25 September Tuesday

പുസ്തക ലോകത്ത് നിന്നൊരു അപസര്‍പ്പക കഥ

ഡോ. ബി ഇക‌്ബാൽ/ekbalb@gmail.comUpdated: Sunday Jun 17, 2018


പുസ്തകങ്ങളുടെ ലോകവുമായി  ബന്ധപ്പെട്ട അപസർപ്പകമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സാധാരണ നോവലാണ് പ്രദീപ് സെബാസ്റ്റ്യന്റെ  കാട്പാടിയിലെ പുസ്തക വേട്ടക്കാർ(The Book Hunters of Katpadi. Pradeep Sebastian. Hachette India 2017). ചെന്നൈയിൽ ബിബ‌്ലിയോ (Biblio) എന്ന പേരുള്ള പഴയ പുസ്തകങ്ങൾ വിൽക്കുന്ന സെക്കൻഡ‌് ഹാൻഡ‌് ബുക്ക് സ്റ്റാൾ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്.  പുസ്തക പ്രേമികളായ നിലയും  (നീലാംബരി അഡിഗ), സഹായി കായലുമാണ് (കായൽ വേളി അൻപുശെൽവം) ബുക്ക് സ്റ്റാൾ നടത്തുന്നത്.  പഴയ പുസ്തകങ്ങൾ മാത്രമല്ല അമൂല്യങ്ങളായ പ്രാചീന  പുസ്തകങ്ങളൂം  (Antiquarian Books)ഇപ്പോൾ ലഭ്യമല്ലാത്ത പ്രസിദ്ധ പുസ്തകങ്ങളുടെ ആദ്യ എഡിഷനുകളും ഗ്രന്ഥകർത്താക്കളുടെ ഒപ്പുള്ള പുസ്തകങ്ങളും സവിശേഷമായ ചിത്രീകരണങ്ങളും രൂപഭംഗിയുമുള്ള പുസ്തകങ്ങളും സ്റ്റാളിലുണ്ട്. 2016 ജനുവരിയിലാണ് പുസ്തക വില്പന ശാല ആരംഭിച്ചത്.  പുസ്തകപ്രേമികളും  പുസ്തക സമാഹർത്താക്കളും (Book Collectors) എന്തു വിലകൊടുത്തും ഇത്തരം പുസ്തകങ്ങൾ വാങ്ങും.  ഇവ  ലേലംചെയ‌്ത‌് കൂടുതൽ വില നൽകുന്നവർക്ക് വിൽക്കുന്ന ഏജൻസികളെക്കുറിച്ചും നോവലിൽ പരാമർശിക്കുന്നുണ്ട്. 

ഒന്നിലധികം കഥാതന്തുക്കൾ നോവലിൽ ഇടകലരുന്നുണ്ട‌്.  മദ്രാസ‌് ക്രിസ്ത്യൻ കോളേജിലെ പ്രിൻസിപ്പൽ  ഫാദർ റോബർട്ട് അരുൾ പ്രഗാസൻ കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങാൻ ബിബ‌്ലിയോയിൽ വരുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. കോളേജ് ലൈബ്രറിയിലെ ഏതാനും അപൂർവ പുസ്തകങ്ങൾ ഫാദർ റോബർട്ട് അവിടെ കാണുന്നു. ഇവയെങ്ങിനെ ബിബ‌്ലിയോയിലെത്തി എന്ന് കണ്ടുപിടിക്കാൻ കായലിനെ ചുമതലപ്പെടുത്തുന്നു. പഴയ പുസ്തകങ്ങളുടെ ആദ്യപ്രതികളും  രൂപഭംഗിയോടെ അച്ചടിച്ചടിച്ചവയും  ലൈബ്രേറിയൻ തോമസ് ഫ്രോഗ്നാൾ ഡിബ്ലിൻ രഹസ്യമായി വലിയ വിലക്ക് കായലിന് വിൽക്കുകയും പിന്നീട് അവയുടെ പുതിയ പതിപ്പ് വാങ്ങി കോളേജ് ലൈബ്രറിക്ക് നൽകുകയുമാണ് ചെയ്തിരുന്നത്. കായൽ ഡിബ്ലിൻ താമസിക്കുന്ന കോളേജ് ക്വാർട്ടേഴ് സിൽ  ചെന്ന് ലൈബ്രറിയിൽ നിന്നും നീക്കം ചെയ്ത് രഹസ്യമായി വില്പനക്കായി മാറ്റി വച്ചിരുന്ന ഗ്രന്ഥങ്ങൾ കണ്ടെടുത്ത് കോളേജിന് നൽകുന്നു.

