Top
24
Friday, November 2017
About UsE-Paper

എന്റെ അടിത്തറ പുരോഗമന സാഹിത്യം

Friday Nov 11, 2016
സക്കറിയ

കേസരിയാണ് സാഹിത്യത്തിലെ പുരോഗമനത്തിന്റെ വിത്ത് വിതച്ചത്. അത് ഇടതുപക്ഷ  ചിന്തയുടെ വളമായിത്തീര്‍ന്നു. അങ്ങനെ അധഃസ്ഥിതരിലേക്ക് ശ്രദ്ധതിരിക്കാനും അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യാനുമുള്ള  ത്വര ആദ്യമായി മലയാള സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടു--സക്കറിയ എഴുതുന്നു.

കാവ്യമായിരുന്നു പുരോഗമന സാഹിത്യത്തിനുമുമ്പ് മലയാള സാഹിത്യത്തിലെ മുഖ്യധാര. നോവലും കഥയും സി വിയില്‍ നിന്നും ചന്തുമേനോനില്‍നിന്നും വളരെയധികമൊന്നും പുരോഗമിച്ചിരുന്നില്ല. വള്ളത്തോളും കുമാരനാശാനും മാനവികമായ ഇതിവൃത്തങ്ങള്‍ കാവ്യത്തിലേക്ക് കൊണ്ടുവന്നിരുന്നു. പക്ഷേ, വിപ്ളവകരമായ ഒരു മാറ്റമുണ്ടായില്ല. (1937–ല്‍ ചങ്ങമ്പുഴ 'വാഴക്കുല' എഴുതിക്കഴിഞ്ഞിരുന്നുവെന്നും മറക്കുന്നില്ല). ആശാന്‍ ആത്മീയതക്ക് മറ്റൊരു മുഖം നല്‍കി. വള്ളത്തോള്‍ ദേശീയതക്ക് ശബ്ദം നല്‍കി. എന്നാല്‍ ജനപക്ഷത്തും മനുഷ്യപക്ഷത്തും വ്യക്തമായി നില്‍ക്കുന്ന ഒരു പുരോഗമന ചിന്ത ആവിര്‍ഭവിച്ചിരുന്നില്ല.

പുരോഗമന സാഹിത്യം ഒരു സംഘടിത പ്രസ്ഥാനം എന്നതിനേക്കാളേറെ എഴുത്തിനെ പൊതുവില്‍ സ്വാധീനിച്ച ഒരു നവീന ചിന്താതരംഗമായിരുന്നു. കേസരി ബാലകൃഷ്ണപിള്ളയുടെ മാനുഷിക മൂല്യാധിഷ്ഠിതവും പാശ്ചാത്യ ആധുനികതയെ കണ്ടറിഞ്ഞതുമായ വഴികാണിക്കലിലൂടെ തകഴി, ബഷീര്‍, മുതല്‍പേര്‍ പുതിയ മാതൃകകള്‍ കണ്ടെത്തി. കേസരിയാണ് സാഹിത്യത്തിലെ പുരോഗമനത്തിന്റെ വിത്ത് വിതച്ചത്. അത് ഇടതുപക്ഷ ചിന്തയുടെ വളമായിത്തീര്‍ന്നു. അങ്ങനെ അധഃസ്ഥിതരിലേക്ക് ശ്രദ്ധ തിരിക്കാനും അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യാനുമുള്ള ത്വര ആദ്യമായി മലയാള സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടു. ദൈവങ്ങളുടെയും വീരശൂരന്മാരുടെയും കഥകളില്‍നിന്ന് കഥപറയല്‍ സാധാരണക്കാരിലേക്ക് കടന്നുപോയി. കവിതയിലേക്ക് വയലാറും പി ഭാസ്ക്കരനും ഒ എന്‍ വി മുതലായവരും വിപ്ളവസന്ദേശം എത്തിച്ചു. സിനിമയില്‍ അധഃസ്ഥിതരുടെ അവസ്ഥയും അനീതിക്കെതിരെയുള്ള സമരവും ഇതിവൃത്തങ്ങളായി ഇടംപിടിച്ചു. വായനശാലാപ്രസ്ഥാനം പുരോഗമന സാഹിത്യത്തിന്റെ പാതയെ വിസ്തൃതമാക്കി. തീര്‍ച്ചയായും ആരംഭകാല കമ്യൂണിസത്തിന്റെ കലര്‍പ്പില്ലാത്ത മാനവികതയും ഉദ്ദേശനൈര്‍മല്യവും പരിവര്‍ത്തനാവേശവുമായിരുന്നു ഇതിനെല്ലാം പിന്നിലെ ചാലകശക്തികള്‍. ചുരുക്കിപ്പറഞ്ഞാല്‍ ആധുനികതയുടെ ആദ്യസ്ഫുരണങ്ങള്‍ മലയാള സാഹിത്യത്തിലെത്തിയത് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലൂടെയാണ്.

