15 November Thursday

മൂര്‍ത്തി മാസ്റ്റര്‍ മാര്‍ഗദര്‍ശി

കോടിയേരി ബാലകൃഷ്ണന്‍Updated: Thursday Aug 31, 2017

തന്റെ വിജ്ഞാനവും അനുഭവക്കരുത്തും ആദര്‍ശനിഷ്ഠമായ ജീവിതവും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി സമര്‍പ്പിച്ച ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്ന വി വി ദക്ഷിണാമൂര്‍ത്തി മാസ്റ്റര്‍ വിടപറഞ്ഞിട്ട് ഒരുവര്‍ഷം തികയുന്നു. കമ്യൂണിസ്റ്റ് പാര്‍ടി സംഘാടകന്‍, വിദ്യാര്‍ഥി-യുവജനനേതാവ്, അധ്യാപക നേതാവ്, ട്രേഡ്യൂണിയന്‍ നേതാവ്, പ്രഭാഷകന്‍, പരിഭാഷകന്‍, പ്രക്ഷോഭകാരി, പാര്‍ലമെന്റേറിയന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്ന നിലയിലും  ഒരു പതിറ്റാണ്ടോളം ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യപത്രാധിപര്‍ എന്ന നിലയിലും ചരിത്രത്തില്‍ ഇടംനേടിയ പ്രവര്‍ത്തനമാണ് നടത്തിയത്. പാര്‍ടിയെയും നേതാക്കളെയും വളഞ്ഞിട്ടാക്രമിച്ച ശത്രുക്കള്‍ക്കെതിരെ കരുത്തുറ്റ നാവും തൂലികയുമായിരുന്ന അദ്ദേഹം മാര്‍ക്സിസം- ലെനിനിസത്തില്‍ അധിഷ്ഠിതവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകളിലൂടെയും സ്നേഹമസൃണമായ പുഞ്ചിരിനിറഞ്ഞ സൌമ്യഭാവത്തോടെയും എല്ലാവരുടെയും പ്രിയപ്പെട്ട മാഷായി മാറി. 'പ്രചാരകന്‍, പ്രക്ഷോഭകന്‍, സംഘാടകന്‍' എന്ന ദേശാഭിമാനിയുടെ സുവ്യക്തമായ ദൌത്യം നിര്‍വഹിക്കുന്നതില്‍ മാഷ് കാണിച്ച ആത്മസമര്‍പ്പണതുല്യമായ ഉത്തരവാദിത്തം മാതൃകാപരമാണ്.

പത്രത്തെയും പത്രത്തിന്റെ രാഷ്ട്രീയത്തെയും ഒരുപോലെ അതിന്റെ സൂക്ഷ്മാംശത്തില്‍ അറിയുന്ന ചീഫ് എഡിറ്ററായിരുന്നു മാഷ്. കേരള ചരിത്രവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നാള്‍വഴികളും മാത്രമല്ല, സാര്‍വദേശീയ- ദേശീയ രംഗത്തെ ചെറുചലനംപോലും സൂക്ഷ്മമായി വീക്ഷിച്ച് വിശകലനം ചെയ്യുകയും അത് പത്രത്തില്‍ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹം സദാ ഇടപെടുകയും ചെയ്തു. ദേശാഭിമാനിയുമായി മാഷിനുള്ള ബന്ധം ഏറെ ആഴമേറിയതും വൈകാരികവുമാണ് എന്നു പറയാം. ദേശാഭിമാനിയെ  പൊതുസ്വീകാര്യതയുള്ള ഒന്നാക്കി മാറ്റുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. പത്രത്തെ അടിസ്ഥാന രാഷ്ട്രീയ- സാമൂഹ്യ മൂല്യങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിലും കാര്യമായി ശ്രദ്ധിച്ചു. പത്രപ്രവര്‍ത്തനരംഗത്തെ പതിറ്റാണ്ടുകള്‍ നീണ്ട അനുഭവജ്ഞാനം അതിന് ആധികാരികത നല്‍കി. കോഴിക്കോട് ദേശാഭിമാനിയുടെ മാനേജര്‍ എന്ന നിലയില്‍ നടത്തിപ്പിന്റെ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചതെങ്കിലും മുഖപ്രസംഗങ്ങളും ലേഖനങ്ങളും എഴുതി. 19 വര്‍ഷത്തോളം  കോഴിക്കോട് യൂണിറ്റ് മാനേജരായി പ്രവര്‍ത്തിച്ചു. ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ളിഷിങ് കമ്പനി മാനേജിങ് ഡയറക്ടറുമായിരുന്നു. ചീഫ് എഡിറ്ററായി ചുമതലയേറ്റതോടെ ദൈനംദിനപ്രവര്‍ത്തനങ്ങളിലാകെ സജീവമായി. ദേശാഭിമാനിയെ കേരളത്തിലെ മൂന്നാമത്തെ പത്രമായി ഉയര്‍ത്തിയതില്‍ അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ട്. 

