22 May Tuesday

എച്ച് വൺ ബി വിസയും ട്രംപിന്റെ കുടിയേറ്റ നയവും

അനുപമ വെങ്കിടേഷ്Updated: Monday Feb 13, 2017

ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ എങ്ങനെയൊക്കെയാവും ഇന്ത്യയുടെ ഐ ടി മേഖലയെ ബാധിയ്ക്കുക. അമേരിക്കയില്‍ നിന്ന് അനുപമ വെങ്കിടേഷ് എഴുതുന്നു.

ന്ത്യയിലെ ഐടി വ്യവസായം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന ആശങ്ക അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ശക്തമാവുകയാണ്.  ട്രംപ് ഒന്നിനു പിറകേ ഒന്നായി ഒപ്പുവെക്കുന്ന എക്സിക്യൂട്ടീവ് ഓര്‍ഡറുകളുകളെ ഔട്ട് സോഴ്സിങ്ങ് ഭീമന്മാരൊക്കെ ഉറ്റു നോക്കുകയാണ്. പതിനായിരക്കണക്കിന് പ്രവാസി ഐടി പ്രൊഫഷനലുകള്‍ ജോലി പോകുമെന്ന ഭയത്തിലും രാജ്യം വിടേണ്ടി വരുമെന്ന ആശങ്കയിലും ട്രംപിന്റെ വിധി കാത്ത് കഴിയുകയാണ്. ഒരു വശത്ത് ട്രംപിന്റെ വരാനിരിക്കുന്ന എക്സിക്യൂട്ടീവ് ഓഡര്‍, മറുവശത്ത് എച്ച് വണ്‍ ബി അടക്കമുള്ള വിസകളുടെ നിബന്ധനകള്‍ മാറ്റണമെന്നും കര്‍ക്കശമാക്കണമെന്നും വ്യവസ്ഥ ചെയ്യുന്ന മൂന്നു ബില്ലുകള്‍ ഇതിലൊന്നു പോലും ഇന്ത്യയിലെ ഐടി മേഖലക്ക് നല്ല വാര്‍ത്തകളല്ല സമ്മാനിക്കുന്നത്.

എന്താണ് എച്ച് വണ്‍ ബി ?

ശാസ്ത്രം, സാങ്കേതികം, എഞ്ചിനീയറിങ്ങ്, ഗണിത മേഖലകളിലെ വിദഗ്ദരുടെ കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക അനുവദിച്ച വിസയാണ് എച്ച് വണ്‍ ബി. ശാസ്ത്രസാങ്കേതിക വിദ്യയില്‍ ഉന്നത പരിശീലനം നേടിയ വ്യക്തികള്‍ക്ക്  നല്‍കുന്ന പ്രത്യേക വിസയാണ് ഇത്. ഇന്ത്യയിലെ മിക്ക ഐടി സ്ഥാപനങ്ങളും അമേരിക്കയിലേക്ക് തൊഴിലാളികളെ അയക്കാനായി പ്രധാനമായി ഈ വിസയെയാണ് ആശ്രയിക്കുന്നത്. എല്ലാ  രാജ്യങ്ങളില്‍ നിന്നുമായി പ്രതി വര്‍ഷം അറുപത്തി അയ്യായിരം എച്ച് വണ്‍ ബി വിസകളാണ് ലോട്ടറി രീതിയിലൂടെ പതിച്ചു നല്‍കുന്നത്. ഇതു കൂടാതെ അമേരിക്കയില്‍ ബിരുദാനന്തര ബിരുദം പഠിക്കാനെത്തുന്ന ഇരുപതിനായിരം പേര്‍ക്കും ഈ വിസ ലഭിക്കുന്നുണ്ട്.

