Top
18
Sunday, February 2018
About UsE-Paper

വാഗ്ജലധിയിലെ അലകള്‍

Sunday Dec 4, 2016
എസ് വി രാമനുണ്ണി

കടലിനെ കടലാക്കുന്നത് അതില്‍ നിരന്തരം വീഴുന്ന വെള്ളത്തുള്ളികളാണ്. വന്നുചേരുന്ന ഓരോ തുള്ളിയും ജലോപരിതലത്തില്‍ ജീവന്‍ തുടിക്കുന്ന തിരകള്‍ ഉണ്ടാക്കുന്നു. അപ്രകാരം സമുദ്രം ചലനാത്മകമാകുന്നു. അലകളില്ലെങ്കില്‍ കടല്‍ വെറും വെള്ളക്കെട്ട് മാത്രമായേനെ. ഈയൊരു സമുദ്രശാസ്ത്രംതന്നെയാണ് ഭാഷയിലും പ്രവര്‍ത്തിക്കുന്നതെന്ന് എം നന്ദകുമാറിന്റെ കഥകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അവ വാഗ്ജലധിയിലെ അലകളായി, വായനക്കാരില്‍ കഥപറച്ചിലിന്റെ വേലിയേറ്റങ്ങള്‍ ഉയര്‍ത്തുന്നവയാണ്. നമ്മുടെ ജീവിതത്തിന്റെ ജലസ്രോതസ്സുകളെ ഭയാനകമായ വേഗത്തില്‍, ബാഷ്പീകരിക്കുന്ന അടിയന്തരാവസ്ഥകളാണ് ചുറ്റും. അന്നേരം ചെറുത്തുനില്‍പ്പിന്റെ, വറ്റാതെ ഒഴുകുന്ന കഥകള്‍ നന്ദകുമാര്‍ പറയുന്നു.

വായില്യാക്കുന്നിലപ്പന്‍, ശൂന്യാസനം, എസ്കിമോ, വാര്‍ത്താളി: സൈബര്‍സ്പേസില്‍ ഒരു പ്രണയനാടകം, മറ, പരപ്പനങ്ങാടി, സമയം എന്നിങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ  പതിനഞ്ച് കഥകളാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കഥകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 ഈ കഥകളോരോന്നും വായനക്കാര്‍ക്ക് സ്വന്തം കഥയുണ്ടാക്കാനുള്ള വാഗ്പ്രതലം ഒരുക്കുന്നവയാണ്. പതിനഞ്ച് കഥകളുടെയും രൂപം, ആഖ്യാനം, ഭാഷ എന്നിവ ഒരിക്കല്‍ പറഞ്ഞതിന്റെ പുനരാവര്‍ത്തനങ്ങളല്ല. സ്ഥലകാലങ്ങളിലും ജീവിതസന്ദര്‍ഭങ്ങളുടെ സങ്കലനങ്ങളിലും അവ അനന്യം. ഓരോ കഥയും വായിച്ചു തീരുന്നതോടെ, അവ മനസ്സില്‍ നൂതനപ്രപഞ്ചങ്ങളായി വീണ്ടും പറയപ്പെടാനാരംഭിക്കുന്നു. ഭാവുകത്വത്തില്‍ സംഭവിക്കുന്ന ഒരു തരം അട്ടിമറിയിലൂടെ, വായനക്കാരന്‍ അനന്തമായ ആഖ്യാനസാധ്യതകള്‍ അവയില്‍ കണ്ടെത്തുന്നു. എഴുത്തിലെ ഈ ജനാധിപത്യം, മനുഷ്യാവസ്ഥയ്ക്ക് സ്വതന്ത്രമാകാനുള്ള വാതിലുകള്‍ വായനയിലൂടെ തുറന്നിടുന്നു.

ഭാഷ മലയാളമാണെങ്കിലും, ആഖ്യാനങ്ങളുടെ ഉള്ളടക്കം മലയാളത്തില്‍മാത്രം വ്യാപരിച്ച് ഒടുങ്ങുന്നില്ല. സര്‍വവ്യാപിത്വവും സാര്‍വലൌകികതയും ലോകാലോകങ്ങളിലൊക്കെ പകര്‍ന്നുപടരുന്ന മനസ്സും നന്ദകുമാറിന്റെ കഥകളിലുണ്ട്. ഭാഷ, പക്ഷിമൃഗാദികള്‍, ഭൂമിശാസ്ത്രം, തത്വജ്ഞാനം, റഫറന്‍സുകള്‍, യാത്രകള്‍, കാഴ്ചകള്‍, വായനാനുഭവങ്ങള്‍, നേരിട്ടുള്ള അനുഭവങ്ങള്‍ (വായനാനുഭവവും നേരിട്ടുള്ള അനുഭവംതന്നെ.) ലോകത്തെയും ജീവനെയും ജീവികളെയും കുറിച്ചുള്ള ദീര്‍ഘദര്‍ശനങ്ങള്‍... എന്നിവകൊണ്ടാണ് ഈ സര്‍വവ്യാപിത്വം കഥാകാരന്‍ സാധിച്ചെടുക്കുന്നത്. ഉന്നതശീര്‍ഷരായ വായനക്കാര്‍ക്കായി, ഇതൊക്കെയും ജിഗ്സോ പസില്‍ പോലെയോ മാജിക് ക്യൂബ് പോലെയോ കളിച്ച് മുന്നേറാന്‍, നന്ദകുമാര്‍ മുന്നിലേക്ക് നീട്ടിവയ്ക്കുന്നു. സക്കറിയയുടെ മുഖവുരയും പി കെ രാജശേഖരന്റെ കഥാസ്വാദനവും പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണിയുടെ കവര്‍ചിത്രവും കൃതിയെ ആകര്‍ഷകമാക്കുന്നു.

Related News

കൂടുതൽ വാർത്തകൾ »