കര്‍ട്ടിസ് ജെയിംസിന്റെ 'പ്രൊട്ടസ്റ്റ്' എന്ന പെയിന്റിങ്കര്‍ട്ടിസ് ജെയിംസിന്റെ 'പ്രൊട്ടസ്റ്റ്' എന്ന പെയിന്റിങ്

ഏറ്റവും ലളിതമായി പറഞ്ഞാല്‍, സാഹിത്യം ജനകീയമായി. കാല്‍പ്പനികതയില്‍നിന്നും ദേവീദേവന്മാരില്‍നിന്നും രാജപുരാണങ്ങളില്‍നിന്നും പച്ചമനുഷ്യരുടെ റിയലിസത്തിലേക്ക് കടന്നുപോയി. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു പരിധിവരെ കാല്‍പ്പനികത പുരണ്ട ഒരു റിയലിസമായിരുന്നുവത്. പക്ഷേ, മലയാള സാഹിത്യം എന്നന്നേക്കുമായി ഫ്യൂഡല്‍ ഇടങ്ങില്‍നിന്ന് പടിയിറങ്ങി. പൊന്‍കുന്നം വര്‍ക്കി കത്തോലിക്കാസഭയുടെ മേല്‍ ചൊരിഞ്ഞ വിമര്‍ശനം മതവും സാഹിത്യവും തമ്മിലുള്ള കൈകോര്‍ക്കലിനെ ആദ്യമായി തിരുത്തിയെഴുതി.

പുരോഗമന ചിന്ത ഉള്‍ക്കൊണ്ട നോവലിസ്റ്റുകളും കഥാകാരന്മാരും കവികളും സാഹിത്യത്തെ രാഷ്ട്രീയാവബോധവും സാമൂഹികാവബോധവുമുള്ള ഒരു ജൈവസ്വത്വമാക്കിത്തീര്‍ത്തു. എഴുത്തിന് ഒരു രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉണ്ടായി. ഇതിവൃത്തങ്ങളുടെ വൈവിധ്യം സാഹിത്യചക്രവാളത്തെ അതിവിപുലമാക്കി. പുരോഗമനപ്രസ്ഥാനം സാഹിത്യത്തെയും പിച്ചവച്ചുതുടങ്ങിയ ആധുനിക സിനിമയെയും സഹയാത്രികരാക്കി– കഥകളിലൂടെ മാത്രമല്ല, ഗാനങ്ങളിലൂടെയും. അത് കാവ്യത്തിന്റെ വമ്പിച്ച പരിണാമമായിരുന്നു. കാവ്യം നാടക/സിനിമാ–ഗാനങ്ങളിലൂടെ സാധാരണക്കാരന്റെ ചുണ്ടുകളിലെത്തി. ദേവരാജനും ബാബുരാജും രാഘവന്‍ മാസ്റ്ററും ആരാധനാലയങ്ങളില്‍ കെട്ടിക്കിടന്ന സംഗീതത്തെ ജനങ്ങളിലേക്ക് തുറന്നുവിട്ടു.പുരോഗമനസാഹിത്യം തുറന്നിട്ട വഴിയാണ് എംടിയും ഉറൂബും എന്‍ പി മുഹമ്മദും കൂട്ടരും നയിച്ച ആധുനികതയുടെയും പിന്നാലെവന്ന അത്യന്താധുനികതയുടെയും ആധുനികോത്തരതയുടെയുമെല്ലാം പൊതുവഴിയായിത്തീര്‍ന്നത്. ഒ വി വിജയന്‍ ആ വഴിയെ വന്ന വ്യക്തിയാണ്. കാക്കനാടനും അങ്ങനെത്തന്നെയായിരുന്നു. ആ വഴിപിരിയല്‍– വ്യക്തമായ വേര്‍പിരിയല്‍– ഉണ്ടായില്ലായിരുന്നെങ്കില്‍ മലയാളത്തിലെ എഴുത്തുപാരമ്പര്യത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും നിശ്ചലതകളില്‍ത്തന്നെ നില്‍ക്കുമായിരുന്നിരുന്നു. ആദര്‍ശഭരിതമായ നവീനതരംഗമായിരുന്ന കമ്യൂണിസത്തിന്റെ പരിവര്‍ത്തനേച്ഛയും മാനവിക സ്വപ്നവും സാഹിത്യത്തെ മാത്രമല്ല കേരള സാംസ്കാരിക ജീവിതത്തിന്റെ എല്ലാ മേഖലകളെയും  സ്വാധീനിച്ചു.