പ്രശ്നം തുടങ്ങുന്നത് എവിടെ?
എച്ച് വണ്‍ ബി വിസയെ രാജ്യത്തിനുകത്തും പുറത്തുമുള്ള സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഒരു പരിധി വരെ അതു ശരിയുമാണ്.  ഉയര്‍ന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവും നിര്‍ബന്ധമാണെന്നിരിക്കേ എന്‍ട്രി ലെവല്‍ ജോലിക്കും ശന്പളത്തിനുമാണ് പല സര്‍വീസ് കന്പനികളും തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്നത്. കുറഞ്ഞ ശന്പളത്തിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷനലുകള്‍ ജോലിക്കായി രംഗത്ത് എത്തുന്പോള്‍ താരതമ്യേന മികച്ച ശന്പളം പറ്റുന്ന  അമേരിക്കന്‍ പ്രൊഫഷനലുകള്‍ക്ക് ജോലിയില്ലാതാകുന്നു എന്നതാണ് പ്രധാന ആക്ഷേപം. എച്ച് വണ്‍ ബിയുടെ ഏറിയ പങ്കും ഇന്ത്യക്കാരാണ് ഉപയോഗപ്പെടുത്തുന്നത്.

രണ്ടായിരത്തി പതിനാലില്‍ കുടിയേറ്റ വകുപ്പ് ഇറക്കിയ കണക്ക് പ്രകാരം അറുപത്തിയഞ്ചു ശതമാനം എച്ച് വണ്‍ ബി വിസയും ഇന്ത്യയിലെ കംപ്യൂട്ടര്‍ പ്രൊഫഷനലുകള്‍ക്കാണ്  ലഭിച്ചത്.. ഏറ്റവും പുതിയ കണക്കനുസരിച്ച് എഴുപത് ശതമാനം എച്ച് വണ്‍ ബി വിസകളും ഇന്ത്യന്‍ ടെക്കികള്‍ നേടുന്നു. ചുരുക്കി പറഞ്ഞാല്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ എച്ച് വണ്‍ ബി വിസയില്‍ അമേരിക്കയിലേക്ക് വന്ന് തൊഴില്‍ ചെയ്ത് ജീവിക്കുന്നുണ്ട്. എല്‍ വണ്‍, ബി വണ്‍ തുടങ്ങിയ വിസകളുപയോഗിച്ചും ഇന്ത്യക്കാര്‍ ഐടി ജോലികളുമായി ബന്ധപ്പെട്ട് അമേരിക്കയിലെത്തുന്നുണ്ടെങ്കിലും അവയുടെ കര്‍ശന വ്യവസ്ഥകള്‍  മൂലം അതിനുള്ള അപേക്ഷകളുടെ എണ്ണം തന്നെ കുറവാണ്. മാത്രമല്ല, ബിസിനസ്  വിസയായ ബി വണ്ണിനെ ചില ഐടി സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന കേസിനെ തുടര്‍ന്ന് പരിശോധനകളും കര്‍ശനമാണ്. ചുരുങ്ങിയ കാലയളവിലേക്കാണ് ഈ വിസകള്‍ അനുവദിച്ചു കിട്ടുന്നതും.  അതാണ് എച്ച് വണ്‍ബിയുടെ അപേക്ഷകള്‍ കുമിഞ്ഞു കൂടാന്‍ കാരണം.   സര്‍വീസ് സ്ഥാപനങ്ങള്‍ കുറഞ്ഞ ശന്പളം വാഗ്ദാനം ചെയ്ത് എച്ച് വണ്‍ ബി നല്‍കി വ്യക്തികളെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് ഉയര്‍ന്ന ബില്ലിംഗ് റേറ്റില്‍ അമേരിക്കന്‍ കന്പനികളില്‍ കരാറടിസ്ഥാനത്തില്‍ ജോലി നല്‍കും. അപ്പോഴും തൊഴിലാളിക്ക് കിട്ടുന്നത് താണ ശന്പളമായിരിക്കും. ഇതാണ് ഇന്ത്യയിലെ പല പ്രമുഖ ഐടി  സ്ഥാപനങ്ങളുടേയും ഒരു പ്രധാന ബിസിനസ് രീതി. രണ്ടായിരത്തി പതിനാലിലെ കണക്കനുസരിച്ച് ആകെയുള്ള എണ്‍പത്തി അയ്യായിരത്തില്‍ മൂന്നിലൊന്ന് എച്ച് വണ്‍ ബിയും പതിമൂന്ന് വന്പന്‍ ഐടി സ്ഥാപനങ്ങള്‍ പങ്കിട്ടു.  