നന്നേ ചെറുപ്പത്തില്‍ പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടി കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ അദ്ദേഹം അധ്യാപകനായാണ് പൊതുജീവിതം ആരംഭിക്കുന്നത്. ചെത്തുതൊഴിലാളികള്‍, അധ്യാപകര്‍, ക്ഷേത്രജീവനക്കാര്‍, തോട്ടംതൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്യൂണിയന്‍ മേഖലയിലും സജീവമായി ഇടപെട്ടു. ദീര്‍ഘകാലം കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് അംഗവുമായിരുന്നു. 1950ല്‍ 16-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 26 വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ച് 1982ല്‍ വടക്കുമ്പാട് ഹൈസ്കൂളില്‍നിന്ന് സ്വമേധയാ വിരമിച്ചു. അതേവര്‍ഷം പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായി. കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മലബാര്‍ ഐക്യവിദ്യാര്‍ഥി സംഘടനയുടെ ആദ്യ ജോയിന്റ് സെക്രട്ടറിയായിരുന്ന മാഷ്  കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്നു. മലബാര്‍ ദേവസ്വത്തിനു കീഴില്‍ ജീവനക്കാരെ സംഘടിപ്പിച്ച് ട്രേഡ് യൂണിയന്‍ രൂപീകരിച്ചത് മാഷുടെ നേതൃത്വത്തിലാണ്. മൂന്നുതവണ പേരാമ്പ്രയില്‍നിന്ന് നിയമസഭാംഗമായി. 1980-82ല്‍ സിപിഐ എം നിയമസഭാ വിപ്പായിരുന്നു. 

മാര്‍ക്സിയന്‍ ദര്‍ശനത്തില്‍ ആഴത്തില്‍ അറിവുനേടിയ അദ്ദേഹം രാഷ്ട്രീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുകയും അതില്‍നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്തു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അറുപതുകളുടെ ആദ്യപകുതിയിലും പിന്നീടും നടന്ന ആശയസമരത്തില്‍ തിരുത്തല്‍വാദത്തിനും ഇടതുപക്ഷ വ്യതിയാനത്തിനും എതിരെ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പിളര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് സിപിഐ എമ്മിനൊപ്പം നിന്നു. ആ ഘട്ടത്തില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജില്ലാ കൌണ്‍സില്‍ അംഗമായിരുന്നു. വര്‍ഗസഹകരണ പ്രവണതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച്, ഇടതുവലത് വ്യതിയാനങ്ങള്‍ക്കെതിരെ സൈദ്ധാന്തിക ജാഗ്രത നിലനിര്‍ത്താന്‍ മാഷ് നല്ല രീതിയില്‍ ഇടപെട്ടു.

