വിജയം സുനിശ്ചിതം: ഫൈസല്‍

Tuesday Apr 11, 2017
ഒ വി സുരേഷ്
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി ഫൈസലിന്റെ റോഡ് ഷോ വള്ളുവമ്പുറത്ത് എത്തിയപ്പോള്‍

മലപ്പുറം > 'ഈ തെരഞ്ഞെടുപ്പിലെ പ്രചാരണം നല്‍കുന്ന അനുഭവം വ്യത്യസ്തമാണ്. വിവിധ കേന്ദ്രങ്ങളിലെത്തിയപ്പോള്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ നല്‍കിയ പിന്തുണ, വിശ്വാസം ഏറെ വലുത്. എന്റെ വിജയം എന്നതല്ല, ജീവിക്കാനായുള്ള പോരാട്ടത്തിലാണ് ജനങ്ങള്‍, അവര്‍ ഇടതുപക്ഷത്തില്‍ അത്രയ്ക്ക് പ്രതീക്ഷയര്‍പ്പിക്കുന്നു. വിജയത്തില്‍ ഒരു സംശയവുമില്ല'- പരസ്യ പ്രചാരണം അവസാനിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം ബി ഫൈസലിന്റെ പ്രതികരണം ഇങ്ങനെ.

മഞ്ചേരി മണ്ഡലത്തിലെ പര്യടനത്തിനിടെ ഒരുസംഘം കുട്ടികള്‍ അടുത്തേക്ക് വന്നു. അവരുടെ കൈയില്‍ ഒരു കടലാസുണ്ടായിരുന്നു. അത് എനിക്കുനേരെ നീട്ടിയപ്പോള്‍ വാങ്ങി. നിവേദനമായിരുന്നു. കുടിവെള്ളമില്ല, അതായിരുന്നു അവരുടെ ആവശ്യം. നിവേദനം അവര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയതാണ്. കുട്ടികള്‍പോലും തെരഞ്ഞെടുപ്പിനെ എത്ര ഗൌരവത്തോടെയാണ് കാണുന്നത്. അതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയും. ഫാസിസ്റ്റ് ഭീഷണിയോടൊപ്പം മണ്ഡലത്തിലെങ്ങും ഉയര്‍ന്നുവന്ന പ്രധാന ചര്‍ച്ച വികസനമായിരുന്നു. കുടിക്കാന്‍ വെള്ളം നല്‍കിയില്ലെങ്കില്‍ എന്ത് വികസനമാണ് കാലങ്ങളായി ജയിച്ചുപോയവര്‍ ഇവിടെ ചെയ്തത്.

പെരിന്തല്‍മണ്ണ മണ്ഡലത്തിലായിരുന്നു ആദ്യപര്യടനം. താഴേക്കോട് പഞ്ചായത്തിലെ പുന്നമണ്ണയില്‍ എത്തിയപ്പോള്‍ പ്രായമായ ഒരു അമ്മ വന്ന് തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. 'മോന്‍ ജയിക്കും' എന്ന ശബ്ദം ഇപ്പോഴും ഉള്ളില്‍ മുഴങ്ങുന്നുണ്ട്. ആ അമ്മ മാത്രമല്ല, ഒരുപാട് അമ്മമാരും ഉമ്മമാരും കാരണവന്മാരും നല്‍കിയ ആശീര്‍വാദം, ഒരു മകനോടെന്നപോലുള്ള വാത്സല്യം, അവയൊക്കെയാണ് കരുത്ത്. അവരുടെ പ്രതീക്ഷകള്‍ വിഫലമാക്കില്ലെന്നാണ്  അവര്‍ക്ക് നല്‍കാനുള്ള ഉറപ്പ്.

യുവാക്കളുടെ നല്ല മുന്നേറ്റമായിരുന്നു. അത് കക്ഷിരാഷ്ട്രീയത്തിനതീതമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. അവരിലൊരാളായി എന്നെ കാണുന്നു എന്നത് നല്ല അനുഭവം. വേങ്ങര, മലപ്പുറം മണ്ഡലങ്ങളിലെ പ്രചാരണാനുഭവം എടുത്തു പറയണം. സ്വീകരണ സ്ഥലത്ത് എത്താന്‍കഴിയാതെ മാറിനിന്നവര്‍ വീടുകളുടെ മുറ്റത്തുനിന്ന് കൈവീശി  ഐക്യദാര്‍ഢ്യമേകി. എല്ലാവിഭാഗം ആളുകളുടെയും പിന്തുണയുണ്ടെന്നാണ് ഓരോ ദിവസത്തേയും പര്യടനങ്ങളില്‍നിന്ന് ബോധ്യമായത്. പ്രവാസികളായ ഒട്ടേറെ പേര്‍ ഫോണില്‍ പിന്തുണ അറിയിച്ചു. പ്രയാസമുള്ളവരാണവര്‍. അവരുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം.

എല്‍ഡിഎഫിന്റെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി പ്രചാരണരംഗത്തുണ്ടായിരുന്നു. യുവജന-വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ വ്യത്യസ്തമായ രീതിയിലാണ് പ്രചാരണം നടത്തിയത്- ഫൈസല്‍ പറഞ്ഞു.