13 November Tuesday

വടയമ്പാടി:മൈതാനം പൊതുജനങ്ങളുടേത്; കുപ്രാചാരണങ്ങളെ തിരിച്ചറിഞ്ഞുകഴിഞ്ഞു

സി ബി ദേവദർശനൻUpdated: Monday Feb 12, 2018


വടയമ്പാടി ഭജനമഠം മൈതാനത്തെ ചൊല്ലി മഴവിൽസഖ്യം രൂപീകരിച്ച് സ്വത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കി കേരളത്തെ മാറ്റാനുള്ള ഗൂഢാലോചന തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു. കുന്നത്തുനാട് താലൂക്കിലെ അയ്ക്കരനാട്, പൂതൃക്ക പഞ്ചായത്തുകൾ അതിരിടുന്ന പ്രദേശമാണ് ഭജനമഠം. ഇവിടെ 95 സെന്റുവരുന്ന ഒരു മൈതാനമുണ്ട്. അയ്ക്കരനാട് നോർത്ത് വില്ലേജിലെ ബ്ലോക്ക് നമ്പർ 44 റീസർവേ നമ്പർ 223/24ൽപ്പെട്ടതാണ് ഈ സ്ഥലം. പൂർണമായും റവന്യൂ പുറമ്പോക്കായ സ്ഥലം. ചുറ്റുവട്ടത്ത് ഇരുവശങ്ങളിലുമായി ലക്ഷംവീട് കോളനിയും സെറ്റിൽമെന്റ് കോളനിയുമുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുംഅല്ലാത്തവരും ഇവിടെ താമസിക്കുന്നുണ്ട്. ഇവരെല്ലാം ഒരുപോലെ ഉപയോഗിച്ചിരുന്ന പൊതുമൈതാനമാണിത്. നാടൻപന്തുകളി, ഫുട്ബോൾ എന്നിവ നടന്നിരുന്ന സ്ഥലം. ചുറ്റുവട്ടത്തുള്ളവരുടെ വിവാഹച്ചടങ്ങുകളും മറ്റും നടത്താൻ മൈതാനം ഉപയോഗിച്ചുപോന്നു.

എന്നാൽ, 2017 മാർച്ചോടെ തൊട്ടടുത്തുള്ള അമ്പലം ഭരണസമിതി നേതൃത്വത്തിൽ മൈതാനത്ത് മതിൽ കെട്ടാൻ നീക്കം നടത്തി. ഇത് ശ്രദ്ധയിൽപ്പെട്ട മാത്രയിൽതന്നെ സിപിഐ എം പ്രാദേശികനേതൃത്വം അമ്പലം ഭരണസമിതിയുമായി, ചുറ്റുവട്ടത്തെ ജനങ്ങളെയും ഉൾപ്പെടുത്തി ചർച്ച നടത്തുകയും പാർടിയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഭജനമഠം മൈതാനം പൊതുഇടമായതിനാൽ അവിടെ മതിൽ കെട്ടാൻ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. തങ്ങൾക്ക് മതിൽ കെട്ടാൻ അവകാശമുണ്ടെന്നായിരുന്നു അമ്പല കമ്മിറ്റിക്കാരുടെ വാദം. 1981 ജൂലൈ ഒമ്പത് തീയതിയായി തങ്ങൾക്ക് ലഭിച്ച പട്ടയത്തെ ഉപോദ്ബലകമായി ഉയർത്തിക്കാണിക്കുകയായിരുന്നു അവർ. ഗവർണറുടെ നിർദേശപ്രകാരം അന്നത്തെ റവന്യൂ അണ്ടർ സെക്രട്ടറി ടി എൻ ജയദേവന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പട്ടയം. ഇക്കാര്യം തദ്ദേശവാസികളായ മറ്റുള്ളവർക്ക് അറിയുമായിരുന്നില്ല.

