22 May Tuesday

ശബ്ദമഹാസമുദ്രം പിന്‍വാങ്ങുമ്പോള്‍ കേള്‍ക്കുന്നത്

വി എം ഗിരിജUpdated: Wednesday Dec 7, 2016

എന്നാല്‍ ചില ക്ലാസിക് പെയിന്റിങ്ങുകളെ എനിക്ക് ഓര്‍മ്മ വരുന്നു. കാണാത്ത ബ്രൂഗലിനെ വരെ. സിയാറ്റില്‍ മൂപ്പന്റെ വാക്കുകളോടോ വേദത്തോടോ കലേഷിന്റെ വാക്കുകളെ സമതുലനം ചെയ്യാം. എന്നാല്‍ അതിലൊന്നും ഇല്ലാത്ത വിധം വേദന ഈ കവിതയില്‍ പരന്നു കൂടിക്കിടക്കുന്നു- എസ് കലേഷിന്റെ 'ശബ്ദമഹാസമുദ്ര'ത്തെപ്പറ്റി വി എം ഗിരിജ എഴുതുന്നു.

എസ് കലേഷിന്റെ ശബ്ദമഹാസമുദ്രം വീണ്ടും വീണ്ടും വായിക്കുന്നു. അദൃശ്യമായ വേരുകള്‍ വെന്തുരുകി പരക്കം പായുന്ന കിരുകിരുപ്പ് എനിക്ക് അനുഭവിക്കാനാവുന്നു.....അതെ...വിത്തുകള്‍,ചക്കക്കുരുകള്‍ ഒന്നും അവശേഷിപ്പിക്കാതെ സ്വാദിന്റെയും വിശപ്പുമാറ്റലിന്റെയും ഒരു വന്‍ മരം,നൂറു മുലകള്‍  കൊണ്ടൂട്ടിയ മരം  മഴുവില്‍ ചിതറിത്തെറിക്കാറായ  ശബ്ദവും കേള്‍ക്കുന്നു. ശബ്ദമഹാസമുദ്രം അടങ്ങുമ്പോള്‍ പുറത്തേക്ക് കേട്ട് തുടങ്ങിയ ഈ നിലവിളികള്‍ നാം, പ്രത്യേകിച്ച് മലയാള കവികള്‍ അര്‍ത്ഥമില്ലാത്ത ആവര്‍ത്തിക്കുന്ന ചെറിയ ലോകം, കുഞ്ഞു പ്രമേയം, കനമില്ലാത്ത ജീവിതം തുടങ്ങിയ വേദനയെ താങ്ങാന്‍ ത്രാണിയില്ലാത്ത കളിപ്പാട്ടങ്ങള്‍ അല്ല.

പ്ലാവിന്റെ കഥ എന്ന കവിത ബഷീറിന്റെ പാത്തുമ്മയുടെ ആട് പോലുള്ള ഒരു ചെറു കാവ്യമാണ്. എല്ലാറ്റിനെയും ഊട്ടുന്ന മണ്ണ് എന്ന, ആ  മാതാവിന്റെ പ്രതിരൂപമായാണ് പ്ലാവ് നിന്ന് വട്ടം വെയ്ക്കുന്നത്. നമ്മുടെ അറിവുകളെ, ജീവിതരീതികളെ, തിന്നലിനെ തീറ്റലിനെ എല്ലാം മാറ്റി മറിച്ച പണം, കോര്‍പറേറ്റ്  ജീവിതാടിമത്തം  ഇതിലുണ്ട്. ഇത് ദളിത് കവിതയാണ് എന്ന് എല്ലാരും പറയും. എന്ത് കൊണ്ട്? ദളിത ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒന്നാണോ ഇത്? ആണെന്ന് ഒറ്റനോട്ടത്തിലും എത്ര നോട്ടത്തിലും പറയാം. എന്നാല്‍ ചില ക്ലാസിക് പെയിന്റിങ്ങുകളെ എനിക്ക് ഓര്‍മ്മ വരുന്നു. കാണാത്ത ബ്രൂഗലിനെ വരെ. സിയാറ്റില്‍ മൂപ്പന്റെ വാക്കുകളോടോ വേദത്തോടോ കലേഷിന്റെ വാക്കുകളെ സമതുലനം ചെയ്യാം. എന്നാല്‍ അതിലൊന്നും ഇല്ലാത്ത വിധം വേദന ഈ കവിതയില്‍ പരന്നു കൂടിക്കിടക്കുന്നു.

