26 September Wednesday

സംരക്ഷിക്കപ്പെടണം കുട്ടികളുടെ അവകാശം

ടി നാരായണൻUpdated: Thursday May 31, 2018


ജനീവയിൽ 1925 ജൂൺ ഒന്നിന് കുട്ടികളുടെ ക്ഷേമം മുൻനിർത്തി നടന്ന സാർവദേശീയ സമ്മേളനം എല്ലാ ലോകരാജ്യങ്ങളോടും വർഷത്തിൽ ഒരു ദിവസം കുട്ടികൾക്കുവേണ്ടിയുള്ള ദിവസമായി ആചരിക്കാൻ ആഹ്വാനംചെയ്തു. 1949 നവംബർ 22ന് മോസ്കോയിൽ ചേർന്ന സ്ത്രീകളുടെ സാർവദേശീയ സമ്മേളനമാണ് യഥാർഥത്തിൽ ജൂൺ ഒന്നിന് സാർവദേശീയ ശിശുദിനമായി ആചരിക്കാനുള്ള തീരുമാനമെടുത്തത്. 1950 മുതൽ പഴയ സോവിയറ്റ് യൂണിയനും ചൈനയും മറ്റ് സോഷ്യലിസ്റ്റ‌് രാജ്യങ്ങളും ജൂൺ ഒന്നിന് ശിശുദിനം ആചരിക്കാൻ തുടങ്ങി. 

അതേസമയം, വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത ദിനങ്ങളിലാണ് ശിശുദിനം ആചരിക്കുന്നത്. യുഎസ്എയിൽ ശിശുദിനാചരണം നടക്കുന്നത് ജൂൺ രണ്ടിനാണ്. കുട്ടികൾ ചാച്ചാനെഹ്റു എന്ന‌് വിളിച്ച ജവാഹർലാൽ നെഹ്റുവിന്റ ചരമത്തെ തുടർന്ന് (1964) അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14നാണ് നമ്മുടെ രാജ്യത്ത് ഔദ്യോഗികമായി ശിശുദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തിൽ നവംബർ 20നാണ് സാർവദേശീയതലത്തിൽ ശിശുദിനം ആചരിക്കുന്നത്. 1954ലാണ് യുഎൻ ശിശുദിനാചരണരംഗത്തേക്ക് കടന്നുവരുന്നത്. വ്യത്യസ്ത രാജ്യങ്ങൾക്ക് സ്വന്തം ഇഷ്ടമനുസരിച്ചുള്ള ദിവസങ്ങളിൽ ശിശുദിനം ആചരിക്കാമെന്ന് യുഎൻ അഭിപ്രായപ്പെട്ടു. യുണിസെഫിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുവേണ്ടി സാർവദേശീയതലത്തിൽ നടക്കുന്ന സംരംഭങ്ങളുടെ ചരിത്രത്തിൽ  നവംബർ 20ന് വലിയ പ്രാധാന്യമുണ്ട്.

കുട്ടികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഇന്ന് ലോകരാജ്യങ്ങളിൽ ശിശുദിനം ആചരിക്കപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്നാണ് (1914‐1919) ചൂഷിതരും പീഡിതരുമായ മനുഷ്യർക്ക് കിട്ടേണ്ട അവകാശങ്ങൾ സംബന്ധിച്ച് പുരോഗമന ചിന്താഗതിക്കാരായ ജനസമൂഹം ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയത്. ചൂഷണത്തിനു വിധേയരാകുന്ന ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്ന എല്ലാ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണെന്ന ധാരണ വളർന്നുവന്നത് അന്നുമുതലാണ്. ആ വളർച്ചയിൽ സോവിയറ്റ് യൂണിയന്റെയും തുടർന്ന് സോഷ്യലിസ്റ്റ‌് ചേരിയുടെയും രൂപീകരണവും മുന്നേറ്റവും വഹിച്ച പങ്ക് എടുത്തുപറയേണ്ടിയിരിക്കുന്നു.
മനുഷ്യാവകാശങ്ങളുടെ പട്ടികയിൽ 1924ലെ ജനീവാപ്രഖ്യാപനം മുതൽക്കുതന്നെ കുട്ടികളുടെ അവകാശങ്ങൾ സ്ഥാനംപിടിക്കുകയും ചെയ്തു. 1924ലെ ജനീവാപ്രഖ്യാപനത്തെ “കുട്ടികളുടെ അവകാശങ്ങളുടെ സാർവദേശീയ ഉറവ’ എന്നുതന്നെ വിശേഷിപ്പിക്കാവുന്നതാണ്. കാരണം, കുട്ടികളുടെ സാർവദേശീയ ഒത്തൊരുമ, കുട്ടികൾക്കിടയിലെ ബോധവൽക്കരണം, കുട്ടികളുടെ ക്ഷേമം തുടങ്ങിയ സങ്കൽപ്പനങ്ങൾക്ക് ആ പ്രഖ്യാപനം അടിത്തറപാകി.