1981നും 2017നുമിടയിൽ 36 വർഷക്കാലം കഴിഞ്ഞിരിക്കുന്നു. പട്ടയക്കാര്യം രഹസ്യമായി വച്ചതിനാൽ ഇത് ചോദ്യംചെയ്യാനുള്ള അവസരം നഷ്ടപ്പെട്ട നിലയായി. റവന്യൂ പുറമ്പോക്കായ ഭൂമിയെ സ്വകാര്യസ്വത്താക്കി മാറ്റാനുള്ള നടപടി ശരിയല്ലെന്ന ഉറച്ച നിലപാടാണ് സിപിഐ എമ്മിന്റേത്. പൊതുമൈതാനം ജനങ്ങളുടേതാണ് എന്ന നിലപാട് ഉയർത്തിക്കൊണ്ട് അവിടെ ഒരു ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. മൈതാനത്തിൽ മതിൽ കെട്ടുന്നതിനെതിരെയും പൊതുഇടമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടും ആക്ഷൻ കൗൺസിൽ കോടതിയെ സമീപിച്ചു. അമ്പലം ഭരണസമിതിയും കോടതിയിലെത്തി. പട്ടയം പരിശോധിച്ച കോടതി പട്ടയം നിയമാനുസൃതമായതിനാൽ അവിടെ നിർമാണപ്രവർത്തനങ്ങൾക്ക് അമ്പലം ഭരണസമിതിക്ക് അവകാശമുണ്ടെന്ന് വിധിച്ചു. പട്ടയങ്ങൾ കൊടുക്കുന്ന സന്ദർഭത്തിൽ പരാതി ഉന്നയിക്കുന്നതിന് കാലപരിധിയുണ്ട്. എന്നാൽ, കാലപരിധിയിൽപ്പെടാത്തതിനാൽ കാലതാമസം മാപ്പാക്കി കണക്കാക്കി മുൻസിഫ് കോടതിയിൽ സിവിൽകേസ് ഫയൽ ചെയ്യാൻ ആക്ഷൻ കൗൺസിലിനെ കോടതി അനുവദിക്കുകയും ചെയ്തു.

കോടതി അനുവാദത്തോടെ അമ്പലം ഭരണസമിതി നിർമിച്ച മതിൽ 2017 ഏപ്രിൽ 14ന് പൊളിച്ചു. ജാതിമതിൽ എന്ന പേരിട്ട് സമരത്തിലേക്ക് നുഴഞ്ഞുകയറിയവരാണ് ഇത് ചെയ്തത്. നിയമ പരമായ വഴികളിലൂടെ മുന്നോട്ടുപോയി സമവായത്തിലൂടെ മൈതാനത്തെ പൊതു ഇടമാക്കി നിലനിർത്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ഈ കൃത്യം. കേരളത്തിലും ജാതിമതിൽ എന്ന് സ്ഥാപിക്കാനുള്ള സ്വത്വരാഷ്ട്രീയക്കാരുടെ ബോധപൂർവമായ ശ്രമമായിരുന്നു ഇത്. ഇടത് തീവ്രവാദ മനോഭാവക്കാരും സ്വത്വപ്രശ്നത്തെ സ്വത്വരാഷ്ട്രീയമാക്കി വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവരും ഒരേതാൽപ്പര്യത്തോടെ മഴവിൽസഖ്യമുണ്ടാക്കി സമരത്തിലേക്ക് നുഴഞ്ഞുകയറുന്നതാണ് കണ്ടത്. അമ്പലം ഉത്സവമായപ്പോൾസമരപ്പന്തൽ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുവന്നു. മഴവിൽസഖ്യം അതിന് തയ്യാറായില്ല. അവർക്കിവിടെ അസ്വാസ്ഥ്യജനകമായ അന്തരീക്ഷം ഉണ്ടാക്കാനായിരുന്നു താൽപ്പര്യം. ഇതിനിടയിൽ സമരപ്പന്തൽ പൊലീസ് മാറ്റി.

തുടർന്ന് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥപോലെ ദളിത് വിഭാഗത്തെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അടിച്ചമർത്തുന്നു എന്ന പ്രചാരണത്തിന്റെ കൊണ്ടുപിടിച്ച ഘോഷയാത്രയാണ് നടത്തിയത്. ഈ പ്രദേശത്തെ സംഭവവികാസങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്ത ശുദ്ധാത്മാക്കളായ പലരും ഈ പ്രചാരണത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടുപോയി. നവ മാധ്യമങ്ങളിലും ചില ദേശീയ മാധ്യമങ്ങളിലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ വക്രീകരിച്ച് മോശപ്പെടുത്താൻ സംഘടിതനീക്കം നടന്നു. 2018 ജനുവരി 29ന് സിപിഐ എം കോലഞ്ചേരി ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ ബഹുജനറാലിയും പൊതുസമ്മേളനവും നടത്തുകയും പാർടിയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി പി രാജീവും സംസ്ഥാന കമ്മിറ്റി അംഗം സി എൻ മോഹനനും ഈ സമ്മേളനത്തിൽ പങ്കെടുത്തു.

1981 മുതൽ പട്ടയം ലഭിച്ചുവെന്ന് പറയുന്ന ഭൂമി പ്രദേശത്തെ എല്ലാ വിഭാഗമാളുകളും ഉപയോഗിച്ചിരുന്ന പൊതു ഇടമാണ്. ഇതിന് തടസ്സംവരുത്തുന്നവിധം മതിൽ നിർമിക്കാനുള്ള ശ്രമമാണ് പരാതിക്ക് അടിസ്ഥാനമായത്. പ്രദേശവാസികൾ അറിയാതെയാണ് പട്ടയം സംഘടിപ്പിച്ചത്. ജനങ്ങളുടെ സ്വന്തമായ സർക്കാർഭൂമി എൻഎസ്എസ് കരയോഗം അമ്പലത്തിന്റെ പേരിൽ സ്വന്തമാക്കിയത് തെറ്റിദ്ധരിപ്പിച്ചാണെന്നുതന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്. വർഷങ്ങളായി തങ്ങൾ സ്വന്തം ഇടമായി കരുതിയിരുന്ന മൈതാനം മതിൽകെട്ടി തിരിക്കുന്നതിലാണ് പ്രതിഷേധം വന്നത്. ഇക്കാര്യത്തിൽ സിപിഐ എമ്മിന്റെ നിലപാട് വ്യക്തമാണ്.