സിപിഐ എം രൂപീകരണത്തിന്റെ 50-ാം വാര്‍ഷികത്തിനിടയില്‍ ഉയര്‍ന്ന ചില വിവാദങ്ങളില്‍ ഇടപെട്ട് 1964ലെ പിളര്‍പ്പിനെ ദുരന്തമായി കാണുന്നവര്‍ക്ക് മാഷ് യുക്തിസഹമായ മറുപടി നല്‍കി. പിളര്‍പ്പിലേക്ക് നയിച്ച രാഷ്ട്രീയ- പ്രത്യയശാസ്ത്രകാര്യങ്ങളെക്കുറിച്ച് അജ്ഞത സൃഷ്ടിച്ച് ഐക്യം സാധ്യമാകുമോ എന്ന ചോദ്യം മാഷ് ഉന്നയിച്ചു. വലതുപക്ഷ അവസരവാദത്തിനെതിരെ ഉയര്‍ന്ന വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളുടെ മുന്‍പന്തിയില്‍ത്തന്നെ നിലയുറപ്പിച്ചു. രാഷ്ട്രീയ സൈദ്ധാന്തികരംഗത്തെ ഇടപെടലുകളിലൂടെ മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് രാഷ്ട്രീയത്തിന്റെയും സംഘടനയുടെയും പ്രസക്തി സാധാരണക്കാരിലെത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന അതുല്യമാണ്. ഇടതുപക്ഷ തീവ്രവാദക്കാരുയര്‍ത്തിയ വ്യക്തി ഉന്മൂലന സിദ്ധാന്തത്തെയും അരാജകപ്രവര്‍ത്തനങ്ങളെയും മാഷ് തുറന്നുകാട്ടി. വലത്- ഇടത് നയവ്യതിയാനങ്ങള്‍ക്കും വിഭാഗീയതയ്ക്കുമെതിരെ കേരളത്തിലെ പ്രസ്ഥാനത്തിനകത്ത് നടന്ന ആശയസമരത്തില്‍ അദ്ദേഹം എന്നും സുപ്രധാന പങ്കുവഹിച്ചു. യുഡിഎഫ് ഭരണകാലത്ത് ഒഞ്ചിയത്തുണ്ടായ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ പാര്‍ടി നേതാക്കളെ വേട്ടയാടാനും കള്ളക്കേസില്‍ കുടുക്കാനും ഗവണ്‍മെന്റ് ശ്രമിച്ചു. അന്ന് പാര്‍ടിക്കെതിരെ രാഷ്ട്രീയവും ശാരീരികവുമായ കടുത്ത ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. ഈ ആക്രമണങ്ങളെ നേരിടാന്‍  ആശയപരമായും സംഘടനാപരമായും  മൂര്‍ത്തിമാഷ് നേതൃത്വം നല്‍കിയത് ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മഹാരഥന്മാരായ നേതാക്കളെയെല്ലാം മാഷ് പരിഭാഷപ്പെടുത്തിയത് ഗൌരവമേറിയ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന നിലയ്ക്കുതന്നെയാണ്. ഒരധ്യാപകന്റെ പാടവം പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിലും മാഷ് പ്രകടിപ്പിച്ചു. തീര്‍ത്തും ലളിതവും എന്നാല്‍ ആശയങ്ങളോ വസ്തുതകളോ കണക്കുകളോ വിട്ടുപോകാത്തതുമായിരുന്നു ആ പരിഭാഷ. പാര്‍ടി കോണ്‍ഗ്രസുകളിലെയും സമ്മേളനങ്ങളിലെയും ചര്‍ച്ചകളില്‍ കേരളത്തില്‍നിന്നുള്ള പ്രതിനിധികളില്‍ മികച്ച സംഭാവന നല്‍കിയവരില്‍ പ്രധാന സ്ഥാനമുണ്ട് അദ്ദേഹത്തിന്. സിപിഐ എം കേന്ദ്ര പാര്‍ടി സ്കൂളിന്റെ ഭാഗമായ അദ്ദേഹം അതിഗഹനമായ വിഷയങ്ങള്‍പോലും ലളിതമായി പ്രതിപാദിച്ചു. മാര്‍ക്സിയന്‍ ദര്‍ശനമായാലും സാര്‍വദേശീയ- ദേശീയപ്രശ്നങ്ങളെ അടിസ്ഥാനമാക്കിയ റിപ്പോര്‍ട്ടിങ്ങായാലും വിവിധ വിഷയങ്ങളില്‍ പാര്‍ടി സ്വീകരിക്കുന്ന നിലപാടും നയവുമായാലും സുവ്യക്തമായി അവതരിപ്പിക്കുന്ന പ്രത്യേക ശൈലിക്ക് ഉടമയായിരുന്നു മാഷ്. കേരളീയമനസ്സിനെ ഇടതുപക്ഷത്തേക്ക് നയിക്കുന്നതില്‍ അതുല്യ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. സംശയങ്ങള്‍ നീക്കാനുള്ള നല്ല വഴി നിരന്തരമായ പാര്‍ടി-വര്‍ഗബഹുജനസംഘടനാ പ്രവര്‍ത്തനമാണെന്ന് മാഷ് ഉറച്ചുവിശ്വസിച്ചു. സൈദ്ധാന്തിക സംശയങ്ങള്‍ പ്രായോഗികപ്രവര്‍ത്തനത്തിലൂടെ പരിഹരിക്കുക എന്നത് അദ്ദേഹം ഓര്‍മിപ്പിച്ചു. എളിയ ജീവിതവും സത്യസന്ധതയുമായിരുന്നു മാഷിന്റെ കൈമുതല്‍. പാര്‍ടിനയവും ആശയങ്ങളും മുറുകെപ്പിടിക്കുന്നതില്‍ ബദ്ധശ്രദ്ധനായി. തെറ്റ് കണ്ടാല്‍ തിരുത്തുന്നതില്‍ ശ്രദ്ധ പുലര്‍ത്തി.

