Top
27
Saturday, May 2017
About UsE-Paper

വെനസ്വേലയെക്കുറിച്ച് പ്രചരിക്കുന്നത് കെട്ടുകഥകള്‍

Tuesday May 9, 2017
സാജന്‍ എവുജിന്‍

ചാണക്യപുരി മേഖലയിലാണ് ന്യൂഡല്‍ഹിയില്‍ നയതന്ത്രകാര്യാലയങ്ങള്‍ പൊതുവെ സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്ന് കുറച്ചുമാറി ആനന്ദ നികേതനിലാണ് വെനസ്വേലയുടെ നയതന്ത്രകാര്യാലയം. ലളിതമനോഹരമായി അലങ്കരിച്ച മുറികളാണ് ഈ കാര്യാലയത്തിലുള്ളത്. ഇന്ത്യയോട് വെനസ്വേല പുലര്‍ത്തുന്ന ആഴത്തിലുള്ള അടുപ്പത്തിന്റെ പ്രതീകമായ ചിത്രങ്ങള്‍ കാര്യാലയത്തിന്റെ താഴത്തെ നിലയിലുള്ള ബൊളിവര്‍ ഹാളില്‍ കാണാം. 'ഇന്ത്യ-വെനസ്വേല സമ്മിശ്രം' പരമ്പരയിലുള്ള ചിത്രങ്ങളാണിത്. ചേതോഹരമായ ഭൂപ്രകൃതിയുടെ കാര്യത്തില്‍ ഇരുരാജ്യവും പുലര്‍ത്തുന്ന സാദൃശ്യം ഈ ചിത്രങ്ങളില്‍നിന്ന് വ്യക്തമാണ്.

ഇന്ത്യയിലെ വെനസ്വേലന്‍ സ്ഥാനപതി അഗസ്റ്റോ മൊണ്ടിയേല്‍ തികച്ചും ഊര്‍ജസ്വലനായ നയതന്ത്രജ്ഞനാണ്. തന്റെ രാജ്യത്തെ രാഷ്ട്രീയസ്ഥിതിഗതി വിശദീകരിക്കാന്‍ അദ്ദേഹം സദാസന്നദ്ധനാണ്. വെനസ്വേലയില്‍ സമാധാനവും പുരോഗതിയും  തകര്‍ക്കാന്‍ അമേരിക്കന്‍ പിന്തുണയോടെ പ്രതിപക്ഷം നടത്തുന്ന കലാപത്തെക്കുറിച്ച് അഗസ്റ്റോ മൊണ്ടിയേല്‍ വിശദീകരിക്കുന്നു.

"വെനസ്വേലയെക്കുറിച്ച് വലിയ നുണകളാണ് പാശ്ചാത്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. രാജ്യത്ത് ഏകാധിപത്യഭരണമാണെന്നും പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നുവെന്നും വാര്‍ത്തകള്‍ നിര്‍മിച്ചുവിടുന്നു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന പ്രസിഡന്റാണ് നിക്കോളസ് മഡുറോ. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അടക്കമുള്ള രാജ്യാന്തര നിരീക്ഷകരുടെ മേല്‍നോട്ടത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. തികച്ചും നിഷ്പക്ഷവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് രാജ്യാന്തര നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മഡുറോയെ അംഗീകരിക്കാന്‍ അമേരിക്കന്‍ പിന്തുണയുള്ള പ്രതിപക്ഷം തയ്യാറല്ല. അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ തലസ്ഥാനമായ കരാക്കസിന്റെ ചില ഭാഗങ്ങളില്‍ കലാപം നടത്തുന്നു. കരാക്കസില്‍ പ്രതിപക്ഷത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് കലാപം.

