊന്നും ഞാന്‍ സ്വീകരിക്കുന്നില്ല. ഇവിടെ തന്നെ അരവിന്ദന്റെ സമീപനങ്ങള്‍ എത്ര മാത്രം മഹത്തരമാണ്? എന്നാല്‍, യഥാര്‍ത്ഥ കലാകാരന്(രി) ലൈംഗികകാതീതസ്വഭാവമുള്ളയാളായിരിക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. അര്‍ദ്ധ നാരീശ്വരസങ്കല്പം പോലെ, സ്ത്രീയും പുരുഷനും ചേര്‍ന്ന സ്വഭാവമെന്ന് വിശദീകരിക്കാം.
സ്ത്രീകളുടെ കാഴ്ചപ്പാട് ഏറെ പ്രധാനമാണ്. മിസ്റ്റര്‍ & മിസിസ് അയ്യറില്‍ ഒരു ദൃശ്യമുണ്ട്. വയസ്സായ ആളോടുള്ള പെരുമാറ്റത്തിന്റെ ദൃശ്യമാണ്. പുരുഷനാണോ സ്ത്രീയാണോ ഈ ദൃശ്യം എടുക്കുന്നതെന്നതനുസരിച്ച്, വ്യത്യാസം കാണുമെന്നാണ് എന്റെ നിഗമനം. ആണ്‍കുട്ടികള്‍ കുട്ടിക്കാലത്തു തന്നെ അക്രമോത്സുകത കാണിക്കുന്നവരാണ്. ചെറുപ്രാണികളെയും മറ്റും അവരുപദ്രവിക്കുന്നതു കാണാം. സ്ത്രീകളാണെങ്കില്‍ അക്രമത്തെ നിരാകരിക്കുന്ന ചിത്രീകരണ രീതിയാണ് സ്വീകരിക്കുക.
ഞാന്‍ വളര്‍ന്നു വന്നത്, എല്ലാ സൗകര്യങ്ങളുള്ളതും പ്രൗഢി നിറഞ്ഞതുമായ ഒരു ഗൃഹാന്തരീക്ഷത്തിലായിരുന്നു. സ്വതേ മുഖം കറുപ്പിക്കുന്ന സമീപനം ആണുങ്ങളില്‍ നിന്നുണ്ടായിട്ടില്ല. ചിദാനന്ദദാസ് ഗുപ്തയുടെ മകള്‍, നല്ല വിദ്യാഭ്യാസം ആര്‍ജ്ജിച്ചവള്‍, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവള്‍, പരിഷ്ക്കാരം സിദ്ധിച്ചവള്‍ എന്നീ സ്ഥാനങ്ങളെനിക്കുണ്ടായിരുന്നു. ആണുങ്ങള്‍ക്ക് എന്നെ തടയാനൊക്കുമായിരുന്നില്ല എന്നു ചുരുക്കം. അങ്ങിനെയല്ലാത്തവര്‍ നേരിടുന്ന വിഷമങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്. അവരതിനെ മറികടക്കാന്‍ നടത്തുന്ന പരിശ്രമങ്ങളെയും ഞാന്‍ പിന്തുണക്കുന്നു. കേരളത്തിലെ സിനിമാ മേഖലയില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പോലുള്ള പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വന്നതിന്റെ സാഹചര്യങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയും. അതിനെ ആവേശഭരിതമായിട്ടാണ് ഞാന്‍ കാണുന്നത്.