പുരോഗമന സാഹിത്യം സൌന്ദര്യസങ്കല്‍പ്പങ്ങളെ ജനങ്ങളുടെ മണ്ണിലേക്ക് പറിച്ചുനട്ടു. പാടത്തെ ചേറിനും തോട്ടിയുടെ ചെറ്റക്കുടിലിനും സൌന്ദര്യത്തിന്റെ മാനങ്ങള്‍ വന്നുചേര്‍ന്നു. ആഭിജാത/സവര്‍ണ പശ്ചാത്തലങ്ങളില്‍ ചേര്‍ത്തുവച്ചിരുന്ന സ്ത്രീ സൌന്ദര്യം നാടന്‍ സ്ത്രീകളിലേക്ക് വഴിമാറി. (വാസ്തവത്തില്‍, അപ്രകാരം ഉദ്ദേശിച്ചില്ലെങ്കിലും സംഘകാല കൃതികളുടെ ജനകീയതയിലേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നുവത്). സംസ്കൃതപദങ്ങളുണ്ടാക്കിയ സൌന്ദര്യത്തിന്റെ സ്ഥാനത്ത് നാടന്‍ വാക്കുകളുടെ  അഴക് പ്രത്യക്ഷപ്പെട്ടു. സാഹിത്യത്തില്‍ സൌന്ദര്യം ഉല്‍പ്പാദിപ്പിക്കാനുപയോഗിക്കുന്ന ബിംബങ്ങള്‍ തന്നെ മാറിവന്നു.

 പുരോഗമന സാഹിത്യ പ്രസ്ഥാനം ഇല്ലായിരുന്നെങ്കില്‍ ഞാനും  ഇന്നത്തെപ്പോലെ എഴുതുമായിരുന്നില്ല. ഞാന്‍ പുരോഗമന സാഹിത്യത്തിന്റെ കുഞ്ഞാണ്. അതില്‍നിന്നാണ് എന്റെ അടിത്തറകള്‍ എനിക്ക് ലഭിച്ചത്. ബഷീറില്‍നിന്നും തകഴിയില്‍നിന്നും കേശവദേവില്‍നിന്നും പൊറ്റക്കാട്ടില്‍നിന്നുമെല്ലാമാണ് എന്റെ കഥയെഴുത്ത് സ്വത്വം ഉണ്ടായിവന്നത്. കൂടാതെ മാധവിക്കുട്ടിയില്‍നിന്നും (മാധവിക്കുട്ടി ഈ കേരള പാരസ്പര്യത്തിന്റെ ഭാഗമായിരുന്നില്ല എന്നതാണ് വാസ്തവം). എനിക്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്ന ഇടതുപക്ഷ വിശ്വാസവും മതനിരപേക്ഷതയും മാനവികതാഭിമാനവുമെല്ലാം ഈ പുരോഗമന പാരമ്പര്യത്തില്‍നിന്ന് ലഭിച്ചതാണ്.

(ദേശാഭിമാനി വാരികയില്‍ നിന്ന്)

 

Related News

കൂടുതൽ വാർത്തകൾ »