17 October Wednesday

വായനയും വിപണിതന്ത്രങ്ങളും

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2016

1960ല്‍ പുറത്തിറങ്ങിയ ഹാര്‍പെര്‍ ലീയുടെ 'ടു കില്‍ എ മോക്കിങ് ബേഡ്' ഒരുപക്ഷേ അമേരിക്കന്‍ സാഹിത്യത്തിലെ ഒരു നാഴികക്കല്ലായിരുന്നു എന്ന് പറയാം. അമേരിക്കയില്‍ നിലനിന്നിരുന്ന വര്‍ണവിവേചനത്തിന്റെയും ലിംഗവിവേചനത്തിന്റെയും ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ പ്രദാനംചെയ്യുമ്പോഴും മാനുഷികതയും നര്‍മവും നിറഞ്ഞുനിന്ന ഈ കൃതി പിന്നീട്  പാഠപുസ്തകമാകുകയും ഒരുപക്ഷേ അമേരിക്കയില്‍ ബൈബിളോളംതന്നെ വായിക്കപ്പെടുകയുംചെയ്തതാണ്.  പുലിറ്റ്സര്‍ സമ്മാനം നേടിയ ഈ കൃതി പിന്നീട് ഓസ്കര്‍ പുരസ്കാരം നേടിയ ഒരു ചലച്ചിത്രമായി മാറ്റപ്പെടുകയുംചെയ്തു. അമേരിക്കന്‍ സാഹിത്യത്തിലെ ക്ളാസിക്കുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ പുസ്തകത്തിന് ഒരു തുടര്‍ക്കഥ ഒരുപക്ഷേ വായനാലോകം പ്രതീക്ഷിച്ചിട്ടേ ഉണ്ടാകില്ല. എന്നാല്‍,  അരനൂറ്റാണ്ടിന്റെ നിശ്ശബ്ദത ഭേദിച്ചുകൊണ്ട് ഹാര്‍പെര്‍ ലീ വീണ്ടും ഒരു നോവല്‍ പ്രസിദ്ധീകരിച്ചു. 'ഗോ സെറ്റ് എ വാച്ച്മാന്‍' എന്ന ഈ പുസ്തകമാണ് പോയവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കോളിളക്കം സൃഷ്ടിച്ച ഒരു കൃതി.  

യഥാര്‍ഥത്തില്‍ ഈ നോവല്‍ അന്‍പതുകളില്‍ ടു കില്‍ എ മോക്കിങ് ബേഡിന്റെ ആദ്യ രൂപരേഖയായി രചിക്കപ്പെട്ടതാണ് എന്ന് തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. മോക്കിങ് ബേഡിന്റെ നായിക കുട്ടിയായിരുന്നെങ്കില്‍ അവള്‍ യൌവനയുക്തയായി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചുവരുന്നതാണ് ഗോ സെറ്റ് എ വാച്ച്മാന്‍ എന്ന നോവലിന്റെ പ്രമേയം. എന്നാല്‍, ഈ കൃതി തീര്‍ത്തും ഒരു വിപണിതന്ത്രമായിട്ടാണ് പലരും കാണുന്നത്. ഇതില്‍ തൊണ്ണൂറു വയസ്സായ ഹാര്‍പെര്‍ ലീ തീര്‍ത്തും നിര്‍ദോഷിയാണെന്നും അവരുടെ പ്രസാധകര്‍ അവരുടെ വാര്‍ധക്യസഹജമായ ക്ഷീണവും മാന്ദ്യവും ചൂഷണംചെയ്യുകയായിരുന്നെന്നും ഉള്ള  ആരോപണവും അമേരിക്കയില്‍ ഉയര്‍ന്നുകഴിഞ്ഞു.

അന്‍പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും  ഇത്രയധികം വിവാദങ്ങള്‍ക്ക്  നടുവിലും ഒരു എഴുത്തുകാരിയുടെ വരികള്‍ ഒരു ദേശീയ ഉത്സവമായി കൊണ്ടാടപ്പെടുന്നതിലൂടെ ഈ കൃതി സാക്ഷ്യപ്പെടുത്തുന്നത് എത്രമാത്രം ജനങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട കലാകാരന്മാരെ ദേശസങ്കല്‍പ്പങ്ങളുടെ ഭാഗമാക്കുന്നു എന്നതാണ്. അരനൂറ്റാണ്ടുകാലം ചവച്ചിറക്കിയ ആവര്‍ത്തനവിരസമായ ആശയങ്ങള്‍തന്നെ കുത്തിനിറച്ചുണ്ടാക്കിയ ഈ കൃതിയുടെ വിജയം ഹാര്‍പെര്‍ ലീ  എന്ന നോവലിസ്റ്റിന്റെ ജനപ്രിയതയാണ്.  അലബാമ അന്ന തന്റെ പ്രിയപ്പെട്ട നാട്ടില്‍ കാഴ്ചയും കേള്‍വിശക്തിയും ഇല്ലാതെ ജീവിക്കുന്ന ലീ ഈ ആരാധന അറിയുന്നേയില്ല എന്നുള്ളത് വിരോധാഭാസം.

സ്വന്തം മണ്ണില്‍ തിരിച്ചെത്തി തന്റെ വേരുകളുമായി സന്ധിക്ക് ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരിയുടെ കഥയാണ് ഈ കൃതി പറയുന്നത്. ആദ്യ നോവലില്‍ തന്റെ പിതാവ് വര്‍ണവിവേചനത്തിനെതിര പോരാടിയ ധീരനായിരുന്നെങ്കില്‍ ഈ കൃതിയില്‍ അദ്ദേഹം വംശശുദ്ധിക്കുവേണ്ടി പോരാടുന്ന ഒരു രഹസ്യസംഘത്തിലെ അംഗമാണ്. ഈ മാറ്റമാണ് ഈ രണ്ടു കൃതികളെയും വ്യത്യസ്തമാക്കുന്നത്. അറുപതുകളില്‍ അമേരിക്കയില്‍ അലയടിച്ച പൌരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ ചിറകിലേറി വിജയം കൈവരിച്ച ഒരു കൃതിയുടെ കരുത്തും സഹാനുഭൂതിയും  ആര്‍ദ്രതയും ഒന്നുംതന്നെ രണ്ടാമത്തെ നോവലില്‍ ഇല്ല എന്നു വേണം പറയാന്‍.

വായനാലോകത്തിന്റെ ജിജ്ഞാസയ്ക്കപ്പുറം ഈ കൃതിയില്‍ ഒന്നുംതന്നെയില്ല. എന്നാല്‍, ചൂടപ്പംപോലെ വിറ്റഴിയുന്ന ഈ സാഹിത്യകൌതുകത്തിന്റെ വിപണനസാധ്യതകള്‍ മനസ്സിലാക്കിത്തന്നെയാകണം പ്രസാധകര്‍ ഈ കടുംകൈയ്ക്ക് മുതിര്‍ന്നത്. ദേശീയ നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ടു കില്‍ എ മോക്കിങ് ബേഡ് വീണ്ടും വിപണിയുടെ താല്‍പ്പര്യപ്രകാരം മറ്റൊരുരൂപത്തില്‍ സജ്ജമാക്കപ്പെടുമ്പോള്‍ അതില്‍ അമേരിക്കന്‍ മുതലാളിത്തത്തിന്റെയും കമ്പോളവല്‍ക്കരണത്തിന്റെയും മുഖമുദ്ര കാണുന്നത് സ്വാഭാവികംമാത്രം. ഹാര്‍പ്പര്‍ കോളിന്‍സ് ആണ് പ്രസാധകര്‍.

പ്രധാന വാർത്തകൾ
Top