അതിരേല്‍  ഒരു പ്ളാവുണ്ട് ,ആലയിലെ കനല്‍ നക്കിതെളിച്ച മഴു ഇറയത്തും....അതാണ് തുടക്കം.
'കൊമ്പുകള്‍ ചുറ്റിയെഴുന്നു വരും പ്ലാവിലകള്‍
വന്നു വീഴേണ്ട പറമ്പിലേക്ക്
ചത്ത് പോയ ആട്ടിന്‍കുട്ടികള്‍
മണ്ണിനടിയില്‍ നിന്ന് കുതിച്ചു.'

കൂടെ അമ്മേടെ അമ്മേടെ അമ്മേടെ അമ്മേടെ.........................'അമ്മ. ഈ തള്ളയാണ്  ഇതിലെ കേന്ദ്രരൂപകം..
പൊളിഞ്ഞ ഒരു ചട്ടിയില്‍ ചക്കക്കുരു വറക്കുന്ന അവര്‍  വേദനിക്കുന്നവരുടെ അമ്മയാണ് ഇപ്പോള്‍.അന്നോ...അവര്‍ ഈ വന്‍  പ്ലാവ് പോലെ വലിയ മുലകളുള്ള ഒരു വലിയ സ്ത്രീ ആയിരുന്നു.ഒരു ഗോത്രമുത്തശ്ശി.ഈ പ്ലാവും അവരും തമ്മില്‍ ഭേദം നമുക്ക് കാണാന്‍ പറ്റുമായിരിക്കും. അവര്‍ക്ക് കാണാന്‍ പറ്റില്ല എന്നാണു സത്യം.

പ്ലാവ് വലിയ ഒരു മരമാകുന്നു .
ചക്ക പഴുക്കുമ്പോള്‍
ഈച്ചകള്‍ക്ക് വരെ മണം  കിട്ടും...

എന്ന് ഒന്നാം പാഠ പുസ്തകത്തിലെ എന്ന പോലെ നാം വായിക്കുമ്പോള്‍ മനുഷ്യവംശം തന്നെ കോടതിയില്‍ തല കുനിച്ചു നില്‍ക്കേണ്ടി വരും. അമ്മയെ കൊന്നവരെ ആയി മാത്രമേ നമുക്ക് നമ്മളെ കാണാന്‍ പറ്റൂ .അതിരേല്‍ നില്‍ക്കുന്ന പ്ലാവ് വെട്ടി പണിയേണ്ട മേശ വലിച്ചിടുന്ന മനുഷ്യാ എന്ന് നാം നമ്മെ വിളിക്കുന്നു. ഈടിക്കല്‍ പണ്ട് വിത്തുകളുടെ പൊതിയുമായി വന്നിരുന്ന വയസ്സനെ നാം കാണുന്നു. അതിര്‍ത്തിയിലെ പ്ലാവ് വെട്ടുന്ന ഈ തലമുറയ്ക്ക് മുന്നാലെ അതിരില്‍ നല്ല വിത്തുകള്‍ നട്ടു രണ്ടു പേര്‍ക്കും കനിയും  തണലും തണുപ്പും തന്ന വന്മരങ്ങള്‍ നട്ടവരാണ് ഉണ്ട്ടായിരുന്നത്. അത് ഒരു ദളിത് കവിതയല്ലാതാകുന്നു അവിടെ എന്ന് പറഞ്ഞാല്‍ ആരെങ്കിലും എന്നെ തിന്നുമോ എന്ന് എനിക്ക് അറിയില്ല. ആര് തിന്നാലും  ദഹിക്കാത്ത വിത്താണ് എന്റെ ബോധ്യം. മണ്ണിനടിയില്‍ നിന്ന് കള്ളക്കഴുവേറീ എന്നയാള്‍ പ്ലാങ്കറചൂരോടെ വിളിക്കുന്നത് മാറിയ കാലത്തിനെ ഭീഷണിപ്പെടുത്താനാണ്...അല്ലെ...

