മലപ്പുറം കാത്തിരിക്കുന്നു മാറ്റത്തിന്

Tuesday Apr 11, 2017
ഒ വി സുരേഷ്
വടക്കേമണ്ണയിലെ തെരഞ്ഞെടുപ്പ് കലാശക്കൊട്ടില്‍നിന്ന്

മലപ്പുറം > പ്രചാരണം അവസാനിച്ചു. ബുധനാഴ്ച മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ 13 ലക്ഷത്തിലേറെ വോട്ടര്‍മാര്‍ ബൂത്തിലേക്ക്. മാര്‍ച്ച് ഒമ്പതിനായിരുന്നു ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പ്രചാരണത്തിന് ദിവസം കുറവായിരുന്നെങ്കിലും രാഷ്ട്രീയപാര്‍ടികള്‍ പെട്ടെന്നുതന്നെ സജീവമായി. കണ്‍വന്‍ഷനുകളും റാലികളും കുടുംബയോഗങ്ങളുമായി തെരഞ്ഞെടുപ്പിന്റെ ആരവമായിരുന്നു എങ്ങും. പ്രചാരണത്തിന്റെ അവസാനനിമിഷങ്ങളില്‍ എത്തിയപ്പോള്‍ ഒരുകാര്യം വ്യക്തം. മുസ്ളിംലീഗും പി കെ കുഞ്ഞാലിക്കുട്ടിയും നന്നായി വിയര്‍ക്കുന്നു. എം ബി ഫൈസല്‍ എന്ന യുവപോരാളിയിലൂടെ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.

കഴിഞ്ഞതവണ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ ആവേശത്തില്‍ ഈസി വാക്കോവര്‍ പ്രതീക്ഷിച്ചാണ് മുസ്ളിംലീഗ് മത്സരരംഗത്തിറങ്ങിയത്. എന്നാല്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ എം ബി ഫൈസലിനെ രംഗത്തിറക്കിയതിലൂടെ ലീഗിന്റെ ആത്മവിശ്വാസത്തിന് തുടക്കത്തിലേ മങ്ങലേറ്റു. യൂത്ത് ലീഗ് ആവശ്യപ്പെട്ടിട്ടും സ്ഥാനാര്‍ഥിത്വം വിട്ടുനല്‍കാതെ സിറ്റിങ് എംഎല്‍എയെ മത്സരിപ്പിക്കേണ്ട അവസ്ഥയിലായിരുന്നു ലീഗ്. ഇത് യുവാക്കള്‍ക്കിടയില്‍ പ്രതിഷേധമായി നില്‍ക്കുമ്പോഴാണ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റിനെ മുന്നില്‍നിര്‍ത്തി കുറ്റിപ്പുറം ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചത്.

മാര്‍ച്ച് 21ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ടൌണ്‍ഹാളില്‍ ചേര്‍ന്നു. ടൌണ്‍ഹാളിലും ഗാലറിയും നിറഞ്ഞുകവിഞ്ഞ് മുറ്റവും റോഡും ആളുകളായിരുന്നു. ജയിക്കാനായുള്ള എല്‍ഡിഎഫിന്റെ പടപ്പുറപ്പാടിന് ഊര്‍ജവും ആവേശവും പകരുന്നതായി കണ്‍വന്‍ഷന്‍. എല്‍ഡിഎഫിന്റെ സമുന്നത നേതാക്കളും മന്ത്രിമാരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന കൌണ്‍സില്‍ അംഗം പി സുബ്രഹ്മണ്യന്‍ ചെയര്‍മാനും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഇ എന്‍ മോഹന്‍ദാസ് ചെയര്‍മാനുമായതാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി.
തുടര്‍ന്ന് അസംബ്ളി മണ്ഡലം, പഞ്ചായത്ത്, ബൂത്ത് കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു. മാര്‍ച്ച് 21 മുതല്‍ സ്ഥാനാര്‍ഥി വിവിധ പ്രദേശങ്ങളില്‍ വ്യക്തികളെ സന്ദര്‍ശിച്ചു. 25ന് സ്ഥാനാര്‍ഥിയുടെ രണ്ടാംഘട്ട പര്യടനം ആരംഭിച്ചു. അഞ്ഞൂറിലേറെ കേന്ദ്രങ്ങളിലായി വോട്ടര്‍മാരുമായി സംവദിച്ചു. ആബാലവൃദ്ധമാണ് ഓരോ കേന്ദ്രത്തിലും എത്തിയത്. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ തിങ്കളാഴ്ച റോഡ് ഷോയുമുണ്ടായി. തങ്ങളിലൊരാളായി അവരെല്ലാം ഫൈസലിനെ കാണുന്നു.

ആറായിരത്തിലേറെ കുടുംബയോഗങ്ങളാണ് മണ്ഡലത്തില്‍ നടന്നത്. മന്ത്രിമാരും എംപിമാരും എംഎല്‍എമാരും മറ്റു നേതാക്കളും യോഗങ്ങളില്‍ പങ്കെടുത്തു. ഇതുതന്നെ താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആവേശംപകര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍, എം എ ബേബി, കാനം രാജേന്ദ്രന്‍, മാത്യു ടി തോമസ്, ഉഴവൂര്‍ വിജയന്‍,  ഇ പി ജയരാജന്‍, പ്രൊഫ. മുഹമ്മദ് സുലൈമാന്‍, കെ ആര്‍ അരവിന്ദാക്ഷന്‍ തുടങ്ങി എല്‍ഡിഎഫിന്റെ സംസ്ഥാനനിരയാകെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. വേങ്ങരയില്‍ നടന്ന പൊതുയോഗത്തിനുമാത്രം പതിനായിരങ്ങളാണ് പങ്കെടുത്തത്.