തമിഴ്‌നാട്ടിലെ പ്രസിദ്ധ പുസ്തക സമാഹർത്താവ്  നല്ലതമ്പി വൈറ്റ് ഹെഡ് (ക്രിസ്തുമതം സ്വീകരിക്കുന്ന പലരും പേരിനോടൊപ്പം ബ്രിട്ടീഷ് നാമങ്ങളും അക്കാലത്ത് സ്വീകരിച്ച് പോന്നിരുന്നു) അപൂർവമായ രേഖ  കണ്ടെത്താൻ കായലിനെ  സമീപിക്കുന്നതോടെയാണ്  പ്രധാന കഥാഭാഗം ആരംഭിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കറാച്ചിയിൽ സേവനമനുഷ്ഠിച്ച ബ്രിട്ടീഷ് സൈനിക ഓഫീസർമാർ സന്ദർശിച്ചിരുന്ന വേശ്യാലയങ്ങളെപ്പറ്റി  പ്രസിദ്ധ ദേശപര്യവേക്ഷകനും എഴുത്തുകാരനുമായ സർ ഫ്രാൻസിസ് റിച്ചാർഡ് ബർട്ടൻ എഴുതിയ  നഷ്ടപ്പെട്ടു പോയി എന്ന കരുതപ്പെടുന്ന കറാച്ചി റിപ്പോർട്ടാണ് നല്ലതമ്പി അന്വേഷിക്കുന്നത്.  ബ്രിട്ടീഷ് സൈന്യത്തിലെ പ്രമുഖരുടെ ലൈംഗിക ജീവിതത്തെപ്പറ്റിയുള്ള അപകീർത്തിപരമായ പരാമർശങ്ങളുള്ള ഈ കുപ്രസിദ്ധ റിപ്പോർട്ട് പിൽക്കാലത്ത് റിച്ചാർഡ് ബർട്ടനെ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് അനഭിമതനാക്കാൻ ഇടവച്ചിരുന്നു.  ഊട്ടിയിലുള്ള കെന്റൺ  ഫ്രാൻസിസ് ശെൽവഗണേശൻ എന്ന ചരിത്രാധ്യാപകന്റെ വശം കറാച്ചി റിപ്പോർട്ടിന്റെ ഒറിജനൽ കോപ്പി ഉള്ളതായി നല്ലതമ്പിക്ക് രഹസ്യ വിവരം ലഭിച്ചു. ശെൽവഗണേശനെ സമീപിച്ച് തന്ത്രപൂർവം രേഖയുടെ അസ്തിത്വം സ്ഥിരീകരിക്കണമെന്നും പറ്റുമെങ്കിൽ അത് സംഘടിപ്പിച്ച് നൽകണമെന്നുമാണ് നല്ലതമ്പി കായലിനോടും നീലയോടും ആവശ്യപ്പെടുന്നത്.  'അറേബ്യൻ രാത്രികളും’  'കാമസൂത്ര’യും  ഇംഗ്ലീഷിലേക്ക് തർജമ ചെയ്‌തയാളാണ‌് റിച്ചാർഡ് ബർട്ടൻ.   പൗരസ്ത്യ നാടുകൾ സംബന്ധിച്ച പഠനങ്ങളിൽ  വലിയ പാണ്ഡിത്യമുള്ള  ബർട്ടന്റെ വർണശബളമായ വ്യക്തിത്വത്തെ പറ്റിയുള്ള വർണനകൾ പശ്ചാത്തലമായി നൽകുന്നത് വഴി മൊത്തത്തിൽ നോവലിനൊരു നിഗൂഢഭാവം നൽകുന്നു.

