മലപ്പുറം നാളെ ബൂത്തിലേക്ക്

Tuesday Apr 11, 2017
പി വി ജീജോ

മലപ്പുറം > വിധി നിര്‍ണയിക്കാനായി മലപ്പുറം ബുധനാഴ്ച ബൂത്തിലേക്ക്. ഉപതെരഞ്ഞെടുപ്പിന്റെ വീറും വാശിയുമാര്‍ന്ന പ്രചാരണത്തിന് തിങ്കളാഴ്ച കൊട്ടിക്കലാശമായി. മലപ്പുറത്തിന്റെ രാഷ്ട്രീയമാനത്തിന്റെ നിറംമാറ്റത്തിന് ശക്തിപകരുന്ന ഫലമാകും ഉപതെരഞ്ഞെടുപ്പിലുണ്ടാവുകയെന്നതിന്റെ സൂചനകളുമായാണ്പരസ്യ പ്രചാരണം സമാപിച്ചത്. മലപ്പുറത്തിന്റെ മതേതരമനസില്‍ ഇടതുപക്ഷത്തിന് അനുകൂലമായ അടിയൊഴുക്കുകള്‍ സജീവമാണെന്നാണ് മൂന്നാഴ്ചത്തെ പ്രചാരണം തീര്‍ന്നപ്പോള്‍ തെളിയുന്നത്്.

സമാധാനപരമായിരുന്നു പ്രചാരണം. നിശ്ശബ്ദമായ വോട്ട് തേടലിന്റെ ഒറ്റ രാപ്പകല്‍ കഴിഞ്ഞാല്‍ വിധിരേഖപ്പെടുത്തുകയായി. ബുധനാഴ്ച രാവിലെ എഴിന് പോളിങ് ആരംഭിക്കും. വൈകിട്ട് ആറുവരെയാണ് പോളിങ്. 1175 ബൂത്തുകളിലായി 13,12,693 വോട്ടര്‍മാരാണുള്ളത്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ചൊവ്വാഴ്ച രാവിലെ ആരംഭിക്കും. സമാധാനപൂര്‍ണമായ വോട്ടെടുപ്പിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 17ന്.

മലപ്പുറത്ത് ഇന്നേവരെയില്ലാത്തതരത്തില്‍ പ്രചാരണത്തില്‍ നല്ല മുന്നേറ്റം സൃഷ്ടിക്കാന്‍ എല്‍ഡിഎഫിനായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം ബി ഫൈസല്‍ യുവത്വത്തിന്റെ തേജസുമായി മണ്ഡലത്തെ ഇളക്കിമറിച്ചു. ലീഗ് കുത്തകയാക്കിയ മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളും ഫൈസലിന്റെ സാധ്യതകള്‍ക്ക് പ്രതീക്ഷ പകര്‍ന്നു. ആര്‍എസ്എസിന്റെ ഹൈന്ദവ അജന്‍ഡയുമായി ന്യൂനപക്ഷ സമുദായത്തെ വേട്ടയാടുന്ന മോഡിസര്‍ക്കാരിന്റെ നയം സജീവ ചര്‍ച്ചയായി. കോണ്‍ഗ്രസ് നേതാക്കള്‍ ദിവസേന ബിജെപിയിലേക്ക് കാലുമാറുന്നതും കോണ്‍ഗ്രസിന് ആര്‍എസ്എസിനോടുള്ള മൃദുസമീപനവും ചര്‍ച്ചയായിട്ടുണ്ട്.

കേരളത്തിലെ നാല് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ ചര്‍ച്ച തുടങ്ങിയെന്ന വെളിപ്പെടുത്തല്‍ അവസാന മണിക്കൂറില്‍ യുഡിഎഫ് ക്യാമ്പിനെ തീര്‍ത്തും പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസിനെ തുടക്കത്തിലേ അവിശ്വാസത്തില്‍ കണ്ട ലീഗും സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതിവിധിയായി മുസ്ളിംതീവ്രവാദ പാര്‍ടിയായ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയതും വിനയായിട്ടുണ്ട്. ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ മുസ്ളിംതീവ്രവാദത്തെ കൂട്ടുപിടിക്കുന്ന ലീഗിന്റെ മലപ്പുറം മുന്നണിയെ മതനിരപേക്ഷ വിശ്വാസികളടക്കം ഭീതിയോടെ കാണുന്നു. ലീഗിന്റെ സമുദായവഞ്ചനയും ജീര്‍ണരാഷ്ട്രീയവും വെറുത്ത് 2004ല്‍ മഞ്ചേരിയിലും 2006ല്‍ കുറ്റിപ്പുറത്തുമുണ്ടായ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രബലമായ രാഷ്ട്രീയമാറ്റത്തിന് കുതിപ്പേകാനുള്ള സാഹചര്യമാണ് ഇക്കുറി തെളിയുന്നത്.

വിജയത്തെക്കുറിച്ച് വീമ്പടിച്ചിരുന്ന യുഡിഎഫിന്റെ ആശങ്ക പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയടക്കം വിലയിരുത്തലിലുമുണ്ടായി. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശിനായി പ്രചാരണത്തിന് കേന്ദ്രമന്ത്രിമാരെ ഒഴിവാക്കിയതിനെച്ചൊല്ലി  ബിജെപിയില്‍ ആശയക്കുഴപ്പമുണ്ട്.