വോട്ടെണ്ണല്‍ തിങ്കളാഴ്ച; മലപ്പുറത്ത് 71.4 % പോളിങ്

Thursday Apr 13, 2017
പ്രത്യേക ലേഖകന്‍

മലപ്പുറം > വാശിയേറിയ പ്രചാരണത്തിനൊടുവില്‍ മലപ്പുറം വിധിയെഴുതി. പോളിങ് 71.4 ശതമാനം. അന്തിമ കണക്ക് ലഭ്യമാകുമ്പോള്‍ പോളിങ് ശതമാനം ഉയരും. തിങ്കളാഴ്ച മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണല്‍. പതിനൊന്നോടെ ഫലം അറിയാനാകും. 13,12,693 വോട്ടര്‍മാരില്‍ 9,62,318 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. കനത്ത സുരക്ഷയോടെ നടന്ന തെരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായിരുന്നു. എവിടെയും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 71.27 ശതമാനമായിരുന്നു പോളിങ്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.9 ശതമാനവും.

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍മൂലം 12 ബൂത്തുകളില്‍ രാവിലെ അല്‍പസമയം വോട്ടെടുപ്പ് തടസ്സപ്പെട്ടു. സാങ്കേതിക വിദഗ്ധരെത്തി പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നു. 1175 ബൂത്തുകളിലായി രാവിലെ ഏഴിന് ആരംഭിച്ച പോളിങ് മന്ദഗതിയിലായിരുന്നു. പകല്‍ പതിനൊന്നോടെ പോളിങ് 30 ശതമാനമായിരുന്നു. രണ്ടിന് 50ഉം നാലിന് 65 ശതമാനമായും ഉയര്‍ന്നു.
പ്രചാരണഘട്ടത്തില്‍ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള തീവ്രവര്‍ഗീയ സംഘടനകളുമായി മുസ്ളിംലീഗ്  ഉണ്ടാക്കിയ വോട്ടുകച്ചവട ധാരണ വോട്ടെടുപ്പ് ദിനത്തില്‍ പ്രകടമായിരുന്നു. ബൂത്തുകള്‍ക്ക് പുറത്തെ സ്ളിപ്പ് വിതരണകേന്ദ്രങ്ങളില്‍ ലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒന്നിച്ചാണ് വോട്ടര്‍മാരെ എത്തിച്ചത്.