ഇത് വളരെ നിര്‍ണായകമായ ഒരു സന്ദര്‍ഭമാണ്. സിനിമക്കകത്തും പുറത്തും, നിരവധി സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുകയാണ്. ദംഗലില്‍ മുഖ്യവേഷത്തിലഭിനയിച്ച സൈറാ വസീമിനെതിരെ ഇന്ന് വിമാനത്തില്‍ വെച്ചുണ്ടായ ആകമണം ഈ ദുരവസ്ഥ കാരണമുണ്ടായതാണ്. ഇതില്‍ നിന്നു നാം ഒരു പാട് ബോധവത്ക്കരണങ്ങള്ക്ക് വിധേയമാകേണ്ടതനിവാര്യമാണ്.അഞ്ചു വയസ്സും നാലു വയസ്സും മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ വരെ സ്കൂളുകളില്‍ വെച്ച് ബലാത്സംഗത്തിന് വിധേയരാവുന്നു. അവരുടെ വാര്‍ത്തകള്‍ വൃത്താന്ത പത്രങ്ങളില്‍ വായിച്ച് ദു:ഖവും രോഷവും പ്രകടിപ്പിച്ച് നാം മിണ്ടാതെയിരിക്കുന്നു. അത് പോര എന്നാണെന്റെ വ്യക്തമായ അഭിപ്രായം. അതാണ് ഡബ്ല്യുസിസി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
പുരുഷന്മാര് സ്ത്രികളെ, എന്ന നിലക്കു മാത്രമല്ല പീഡിപ്പിക്കുന്നത്. സ്ത്രീകള്‍ സ്ത്രീകളെയും ചൂഷണത്തിന് വിധേയരാക്കുന്നുണ്ട്. അമ്മായിയമ്മ മരുമകളെ പീഡിപ്പിക്കുന്നു. ഒരു സ്ത്രീ തന്നെ മറ്റൊരു സ്ത്രീയെ നടുനിരത്തില്‍ വിവസ്ത്രയാക്കി പീഡിപ്പിച്ചത് ഈയിടെ മാധ്യമങ്ങളില്‍ വായിച്ചിരുന്നു.കാരണം, സ്ത്രീകളും പിതൃദായവ്യവസ്ഥ(പാട്രിയാര്‍ക്കി)യുടെ അവിഭാജ്യഭാഗമാണ്. അതുകൊണ്ടു തന്നെ ആണുങ്ങളുടെ മനസ്ഥിതി മാറുന്ന അത്ര തന്നെ സ്ത്രീകളുടെ മനസ്ഥിതിയും മാറേണ്ടതുണ്ട്. മാറ്റം എന്നു പറയുന്നത് വളരെ പതുക്കെ മാത്രം സംഭവിക്കുന്ന ഒന്നാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്, ധാര്‍മികമൂല്യങ്ങള്‍ കുറെക്കൂടി കര്‍ശനമായിരുന്നു. എന്നാലിപ്പോള്‍, അതിനൊക്കെ ച്യുതി സംഭവിച്ചിരിക്കുന്നു. പ്രധാനമായും, നമ്മളിപ്പോള്‍ ഹിന്ദുത്വ എന്ന ഒരു രാഷ്ട്രീയ പദ്ധതിക്കകത്തു കുടുങ്ങിയിരിക്കുകയാണ്. അതിന്റെ ഫലമായി ആധുനികതയിലേക്കുള്ള പ്രയാണം തടസ്സപ്പെടുകയും രാഷ്ട്രവും ജനതയും വളരെ പുറകോട്ട് സഞ്ചരിക്കുകയുമാണ്. സ്ത്രീകളുടെ കന്യകാത്വത്തെക്കുറിച്ചുള്ള യാഥാര്ത്ഥ്യവിരുദ്ധവും ശാസ്ത്രീയ വിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായുള്ള ചില പരികല്പനകള് സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പത്മാവതി സിനിമക്കെതിരായ ആക്രോശങ്ങളും കലാപങ്ങളും നമ്മെ ഭീതിപ്പെടുത്തുന്നു. പത്മാവതിയെ ദേവി എന്ന പരിഛേദം നല്കി ആരാധിച്ചുപോന്നിട്ടുള്ള നാടോടി കലാരൂപങ്ങള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. നിങ്ങള്‍ക്ക് സതീദേവിയെയും സതി എന്ന ദുരാചാരത്തെയും ഓര്‍മ്മയുണ്ടോ? അതെന്നും സ്ത്രീയെ ഉദ്ദേശിച്ചുകൊണ്ട് മാത്രമുള്ളതായിരുന്നു. സ്
