Top
18
Monday, December 2017
About UsE-Paper
എന്‍ എസ് സജിത്

അനുഭവങ്ങളുടെ കടല്‍

Sunday Oct 23, 2016
വെബ് ഡെസ്‌ക്‌

ബാബുരാജ്, മെഹ്ബൂബ്, ഉംബായി. ഹിന്ദുസ്ഥാനിസംഗീതത്തെ കേരളത്തില്‍ ജനകീയമാക്കിയതില്‍ മുന്നില്‍നിന്ന ഈ മൂവരുടെയും ജീവിതങ്ങള്‍ക്കും സമാനതകളുണ്ട്. സംഗീതത്തിലെയും സംഗീതജീവിതത്തിലെയും അസാധാരണത്വം നിറഞ്ഞ സമീപനംകൊണ്ട് മലയാളികളുടെയാകെ പ്രിയപ്പെട്ടവരായി മൂവരും. സംഗീതവുമായി ഊരുതെണ്ടിയവര്‍. കേരളത്തിന് അത്രയൊന്നും പരിചിതമല്ലാത്ത കവാലിയെയും ഗസലിനെയും മെഹ്ഫിലുകളില്‍നിന്ന് ജനങ്ങളിലെത്തിച്ചതില്‍ ഇവര്‍ക്കുള്ള പങ്ക് നിസ്തുലം.

 ബാബുരാജിന്റെയും മെഹ്ബൂബിന്റെയും ചെറുപ്പം അങ്ങേയറ്റം ദുരിതപൂര്‍ണമായിരുന്നെങ്കില്‍ അല്‍പ്പം വ്യത്യസ്തമാണ് ഉംബായിയുടെ കാര്യം. പക്ഷേ അദ്ദേഹം താണ്ടിയ അനുഭവങ്ങളുടെ ഭൂഖണ്ഡങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ തന്റെ പൂര്‍വസൂരികള്‍ക്കൊപ്പം നില്‍ക്കും ഉംബായിയും.  ഡി സി ബുക്സ് പുറത്തിറക്കിയ ഉംബായിയുടെ ആത്മകഥ രാഗം ഭൈരവി സഞ്ചരിക്കുന്നത് ഗായകന്‍ പിന്നിട്ട വിചിത്രവും രസാവഹവുമായ ഭൂതകാലത്തിലേക്കാണ്. ഇന്ന് കേരളത്തില്‍ ഒരു ഗായകനും അവകാശപ്പെടാനില്ലാത്ത അനുഭവങ്ങള്‍ക്കുടമയാണല്ലോ ഭാവഗീതങ്ങളുമായി നമ്മളെ അതിശയിപ്പിക്കുന്ന ഉംബായിയെന്ന് ഈ ആത്മകഥയിലൂടെ സഞ്ചരിക്കുമ്പോള്‍ ബോധ്യമാകും.

ഏതൊരാളുടെയും ആത്മകഥനം അയാളുടെ ജീവിതത്തിലെ വൃദ്ധിക്ഷയങ്ങളെ മാത്രമല്ല അയാള്‍ ജീവിച്ച കാലത്തെ രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക ജീവിതത്തെയും അടയാളപ്പെടുത്തും.  ഉംബായിയുടെ രാഗം ഭൈരവിയും വ്യത്യസ്തമല്ല. 1950കളിലെയും അറുപതുകളിലെയും കൊച്ചിയിലെ, മട്ടാഞ്ചേരിയിലെ ജീവിതം, രാഷ്ട്രീയവും സംഗീതവും ഇടകലര്‍ന്ന കൊച്ചിയിലെ സാമൂഹിക ജീവിതം ഈ ആത്മകഥയില്‍ വായിച്ചെടുക്കാം. മട്ടാഞ്ചേരിയിലെ കല്‍വത്തി പ്രദേശത്തെ സാമൂഹികാന്തരീക്ഷം തന്റെ വ്യക്തിത്വം എങ്ങനെ രൂപപ്പെടുത്തിയെന്ന് ഉംബായി വിവരിക്കുന്നു.