ആപ്ലിക്കേഷനുകളുടെ  പെരുമഴ പെയ്യിച്ച് നേടുന്ന ഈ വിസകള്‍ അമേരിക്കയിലെ ചെറു സ്ഥാപനങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടാണെന്നാണ് പ്രധാന ആക്ഷേപം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക്ക്  ആദ്യ പരിഗണന എന്ന രീതിയായതു കൊണ്ട് ആദ്യ ദിവസം തന്നെ ആയിരക്കണക്കിന്  അപേക്ഷകള്‍ ടിസിഎസ്, ഇന്‍ഫോസിസ്, കോഗ്നിസന്റ് തുടങ്ങിയ വലിയ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്നു. അങ്ങനെ എഴുപത് ശതമാനത്തോളം എച്ച് വണ്‍ ബി വിസ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നു.എച്ച് വണ്‍ ബി അടക്കമുള്ള തൊഴില്‍ വിസകളുടെ നിബന്ധനകളില്‍ മാറ്റം വരുത്തണം എന്നു വ്യവസ്ഥ ചെയ്യുന്ന  മൂന്ന് ബില്ലുകളാണ് അമേരിക്കയിലെ ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ കോണ്‍ഗ്രസിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.  ബില്ലുകള്‍ കോണ്‍ഗ്രസിന്റെ പരിഗണനക്ക് എത്തുന്പോള്‍ പുതിയ സര്‍ക്കാരിന്റെ  നിലപാടും ഇതു പാസാകുന്നതിനെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. എച്ച് വണ്‍ ബിയുടെ എണ്ണം പരിമിതപ്പെടുത്തണം, കുറഞ്ഞ ശന്പളം ഒരു ലക്ഷത്തി മുപ്പതിനായിരം ഡോളറെങ്കിലും ആക്കി നിജപ്പെടുത്തണം, എച്ച് വണ്‍ ബിക്ക് അപേക്ഷിക്കണമെങ്കില്‍ കുറഞ്ഞത് ബിരുദാനന്തര ബിരുദം വേണം എന്നതടക്കമുള്ള വ്യവസ്ഥകള്‍ ഈ കരടു ലജിസ്ലേഷനിലുണ്ട്. ഇവിടെയാണ് ഇന്ത്യന്‍ ഐടി മേഖലക്ക് തിരിച്ചടിയുണ്ടാവുക. നിലവില്‍ അറുപതിനായിരം ഡോളറാണ് കുറഞ്ഞ ശന്പളം എന്നതിനാല്‍ ഇന്ത്യന്‍ കന്പനികള്‍ക്ക് തൊഴിലാളികളെ വിസയെടുത്ത് അമേരിക്കയിലേക്ക് അയക്കുന്നതിനോ അമേരിക്കന്‍ കന്പവനികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനോ വലിയ പ്രയാസമുണ്ടായിരുന്നില്ല. അത് ഒരു ലക്ഷത്തി മുപ്പതിനായിരമാകുന്നതോടെ ഈ രീതി തന്നെ സ്ഥാപനങ്ങള്‍ പുന പരിശോധിക്കും.. ഇന്ത്യന്‍ പ്രൊഫഷനലുകള്‍ അറുപത് മുതല്‍ എഴുപതിനായിരം ഡോളര്‍ ശന്പളം വാങ്ങുന്നുവെങ്കില്‍ അമേരിക്കക്കാര്‍ അതേ ജോലിക്ക് എണ്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഡോളര്‍ വാങ്ങുന്നുവെന്നാണ് കണക്ക്.   