20 September Thursday
ലോക മാനസികാരോഗ്യദിനം ഇന്ന്

തൊഴിലിടങ്ങളിലെ മാനസികാരോഗ്യം

ഡോ. ഡി രാജുUpdated: Tuesday Oct 10, 2017

തൊഴിലിടങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. തൊഴിലിടങ്ങളില്‍ അഞ്ചില്‍ ഒരാള്‍ക്കുവീതം മാനസികാരോഗ്യപ്രശ്നം ഉണ്ടെന്നാണ് കണക്ക്. സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഇതുതന്നെ സ്ഥിതി. തൊഴിലിന്റെ സ്വഭാവം, തൊഴില്‍സ്ഥലത്തെ പ്രത്യേക സാഹചര്യം എല്ലാംതന്നെ ഇതിനുള്ള കാരണമാണ്. തൃപ്തികരമല്ലാത്ത തൊഴില്‍സാഹചര്യംജീവനക്കാരില്‍ മാനസികസംഘര്‍ഷം ഉണ്ടാക്കുന്നു. തൊഴില്‍മേഖലയിലെ അവരുടെ ഉല്‍പ്പാദനക്ഷമതയെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ഈ കണ്ടെത്തലുകളിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നതിനുവേണ്ടിയാണ് 'തൊഴിലിടങ്ങളിലെ മാനസികാരോഗ്യം' എന്ന വിഷയം ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യദിനത്തിന്റെ ചര്‍ച്ചാവിഷയമായത്. വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് എന്ന സംഘടനയുടെയും ലോകാരോഗ്യ സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ 1992 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ പത്തിന് ലോക മാനസികാരോഗ്യദിനമായി ആചരിച്ചുവരുന്നു.

ജീവനക്കാരുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമുതകുന്ന തൊഴില്‍സാഹചര്യം, ജീവനക്കാരുടെയും തൊഴിലുടമകളുടെയും കൂട്ടായ ശ്രമത്തിലൂടെ നടപ്പാക്കുന്ന സ്ഥലങ്ങളാണ് ആരോഗ്യപരമായ തൊഴിലിടങ്ങള്‍. കൃഷിയിടങ്ങള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും സാങ്കേതികമേഖലകള്‍ക്കുമെല്ലാം ഇത് ബാധകമാണ്.

വിഷാദരോഗവും അമിതമായ ഉല്‍ക്കണ്ഠകളുമാണ് തൊഴിലിടങ്ങളിലെ പ്രധാന മാനസികാരോഗ്യപ്രശ്നങ്ങള്‍. ആഗോളാടിസ്ഥാനത്തില്‍ 300 ദശലക്ഷംപേര്‍ വിഷാദരോഗത്തിനും 260 ദശലക്ഷംപേര്‍ ഉല്‍ക്കണ്ഠാരോഗത്തിനും അടിപ്പെട്ടിരിക്കുന്നു. ഈ രണ്ട് രോഗാവസ്ഥകളും ഒരേസമയം അനുഭവിക്കുന്നവരുമുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദുരുപയോഗമാണ് തൊഴിലിടങ്ങളിലെ മറ്റൊരു പ്രധാന ആരോഗ്യപ്രശ്നം. ഇവയെല്ലാംതന്നെ വൈകല്യങ്ങള്‍ക്കുള്ള കാരണങ്ങളുമാണ്. 
തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ മാനസികാരോഗ്യം തകര്‍ക്കുന്ന പല സാഹചര്യവുമുണ്ട്. ജീവനക്കാരെ ശല്യപ്പെടുത്തുക, അവരോട് ക്രൂരമായി പെരുമാറുക, പീഡിപ്പിക്കുക, അവരുടെ ആരോഗ്യപരിചരണവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ വീഴ്ചവരുത്തുക, ശരിയായ ആശയവിനിമയമില്ലായ്മ, തൊഴില്‍ദാതാക്കളുടെയും മേല്‍നോട്ടക്കാരുടെയും വൈദഗ്ധ്യക്കുറവ്, ജീവനക്കാര്‍ക്ക് അര്‍ഹമായ പരിഗണനയും പ്രോത്സാഹനവും നല്‍കാതിരിക്കല്‍, അമിത ജോലിഭാരം തുടങ്ങിയവ ഇതില്‍ പ്രധാനമാണ്.

