15 November Thursday

നടന്‍ ആര്യയുടെ ജീവിതസഖിയാകാന്‍ ആഗ്രഹിക്കുന്നുവോ; ഈ നമ്പറിലേക്ക് വിളിക്കൂ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 21, 2017

കൊച്ചി > നടന്‍ ആര്യ ജീവിത പങ്കാളിയെ തേടുന്നു. അദ്ദേഹത്തിന് ചേര്‍ന്ന ഒരു വധു ആകാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ഒട്ടും മടിക്കേണ്ട ഈ നമ്പറിലേക്ക് 73301-73301 വിളിച്ചാല്‍ മാത്രം മതി. അതെ, സംഗതി സത്യമാണ്. ജീവിത പങ്കാളിയെ കണ്ടെത്തുന്നതിലും വ്യത്യസ്ത കൊണ്ടു വരുകയാണ് മലയാളി വേരുകളുള്ള തെന്നിന്ത്യന്‍ നടന്‍.

താന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിനായി പെണ്‍കുട്ടിയെ തേടികൊണ്ടിരിക്കുകയാണെന്നും ആര്യ തന്നെയാണ് അറിയിച്ചത്. തന്റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആര്യ ജീവിത പങ്കാളിയെ തേടുന്ന കാര്യം വ്യക്തമാക്കിയത്.

''കഴിഞ്ഞയാഴ്ച ഞാന്‍ ജിമ്മില്‍ കല്ല്യാണം കഴിക്കുന്ന കാര്യം സംസാരിക്കുന്ന ഒരു വീഡിയോ ലീക്കായിരുന്നു. ഞാനറിയാതെ എന്റെ സുഹൃത്തുക്കള്‍ ഒപ്പിച്ച ഒരു പണിയായിരുന്നു. എന്നാല്‍, അതില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. ഞാന്‍ കല്ല്യാണത്തിനുവേണ്ടി പെണ്ണു തേടിക്കൊണ്ടിരിക്കുകയാണ്. സാധാരണ എല്ലാവരും ജോലിസ്ഥലത്തോ, സുഹൃത്തക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ മുഖേനയോ അല്ലെങ്കില്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റുകള്‍ വഴിയോ ആണ് പെണ്ണിന് തേടുക. എന്നാല്‍, ഞാന്‍ അങ്ങനെയല്ല. എനിക്ക് വലിയ ഡിമാന്റുകളോ നിബന്ധനകളോ ഇല്ല. നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടാല്‍, ഞാന്‍ നിങ്ങള്‍ക്കൊരു ജീവിതപങ്കാളിയാവുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ 7330173301 എന്ന നമ്പറില്‍ വിളിക്കുക. ഇത് ആള്‍ക്കാരെ കളിപ്പിക്കാനുള്ള ഒരു തരികിട, തമാശ വീഡിയോയാണെന്ന് വിചാരിക്കരുത്. ഇതെന്റെ ജീവിതത്തിന്റെ പ്രശ്‌നമാണ്. ദയവു ചെയ്ത് ഈ നമ്പറില്‍ വിളിക്കുക. ഞാന്‍ നിങ്ങളുടെ വിളിക്കായി കാത്തിരിക്കുകയാണ്.'' - ആര്യ

ആര്യ പറഞ്ഞ നമ്പറിലേക്ക് വിളിച്ചാല്‍ ആര്യയുടെ ശബ്ദം കേള്‍ക്കാം. അതോടൊപ്പം ഒരു എസ്.എം.എസും ലഭിക്കും. മെസേജില്‍ ലഭിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ www.mapillaiarya.com  എന്ന വെബ്‌സൈറ്റില്‍ എത്തും. സാധാരണ മാട്രിമോണിയല്‍ സൈറ്റുകളില്‍ കാണുന്ന തരത്തിലുള്ള രജിസ്‌ട്രേഷന്‍ രീതിയിലുള്ള ഒരുപാട് ചോദ്യങ്ങള്‍ ഇതിലുണ്ട്. എന്നാല്‍ ചോദ്യങ്ങളില്‍ ജാതിയോ മതമോ ജാതകമോ ഒന്നുമില്ല.

ആര്യയുടെ വീഡിയോക്ക് വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോസ്റ്റിനു കീഴിലെ കമന്റുകളില്‍ നിന്നു തന്നെ ഇതു വ്യക്തമാണ്.
 
ആര്യ ഫേസ്‌ബുക്കില്‍ പങ്കുവെച്ച വീഡിയോ


 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top