ചെങ്ങന്നൂരില്‍ ആവേശമഴ; റെക്കോര്‍ഡ് പോളിങ്

Monday May 28, 2018
സ്വന്തം ലേഖകന്‍

ചെങ്ങന്നൂര്‍ > കനത്ത മഴയെ അവഗണിച്ച വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ ചെങ്ങന്നൂരില്‍ റെക്കോര്‍ഡ് പോളിങ്. 76.4 ആണ് പോളിങ് ശതമാനം. തിങ്കളാഴ്ച രാവിലെ ഏഴിന് പോളിങ് ആരംഭിച്ച് ഒരു മണിക്കൂറിനകം എത്തിയ മഴ വോട്ടെടുപ്പ് അവസാനിക്കുന്ന വൈകിട്ട് ആറ് വരെ തുടര്‍ന്നിട്ടും ഓരോ മണിക്കൂറിലും പോളിങ് ശതമാനം കുതിച്ചുകൊണ്ടിരുന്നു.

കഴിഞ്ഞ തവണത്തെക്കാള്‍ 2.04 ശതമാനം പോളിങില്‍ വര്‍ധന.
2009 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ പോളിങ്ങാണ് ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായത്. 2016ലെ  നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ പോളിങ് ശതമാനം 74.36 ആയിരുന്നു.

അന്നുണ്ടായി രുന്ന 195493 വോട്ടര്‍മാരില്‍ 143363 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 2014ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പോളിങ് 67.73 ശതമാനവും 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 71.18ശതമാനവും 2009ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ 67.67 ശതമാനവും ആയിരുന്നു മണ്ഡലത്തിലെ പോളിങ്.

'യെസ് ഐ ഡിഡ'് എന്നെഴുതിയ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാന്‍ ധാരാളം കന്നിവോട്ടര്‍മാരും എത്തി. വോട്ടിങ് യന്ത്രങ്ങള്‍ രാത്രി എട്ടോടെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തിച്ചു. 31ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും.

 

കൂടുതല്‍ വാര്‍ത്തകള്‍