കായൽ ഊട്ടിയിൽ  ശെൽവഗണേശനെ സന്ദർശിക്കുന്നു. തന്റെ വശം റിച്ചാർഡ് ബർട്ടന്റെ റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ  ഉണ്ടെന്ന് ശെൽവഗണേശൻ വലിയ സമ്മർദമൊന്നും കൂടാതെ തന്നെ സ്ഥിരീകരിക്കുന്നു. ഇതിനെ കെ അംശം (K Fragment) എന്നാണ് ശെൽവഗണേശൻ വിശേഷിപ്പിക്കുന്നത്.  ഊട്ടിയിൽനിന്നു ചെന്നൈയിലെത്തുന്ന ശെൽവഗണേശൻ കറാച്ചി റിപ്പോർട്ട് നല്ലതമ്പിയെ കാണിക്കുന്നു. എന്ത് വിലകൊടുത്തും റിപ്പോർട്ട് വാങ്ങാൻ നല്ലതമ്പി തയ്യാറാണെങ്കിലും അദ്ദേഹത്തിന് റിപ്പോർട്ട് വിൽക്കാൻ ശെൽവഗണേശൻ തയ്യാറാകുന്നില്ല. പ്രാചീന കൃതികളും അപൂർവ പുസ്തകങ്ങളും  ലേലം ചെയ്തു വിൽകുന്ന ലോർഡ് ദാസിനെ  ശെൽവഗണേശൻ റിപ്പോർട്ട് ഏൽപ്പിക്കുന്നു. ലോർഡ് ദാസ് റിപ്പോർട്ടിന്റെ ആധികാരികത   ഉറപ്പുവരുത്തി റിപ്പോർട്ട് ലേലത്തിൽ വിൽക്കാൻ തയ്യാറെടുക്കുന്നു.  രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പുസ്തക സമാഹർത്താക്കളും പ്രാചീന പുസ്തകങ്ങളും രേഖകളും സൂക്ഷിക്കുന്ന ഏജൻസികളും ലേലത്തിൽ പങ്കെടുക്കുന്നു. ഇന്ത്യയിൽനിന്ന‌് നെഹ‌്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ‌് ലൈബ്രറിയുടെയും കൽക്കട്ട നാഷണൽ ലൈബ്രറിയുടെയും പ്രതിനിധികൾ നേരിട്ടും വിദേശത്തുനിന്ന‌് റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റിയും ബ്രിട്ടീഷ് ലൈബ്രറിയും ഇന്റർനെറ്റിലൂടെയും ലേലത്തിൽ പങ്കെടുക്കുന്നു.    ഒന്നരക്കോടി രൂപയ‌്ക്ക്  കറാച്ചി രേഖ നല്ലതമ്പി ലേലത്തിൽ പിടിക്കുന്നു.

നോവലിന്റെ അവസാന ഭാഗത്തുണ്ടാവുന്ന നാടകീയമായ സംഭവവികാസങ്ങളിൽനിന്നു കറാച്ചി രേഖ വ്യാജമായിരുന്നുവെന്ന് വെളിപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഒരു ഇന്ത്യൻ സ്ത്രീയുമായി ബർട്ടനുണ്ടായിരുന്ന രഹസ്യബാന്ധവത്തിൽ ജനിച്ച കുട്ടിയുടെ പിൻതലമുറയിൽപെട്ടയാളാണ് ശെൽവഗണേശൻ. ബർട്ടൻ എന്നാൽ തന്റെ രഹസ്യ ബന്ധത്തിലെ കുട്ടിയുടെ പിതൃത്വം എറ്റെടുക്കാൻ തയ്യാറായില്ല. തന്റെ കുടുംബത്തിനേറ്റ ചീത്തപ്പേരിനു പകരം വീട്ടാൻ കുപ്രസിദ്ധമായ കറാച്ചി റിപ്പോർട്ടിന്റെ അസ്തിത്വം തെളിയിച്ച് ബർട്ടനെ അപഹസിക്കാൻ ശെൽവഗണേശൻ നടത്തിയ നാടകമായിരുന്നു ഇതെല്ലാമെന്ന് കഥാന്ത്യത്തിൽ വ്യക്തമാകുന്നു. 

