21 April Saturday

ഉണ്ണി ആർ ഒരു ഭയങ്കര കാമുകൻ

വി എം ഗിരിജUpdated: Monday Oct 31, 2016
വി എം ഗിരിജ

വി എം ഗിരിജ

ഉണ്ണി ആര്‍ ഒരു ഭയങ്കര
കാമുകന്‍
എന്നു എഴുതിയപ്പോള്‍ ഒരു സന്തോഷം. 
ഉണ്ണി ആര്‍  എന്നു ചോദിച്ചു 
ഉണ്ണി  ആര്‍ എന്ന് ചൊല്ലിനേന്‍ 

എന്ന വരി അന്‍വര്‍ അലിയോ മറ്റോ മുന്‍പ്  പറഞ്ഞപ്പോള്‍ ഉള്ള ഒരു കുസൃതി കലര്‍ന്ന ആനന്ദം .ഒരു ഭയങ്കര കാമുകന്‍ എന്ന കഥയെ പറ്റി ഒരു കുറിപ്പ് എഴുതാന്‍ ശ്രമിക്കട്ടെ.ഒരു പാട് ഇഴകളുള്ള ഒരു ഒഴുക്ക് പോലെയാണാ കഥ.
''നൂറു നൂറിഴ കൂട്ടിപ്പിരിച്ച കയര്‍ പോലാ  നീരൊഴുക്ക് '' എന്ന് ഉണ്ണിയുടെ പ്രിയ കവി  വൈലോപ്പിള്ളി  പറഞ്ഞ പോലെ....

പരമേശ്വരന്‍ എന്ന നമ്മുടെ നാട്ടിലെ ഒരു ശില്പി യുക്തിയുടെ കെട്ടു പാടുകളില്‍  നിന്ന് ചിതറിപ്പോന്നു സത്യം തൊട്ടറിയുന്ന  ഒരു പരിണാമ കഥയാണിത്. കഥ അറിയാന്‍ ഉണ്ണിയുടെ കഥ  വായിക്കുക. ഉണ്ണിയുടെ കഥകളില്‍ പദ്മിനി  എന്ന ഒരു പെണ്ണുള്ളത്  പഴയ പെണ്‍  വിഭജനത്തില്‍  നിന്ന് ഉണ്ണിയെ  തൊട്ട  ഒരു  ജനുസ്സ് ആകുമോ? (പദ്മിനി ,ശംഖിനി തുടങ്ങിയ പിരിവുകള്‍).

മത്ത മാപ്പിള  കാമുകന്‍ എന്നാല്‍ കാമം അവസാനിക്കാത്തവന്‍ ആണ് എന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് കഥയുടെ തുടക്കം. മത്തായി ,മത്താ ,മാത്തന്‍ ,മാത്ത  എന്നിവയില്‍ നിന്നാവാം നമ്മുടെ മത്ത  മാപ്പിളയുടെ ഉത്ഭവം. എന്റെ നാട്ടില്‍ മാപ്പിള മുസ്ലിം ആണ്...ഉണ്ണിയുടെ നാട്ടില്‍ അത്  നസ്രാണി ആണ്. മത്ത മാപ്പിള പൗരുഷത്തിന്റെയും അരാജകതയുടെയും നാസ്തികതയുടെയും ആള്‍ രൂപം. ധൈര്യ ശാലികളായ ചെറുപ്പക്കാര്‍  ആകാന്‍ കൊതിക്കുന്ന ഒരു വലിയ കല്‍ ശില്‍പ്പം. അയാളെ ചുറ്റിപറ്റി  ആ നാട്ടില്‍ കാമകഥകള്‍  പ്രചരിക്കുന്നു .70 ,അല്ലെങ്കില്‍ 80  വയസ്സ് പ്രായമായിട്ടും അഞ്ച്  കിലോ തൂക്കമുള്ള ഇരുമ്പു കട്ടി സ്വന്തം ലിംഗത്തില്‍ കെട്ടി ഉയര്‍ത്തുന്നത്ര കാമം ,വീറു ഉള്ളവന്‍!
അതവിടെ നില്‍ക്കട്ടെ .

പരമേശ്വരന്‍ കലാകാരന്‍ ആയിട്ടായിരിക്കാം ,അയാള്‍ക്ക്  മനോരോഗം ഉണ്ടാവുന്നു. അയാള്‍ ഫ്രാന്‍സിസ് ബേക്കണേ  നേരിട്ട് കണ്ടിട്ടുണ്ടത്രെ. കാനായി കുഞ്ഞിരാമനെ ഒരു ജനാല നന്നാക്കാന്‍ വിളിക്കാം എന്ന് പറഞ്ഞത്രേ. എ .സി .കെ  രാജാ ഹോസ്റ്റല്‍ മുറിയില്‍ വന്നു എന്ന് പറഞ്ഞപ്പോഴാണ് പരമേശ്വരനെ ആദ്യം ഡോക്ടറെ  കാണിക്കുന്നത്. അങ്ങിനെ തലയില്‍ തണുപ്പുള്ള എണ്ണ  തേച്ച്  വീട്ടില്‍ വിശ്രമിക്കുന്ന കാലത്താണ് അയാള്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ ശില്‍പ്പം നിര്‍മിക്കാന്‍ ഒരു ഓര്‍ഡര്‍ കിട്ടുന്നത്...ആ ഭാഗം വായിക്കു