ചില പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിച്ച് മാധ്യമ സിന്‍ഡിക്കറ്റും ബൂര്‍ഷ്വാ ബുദ്ധിജീവികളും വലതുപക്ഷ രാഷ്ട്രീയക്കാരും പാര്‍ടിയെയും നേതാക്കളെയും കടന്നാക്രമിച്ച കാലത്ത്് മൂര്‍ത്തിമാഷിലെ ശക്തനായ പോരാളിയെ കേരളം കണ്ടു. ഈ സിപിഐ എം വിരുദ്ധ കൂട്ടുകെട്ടിന്റെ വിഷലിപ്ത പ്രചാരണം തുറന്നുകാട്ടിയ മാഷ് അവര്‍ക്കുനേരെ ചോദ്യശരങ്ങളുയര്‍ത്തി. തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനെതിരെ പൊതുസമൂഹത്തില്‍ ഉയര്‍ന്ന സംശയങ്ങളും പാര്‍ടിയെ സ്നേഹിക്കുന്നവരുടെ അവ്യക്തതകളും നീക്കുന്നതില്‍ ദേശാഭിമാനിയിലൂടെയുള്ള അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുകള്‍ വലിയ പങ്കാണ് വഹിച്ചത്. പാര്‍ടിയെ പിടിച്ചുലയ്ക്കാന്‍ പോകുന്നു എന്നുവരെ പ്രചരിപ്പിക്കപ്പെട്ട ദുഷ്പ്രവണതകള്‍ നുള്ളിക്കളയുന്നതിന് എന്നും ഓര്‍ക്കുന്ന  പ്രത്യയശാസ്ത്ര പോരാട്ടമാണ് മാഷ് നടത്തിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അച്ചടക്കം പരമപ്രധാനമാണെന്നു കണ്ട അദ്ദേഹം അതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു.

മാധ്യമരംഗത്തെ അനഭിലഷണീയപ്രവണതകളും കമ്യൂണിസ്റ്റ് വിരുദ്ധതയും സംഘപരിവാര്‍ പക്ഷപാതിത്വവുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സന്ദര്‍ഭമാണിത്. ഹൈന്ദവവര്‍ഗീയത ആളിക്കത്തിച്ച് സംഘപരിവാര്‍ രാജ്യത്താകെ നടത്തുന്ന അതിക്രമങ്ങള്‍ തുറന്നുകാട്ടുന്നതില്‍ മാധ്യമലോകം എന്തു ചെയ്യുന്നുവെന്ന് പരിശോധിക്കപ്പെടേണ്ട ഘട്ടം അതിക്രമിച്ചു. ദേശീയതലത്തില്‍ സംഘപരിവാറിനെതിരെ ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ക്ക് നിമിഷനേരത്തെ ആയുസ്സുമാത്രം ഉണ്ടാകുന്നത് എന്തുകൊണ്ടെന്ന് വിലയിരുത്തപ്പെടണം. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സ്വത്തിലുണ്ടായ അത്ഭുതകരമായ വളര്‍ച്ച രാജ്യസഭാ നാമനിര്‍ദേശപത്രികയ്ക്കൊപ്പം അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നതാണ്. അത് വാര്‍ത്തയാക്കിയ ചില ദേശീയമാധ്യമങ്ങളില്‍നിന്ന്  നിമിഷങ്ങള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമായി. യാഥാര്‍ഥ്യം മൂടിവയ്ക്കുകയും കള്ളം പ്രചരിപ്പിക്കുകയും ചെയ്യുന്ന  ഭരണവര്‍ഗപക്ഷപാതികളായ മാധ്യമങ്ങളുടെ തൊഴിലാളിവര്‍ഗവിരുദ്ധതയ്ക്ക് തെളിവാണിത്. കേരളത്തില്‍ സിപിഐ എമ്മിനും പാര്‍ടി നേതാക്കള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ നിരന്തരമായ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണ് ചില മാധ്യമങ്ങള്‍. ഓരോ കള്ളക്കഥയും പൊളിയുമ്പോള്‍ തെല്ലും ജാള്യമില്ലാതെ അവര്‍ പുതിയ കഥകള്‍ സൃഷ്ടിക്കുന്നു. തെറ്റിദ്ധാരണ വിതയ്ക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാശിക്കുന്ന യുഡിഎഫും ബിജെപിയും ഈ കള്ളക്കഥകളാണ് ഊര്‍ജമാക്കുന്നത്. ഇതിന്റെ പുകമറയില്‍ നിയമസഭാസമ്മേളനം തടസ്സപ്പെടുത്താന്‍വരെ പ്രതിപക്ഷം ശ്രമിച്ചു.

