ആവേശമഴയില്‍ കലാശക്കൊട്ട്

Saturday May 26, 2018
ആനന്ദ് ശിവന്‍

ചെങ്ങന്നൂര്‍ > മീനച്ചൂടില്‍ തുടങ്ങി ഇടവപ്പാതിയോളമെത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശമഴയില്‍ കൊട്ടിക്കലാശം. ചെങ്ങന്നൂര്‍ പട്ടണം കൈയടക്കിയ പ്രവര്‍ത്തകര്‍ അവസാനമണിക്കൂറില്‍ വിരുന്നെത്തിയ മഴയിലും പിന്തിരിഞ്ഞില്ല. മാനംമുട്ടെ ആവേശത്തില്‍ മുദ്രാവാക്യം വിളിച്ചും പ്രചാരണഗാനങ്ങള്‍ക്കും താളമേളങ്ങള്‍ക്കുമൊപ്പം ചുവടുവച്ചും മഴയെ അവഗണിച്ചു. 

ശനിയാഴ്ച ഉച്ചയോടെതന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ചെങ്ങന്നൂരില്‍ കേന്ദ്രീകരിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എന്‍ജിനിയറിങ് കോളേജ് ജങ്ഷനില്‍ റോഡിന്റെ കിഴക്കുഭാഗത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ ബെഥേല്‍ ജങ്ഷനിലും എന്‍ഡിഎ പ്രവര്‍ത്തകര്‍ വെള്ളാവൂര്‍ ജങ്ഷനിലുമാണ് കേന്ദ്രീകരിച്ചത്. എന്‍ഡിഎ പ്രവര്‍ത്തകര്‍ കൂടി ബെഥേല്‍ ജങ്ഷനിലേക്ക് എത്തിയതോടെ പട്ടണം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായി.

എന്‍ജിനിയറിങ് കോളേജ് ജങ്ഷനില്‍ പാട്ടുപാടിയും ചുവടുവച്ചും ആവേശത്തിമിര്‍പ്പിലായ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍മൂന്നരയോടെ തുറന്നവാഹനത്തിലെത്തിയ സ്ഥാനാര്‍ഥി സജി ചെറിയാനെ ആരവങ്ങളോടെ വരവേറ്റു. വാഹനത്തില്‍നിന്ന് പ്രവര്‍ത്തകരെ അഭിവാദ്യംചെയ്തും അവര്‍ക്ക് കൈകൊടുത്തും പതാക വീശിയും സജി ചെറിയാനും ആവേശത്തില്‍ പങ്കുചേര്‍ന്നു. സ്ത്രീകളുള്‍പ്പെടെ സ്ഥാനാര്‍ഥിയുടെ വാഹനത്തിനു ചുറ്റുംകൂടി ചുവടുവച്ചു. ഇടയ്ക്ക് പ്രവര്‍ത്തകര്‍ കൊണ്ടുവന്ന കുരുന്നുകളെ സ്ഥാനാര്‍ഥി കൈയിലേറ്റുവാങ്ങി ലാളിച്ചു. അല്‍പസമയത്തിനകം സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദനും ആവേശത്തില്‍ പങ്കുചേരാന്‍ വാഹനത്തില്‍ കയറി. കോടിയേരി ജനാവലിയെ കൈവീശി അഭിവാദ്യംചെയ്തതോടെ ആവേശം പാരമ്യത്തിലെത്തി. നടന്‍ അനൂപ് ചന്ദ്രനും പ്രവര്‍ത്തകരെ അഭിവാദ്യംചെയ്യാനെത്തി.

നാലരയോടെ മഴയെത്തിയിട്ടും പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയും പിന്‍മാറിയില്ല. സജി ചെറിയാന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകളും ബലൂണുകളും ചിഹ്നം പതിച്ച തൊപ്പികളും കൊടികളുമായി എത്തിയ ആബാലവൃദ്ധം കൊട്ടിക്കലാശം ആഘോഷമാക്കി. പ്രചാരണവാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളില്‍ ചെമ്പതാകയുമായി പ്രവര്‍ത്തകര്‍ നിറഞ്ഞു. വെള്ളിത്തിരയിലെ പ്രിയതാരങ്ങളുടെ വേഷത്തില്‍ കലാകാരന്‍മാരും എല്‍ഡിഎഫിനായി കളംനിറഞ്ഞു.
യുഡിഎഫ് കൊട്ടിക്കലാശത്തിനിടയില്‍നിന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ എല്‍ഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി എല്‍ഡിഎഫ് കൊട്ടിക്കലാശത്തിനിടയിലേക്ക് നീങ്ങിയെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതും പൊലീസ് ഇടപെട്ടതും സംഘര്‍ഷം ഒഴിവാക്കി. യുഡിഎഫ്എന്‍ഡിഎ പ്രവര്‍ത്തകരുടെ കൊട്ടിക്കലാശം റോഡ് കൈയടക്കിയതോടെ ബെഥേല്‍ ജങ്ഷനില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ബസിനുമുകളില്‍ കയറിയ യുഡിഎഫ് പ്രവര്‍ത്തകര്‍ മഴപെയ്യുന്നതുവരെ ബസിനുമുകളില്‍ തുടര്‍ന്നു. പൊലീസും നേതാക്കളും ഇടപെട്ടാണ് ഇവരെ താഴെയിറക്കിയത്. തിരുവനന്തപുരത്തുനിന്ന് മൂലമറ്റത്തേക്ക് പോവുകയായിരുന്നു ബസ്.

അവസാന പതിനഞ്ചുമിനിറ്റ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പ്രവര്‍ത്തകരെ അഭിവാദ്യംചെയ്തു. 2016ലെ എല്‍ഡിഎഫ് വിജയം ചെങ്ങന്നൂരിലെ യുഡിഎഫിന്റെ പെട്ടിയിലെ അവസാന ആണിയായിരുന്നുവെന്ന സജി ചെറിയാന്റെ വാക്കുകളെ വിജയാരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. ആറിന് രണ്ടുമിനിറ്റ് ശേഷിക്കേ സജി ചെറിയാന്‍ മുദ്രാവാക്യം മുഴക്കി പ്രസംഗം അവസാനിപ്പിച്ചു. അവസാനരണ്ടുമിനിറ്റ് മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ നിശബ്ദ പ്രചാരണത്തിലേക്ക് മടങ്ങി.
മാന്നാറില്‍ എറണാകുളം, തൃശൂര്‍ ഭാഗങ്ങളില്‍നിന്ന് ബിജെപി പ്രവര്‍ത്തകരെ കുടുംബസമേതം ബസുകളില്‍ എത്തിച്ചാണ് ബിജെപി ആളെക്കൂട്ടിയത്.

 

കൂടുതല്‍ വാര്‍ത്തകള്‍