ത്രീകളെല്ലാവരും മാത്രമാണ് സതി അനുഷ്ഠിക്കണമെന്ന് അനുശാസിക്കപ്പെട്ടിരുന്നത്. അപ്പോള്‍, പുരുഷന്മാരോ? അങ്ങിനെയാണെങ്കില്‍ സതി എന്ന പ്രയോഗത്തിന്റെ പുല്ലിംഗം എന്താണ്? സത്? അങ്ങിനെയൊന്നില്ല, കാരണം, ഒരു പുരുഷനും അങ്ങിനെ ചെയ്യണമെന്ന് ആരും ആലോചിക്കുന്നതു പോലുമില്ല. എന്നാല്‍, അക്കാലത്ത് ആണും പെണ്ണും ഒരുമിച്ച് നിന്ന് പോരാടിയതു കൊണ്ടാണ് ആ ദുരാചാരം ഇന്ത്യയില്‍ എന്നെന്നേക്കുമായി നിരോധിക്കപ്പെട്ടത്. കല്‍ക്കത്തയില്‍ പോലും ഒരു കാലത്ത്, സ്ത്രീകള്‍ക്ക് ബസിലും മറ്റ് പൊതുവാഹനങ്ങളിലും നിരത്തുകളിലും സ്വതന്ത്രമായി യാത്ര ചെയ്യുകയോ വിഹരിക്കുകയോ ചെയ്യാമായിരുന്നു. ആരും അവളെ തുറിച്ചു നോക്കുകയോ ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയോ ചെയ്യുമായിരുന്നില്ല. അന്ന് അവളൊന്ന് അലറുകയാണെങ്കില്, ഉടനെ തന്നെ ഒരു സ്ത്രീയോ പുരുഷനോ അവള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെ അലറുകയാണെങ്കില്, എല്ലാവരും മുഖം തിരിച്ചു പോകാന്‍ ആരംഭിച്ചിരിക്കുന്നു. ഒരാള്‍ പോലും അവളിലേക്ക് തിരിഞ്ഞു നോക്കുകയില്ല. സമൂഹത്തിന് അല്ലെങ്കില്‍ സാമൂഹികതക്ക് അന്ധത ബാധിച്ചിരിക്കുന്നു. ഇത് വളരെയധികം ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ്. ഇതിനെ സംബന്ധിച്ച് ഞാന്‍ ചോദിക്കാനാഗ്രഹിക്കുകയാണ് എല്ലാവരോടും. ഇതെന്തു കൊണ്ടാണ് സംഭവിക്കുന്നത്? ഒരാണും ചൂഷകരായോ, ബലാത്സംഗികളായോ അല്ല ജനിക്കുന്നത്. എന്നാല്‍ ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ എല്ലായിടത്തു നിന്നും പ്രതിഷേധം അണ പൊട്ടിയൊഴുകുന്നുണ്ട്. അത് ആശാവഹവുമാണ്. പക്ഷെ, എന്ത് ഘടകമാണ് സ്ത്രീകള്‍ക്കെതിരെ ഇത്തരത്തിലുള്ള ആക്രമണത്തിന് ആണുങ്ങളെ പ്രേരിപ്പിക്കുന്നത്? ആ ചോദ്യം നമ്മള് ചോദിച്ചേ മതിയാകൂ. ആണുങ്ങള്‍ക്ക് അരക്ഷിതത്വ ബോധവും അപകര്‍ഷതാബോധവും തോന്നുന്നുണ്ടോ? സമൂഹത്തിലുടലെടുക്കുന്നതും മാറുന്നതുമായ അധികാര ബന്ധങ്ങള്‍ അവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടോ? നമ്മളെല്ലാവരും സ്ത്രീകള്‍ കീഴ്പ്പെടേണ്ടവരാണെന്നും അവര്‍ അടിമകളാണെന്നും രണ്ടാം തരക്കാരാണെന്നുമുള്ള നിര്‍മിത പൊതുബോധത്തോട് പൊരുത്തപ്പെട്ടുകഴിഞ്ഞു. മാതാപിതാക്കള്‍ തന്നെ അവരുടെ പെണ്മക്കളോട് പറയുന്നത്, നിങ്ങള്‍ നിങ്ങളുടെ ഭര്ത്താക്കന്മാരെയും ഭര്ത്തൃകുടുംബക്കാരെയും കണ്ണും പൂട്ടി അനുസരിക്കണമെന്നാണ്. എന്നാല്‍, എന്റെ മാതാപിതാക്കള്‍ ഇത്തരക്കാരായിരുന്നില്ല. നീ ഭര്‍ത്താവിനെ അനുസരിക്കണം, നീ വിധേയയാകണം, നീ ഉറക്കെ ചിരിക്കരുത്, നീ വേഗത്തില്‍ നടക്കരുത്, അതു ചെയ്യരുത്, ഇതു ചെയ്യരുത്, കാലു വിടര്‍ത്തി ഇരിക്കരുത് എന്നെല്ലാമാണ് പെണ്‍കുട്ടിക്കുള്ള മര്യാദാപഠനങ്ങള്.