രാജ്യത്തിന്റെ നാനാദിക്കില്‍നിന്ന് കൊച്ചിയില്‍ തൊഴില്‍ തേടിയെത്തിയവര്‍ സൃഷ്ടിച്ച സങ്കരസംസ്കാരം അവിടെ രൂപപ്പെട്ടതിനെക്കുറിച്ചും  സംഗീതത്തിന് മതാതീതമായ സ്വീകാര്യത കൈവന്നതിനെക്കുറിച്ചും വിശദമായി പറയുന്നുണ്ട് ആത്മകഥാകാരന്‍. ഒപ്പം കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനവും സാംസ്കാരികപ്രവര്‍ത്തനവും തമ്മിലുള്ള ജൈവബന്ധത്തെക്കുറിച്ചും വിശദമാക്കുന്നു. സാഗര്‍വീണ എന്ന കപ്പലിലെ തൊഴിലാളികള്‍ നടത്തിയ സമരം നേരിട്ട പൊലീസ് സെയ്ത്, സെയ്താലി എന്നീ തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവം കേട്ടും പൊലീസ് വെടിവയ്പില്‍ രോഷംപൂണ്ട് പി ജെ ആന്റണി എഴുതിയ സമരഗാനം ഏറ്റുപാടിയും വളര്‍ന്ന ഇബ്രാഹിം എന്ന ഉംബായിക്ക് ഈ ഒരു ബന്ധത്തെക്കുറിച്ച് എങ്ങനെ എഴുതാതിരിക്കാനാകും.

ഈ ആത്മകഥയുടെ ആദ്യഭാഗത്ത് ആവര്‍ത്തിച്ചു വന്നുപോകുന്ന ഒരാളുണ്ട്, ഇ എം എസ്. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനാണ് ഉംബായിയുടെ ബാപ്പ. ഇ എം എസിനെ സ്നേഹിക്കുകയും ആരാധിക്കുകയുംചെയ്തതിനാല്‍ ഇ എം എസ് അബുക്ക എന്നാണ് ഉംബായിയുടെ ബാപ്പയെ നാട്ടുകാര്‍ വിളിക്കുക. ഇ എം എസിന്റെ പ്രസംഗം കേള്‍ക്കാനായി യാത്ര ചെയ്യുകയും ഇ എം എസിന്റെ രചനകള്‍ ആവേശപൂര്‍വം വായിക്കുകയും ദേശാഭിമാനി വായിക്കാന്‍ മക്കളെ പ്രേരിപ്പിക്കുകയുംചെയ്ത ആ സഖാവ് പക്ഷേ മകന്‍ പാട്ടുകാരനാകുന്നതിനെ എതിര്‍ത്തിരുന്നു. പാട്ടുപാടിപ്പഠിച്ചാല്‍ മകന്‍ വഴിതെറ്റിപ്പോകുമെന്ന് കര്‍ക്കശക്കാരനായ ആ ബാപ്പ വിശ്വസിച്ചു. 

യൌവനാരംഭംമുതല്‍ നടന്നുതീര്‍ത്ത ലഹരിയുടെ ഉന്മാദവഴികളെക്കുറിച്ചും ഒട്ടും മടിക്കാതെ തുറന്നുപറയുന്നുണ്ട് ഉംബായി. ബോംബെയില്‍ കപ്പലോട്ടക്കാരനാകാന്‍ പോയതിനെക്കുറിച്ചും അവിടെനിന്ന് ഉസ്താദ് മുജാവര്‍ അലി സാഹിബ്ബിന് ശിഷ്യപ്പെട്ട് തബല പഠിച്ചതിനെക്കുറിച്ചുമൊക്കെ ഉംബായി ആത്മകഥയില്‍ വാചാലനാകുന്നുണ്ട്. ലോറി ക്ളീനറായി പണിയെടുത്ത്, മത്സ്യസംസ്കരണ സ്ഥാപനത്തിന്റെ വണ്ടിയുടെ ഡ്രൈവറായി നാടുമുഴുവന്‍ അലഞ്ഞതിനെക്കുറിച്ച് എല്ലാം ഉംബായി വിശദീകരിക്കുമ്പോള്‍ നല്ല കലാകാരനെ സൃഷ്ടിക്കുന്നതില്‍ ജീവിതാനുഭവങ്ങള്‍ക്കും സാമൂഹിക സാഹചര്യങ്ങള്‍ക്കുമുള്ള പങ്ക് നമുക്ക് തിരിച്ചറിയാനാകും. 

Related News

കൂടുതൽ വാർത്തകൾ »