11 December Tuesday

എഴുത്തുകാരുടെ ദേശീയ സംഗമം: നാലാമത് ഗേറ്റ്‌വേ ലിറ്റ്ഫെസ്റ്റ് ഫെബ്രുവരി 22 മുതല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 14, 2018

മൂന്നാമത് മുംബൈ ഗേറ്റ് വേ ലിറ്റ്ഫെസ്റ്റ്

മുംബൈ > മുംബൈയിലെ സാഹിത്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ സംഘടിപ്പിക്കുന്ന  എഴുത്തുകാരുടെ ദേശീയ സംഗമമായ ഗേറ്റ് വേ ലിറ്റ്ഫെസ്റ്റ്  ഈ മാസം 22 മുതല്‍ 24 വരെ നരിമാന്‍പോയിന്റിലെ എന്‍സിപിഎയില്‍ വച്ച് നടക്കും.

ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റ് വുമണ്‍ റൈറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി പ്രമുഖ ബംഗാളി എഴുത്തുകാരി ബേബി ഹല്‍ദാറിനു ഉദ്ഘാടന ചടങ്ങില്‍ സമര്‍പ്പിക്കും. ഹല്‍ദറുടെ ആത്മകഥയായ ആലോ ആന്ധരി (സാധാരണമല്ലാത്ത ഒരു ജീവിതം) 13 വിദേശ ഭാഷകളുള്‍പ്പടെ 24 ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്കായുള്ള ഏറ്റവും വലിയ സാഹിത്യോത്സവമായി ഇതിനകം അംഗീകാരം നേടിക്കഴിഞ്ഞ ഗേറ്റ്‌വേലിറ്റ് ഫെസ്റ്റിന്റെ നാലാം പതിപ്പ് സാഹിത്യത്തിലെ സ്ത്രീ ശക്തി കേന്ദ്രപ്രമേയമായി അവതരിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട  ചര്‍ച്ചകളും സംവാദങ്ങളുമായിരിക്കും ലിറ്റ് ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണം.

കേരളത്തില്‍ നിന്നുള്‍പ്പടെ രാജ്യത്തെ 50 പ്രമുഖ വനിതാ എഴുത്തുകാര്‍ക്കു പുറമേ സാഹിത്യത്തിലും സിനിമയിലും പ്രതിഭ തെളിയിച്ച 20 യുവ എഴുത്തുകാരികളും പ്രമുഖ എഴുത്തുകാരും ഫെസ്റ്റില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. ജ്ഞാനപീഠം നേടിയ പ്രതിഭാ റായ്(ഒഡിയ), നടിയും സംവിധായികയുമായ  അപര്‍ണാ സെന്‍ (ബെംഗാളി), അഞ്ജു മഖിജ (ഇംഗ്‌ളീഷ്), ജെ. ദേവിക, സുജ സൂസന്‍ ജോര്‍ജ്ജ്, ഇന്ദുമേനോന്‍, മീനാക്ഷി റെഡഢി മാധവന്‍,  നളിനി ജമീല (മലയാളം), കനക ഹാ (കന്നഡ), കാര്‍ത്തിക വി.കെ (തമിഴ്), മലിക അമര്‍ ഷെയ്ക് (മറാത്തി), നന്ദിനി സുന്ദര്‍ (ഇംഗ്‌ളീഷ്), നിരുപമാ ദത്ത്  (പഞ്ചാബി), പട്രീഷ്യ മുഖിം (മേഘാലയ), പ്രാദ്‌ന്യ പവാര്‍ (മറാത്തി), പ്രൊഫസര്‍ ചല്ലപള്ളി സ്വരൂപ റാണി (തെലുഗു), തരന്നം റിയാസ് (ഉര്‍ദു),  തെസുല ആഒ (വടക്കു കിഴക്ക് ), പത്മശ്രീ (ആസാമീസ്) തുടങ്ങിയവര്‍ ലിറ്റ്ഫെസ്റ്റില്‍ പങ്കെടുക്കും.