എന്നാലൊരു ആണ്‍കുട്ടിയേയും ഈ നിര്‍ദേശങ്ങളും നിബന്ധനകളും ആരും പഠിപ്പിക്കുന്നുമില്ല. എന്നാല്‍, ഈ മാറുന്ന സാമൂഹിക സാഹചര്യത്തില്‍ സ്ത്രീകള്‍ ഉയര്‍ന്ന പദവികളിലെത്തിക്കൊണ്ടിരിക്കുകയും അത് പുരുഷന്മാര്ക്ക് അരക്ഷിതത്വ ബോധം പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. മധ്യവര്‍ഗത്തില്‍ പെട്ട സ്ത്രീകള്‍ പഠനം ഗൗരവത്തോടെ എടുക്കുകയും ഉന്നത ജോലികളിലേര്‍പ്പെടുകയും ചെയ്യുന്നു. ഇതായിരിക്കാം ഒരു പക്ഷെ പുരുഷന്മാരെ ഭയപ്പെടുത്തുന്നത്. ഇതിനെയാണ് നമ്മള് കണക്കിലെടുക്കേണ്ടതും ചികിത്സിക്കേണ്ടതും. അതു തന്നെയാണ് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതും. മിക്ക ആണ്‍കുട്ടികളും ഒരു പ്രായം വരെ അവരുടെ അമ്മമാരോട് അടുപ്പം പുലര്‍ത്തുന്നവരായിരിക്കും. എന്നാല്‍ കുറച്ചു കൂടി കഴിയുമ്പോള്‍, അവന്റെ അമ്മയെ അവന്റെ അഛനും അപ്പൂപ്പനും അമ്മയും അമ്മാവന്മാരും ചിലപ്പോഴൊക്കെ അമ്മൂമ്മയും അമ്മാവിമാരും പീഡിപ്പിക്കുന്നത് പതിവാണ്. ആ ഒരു വ്യവസ്ഥ മാറണം. ഈയൊരു വ്യവസ്ഥ കുഞ്ഞുങ്ങളെ വളരെയധികം മോശമായ രൂപത്തില്‍ ബാധിക്കുന്നതു നാം കാണുന്നുണ്ട്. എനിക്ക് എല്ലാ മാതാപിതാക്കളോടും ഒരപേക്ഷയാണുള്ളത്. നിങ്ങള്‍ നിങ്ങളുടെ കുട്ടിയോടുള്ള പെരുമാറ്റം വളരെയധികം മാറ്റേണ്ടതുണ്ട്. ഇതു ചെയ്യണം, അതു ചെയ്യണം, ഇതാണ് ശരി, അതാണ് ശരി എന്നു നിര്‍ബന്ധിച്ചു പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. കാരണം, കുട്ടികള്‍ സ്വാഭാവികമായ രീതിയിലല്ല വളരുന്നതെന്നു ചുരുക്കം. മാതാപിതാക്കള്‍ പറയുന്നത് അതേ പടി വെറുതെ കേട്ടിരിക്കുന്നവരല്ല. അവരത് മാതൃകയാക്കുന്നവരാണ്. അതുകൊണ്ടു തന്നെ നിങ്ങളായിരിക്കണം മാറ്റത്തിന്റെ വാഹനം. നിങ്ങളാഗ്രഹിക്കുന്ന മാറ്റം നിങ്ങളില്‍ തന്നെയാണ് പ്രതിഫലിക്കുന്നത്.