പ്രതിപക്ഷപ്രവര്‍ത്തകര്‍ നേരിട്ട് ആക്രമണങ്ങള്‍ നടത്തുകയല്ല;  അവര്‍ പണം നല്‍കി സായുധസംഘങ്ങളെ നിയോഗിക്കുകയാണ്. വെനസ്വേലയില്‍ ദേശീയ പൊലീസ് ഗാര്‍ഡുകള്‍ക്ക് ആയുധം പ്രയോഗിക്കാന്‍ അധികാരമില്ല. നിരായുധരായ പൊലീസുകാരെ അക്രമിസംഘങ്ങള്‍ വേട്ടയാടുന്ന സ്ഥിതിയാണ് വെനസ്വേലയില്‍. വിദ്യാലയങ്ങളും ആശുപത്രികളും ആംബുലന്‍സുകളും ഭക്ഷ്യവിതരണകേന്ദ്രങ്ങളും കത്തിക്കുന്നു. ചപ്പുചവറുകള്‍ വാഹനങ്ങളില്‍കയറ്റിക്കൊണ്ടുവന്ന് നഗരമധ്യത്തില്‍ തള്ളുകയാണ്. ഇത് തടയാന്‍ ശ്രമിക്കുന്ന പൊലീസുകാരെ നിഷ്ഠുരമായി മര്‍ദിക്കുന്നു. ബഹുരാഷ്ട്ര കോര്‍പറേറ്റ് മാധ്യമശൃംഖല ഇതെല്ലാം മറച്ചുപിടിക്കുകയും രാജ്യത്ത് പ്രതിപക്ഷമുന്നേറ്റമാണെന്ന് വാര്‍ത്ത പ്രചരിപ്പിക്കുകയുമാണ്. മഡുറോ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ജനലക്ഷങ്ങള്‍ അണിനിരന്ന മൂന്ന് റാലി നടന്നു. ഈ റാലികളെ മാധ്യമങ്ങള്‍ അവഗണിച്ചു.

എല്ലാ പൊതുസ്ഥലങ്ങളിലും സൌജന്യമായി വൈ-ഫൈ സൌകര്യമുള്ള രാജ്യമാണ് വെനസ്വേല. ട്വിറ്ററും ഫെയ്സ്ബുക്കുമെല്ലാം ആവശ്യംപോലെ ഉപയോഗിക്കാം. ടെലിവിഷന്‍ ചാനലുകള്‍ തുറന്നാല്‍ മഡുറോയെ ആക്ഷേപിക്കുന്നവരുടെ ബഹളമാണ്. എന്നിട്ടും വെനസ്വേലയില്‍ ഏകാധിപത്യമാണെന്ന് പറയുന്നത് രസകരമാണ്. കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 22 തെരഞ്ഞെടുപ്പ് നടന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം ലഭിച്ചത്. തെരഞ്ഞെടുപ്പിനുമുമ്പ് ബഹുരാഷ്ട്രകമ്പനികള്‍ കുത്തിത്തിരിപ്പ് നടത്തി രാജ്യത്ത് അവശ്യവസ്തുക്കളുടെ കൃത്രിമക്ഷാമം സൃഷ്ടിച്ചു. ഇങ്ങനെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനവിധി പ്രതിപക്ഷം അവര്‍ക്ക് അനുകൂലമാക്കിയത്. പക്ഷേ, അപ്പോള്‍ ജനവിധി അംഗീകരിക്കാന്‍ ആര്‍ക്കും വൈമനസ്യം ഉണ്ടായില്ല. പ്രതിപക്ഷം ഭരിക്കുന്ന നഗരസഭകളുമുണ്ട്. ആ തെരഞ്ഞെടുപ്പും എല്ലാവരും അംഗീകരിച്ചു. എന്നാല്‍, മഡുറോ നേതൃത്വം നല്‍കുന്ന ദേശീയ ബൊളിവാറിയന്‍ സഖ്യസര്‍ക്കാരിനെ അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറല്ല. അവര്‍  ഓരോ വര്‍ഷവും കലാപം സംഘടിപ്പിക്കുന്നു. അമേരിക്കന്‍ ബഹുരാഷ്ട്രകമ്പനികളാണ് കലാപത്തിന് ഒത്താശ ചെയ്യുന്നത്.