നോവലിന്റെ കേന്ദ്രബിന്ദുവായ ബിബ‌്ലിയോ പുസ്തകശാലയുടെ പേരും മറ്റും നോവലിസ്റ്റ് ജാപ്പാനീസ് എഴുത്തുകാരനായ എൻ മിക്കാമിയുടെ നിഗൂഢകഥകളിൽനിന്നു സ്വീകരിച്ചതാണെന്ന് വേണം കരുതാൻ. ജപ്പാന്റെ പുരാതന തലസ്ഥാനമായ കാമകുരയിലുള്ള ബിബ‌്ലിയ എന്ന പേരിലുള്ള പ്രാചീന പുസ്തക വിൽപ്പനശാലയാണ്  മിക്കാമിയുടെ കഥകളുടെ പശ്ചാത്തലം. മിക്കാമി കഥകൾ 'ബിബ‌്ലിയ പ്രാചീന പുസ്തക വിൽപ്പനശാല എന്ന പേരിൽ ടെലിവിഷൻ സിരീയലായി  അവതരിപ്പിച്ചിട്ടുണ്ട്.  സെബാസ്റ്റ്യന്റെ നോവലിലെ കായലിനെപ്പോലെ പുസ്തക പ്രേമിയായ ഷിനോക്കാവ ഷിയോറിക്കോ (Shinokawa Shioriko)എന്ന ഒരു യുവതിയാണ് ഈ പുസ്തക വിൽപ്പനശാല നടത്തുന്നത്. 

അപസർപ്പക കഥയുടെ കെട്ടിലും മട്ടിലുമാണെങ്കിലും പുസ്തകങ്ങളെയും പുസ്തകശാലകളെയും പുസ്തക ശേഖരണം ഭ്രാന്തായി മാറിക്കഴിഞ്ഞിട്ടുള്ളവരെയും സംബന്ധിച്ച് ഒട്ടനവധി രസകരവും വിജ്ഞാന പ്രദങ്ങളുമായ വിവരങ്ങൾ നോവൽ നൽകുന്നുണ്ട്.  വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന ശൈലിയിലാണ് സെബാസ്റ്റ്യൻ നോവൽ എഴുതിയിട്ടുള്ളത്. ലോകസാഹിത്യത്തിലെ ഒരു സവിശേഷ സരണിയായി പുസ്തകങ്ങളെയും പുസ്തക വിൽപ്പനശാലകളെയും പുസ്തക പ്രേമികളെയും സംബന്ധിച്ച പുസ്തകങ്ങൾ മാറിയിട്ടുണ്ട്. പുസ്തകങ്ങളെ സംബന്ധിച്ച് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന   ഗ്രന്ഥങ്ങളുടെ പട്ടികയിൽ  ഇന്ത്യയിൽനിന്ന‌് ആദ്യമായി  ഒരു നിഗൂഢാത്മക   നോവലുകൂടി   ഉൾപ്പെടുത്തുന്നതിൽ സെബാസ്റ്റ്യൻ വിജയിച്ചിട്ടുണ്ട്.   സ്പാനിഷ് എഴുത്തുകാരനായ കാർലോസ് റൂയിസ് സാഫൻ (Carlos Ruiz Zafon)   ഈ സരണിയിൽ  നിരവധി ശ്രദ്ധേയങ്ങളായ  നോവലുകളെഴുതിയിട്ടുണ്ട്.

പുസ്തക പ്രേമിയെന്ന നിലയിൽ  പുസ്തകങ്ങളോടും പുസ്തക ശേഖരണത്തോടും തനിക്കുള്ള  അദമ്യമായ ആഭിനിവേശം പ്രകാശിപ്പിക്കുന്ന  സെബാസ്റ്റ്യന്റെ  'ആർത്തനാദം പുറപ്പെടുവിക്കുന്ന അലമാര’  (The Groaning Shelf: Hachette India 2010)  എന്ന  അതീവ ഹൃദ്യമായ ഭാഷയിൽ  എഴുതിയിട്ടുള്ള ലേഖന സമാഹാരം പുസ്തക സ്നേഹികൾ ഏറെ ചർച്ചചെയ്തിട്ടുള്ള പുസ്തകമാണ്.  പുസ്തകങ്ങൾ നിരന്തരം വായിച്ചാസ്വദിക്കുകയും പുസ്തകങ്ങളെ  സ്നേഹിക്കുകയും  അവയെ താലോലിക്കുകയും പുസ്തകങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിൽ ആവേശം കൊള്ളുകയും ചെയ്യുന്ന എല്ലാ പുസ്തക പ്രേമികളും ഇഷ്ടപ്പെടുമെന്ന് ഉറപ്പിച്ച പറയാവുന്ന കൃതിയാണ് പ്രദീപ് സെബാസ്റ്റ്യന്റെ  'കാട്പാടിയിലെ പുസ്തക വേട്ടക്കാർ'.

പ്രധാന വാർത്തകൾ
Top