ഇനി പറയാന്‍ പോകുന്നത് വളരെ പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനെന്റെ ആദ്യ സിനിമ ചെയ്യുന്ന കാലത്ത്, കലാനിര്‍വഹണം അത്യന്തം ആഹ്ലാദകരമായിരുന്നു. അന്നൊന്നും സര്ഗാത്മകതക്ക് നിയന്ത്രണങ്ങളോ പരിധികളോ ഭീതിവലയങ്ങളോ ഉണ്ടായിരുന്നില്ല. എന്നാലിന്നങ്ങനെയല്ല. എല്ലായിടത്തും ഭീതി നിറഞ്ഞിരിക്കുന്നു. ഭയത്തിന്റെ വലയം നമ്മളെ ചുറ്റിവരിഞ്ഞിരിക്കുന്നു. അതു ചെയ്യാന്‍ പാടുണ്ടോ? ഇതു ചെയ്യാന്‍ പാടുണ്ടോ? ഈ രീതിയിലുള്ള ഭയത്തിന്റെ തടവിലാണ് നമ്മള്. പ്രധാനമായും ഇത് പ്രേക്ഷകരെ ഉദ്ദേശിച്ചിട്ടുള്ള ഭയമാണ്. അവരത് സ്വീകരിക്കുമോ? അവരത് ഏതര്‍ത്ഥത്തില്‍ കാണും? ഈ രീതിയിലുള്ള ഭയം നമ്മുടെ സര്‍ഗശേഷിയെ കെട്ടഴിച്ചുവിടാന്‍ അനുവദിക്കുന്നില്ല. കാരണം, 36 ചൗരംഗി ലെയിന്‍ സംവിധാനം ചെയ്യുമ്പോള്‍, എന്നോട് പലരും ചോദിച്ചിരുന്നു. ഇത് പ്രേക്ഷകര്‍ കാണുമോ എന്ന്. എന്നാലെന്റെ നിലപാട് എന്തായിരുന്നുവെന്നാല്‍; എന്തു കൊണ്ട് അവര്‍ കാണില്ല എന്ന് ഞാന്‍ ചിന്തിക്കണം? എന്റെ പ്രേക്ഷകരെ ഞാനെന്തിന് നിലവാരമില്ലാത്തവരായി കാണണം? കാരണം, എന്റെ ഹൃദയത്തെ പിടിച്ചു കുലുക്കുന്ന ഒരു സംഭവം അഥവാ ഒരു വിഷയം, എന്റെ പ്രേക്ഷകരുടെ ഹൃദയത്തെ പിടിച്ചു കുലുക്കില്ലേ? എന്നാല്‍, നിര്‍ഭാഗ്യവശാല്‍, നിര്‍മാതാക്കളുടെ നിലപാടുകള്‍ ഇങ്ങനെയല്ല. അവര്‍ക്ക് എല്ലായ്പോഴും ഭയമാണ്. സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നുള്ള ഭയം, സെന്‍സര്‍ ബോര്‍ഡ് എ സര്ടിഫിക്കറ്റ് തരുമോ എന്ന ഭയം, ഈ സിനിമ മൂലം ക്രമസമാധാനം തകരുമോ എന്ന ഭയം ഇവയൊക്കെയാണ് നമ്മെ സമ്മര്‍ദ്ദത്തിലാക്കുന്നത്. സിനിമയുടെ ഓരോ ഘട്ടത്തിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ അവരെ ഭയപ്പെടുത്തുന്നു. ഇപ്പോള്‍ എന്നെയും ഭയം പിടികൂടിയിരിക്കുന്നു. കര്‍മ്മജീവിതത്തിന്റെ അവസാനമെത്തിയ ഞാന്‍, എനിക്ക് ശേഷം വരുന്ന സംവിധായകരൊക്കെയും ഭയം കൊണ്ട് അവരാഗ്രഹിക്കുന്ന പ്രമേയവും ആഖ്യാനവും, അവരാഗ്രഹിക്കുന്ന തരത്തില്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയാതെ വരുന്നു എന്ന വാസ്തവം മനസ്സിലാക്കുന്നു. ചിന്തിച്ചു തുടങ്ങുമ്പോള്‍ തന്നെ, ചലിക്കാനാവാത്ത വിധം കാലുകള്‍ കൂട്ടിക്കെട്ടിയ വിധത്തില്‍ നാം പ്രതീതിത്തടവിലാണ്.
