വിജയോല്‍സവം പോലെ സജിയുടെ റോഡ്ഷോ

Sunday May 27, 2018
സ്വന്തം ലേഖകന്‍

ചെങ്ങന്നൂര്‍ > മുഴുവന്‍ പഞ്ചായത്തുകളിലേയും ഇടവഴികളില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ ആശീര്‍വാദങ്ങളേറ്റുവാങ്ങിയ എല്‍ഡിഎഫിന്റെ റോഡ്ഷോ സജിയുടെ വിജയത്തിന് മുന്നോടിയായി ചെങ്ങന്നൂരിന്റെ ഉത്സവമായി. തുറന്ന വാഹനത്തില്‍ അവസാനവട്ട പര്യടനം നടത്തിയ സ്ഥാനാര്‍ഥിക്ക് രാവിലെ മുതല്‍ വൈകീട്ടുവരെ സഞ്ചരിച്ചാല്‍ തീരാത്തത്ര ജനങ്ങള്‍ പിന്തുണ അറിയിക്കാന്‍ വീട്ടുമുറ്റങ്ങളില്‍ കൂടിനിന്നു. 

മുളക്കുഴ പിരളശ്ശേരിയില്‍ നിന്ന് ആരംഭിച്ച റോഡ്ഷോയ്ക്ക് അകമ്പടിയായി നൂറുകണക്കിന് ഇരുചക്രവാഹനങ്ങളില്‍ യുവജനങ്ങള്‍ പടുകൂറ്റന്‍ ചെങ്കൊടികളുമായി അനുഗമിച്ചു. വഴിയില്‍ സ്ഥാനാര്‍ഥിയെ കണ്ടവരും സ്വന്തം ആവശ്യങ്ങള്‍ മാറ്റിവച്ച് ആവേശോജ്ജ്വല പര്യടനത്തില്‍ ചേര്‍ന്നു. എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കുമെന്ന് ഉറപ്പിച്ച് കാരയ്ക്കാട്ടുകാരെ ഒപ്പം കൂട്ടി അടുത്ത സ്ഥലത്തേക്ക്. കുട്ടികളേയും ഒപ്പംകൂട്ടി വോട്ടര്‍മാര്‍ക്കുള്ള സ്ളിപ്പുകള്‍ വിതരണം ചെയ്യാന്‍ വഴിയിലുടെ നടക്കുന്ന ഇടതുമുന്നണി പ്രവര്‍ത്തകരായ സ്ത്രീകളെ എല്ലായിടത്തും കാണാനായി പള്ളിപ്പടിയിലും കക്കടയിലും ഇല്ലതുമേപ്പറത്തും കല്ല്യാത്രയിലും കോടുകുളഞ്ഞിയിലുമെല്ലാം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സജിയെ കാണാന്‍ എത്തി. പടനിലത്ത് എത്തിയപ്പോള്‍ വീട്ടുമുറ്റത്ത് നിന്ന ചുവന്ന പൂക്കള്‍ പറിച്ചെടുത്ത് കുട്ടികള്‍ വാഹനത്തിനടുത്തേക്ക് ഓടിയെത്തി. പൂക്കള്‍ വാങ്ങി കുട്ടികളെ വാരിപ്പുണര്‍ന്ന് അടുത്ത സ്ഥലത്തേക്ക്.

അപ്പോഴേക്കും കൊട്ടിക്കലാശം ഗംഭീരമാക്കാനായി ചെഗുവേരയുടേയും ഇഎംഎസിന്റേയും ചിത്രം പതിച്ച കൊടികളും വസ്ത്രങ്ങളുമായി ആയിരത്തോളം ആളുകള്‍ ഇരുചക്രവാഹനത്തില്‍ സ്ഥാനാര്‍ഥിയുടെ വാഹനത്തിന് പിന്നിലെത്തി. പാടവരമ്പും ഇടവഴികളുമെല്ലാം ചുവന്നുതുടുത്തു. ഇതര രാഷ്ട്രീയ കക്ഷികളുടെ ശക്തികേന്ദ്രങ്ങളില്‍നിന്നുവരെ പ്രായഭേദമന്യേ ആളുകള്‍ റോഡ്ഷോയ്ക്ക് ഒപ്പംകൂടി. മുദ്രാവാക്യം വിളികളും പൂക്കളുമായി കുളിക്കാംപാലത്തും, കിളക്കേനടയിലും, എണ്ണക്കാടും, ഉളുന്തിയിലും, ചെറുകോലും, ചെന്നിത്തലയിലും, ആലൂമൂടും, എരിമലക്കാവിലുമെല്ലാം ചുവന്ന വസ്ത്രങ്ങളുമണിഞ്ഞ് സ്ത്രീകളും കുട്ടികളുമെല്ലാം കൊട്ടിക്കലാശത്തിന് പോകാന്‍ കാത്തുനില്‍ക്കുന്നു. എല്ലാവരും സ്ഥാനാര്‍ഥിക്കൊപ്പം ചെങ്ങന്നൂര്‍  ടൌണിലേക്ക്. കൊരട്ടി അമ്പലം, മുട്ടേല്‍, ബുധനൂര്‍ തോപ്പില്‍ചന്ത, പറമ്പത്തൂര്‍പ്പടി, ഇരമല്ലിക്കര, പ്രാവിന്‍കൂട്, കല്ലിശ്ശേരി മംഗലം പാലം വഴി ചെങ്ങന്നൂര്‍ നന്ദാവനം ജങ്ഷനിലേക്ക്. 

അപ്പോളേക്കും എല്‍ഡിഎഫ് പ്രവര്‍ത്തകരെക്കൊണ്ട് നഗരം തിങ്ങിനിറഞ്ഞിരുന്നു. ആവേശത്തില്‍ പാട്ടുപാടി നൃത്തം ചെയ്തിരുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് സജി എത്തിയതോടെ ആവേശം ഉച്ചസ്ഥായിയിലായി. മുദ്രാവാക്യമുഖരിതമായ നഗരത്തില്‍ സജി ചെറിയാനും ഇങ്കുലാബും മാത്രമായി ശബ്ദം. ഇതിനിടയില്‍ പെയ്ത മഴക്കും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആവേശം കെടുത്താന്‍ കഴിഞ്ഞില്ല. സജിയും മഴയത്തേക്കിറങ്ങിയതോടെ ആവേശം ഇരട്ടിയായി. അടുത്തെത്തിയ കുഞ്ഞുങ്ങളെ കയ്യിലെടുത്തും പ്രവര്‍ത്തകര്‍ക്കുനേരെ പൂക്കള്‍ എറിഞ്ഞും അന്തരീക്ഷമാകെ മഴയത്തും ചൂട്. ആറുമണിക്ക് പ്രചാരണം അവസാനിക്കുമ്പോഴും രണ്ടുമണിക്കുര്‍ മുമ്പ് തുടങ്ങിയ പാട്ടും മുദ്രാവാക്യങ്ങളും അവസാനിച്ചിട്ടുണ്ടായിരുന്നില്ല.
 

കൂടുതല്‍ വാര്‍ത്തകള്‍