ലഭ്യമായ തൊഴില്‍സാഹചര്യങ്ങളില്‍ ജീവനക്കാരുടെ മാനസികാരോഗ്യം എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് തൊഴിലാളികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും ആവശ്യമായ ബോധവല്‍ക്കരണം നടത്തുക, തൊഴിലിടങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ അവിടത്തെ ജീവനക്കാരെക്കൂടി സഹകരിപ്പിക്കുക, മാനസികപിരിമുറുക്കം ലഘൂകരിക്കുന്നതിനുതകുന്ന യോഗയും മറ്റും ചെയ്യാനുള്ള സൌകര്യം ഏര്‍പ്പെടുത്തുക എന്നിവയാണ് ഇതിനെ നേരിടാനുള്ള ചില മാര്‍ഗങ്ങള്‍.

കൂടാതെ മാനസികാരോഗ്യപ്രശ്നങ്ങളുള്ള ജീവനക്കാര്‍ക്കും അര്‍ഹിക്കുന്ന പരിഗണനയും ചികിത്സാസൌകര്യവും നല്‍കേണ്ടതുണ്ട്. മനോരോഗികള്‍ അതുമൂലമുള്ള വൈകല്യങ്ങള്‍ കാരണം പലപ്പോഴും തൊഴിലിടങ്ങളില്‍നിന്ന് പുറത്താക്കപ്പെടുന്നു. ഗുരുതര മനോരോഗികളില്‍ 70 ശതമാനവും ജോലി ചെയ്യാന്‍ സന്നദ്ധരാണെങ്കിലും ഇവരില്‍ 80 ശതമാനവും തൊഴില്‍ ഇല്ലാത്തവരാണെന്നതാണ്. മാനസികാരോഗ്യപ്രശ്നമുള്ളവരോട് സമൂഹം വച്ചുപുലര്‍ത്തുന്ന മനഃസ്ഥിതിയാണ് ഇതിന് പ്രധാന കാരണം. മാനസിക ബുദ്ധിമുട്ടുള്ളവര്‍ തുറന്നുപറയാതിരിക്കുന്നതിനും യഥാസമയം ചികിത്സപോലും തേടാതിരിക്കുന്നതിനും രോഗം മൂര്‍ച്ഛിക്കുന്നതുമൂലമുള്ള വൈകല്യം വര്‍ധിക്കുന്നതിനും ഇത് കാരണമാകുന്നു. ഈ അവസ്ഥ മാറണം. മാനസികാരോഗ്യപ്രശ്നമുള്ളവര്‍ക്കും മറ്റുള്ളവരെപ്പോലെ അന്തസ്സായി ജോലിചെയ്ത് ജീവിക്കാനുള്ള സാഹചര്യം പ്രദാനം ചെയ്യേണ്ടതുണ്ട്. ജോലിസമയം ക്രമീകരിക്കല്‍, ഏല്‍പ്പിക്കുന്ന ജോലിയുടെ സ്വഭാവം എന്നിവയില്‍ പ്രത്യേക പരിഗണനയും മാനസികപിരിമുറുക്കം വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍നിന്നുള്ള സംരക്ഷണവും അര്‍ഹിക്കുന്ന പ്രോത്സാഹനവും അവര്‍ക്ക് നല്‍കണം.

മാനസികവും ശാരീരികവുമായ രോഗങ്ങളാലുള്ള വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള മാര്‍ഗരേഖ നടപ്പാക്കേണ്ടതുണ്ട്. ഇത്തരം ആളുകള്‍ക്ക് മറ്റുള്ളവര്‍ക്കുതുല്യമായ പരിരക്ഷയും പരിഗണനയും ലഭ്യമാക്കുന്നതിനും ജോലിചെയ്ത് ജീവിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കുന്നതിനും തൊഴിലിടങ്ങളില്‍ ആവശ്യമായ പിന്തുണ ലഭ്യമാക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മദ്യ- മയക്കുമരുന്നുകളുടെ ദുരുപയോഗം തടയുന്നതിനും ആത്മഹത്യാപ്രതിരോധത്തിനും വേണ്ടിയുള്ള ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍ തൊഴില്‍സ്ഥലങ്ങളില്‍ നടപ്പാക്കുക എന്നതും പ്രധാനമാണ്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top