ഇതാണ് ഇന്ന് എന്നെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഞാന്‍ പറഞ്ഞതു പോലെ, പത്മാവതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഞാനൊരിക്കലും പത്മാവതിയെക്കുറിച്ച് മാത്രമല്ല ഞാന്‍ വിവക്ഷിക്കുന്നത്. അനേകം സിനിമകളില്‍ ഒന്നു മാത്രമാണ് പത്മാവതി. അതെന്തു തരത്തിലുള്ള സിനിമയാണ് എന്നൊന്നും എനിക്കറിയില്ല. അതിനിവിടെ പ്രാധാന്യം അര്‍ഹിക്കുന്നുമില്ല. പ്രധാനപ്പെട്ടതെന്താണെന്നാല്, പത്മാവതി എന്ന സിനിമ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്? സര്‍ഗാത്മകത കുഴിച്ചുമൂടപ്പെടുന്ന ഒരു വ്യവസ്ഥിതിയെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. അതാണ് എന്നെ ഭയപ്പെടുത്തുന്നത്. ഇതെന്തുകൊണ്ട് ഭയപ്പെടുത്തുന്നു എന്നാല്‍, ഇത് ഇന്ത്യന്‍ സമൂഹമാണ്. ഇവിടെ ഹിന്ദുയിസത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു. സത്യത്തില്‍, ഹിന്ദുയിസം എന്നത് നമുക്കെല്ലാമറിയുന്നതു പോലെ, അനുതാപത്തിന്മേല്‍ കെട്ടിയുണ്ടാക്കിയ ജീവിത രീതി മാത്രമാണ്. അത് തിരിച്ചുവരണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. കാരണം, ഇതേ ഹിന്ദുയിസത്തിന്റെ പേരു പറഞ്ഞാണ് അവര്‍ ഹിന്ദു താലിബാനിസം ഇവിടെ നടപ്പിലാക്കുന്നത്. അവരാളുകളെ നിഷ്ഠൂരമായി കൊല്ലുന്നു, ശബ്ദമുയര്‍ത്തി കൊലവിളിക്കുന്നു. ആളുകളെ ഭയപ്പെടുത്തുന്നു. മുസ്ലിങ്ങളെയും ദളിതരെയും വംശഹത്യ ചെയ്യുന്നു. എന്നാല്‍, ലിബറല്‍ ശബ്ദങ്ങളൊന്നും ഉയര്‍ന്നു കേള്‍ക്കുന്നില്ല. കാരണം, ഇവയെല്ലാം നമുക്ക് വെറുതെ കിട്ടിയതാണെന്നാണ് നമ്മുടെ വിചാരം. ഇതെല്ലാം തുറന്നു പറയുന്നത് എന്തോ മോശം കാര്യമാണെന്നാണ് നമ്മളെല്ലാവരും ധരിച്ചു വെച്ചിരിക്കുന്നത്. എന്നാലതങ്ങിനെയല്ല. ഇതൊക്കെ ഉറക്കെയുറക്കെ, വീണ്ടും വീണ്ടും വിളിച്ചു പറയേണ്ട കാര്യങ്ങളാണ്. ഈ ഭയത്തിനെതിരെ, നമ്മളെല്ലാവരും എഴുന്നേറ്റു നിന്ന് ഉറക്കെ പ്രതികരിക്കണം. അതുമാത്രമാണെന്റെ അപേക്ഷ .
തയ്യാറാക്കിയത് : മേധ അകം