പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍; തിരിച്ചറിയാന്‍ 13 രേഖകള്‍

Tuesday Apr 11, 2017

തിരിച്ചറിയാന്‍ 13 രേഖകള്‍

മലപ്പുറം > ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്താന്‍ ഫോട്ടോ പതിച്ച 13 തിരിച്ചറിയല്‍ രേഖകള്‍: ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഫോട്ടോ പതിച്ച സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക് (സഹകരണ ബാങ്ക് പാസ്ബുക്ക് ഒഴികെ), പാന്‍ കാര്‍ഡ്, എന്‍പിആര്‍ സ്മാര്‍ട്ട് കാര്‍ഡ്, മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി തൊഴില്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, ഇലക്ഷന്‍ കമീഷന്റെ ഫോട്ടോ വോട്ടര്‍സ്ളിപ്പ്, എംപി-എംഎല്‍എമാരുടെ ഔദ്യോഗിക ഐഡന്റിറ്റി കാര്‍ഡ്, ആധാര്‍ കാര്‍ഡ്.

പാസ്പോര്‍ട്ട് രേഖയായി സ്വീകരിച്ച് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്ത പ്രവാസി വോട്ടര്‍മാര്‍ അസ്സല്‍ പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കണം.
എങ്ങനെ വോട്ട് ചെയ്യണം
* പോളിങ് ബൂത്തില്‍ പ്രവേശിക്കുക. വോട്ടിങ് കംപാര്‍ട്ട്മെന്റിനുള്ളില്‍ പ്രവേശിക്കുന്നതിന് പ്രിസൈഡിങ് ഓഫീസറുടെ നിര്‍ദേശം ലഭിച്ചുകഴിഞ്ഞാല്‍ വോട്ടിങ് മെഷീനില്‍ റെഡി എന്നെഴുതിയതിനുനേരെയുള്ള പച്ചനിറത്തിലുള്ള പ്രകാശം തെളിഞ്ഞിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.
* നിങ്ങള്‍ വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തുക.
* നിങ്ങള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേര്/ചിഹ്നത്തിന് നേരെയുള്ള ചുവന്ന ലൈറ്റ് പ്രകാശിപ്പിക്കുന്നുണ്ടോ എന്നും ബീപ്പ് ശബ്ദം ഉണ്ടായോ എന്നും ഉറപ്പു വരുത്തുക.
* സ്ഥാനാര്‍ഥിയുടെ പേര്/ചിഹ്നത്തിന് നേരെയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കാതിരിക്കുകയും ബീപ്പ് ശബ്ദം കേള്‍ക്കാതിരിക്കുകയും ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറെ വിവരം അറിയിക്കുക.

21 ബൂത്തുകളില്‍ വനിതാ ഉദ്യോഗസ്ഥര്‍ മാത്രം

മലപ്പുറം > വനിതാ പോളിങ് ഉദ്യോഗസ്ഥര്‍ മാത്രം ജോലി ചെയ്യുന്ന 21 പോളിങ് ബൂത്തുകള്‍ മണ്ഡലത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലും വനിതകള്‍ നിയന്ത്രിക്കുന്ന മൂന്ന് വീതം ബൂത്തുകളാണുള്ളത്. കൊണ്ടോട്ടി- 169, മഞ്ചേരി- 169, പെരിന്തല്‍മണ്ണ- 177, മങ്കട- 172, മലപ്പുറം- 177, വേങ്ങര- 148, വള്ളിക്കുന്ന്- 163 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം.