20 October Saturday

ഐശ്വര്യ റായിക്ക് എന്തുപറ്റി?

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

ബോളിവുഡിൽ ചർച്ച ചൂടുപിടിക്കുകയാണ്, ഐശ്വര്യ റായിക്ക് എന്തുപറ്റി? കൈനിറയെ അവസരങ്ങളുമായി നടിക്കുപിന്നാലെ നിർമാതാക്കളും സംവിധായകരും മത്സരിക്കുകയാണ്. അമ്മയായതിനുശേഷമുള്ള ഐശ്വര്യയുടെ മടങ്ങിവരവ് ആഘോഷപൂർവമാണ് ബോളിവുഡ് ഏറ്റെടുത്തത്. എന്നാൽ, ഐശ്വര്യയുടെ അഞ്ചുവർഷത്തിനുശേഷമുള്ള തിരിച്ചുവരവുചിത്രങ്ങളൊന്നും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല. ഐശ്വര്യയുടെ പ്രകടനവും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല.

2011ൽ പെൺകുഞ്ഞിന് ജന്മം നൽകിയ ഐശ്വര്യയുടെ മടങ്ങിവരവുചിത്രമായ ജാസ്ബയിൽ മകൾക്കുവേണ്ടി ഏതറ്റംവരെയും പോരാടുന്ന  അമ്മയെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. പക്ഷേ, ചിത്രം കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തപ്പെട്ട് പാകിസ്ഥാൻ തൂക്കിലേറ്റിയ സരബ്തിന്റെ പെങ്ങളായി ഐശ്വര്യ എത്തിയ രണ്ടാംചിത്രവും പ്രതീക്ഷിച്ച ചലനം ബോക്സ് ഓഫീസിൽ സൃഷ്ടിച്ചില്ല. രണ്ടാംവരവിൽ ശ്രദ്ധിക്കപ്പെട്ട ഏകചിത്രം യെ ദിൽ ഹൈ മുഷ്കിൽമാത്രം. പക്ഷേ, ചിത്രത്തിലെ നായിക അനുഷ്കയായിരുന്നു.

ഐശ്വര്യക്ക‌് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു ഫാന്നിഖാൻ. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ചിത്രം ഇതിനോടകം രാജ്യമെമ്പാടുമായി നേടിയത് 12 കോടി രൂപമാത്രം. ചിത്രത്തിൽ ഐശ്വര്യയുടെ കഥാപാത്രം, ആഷ് ആരാധകരെപ്പോലും തൃപ്തിപ്പെടുത്തിയിട്ടില്ലെന്നാണ് ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ട്്.മുതിർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിവരുമ്പോൾ ഐശ്വര്യക്ക് കൈയടക്കം നഷ്ടമാകുന്നുവെന്നാണ് ഒരുവിഭാഗം ചലച്ചിത്രനിരൂപകരുടെ പക്ഷം. ഐശ്വര്യയുടെ സിനിമകളുടെ തെരഞ്ഞെടുപ്പാണ് മോശമെന്ന‌് വാദിക്കുന്ന ഒരു വിഭാഗവുമുണ്ട്. ഭർത്താവ് അഭിഷേക് ബച്ചനൊപ്പം അഭിനയിക്കുന്ന ഗുലാബ് ജാമാണ് ഐശ്വര്യയുടെ അടുത്ത ചിത്രം. മിസ് വേൾഡ് പട്ടം 1994ൽ കരസ്ഥമാക്കിയ താരം 1997ൽ മണിരത്നം‐മോഹൻലാൽ ടീമിന്റെ ഇരുവറിലൂടെയാണ് സിനിമയിലെത്തുന്നത്.

പ്രധാന വാർത്തകൾ
Top