കോണ്‍. നേതാക്കളുടെ ബിജെപി പ്രവേശം; യുഡിഎഫ് ക്യാമ്പ് അങ്കലാപ്പില്‍

Tuesday Apr 11, 2017

മലപ്പുറം > നാലു കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയ വിവരം പുറത്തുവന്നതോടെ യുഡിഎഫ് ക്യാമ്പ് അങ്കലാപ്പില്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപി ചര്‍ച്ച ബാധിക്കുമോയെന്ന പരിഭ്രാന്തിയിലാണ് നേതൃത്വം.

മുസ്ളിംലീഗ് നേതാക്കള്‍ക്കാണ് വലിയ അസ്വസ്ഥത. കോണ്‍ഗ്രസിനെ മലപ്പുറത്ത് വിശ്വാസത്തിലെടുക്കാത്ത ലീഗിന് കൂടുതല്‍ അവിശ്വാസത്തിന് പുതിയ സംഭവം കാരണമായി. ബിജെപി നേതാക്കളുടെ ചര്‍ച്ചയുമായിബന്ധപ്പെട്ട് ശശി തരൂരിന്റെ പേര് വെളിപ്പെടുത്തിയ കെപിസിസി പ്രസിഡന്റ് എം എം ഹസനെ കോണ്‍ഗ്രസ് നേതാക്കള്‍ ശാസിച്ചതായും സൂചനയുണ്ട്. പറഞ്ഞത് തിരുത്തിക്കാന്‍ ഹസനെക്കൊണ്ട് തിങ്കളാഴ്ച നിര്‍ബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തിച്ചതും യുഡിഎഫ് പ്രതിരോധത്തിലായതിന്റെ  തെളിവാണ്.
മലപ്പുറത്ത് പ്രധാന ചര്‍ച്ചാവിഷയം ആര്‍എസ്എസിന്റെ വര്‍ഗീയ അജന്‍ഡ ഉയര്‍ത്തുന്ന ഭീഷണിയും കോണ്‍ഗ്രസ് ആര്‍എസ്എസിനോട് കാട്ടുന്ന മൃദുഹിന്ദുത്വവുമാണ്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി കെ ജാഫര്‍ ഷെരീഫ് ആവശ്യപ്പെട്ട വിഷയത്തില്‍ മറുപടി പറയാന്‍ കോണ്‍ഗ്രസും ലീഗും കുഴങ്ങുകയാണ്. ആര്‍എസ്എസിനെ തുറന്നെതിര്‍ക്കാത്ത കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ സമീപനവും തെരഞ്ഞെടുപ്പില്‍ വിഷയമാണ്. ഹൈന്ദവ ഫാസിസ്റ്റ് ഭീകരതയോട് കാട്ടുന്ന അഴകൊഴമ്പന്‍നയംമൂലം കോണ്‍ഗ്രസിനെ മതന്യൂനപക്ഷങ്ങളും മുസ്ളിംലീഗിലെ വലിയൊരു വിഭാഗം അണികളും നോക്കികാണുന്നത് ബിജെപിയുടെ ബി ടീമായാണ്.

റീതാ ബഹുഗുണ ജോഷി, എന്‍ ഡി തിവാരി, ജഗദംബികാപാല്‍ തുടങ്ങി വിദേശമന്ത്രിയായിരുന്ന എസ് എം കൃഷ്ണവരെ  മുതിര്‍ന്ന നേതാക്കള്‍ പലരും ബിജെപിയിലേക്ക് ദിനംപ്രതി കാലുമാറുകയാണ്. ബാബ്റി മസ്ജിദ് തര്‍ക്കം കൂടിയാലോചനയിലൂടെ തീര്‍ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം ആര്‍എസ്എസിനൊപ്പം കോണ്‍ഗ്രസ് ദേശീയനേതൃത്വവും സ്വാഗതം ചെയ്തിരുന്നു. 

നിരവധി പ്രശ്നങ്ങളില്‍ കോണ്‍ഗ്രസിലൂടെ സംഘപരിവാറിന്റെ ശബ്ദമുയരുന്നതായ സംശയം ലീഗിനും ന്യൂനപക്ഷസമുദായത്തിനുമുണ്ട്. കേരളത്തില്‍നിന്ന് ഒരു കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍പോകില്ലെന്ന നേതാക്കളുടെ അവകാശവാദം പൊളിക്കുന്നതാണ് നാലുപ്രമുഖര്‍ ബിജെപിയുമായി ചര്‍ച്ചനടത്തിയ വാര്‍ത്ത. ഇതോടെ കോണ്‍ഗ്രസിന്റെ ബിജെപി മുഖം കൂടുതല്‍ വെളിപ്പെട്ടിരിക്കുന്നു. 

കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശ വാര്‍ത്തയെ ഹസനും ചെന്നിത്തലും  നിഷേധിച്ചിട്ടം ലീഗ് അത് മുഖവിലക്കുെടുത്തിട്ടില്ല.  തീവ്രവര്‍ഗീയ കക്ഷിയായ എസ്ഡിപിഐയുമായുള്ള സഖ്യത്തെ ഇത് ബാധിക്കുമോ എന്നതാണ് ലീഗിനെ കൂടുതല്‍ അലട്ടുന്നത്.  ബിജെപിയിലേക്ക് ചേക്കേറുന്ന നേതാക്കളുള്ള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ലീഗിന് വോട്ടുകൊടുക്കണോയെന്ന ചോദ്യം എസ്ഡിപിഐയിലുണ്ട്. കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കാന്‍ സന്നദ്ധമായ ജമാഅത്തെ ഇസ്ളാമിയുടെ വെല്‍ഫെയര്‍പാര്‍ടിക്കുമുണ്ട് ഈ സംശയം.