ഇന്ത്യന്‍ സാഹിത്യത്തിലെ സ്ത്രീശക്തി എന്ന മുഖ്യ പ്രമേയത്തിന്റെ ഭാഗമായി 2017ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പ്രതിഭാ പുരസ്‌കാരം നേടിയ ഏഴ് എഴുത്തുകാരികള്‍ പങ്കെടുക്കുന്ന സെഷന്‍ ഇത്തവണത്തെ ലിറ്റ് ഫെസ്റ്റിന്റെ പ്രത്യേകതയാണ്. ഇതിനു പുറമേ ഇംഗ്ലീഷിലെ പുതി‌യ തലമുറ പെണ്ണെഴുത്തുകാര്‍, സ്ത്രീകളുടെ ധീരവും ആത്മകഥാപരവുമായ എഴുത്തുകള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാഹിത്യ ധാരകള്‍, വിവര്‍ത്തന ശാഖ നേരിടുന്ന  പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളും നടക്കും. പരിഭാഷയിലെ വിവിധ ശൈലികള്‍, ഭാഷകളിലുണ്ടാവുന്ന പരിണാമങ്ങള്‍, വായനാ ശീലം, നാടകരംഗത്തെ സ്ത്രീ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളും ഇത്തവണ   ലിറ്റ്  ഫെസ്റ്റില്‍ ചര്‍ച്ചയാവും.

ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റ്  ഉപദേശക സമിതി അംഗങ്ങളായ വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ബംഗാളി എഴുത്തുകാരന്‍ സുബോധ് സര്‍ക്കാര്‍, പ്രമുഖ ഗുജറാത്തി കവി സിതാംശു യശച്ചന്ദ്ര, മറാത്തി എഴുത്തുകാരന്‍ ലക്ഷ്മണ്‍ ഗെയ്ക്‌വാദ്, മലയാളം കവി കെ.സച്ചിദാനന്ദന്‍, ഗുജറാത്തി എഴുത്തുകാരന്‍ സച്ചിന്‍ കേദ്കര്‍, പ്രസിദ്ധ ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി, ഉമ ഡ കുഞ്ഞ, പ്രമുഖ പത്രപ്രവര്‍ത്തകന്‍ സി. ഗൗരീദാസന്‍ നായര്‍, ഓപ്പണ്‍ മാസിക എഡിറ്റര്‍ എസ്. പ്രസന്ന രാജന്‍ എന്നിവരും സംബന്ധിക്കും.
 
ഓരോ വര്‍ഷം പിന്നിടുന്തോറും കൂടുതല്‍ ഉയരങ്ങളിലേക്കാണ് ഗേറ്റ് വേ ലിറ്റ്‌ഫെസ്റ്റ് സഞ്ചരിച്ചുകൊണ്ടിരിക്കഓരോ വര്‍ഷം പിന്നിടുന്തോറും കൂടുതല്‍ ഉയരങ്ങളിലേക്കാണ് ഗേറ്റ് വേ ലിറ്റ്‌ഫെസ്റ്റ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫെസ്റ്റിവെല്‍ ഡയറക്ടറും മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കാക്ക ത്രൈമാസികയുടെ എഡിറ്ററുമായ  മോഹന്‍ കാക്കനാടന്‍ പറഞ്ഞു.

പ്രാദേശിക ഭാഷകളിലെഴുതുന്നവര്‍ക്ക്   ദേശീയ തലത്തില്‍ തുല്യ അവസരം ഉറപ്പാക്കുന്നതിനും ഭാഷകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ഈ കൂട്ടായ്മയെന്നും ഭാഷകളുടെ ദേശീയ ഉത്സവമാണിതെന്നും സംഘാടകരായ പാഷന്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എം.ശബരീനാഥും ജോസഫ് അലക്‌സാണ്ടറും പറഞ്ഞു.  ''പ്രാദേശിക ഭാഷകളിലെഴുതുന്ന ലബ്ധ പ്രതിഷ്ഠര്‍ക്കുപോലും ഇംഗ്‌ളീഷിലെഴുതുന്നവര്‍ക്കു കിട്ടുന്ന പ്രാമുഖ്യമോ അംഗീകാരമോ കിട്ടുന്നില്ല. ഇത്തരക്കാരെ ദേശീയ മുഖ്യധാരയിലേക്കാനയിക്കാനുള്ള ഉദ്യമം കൂടിയാണിത് '' അവർ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ലിറ്റ് ഫെസ്റ്റിന്റെ മൂന്നാം പതിപ്പില്‍ ഇന്ത്യന്‍ സാഹിത്യത്തിന്റെ സമകാലീന മുഖം ആയിരുന്നു മുഖ്യ പ്രമേയം. ബംഗാളി, മറാത്തി, തമിഴ്, പഞ്ചാബി, മലയാളം എന്നീ ഭാഷകള്‍ കേന്ദ്രീകരിച്ചു ചര്‍ച്ചകളും സംവാദങ്ങളും നടന്നു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമായി 200 ല്‍പരം പ്രമുഖ എഴുത്തുകാര്‍ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
Top