1. മൈതാനം പൊതുജനങ്ങളുടേതാണ്. അത് എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുംവിധം പൊതു ഉടമസ്ഥതയിൽ നിലനിർത്തേണ്ടതാണ്.
2. മൈതാനത്തിന് ലഭിച്ച പട്ടയം സംബന്ധിച്ച് ഉയർന്നുവന്ന പരാതി റവന്യൂ അധികൃതർ പരിശോധിച്ച് പൊതു ഉടമസ്ഥതയിൽ നിലനിർത്താനുള്ള ശരിയായ തീരുമാനമെടുക്കേണ്ടതാണ്.
3. ഇവിടെ ജാതീയമായ വേർതിരിവുണ്ടാക്കാനുള്ള ശ്രമം ഇവിടത്തെ സമാധാനാന്തരീക്ഷം തകർക്കും. വളരെ സൗഹാർദത്തിൽഎല്ലാ വിഭാഗവും കഴിയുന്ന പ്രദേശത്ത് സാമുദായികവും ജാതീയവുമായ ഭിന്നത സൃഷ്ടിക്കാൻ ഒരു ശക്തിയെയും അനുവദിക്കരുത്. പൊതു ഇടത്തിനായുള്ള പോരാട്ടം യോജിച്ച് നടത്തേണ്ടതാണ്. അതിൽ ജാതിസ്വത്വത്തിന്റെ സ്ഥാപിതതാൽപ്പര്യങ്ങൾ വിളക്കിച്ചേർക്കുന്നത് ജനങ്ങളുടെ കൂട്ടായ്മശ്രമത്തെ ദുർബലപ്പെടുത്താനേ സഹായിക്കൂ. അതിനാൽ തീവ്രവാദശക്തികൾക്കെതിരെ ജാഗ്രത വേണം.
4. നിയമപരമായ തീരുമാനം വരുന്നതുവരെ ജില്ലാ അധികൃതർ സമവായചർച്ച നടത്തി പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമുണ്ടാക്കണം.

ഫെബ്രുവരി മൂന്നിന് കലക്ടറേറ്റിൽ സർവകക്ഷി സമ്മേളനം ചേർന്നു. അമ്പലം ഭരണസമിതിക്കാരുൾപ്പെടെ പങ്കെടുത്തു. ഭജനമഠം മൈതാനത്ത് മതിലോ മറ്റു നിർമാണപ്രവർത്തനങ്ങളോ അനുവദിക്കില്ലെന്ന് കലക്ടർ വ്യക്തമാക്കി. അവിടെ അമ്പല കമ്മിറ്റിക്കാർ സ്ഥാപിച്ച ബോർഡ് മാറ്റാനും തീരുമാനിച്ചു. മൈതാനം നേരത്തെ എല്ലാവരും ഉപയോഗിച്ചിരുന്നതുപോലെ ഉപയോഗിക്കാനും ധാരണയായി. അവിടത്തെ പൊതുചടങ്ങുകൾക്കും ആഘോഷങ്ങൾക്കും ജില്ലാ ഭരണകൂടത്തിന്റെ മുൻകൂർ അനുമതി വേണമെന്ന് തീരുമാനിച്ചു.

പട്ടയം സംബന്ധിച്ച കാര്യങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ കോടതിതീർപ്പിന് വിധേയമായിമാത്രമേ സർക്കാരിന് തീരുമാനമെടുക്കാനാകൂ. വടയമ്പാടി‐ പാങ്കോട് പ്രദേശങ്ങളിൽ സമാധാനാന്തരീക്ഷം ദുർബലമാക്കാൻ ആരെയും അനുവദിക്കാത്തവിധം ഒറ്റക്കെട്ടായി എടുത്ത തീരുമാനം നടപ്പാകുന്നതിൽ അസ്വസ്ഥതയുള്ളവർ ഉണ്ടാക്കുന്ന കോലാഹലങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ഇടത് തീവ്രവാദശക്തികളും വർഗീയ തീവ്രവാദസംഘടനകളും ഒരുമിച്ച് നടത്തുന്ന കുപ്രചാരണങ്ങളെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്
 

പ്രധാന വാർത്തകൾ
Top