എത്ര സുന്ദരമായാണ് ഗുരുവിനെ ഉണ്ണി പരിശോധിക്കുന്നത്. അന്നും ഗുരു ആരാലും അറിയപ്പെടാതെ ജീവിച്ചു. ഇന്നും അങ്ങനെ തന്നെ. ശില്‍പ്പിക്കും ഗുരുവിനും നടക്കാന്‍ ഇടവഴികള്‍ തിടുക്കം തീര്‍ത്ത് ഒരു പൂ പോലെ വികസിക്കുന്നത് കവിത പോലെ സുന്ദരമായി സത്യത്തെ സ്പര്‍ശിക്കുന്നു. സക്കറിയയുടെ ചില വരികള്‍ പോലെ ഇത് വായനക്കാരെ പച്ചക്കാട് പോലെ ,കലങ്ങിത്തെളി നീര് പോലെ  ആക്കുന്നു.

ആ തോല്‍‌വിയില്‍ അയാളോടൊപ്പം നില്‍ക്കുന്നത് മത്ത മാപ്പിള മാത്രമാണ്.ഒരു വേശ്യയുടെ ശില്‍പ്പം പിയാത്തയെ പോലെ  പക്ഷെ കുഞ്ഞില്ലാതെ  പണിയാനാണ് അയാള്‍ ആവശ്യപ്പെടുന്നത്. ചുങ്കംകുട്ടിയമ്മ എന്ന വേശ്യ ,കയ്യില്‍ കുഞ്ഞില്ലാതെ പൂര്‍ണ നഗ്നയായി. ചുങ്കം കുട്ടിയമ്മ പരമേശ്വരനെയും ആകെ ഇളക്കി മറിച്ച ഒരു സങ്കല്‍പ്പ പെണ്ണായിരുന്നു. സങ്കല്‍പ്പത്തിലെ പെണ്ണിന് മാത്രം ആവാന്‍ പറ്റാവുന്ന പൂര്‍ണ്ണ സ്ത്രീ.....എന്നാല്‍ ലിംഗത്തില്‍ രക്തഅണലിയെ  ചുറ്റി ഉയര്‍ത്തിയ എല്ലാ ആണുങ്ങളുടെയും അസൂയാപാത്രവും ആരാധനാ പാത്രവുമായി നിറഞ്ഞു നിന്ന മത്ത മാപ്പിള ഒരു പെണ്ണാണ്..  എന്ന സത്യം വായനക്കാരെ  നടുക്കുന്നു. ശരിയാണ് ,പെണ്ണിനെ അറിയുന്നത് മറ്റൊരു പെണ്ണിന് മാത്രമാണ്. കുഞ്ഞില്ലാത്ത അമ്മയാവാത്ത പെണ്ണിന്റെ ഉള്ളിലും ഉള്ളത് സ്ത്രീയല്ല എന്ന് പറയാന്‍ പറ്റില്ല....സ്ത്രീകളുടെ സത്ത  ഹിംസയില്ലാതെ സ്പര്‍ശിക്കുന്നത് ഭീകര പുരുഷത്വമുള്ളവരുടെ ദീര്‍ഘ ലിംഗങ്ങള്‍ അല്ല....സ്നേഹം കൊതിക്കുന്ന മുല കുടിക്കാന്‍ ആഗ്രഹിക്കുന്ന അഭയം ആഗ്രഹിക്കുന്ന സ്ത്രീകളുടെ ആശ്രയിക്കുന്ന ഭക്തിയാണ്.....
അതെന്തോ ആവട്ടെ...

നാം കാണുന്നതല്ല നാം. നാം കാണുന്ന ഗുരുക്കന്മാരല്ല അവര്‍. ഗുരുവും റബ്ബിയും  ഒന്നും. നാം കാണുന്ന ആണും പെണ്ണുമല്ല യഥാര്‍ത്ഥ  ആണ്‍പെണ്‍ !
പിന്നെ...?
 
പിന്നെ എന്തെന്ന് പറയുമ്പോള്‍ അറിയണം എങ്കില്‍ രേഖീയ യുക്തികള്‍ തള്ളി മാറ്റണം.
 
(ഇത് വളരെ വിപുലമായി എഴുതേണ്ട ഒരു പഠനമാണ്. അതിന്റെ ആദ്യ കുറിപ്പ് ഡ്രാഫ്റ്റ് ആയി മാത്രം ഇതിനെ കാണാന്‍ അപേക്ഷ)

ഉണ്ണിയുടെ മറ്റു കഥകളെ പറ്റിയും പറയാന്‍ ആഗ്രഹിക്കുന്നു...വഴിയേ അത് ചെയ്യാന്‍ പറ്റുമായിരിക്കാം.പ്രധാന വാർത്തകൾ
Top