മാധ്യമങ്ങളുടെ പ്രവൃത്തി പരിധിവിട്ടെന്ന് കഴിഞ്ഞദിവസം ഹൈക്കോടതിക്കുപോലും ചൂണ്ടിക്കാണിക്കേണ്ടിവന്നു. ബാലാവകാശ കമീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണത്. സര്‍ക്കാരിനെതിരെ കോടതി പറയാത്ത കാര്യങ്ങള്‍ ചാനലുകളില്‍ ചര്‍ച്ചാപരമ്പരയും മാധ്യമങ്ങളില്‍ വാര്‍ത്തകളുമായി വന്നതിനെക്കുറിച്ചാണ്് കോടതി ഇങ്ങനെ പറഞ്ഞത്. എന്നാല്‍, എവിടെ നിന്നും ക്ഷമാശബ്ദം ഉയര്‍ന്നില്ല. ലാവ്ലിന്‍ കേസില്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച കള്ളക്കഥകളുടെ എണ്ണം കുറച്ചൊന്നുമല്ല. ഏറ്റവുമൊടുവില്‍ ഹൈക്കോടതി ഈ കേസിനു പിന്നിലെ നികൃഷ്ടമായ വന്‍ ഗൂഢാലോചന തുറന്നുകാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ മാന്ത്രികവലയില്‍ കുരുക്കി വേട്ടയാടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കേസിലെ വിധിയോടെ സംസ്ഥാന സര്‍ക്കാര്‍ വീഴുമോ എന്നറിയാനാണ് മാധ്യമങ്ങളുള്‍പ്പെടെ പലരും ജിജ്ഞാസയോടെ കാത്തിരുന്നതെന്ന് ഹൈക്കോടതി പരാമര്‍ശിക്കുകവരെ ചെയ്തു. എന്നിട്ടും കള്ളക്കഥകളുമായി രണ്ടു ദശാബ്ദം അരങ്ങുവാണ ഒരു മാധ്യമവും തങ്ങള്‍ ചെയ്തുകൂട്ടിയ മഹാപരാധങ്ങള്‍ ഏറ്റുപറഞ്ഞതായി കണ്ടില്ല. പാര്‍ടിക്കും നേതാക്കള്‍ക്കുമെതിരെ നുണക്കഥകളുണ്ടാക്കി തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം കണ്ടറിയുകയും അത് പ്രതിരോധിക്കുകയും ചെറുത്തുതോല്‍പ്പിക്കുകയും ചെയ്ത മൂര്‍ത്തിമാഷിന്റെ മാതൃക ഈ വേളയില്‍ സ്മരണീയമാണ്. ഇത്തരം കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ- ജനവിരുദ്ധ നയങ്ങളെ ചെറുക്കാനും ദേശാഭിമാനിയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനായി പ്രതിജ്ഞയെടുക്കുകയാണ് മാഷിന്റെ ഓര്‍മപുതുക്കാനുള്ള ഉചിതമായ മാര്‍ഗം. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെല്ലാം എക്കാലവും മാതൃകയാക്കാവുന്ന ഉജ്വല വിപ്ളവകാരിയായ മാഷ് പരിചയപ്പെട്ടവരിലെല്ലാം സവിശേഷമായ മുദ്രകള്‍ അവശേഷിപ്പിച്ചു. കരുത്തില്‍ കുരുത്ത ആ സൌമ്യസാന്നിധ്യം എന്നും ആവേശമായി തുടരുകതന്നെ ചെയ്യും

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top