ലോകത്ത് ഏറ്റവുമധികം അസംസ്കൃത എണ്ണസമ്പത്തുള്ള രാജ്യമാണ് വെനസ്വേല. നൂറുവര്‍ഷത്തിലേറെയായി എണ്ണഖനനം ചെയ്യുന്നു. അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ബഹുരാഷ്ട്ര കോര്‍പറേഷനുകളാണ് ഈ എണ്ണസമ്പത്ത് കൈകാര്യം ചെയ്തുവന്നത്. ഹ്യൂഗോ ഷാവേസ് സര്‍ക്കാര്‍ 1999ല്‍ അധികാരത്തില്‍ വരുന്നതുവരെ ഇതായിരുന്നു സ്ഥിതി. ഷാവേസ് സര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ നിയന്ത്രണം ഏറ്റെടുക്കുകയും അമേരിക്കയിലേക്ക് തുച്ഛമായ വിലയില്‍ എണ്ണ കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ഇരുകൂട്ടര്‍ക്കും ആദായകരമായ നിരക്കില്‍ എണ്ണ കയറ്റുമതി ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ വന്‍കിട പദ്ധതികള്‍ ഏറ്റെടുത്തിരിക്കുന്നു. വെനസ്വേലയില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഏഷ്യന്‍രാജ്യം ഇന്ത്യയാണ്. 2015-16ല്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 12 ശതമാനവും വെനസ്വേലയില്‍നിന്നായിരുന്നു. ഇരുരാജ്യത്തിനും നേട്ടമുള്ള കാര്യമാണിത്. ഇതുപോലെ വളര്‍ന്നുവരുന്ന രാജ്യങ്ങളുമായി വെനസ്വേല ഒട്ടേറെ മേഖലകളില്‍ സഹകരിക്കുന്നു. ആയിരക്കണക്കിന് ക്യൂബന്‍ ഡോക്ടര്‍മാര്‍ വെനസ്വേലയിലെ ഗ്രാമങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു.

ഷാവേസ് സര്‍ക്കാര്‍ വരുന്നതിനുമുമ്പ്, എണ്ണസമ്പത്തുണ്ടെങ്കിലും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ദാരിദ്യ്രത്തിലായിരുന്നു. ഷാവേസ് സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹ്യക്ഷേമപദ്ധതികള്‍ ദാരിദ്യ്രത്തിന്റെ നിരക്ക് 50 ശതമാനം കുറച്ചു. സാക്ഷരതനിരക്ക് 100 ശതമാനമായി. രാജ്യത്തെ 95 ശതമാനം ജനങ്ങള്‍ക്കും വൈദ്യസഹായം ലഭിക്കുന്നു. ഷാവേസിന്റെ കാലത്ത് തുടക്കമിട്ട പദ്ധതികള്‍ മഡുറോ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. നാലുവര്‍ഷത്തിനുള്ളില്‍ 10.6 ലക്ഷം വീടാണ് നിര്‍മിച്ചുനല്‍കിയത്. പൊതുവിതരണശൃംഖല 94 ശതമാനം പൌരന്മാര്‍ക്കും പ്രയോജനപ്പെടുന്നു. ലാറ്റിനമേരിക്കന്‍- കരീബിയന്‍ രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന മനുഷ്യവികസന സൂചിക വെനസ്വേലയിലാണ്- 0.770. 1990ല്‍ ഈ സൂചിക 0.634 മാത്രമായിരുന്നു. സാമ്പത്തികവളര്‍ച്ചമാത്രം പരിഗണിച്ചല്ല, ജനങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ മൊത്തത്തിലുണ്ടാകുന്ന മാറ്റം കണക്കിലെടുത്ത് തയ്യാറാക്കുന്നതാണ് മനുഷ്യവികസന സൂചിക.
മനുഷ്യാവകാശസംരക്ഷണത്തിന്റെ കാര്യത്തില്‍ വെനസ്വേല കാര്യക്ഷമവും ഫലപ്രദവുമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സമാധാനം നിലനില്‍ക്കണമെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കണമെന്നും വെനസ്വേല ആഗ്രഹിക്കുന്നു. രാജ്യങ്ങള്‍ തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വമാണ് വെനസ്വേലയുടെ ലക്ഷ്യം. ആധിപത്യത്തിന്റെ ആശയങ്ങളില്‍ വെനസ്വേല വിശ്വസിക്കുന്നില്ല. ബഹുധ്രുവലോകമാണ് വെനസ്വേല സ്വപ്നം കാണുന്നത്. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ എന്നും പ്രതീക്ഷിക്കുന്നു.''- അഗസ്റ്റോ മൊണ്ടിയേല്‍ പറഞ്ഞു