Top
20
Tuesday, February 2018
About UsE-Paper

'തീയൂര്‍ രേഖകള്‍' എന്ന നാടകത്തില്‍നിന്ന്

Sunday Dec 11, 2016
ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍

സമാനതകളില്ലാത്ത അഭിനയപ്രതിഭയാണ് പി ജെ ആന്റണി. നടനെന്ന നിലയില്‍ പര്‍വതശിഖരസമാനമായ ഔന്നത്യത്തില്‍ നില്‍ക്കുകയും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന ഏതിനോടും മുഖംതിരിക്കുകയും ചെയ്ത ആ മഹാനടനെ അടുത്തകാലത്ത് വായിച്ച ഒരു പുസ്തകത്തിലൂടെ വീണ്ടും ഓര്‍ക്കുകയുണ്ടായി. 'പി ജെ ആന്റണി: ജീവിതം ഒരാഹ്വാനം' എന്ന ആ ജീവചരിത്രകൃതിയുടെ രചയിതാവ് നാടകപ്രവര്‍ത്തകനും സാഹിത്യകാരനുമായ ചാക്കോ ഡി അന്തിക്കാട്. എന്റെ വായനാനുഭവങ്ങളില്‍ അവിസ്മരണീയമായതെന്നൊന്നും ഇതിനെ വിശേഷിപ്പിക്കുന്നില്ല. അങ്ങനെ പറഞ്ഞാല്‍ അത് വാസ്തവമാകില്ലതാനും. പക്ഷേ, പിജെ ആന്റണിയെന്ന പ്രതിഭയെ അടുത്തറിയാന്‍ സഹായകമായ മികച്ച പുസ്തകമാണിതെന്നതില്‍ സംശയമേ ഇല്ല.

പി ജെ ആന്റണിപി ജെ ആന്റണി
ഈ പുസ്തകത്തിലൂടെ കടന്നുപോയപ്പോള്‍ ഞാന്‍ അറിയാതെ ജി ശങ്കരക്കുറുപ്പിനെ ഓര്‍ത്തുപോയി; അദ്ദേഹത്തിന്റെ ശാപവചനങ്ങളെയും. ആന്റണിയുമായി മഹാകവി ഒരിക്കലൊന്നുരസി. സാഹിത്യപരിഷത്ത് സമ്മേളനവേദിയില്‍വച്ചാണത്. ആന്റണിയുടെ നാടകം അവതരിപ്പിക്കാന്‍ നിശ്ചയിച്ച സമയത്ത് എസ് ഗുപ്തന്‍നായരുടെ സംഘത്തിന്റെ നാടകം അവതരിപ്പിക്കണം. എന്നാല്‍, ജി ശങ്കരക്കുറിപ്പിന്റെ ഈ നിര്‍ദേശത്തെ പി ജെ ആന്റണി എതിര്‍ത്തതോടെ ക്ഷുഭിതനായ കവി 'താന്‍ എവിടെ ചെന്നാലും ഗുണം പിടിക്കില്ലെന്ന്' ശാപവചനങ്ങളുതിര്‍ത്തു. 'ഞാന്‍ മാഷിന്റെ ശിഷ്യനല്ലല്ലോ' എന്ന് ആന്റണിയുടെ മറുപടി. നാടകത്തില്‍നിന്ന് പില്‍ക്കാലത്ത് സിനിമയിലെത്തി ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള 'ഭരത്' അവാര്‍ഡ് നേടുന്നതിനുവരെ മഹാകവിയുടെ ശാപം തടസ്സമായില്ലെന്നത് ചരിത്രം.

ജിയുടെ ശാപം ഏറ്റുവാങ്ങിയ മറ്റൊരു വലിയ എഴുത്തുകാരനെക്കൂടി സാന്ദര്‍ഭികമായി ഓര്‍ത്തുപോവുകയാണ്. അതുപക്ഷേ മുഖാമുഖംനിന്നുള്ള വര്‍ത്തമാനത്തിലല്ല. കവിതയിലൂടെയായിരുന്നു ശാപം. കഥാനായകന്‍ എസ് കെ പൊറ്റെക്കാട്. ജി ശങ്കരക്കുറിപ്പിന്റെ ഒരു കവിതയ്ക്ക് എസ് കെ കള്ളപ്പേരില്‍ പാരഡിയെഴുതി. ഇതിന് മറുപടിയായി ജി എഴുതിയ കവിതയില്‍ പാരഡിക്കവി അടുത്തജന്മത്തില്‍ ചട്ടുകക്കള്ളിയെന്ന കള്ളിമുള്‍ച്ചെടിയായി തീരട്ടെയെന്ന് പരാമര്‍ശമുണ്ട്. ആ എസ് കെയ്ക്കും കിട്ടി ജ്ഞാനപീഠം.