കലേഷിന്റെ മുലൈകള്‍  പാട്ടും  വേദനയുടെ ചരിത്രമാണ്. അതില്‍ മുലകളല്ലാത്ത എല്ലാ സ്ത്രീ അവയവങ്ങളും വേദനിക്കുന്ന മണ്ണിന്റെയും  ചെളിയുടെയും കല്ലപ്പിന്റെയും നീലനിറത്തില്‍  കിടക്കുന്ന ചരിത്രവും ഓര്മകളുമാണ്. അല്‍പ്പകാലം മുന്‍പ് കെ വി സജയ്  അതിനെ പറ്റി ഒരു പ്രഭാഷണം നടത്തുന്നത് കേട്ടിരുന്നു. നമ്മുടെ കാവ്യവായനാ രീതിയെ പുതുക്കുന്ന ആ വാക്കുകള്‍ക്ക് നന്ദി. ഒരുവന്‍ വലിച്ചടച്ച കതകിന്റെ പല്ലുകളിറുങ്ങിയ പാടുകളും ,നീല മുറിവുകളും , പുല്ലരിയാന്‍ പോയ വഴി തറഞ്ഞ കാരമുള്ളുകളും  ചേര്‍ന്ന കാലുകള്‍  മുലകള്‍ എങ്കില്‍ ആ മുലക്കണ്ണുകളില്‍ പുരുഷന്‍ ചുണ്ടു ചേര്‍ത്ത് വെയ്ക്കുന്നു. വേദനയില്‍ നിന്നൂറിയ  ലോക ചരിത്രമാണത്. വിസിലാവാ സിംബോര്‍സ്കയെയും ടോണി മോറിസണ്‍  മനസ്സിനെയും ചേര്‍ത്ത്  വിലയിപ്പിച്ച ഒരു മനോഘടന അദ്ധ്വാനം, വേദന, ജാതി ബോധം, നഷ്ടപ്പെട്ട വയലുകള്‍, പച്ചപ്പ്, സ്വാശ്രയത എന്നിവ കൂടി ലയിച്ചു ശക്തമായ കവിത പിറക്കുന്നു. ശബ്ദമഹാസമുദ്രം പിന്‍വാങ്ങുമ്പോള്‍ കേള്‍ക്കാന്‍ തുടങ്ങുന്ന നിരവധി ശബ്ദങ്ങളെ, ഈ കവിത കേള്‍പ്പിക്കുന്നു. ശബ്ദമഹാസമുദ്രം എന്ന ഈ കവിത മുഴുവനും ഇവിടെ ഉദ്ധരിച്ച് ഉദാഹരിക്കട്ടെ.ഇരുട്ടില്‍ നിന്നുള്ള ഭാവോദയങ്ങളായി കലേഷിന്റെ കവിതയെ സാക്ഷ്യപ്പെടുത്തുന്ന കെ ജി എസ്സിന്റെ ആഴക്കാഴ്ചയും ഞാന്‍ എന്ന ബഹുവചനം എന്ന ലതീഷ് മോഹന്റെ പുതുക്കാഴ്ചയും കൂടി ഈ പുസ്തകം നല്ല പോലെ വായിക്കപ്പെടേണ്ട പ്രധാന പുസ്തകമാകുന്നു.

അതെ....
എല്ലാ വരിയും മായ്‌ച്ചു കളഞ്ഞിട്ട് എനിക്കും വായിച്ചു നോക്കണം ഈ കവിത വീണ്ടും വീണ്ടും. തല്‍ക്കാലം കലേഷിന് സ്നേഹം....അഭിമാനം.

 

പ്രധാന വാർത്തകൾ
Top