1948ലെ  സാർവദേശീയ മനുഷ്യാവകാശപ്രഖ്യാപനമാകട്ടെ കുട്ടികളുടെ ദേശീയത, ഗർഭസ്ഥശിശുക്കളുൾപ്പെടെയുള്ള കുട്ടികളുടെ പരിരക്ഷണം, കുട്ടികളുടെ ജീവിതനിലവാര സംരക്ഷണം, വിദ്യാഭ്യാസം, വ്യക്തിത്വവികസനത്തിനുള്ള അവസരം എന്നിവയ്ക്കുള്ള അവകാശങ്ങളെപ്പറ്റി  ഊന്നിപ്പറയുന്നു.1924ലെ ജനീവാപ്രഖ്യാപനം അനുസരിച്ചിട്ടുള്ള ബാലാവകാശങ്ങൾ നടപ്പാക്കാനും ഒരോ കുട്ടിക്കും മികച്ച ജീവിതസാഹചര്യം ഉറപ്പാക്കാനും 1959 നവംബർ 20ന് യുഎൻ അംഗീകരിച്ച ബാലാവകാശപ്രഖ്യാപനം ലക്ഷ്യമിടുന്നു.  1924ലെ ജനീവാപ്രഖ്യാപനം മുതൽക്കിങ്ങോട്ടുള്ള എല്ലാ ബാലാവകാശപ്രഖ്യാപനങ്ങളുടെയും പ്രായോഗികനിർവഹണം മുൻനിർത്തി 1989 നവംബർ 20ന് ഐക്യരാഷ്ട്ര പൊതുസഭ ഒരു ബാലാവകാശപ്രമാണം അംഗീകരിച്ചു. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾകൂടി പങ്കെടുത്തതായിരുന്നു ഈ യുഎൻ ജനറൽ അസംബ്ലി സമ്മേളനം. 1990 നവംബർ 20ന് കുട്ടികളുടെ സാർവദേശീയ ബാലാവകാശപ്രമാണം നിലവിൽവന്നു. 1992ൽ ഈ പ്രമാണം ഇന്ത്യയും അംഗീകരിച്ചു.

കുട്ടികളുടെ പത്ത് അവകാശമാണ് അംഗീകരിച്ചിട്ടുള്ളത്. 1. പേരിനും ദേശീയതയ്ക്കും. 2. സുരക്ഷയ്ക്ക്. 3. പൂർണമായ വ്യക്തിത്വവികസനത്തിന്. 4. സ്നേഹപൂർണമായ രക്ഷകർത്തൃത്വത്തിന്. 5. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിന്. 6. നിർബന്ധമായും സൗജന്യവും ഗുണന്മേയുള്ളതുമായ പ്രാഥമികവിദ്യാഭ്യാസത്തിന്. 7. സുരക്ഷയോടെയുള്ള ക്ഷേമത്തിന് പ്രഥമപരിഗണന ലഭിക്കുന്നതിന്. 8. വിവേചനങ്ങളിൽനിന്നുള്ള പരിരക്ഷണത്തിന്. 9. അവഗണനകളിൽനിന്നുള്ള സംരക്ഷണത്തിന്. 10. ഈ അവകാശങ്ങൾ സംരക്ഷിക്കാൻവേണ്ടി നിയമനടപടികൾ സ്വീകരിക്കുന്നതിന്.

1989ൽ ബാലാവകാശ പ്രമാണരേഖ അംഗീകരിക്കപ്പെട്ടതിനുശേഷം 1995ൽ ബീജിങ്ങിൽചേർന്ന ലോക വനിതാസമ്മേളനം നടത്തിയ പ്രഖ്യാപനം പെൺകുട്ടികൾക്ക് എല്ലാ വിവേചനങ്ങളിൽനിന്നും സംരക്ഷണം ഉറപ്പുചെയ്യുന്നതും ഇവിടെ എടുത്തുപറയേണ്ടതുണ്ട്.
മാത്രമല്ല, 2002 മേയിൽ ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി ഒരു പ്രത്യേക സമ്മേളനം ചേർന്ന് മുൻ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ “കുട്ടികൾക്കിണങ്ങിയ ലോകം’ സൃഷ്ടിക്കാൻ ലോകരാജ്യങ്ങളോട് ആഹ്വാനംചെയ്തു. അതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുകയുണ്ടായി.

(ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗമാണ‌് ലേഖകൻ)

പ്രധാന വാർത്തകൾ
Top