ആന്റണിയുടെ ജീവചരിത്രത്തിലേക്ക് മടങ്ങിവരാം. നാടകത്തിലെ അങ്കങ്ങള്‍പോലെ ജീവചരിത്രവും നാലുഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പ്രതിഭയുടെ സ്പന്ദനം, പ്രതിഭയുടെ ആഹ്വാനം, പ്രതിഭയുടെ നൊമ്പരം, പ്രതിഭയുടെ സമര്‍പ്പണം എന്നിങ്ങനെയാണ് കാലവിഭജനം. 

കുട്ടിക്കാലംമുതലേ സ്വന്തമായി തീരുമാനങ്ങളുണ്ടായിരുന്നു ആന്റണിക്ക്. സംസ്കൃതം പഠിക്കാനുള്ള നിശ്ചയം അത് തെളിയിക്കുന്നു. ആലുവ അദ്വൈതാശ്രമത്തില്‍ സംസ്കൃതവിദ്യാര്‍ഥിയായി ചേരുന്നതിന് വീട്ടുകാര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. രക്ഷിതാക്കളുടെ എതിര്‍പ്പ് മകന്റെ ദൃഢനിശ്ചയത്തിനുമുന്നില്‍ ഒടുങ്ങി. ആറുവര്‍ഷത്തെ സംസ്കൃത പഠനത്തിനുശേഷം അവിടെത്തന്നെ അധ്യാപകനാകാനുള്ള അവസരം ഉപേക്ഷിച്ച് നാടകത്തിന്റെ അരങ്ങിലേക്ക്. മലയാള നാടകവേദിയില്‍ പല പുതിയ പരീക്ഷണങ്ങള്‍ക്കും വഴിയൊരുക്കാനുള്ള പുറപ്പാട്. കടുത്ത ജീവിതാനുഭവങ്ങളുടെ കരുത്താണ് ആന്റണിയിലെ മനുഷ്യനെ കാരുണ്യവാനും നടനെ പൂര്‍ണനുമാക്കിയത്. ആ ജീവിതകഥ ചാക്കോ പറഞ്ഞുതരുന്നു. ചുരുങ്ങിയ കാലത്തെ പട്ടാളജീവിതത്തിനുശേഷം മടങ്ങിയെത്തി നാടകങ്ങളില്‍ സജീവമായി. ആദ്യമായി 'തെറ്റിദ്ധാരണ' എന്ന നാടകം അരങ്ങിലെത്തിച്ചു. ജീവിതത്തിലുടനീളം പുരോഗമനപക്ഷത്ത് നിലയുറപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. 'ഇന്‍ക്വിലാബിന്റെ മക്കള്‍' എന്ന നാടകംതന്നെ ക്രിസ്തീയകുടുംബങ്ങളില്‍ കമ്യൂണിസം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ചചെയ്യുന്നു. അക്കാലത്തെ യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായിരുന്നു. ഈ നിലപാടിന്റെ അന്തഃസാര ശൂന്യതയാണ് ഇന്‍ക്വിലാബിന്റെ മക്കളില്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. നാടകം ആന്റണിക്ക് പ്രാണനായിരുന്നു. സിനിമയുടെ തിരക്കുകള്‍ക്കിടയിലും നാടകരചനയ്ക്കും സംവിധാനത്തിനും അദ്ദേഹം സമയം കണ്ടെത്തി.

ആത്മകഥകളും ജീവചരിത്രങ്ങളും വായിക്കുന്നത് എപ്പോഴും നമ്മുടെ ജീവിതത്തില്‍ ആത്മബലമുണ്ടാക്കാനും ദിശാബോധം സൃഷ്ടിക്കാനും സഹായിക്കും. ആന്റണിയുടെ ജീവചരിത്രഗ്രന്ഥം പുലര്‍ത്തുന്ന ധര്‍മവും വ്യത്യസ്തമല്ല. ആസ്വാദ്യകരമായ ഭാഷയാണ് ഇതിന്റെ മറ്റൊരു സവിശേഷത. തട്ടും തടവുമില്ലാതെ വായിച്ചുപോകാവുന്ന ഒഴുക്കുള്ള ഭാഷ.
ജീവിതത്തെ സ്വാധീനിച്ച ഒരുപിടി പുസ്തകങ്ങള്‍ക്കിടയില്‍ പി ജെ ആന്റണി: ജീവിതം ഒരാഹ്വാനത്തെയും ഞാന്‍ ചേര്‍ത്തുവയ്ക്കുന്നു.