വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ

13.12 ലക്ഷം വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക്

Tuesday Apr 11, 2017
വേങ്ങരയില്‍ നടന്ന തെരഞ്ഞെടുപ്പ് കലാശക്കൊട്ടില്‍നിന്ന്

മലപ്പുറം > മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ബുധനാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 13.12 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്‍മാരുമടക്കം 13,12,693 പേരാണ് മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍. ഇവരില്‍ 1478 പേര്‍ സര്‍വീസ് വോട്ടര്‍മാരും 955 പുരുഷന്മാരും 51 സ്ത്രീകളുമടക്കം 1006 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആറിന് വരിയില്‍ നില്‍ക്കുന്നവര്‍ക്ക് സമയം വൈകിയാലും വോട്ട് ചെയ്യാം. 17-നാണ് വോട്ടെണ്ണല്‍. മൂന്ന് പാര്‍ടി സ്ഥാനാര്‍ഥികളും ആറ് സ്വതന്ത്രരും ഉള്‍പ്പെടെ ഒമ്പത് പേരാണ് മത്സരരംഗത്തുള്ളത്.

തെരഞ്ഞെടുപ്പിനും വോട്ടെണ്ണലിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ അമിത് മീണ അറിയിച്ചു. വോട്ടെടുപ്പിന് 1175 പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിങ് ഓഫീസര്‍മാരുമുണ്ടാകും. 1200-ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ അഞ്ച് പേര്‍ ചുമതലയിലുണ്ടാകും.

1175 പ്രിസൈഡിങ് ഓഫീസര്‍മാരും 3525 പോളിങ് ഉദ്യോഗസ്ഥരും അടക്കം ആകെ 4700-ലധികം പേര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാകും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് നടക്കുന്ന വോട്ടെടുപ്പിന് 1175 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് 50 ശതമാനം റിസര്‍വ് മെഷീനുകളുമുണ്ട്. ആകെ 1760 വോട്ടിങ് മെഷീനുകളാണ് നല്‍കിയിട്ടുള്ളത്. വോട്ടിങ് യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്റെ 10 എന്‍ജിനീയര്‍മാരെ വിന്യസിച്ചു.