ബില്‍ പാസായാല്‍ അമേരിക്കക്കാരിലും അധികം ശന്പളം പുറത്തു നിന്നു വരുന്ന പ്രൊഫഷനലുകള്‍ക്ക് കൊടുക്കണം എന്നതാകും വ്യവസ്ഥ. അതോടെ ഇന്ത്യയിലെ ഐടി കന്പനികള്‍ക്ക് ഓണ്‍സൈറ്റ് രീതി ലാഭകരമല്ലാതാകും.  നിലവിലെ എച്ച് വണ്‍ ബി പ്രൊഫഷനലുകള്‍ക്ക് നാട്ടിലേക്ക് തിരിച്ച് പോകേണ്ടതായും വരുമെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.  ഐടി വമ്പന്മാരുടെ പകുതിയിലേറെ വിദേശ പ്രൊഫഷനലുകള്‍ എച്ച് വണ്‍ ബിയിലാണ് അമേരിക്കയിലേക്ക് എത്തിയത്. അതുകൊണ്ടാണ് പുതിയ ബില്ലുകളുടേയും ട്രംപിന്റെ എക്സിക്യൂട്ടിവ് ഓഡറിന്റെ കരട് ചോര്‍ന്നതിന്റേയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഐടി സ്റ്റോക്കുകള്‍ വീണത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളവും അമേരിക്കന്‍ വോട്ടര്‍മാരുമായി ഉണ്ടാക്കിയ കരാറിലും പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ നടത്തിയ പ്രസംഗത്തിലും അമേരിക്കക്കാരന് തൊഴില്‍ , അമേരിക്ക ആദ്യം എന്ന മുദ്രാവാക്യം  എടുത്തു പറഞ്ഞിരുന്ന ഡോണാള്‍ഡ് ട്രംപ് അധികാരത്തിലെത്തി ആദ്യ ദിവസങ്ങളില്‍ തന്നെ അതിനുള്ള നടപടിയെടുക്കാനൊരുങ്ങുകയാണ്. അതു കൊണ്ട് എച്ച് വണ്‍ ബി എന്ന വിസയിലേക്ക് ട്രംപിന്റെ ശ്രദ്ധ എത്രയും പെട്ടന്ന് തിരിയുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.    ഇതുവരെ കുടിയേറ്റ നിയമങ്ങളുടെ ബലഹീനത ഉപയോഗിച്ചു നടത്തിയ തൊഴില്‍ ചൂഷണം ഇനി അനുവദിക്കില്ലെന്ന് ട്രംപ് പല ഘട്ടങ്ങളിലും പറഞ്ഞിട്ടുണ്ട്.  ഡിസ്നിയടക്കമുള്ള സ്ഥാപനങ്ങള്‍ നാനൂറിലധികം അമേരിക്കന്‍ തൊഴിലാളികളെ പിരിച്ചുവിട്ട് ടിസിഎസിനും ഇന്‍ഫോസിസിനും കരാര്‍ നല്‍കി ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ ജോലിക്കെടുത്തുവെന്നത് വലിയ വിവാദമാണ് തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാക്കിയത്. പിരിച്ചുവിട്ട തൊഴിലാളികളോട് പുതുതായി വന്നവര്‍ക്ക് ട്രെയിനിങ്ങ് നല്‍കാന്‍ നിര്‍ബന്ധിച്ചതും ചര്‍ച്ചയായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ റിപ്പബ്ലിക്കന്‍ ക്യാംപെയിന്‍ എച്ച് വണ്‍ ബിയെക്കുറിച്ച് ഗൌരവമായ ചര്‍ച്ചകളും നടത്തുകയുണ്ടായി.സ്റ്റെം (സയന്‍സ് ടെക്നോളജി എന്‍ജിനീയറിങ്ങ് മാത്തമാറ്റിക്സ് ) മേഖലകളില്‍ അമേരിക്കക്കാരുടെ കുറവുണ്ടെന്ന എച്ച് വണ്‍ ബിയുടെ അടിസ്ഥാന സങ്കല്‍പം തന്നെ തട്ടിപ്പാണെന്നു കരുതുന്നവരും ട്രംപ് ക്യാംപിലുണ്ട്. എച്ച് വണ്‍ ബി അടക്കമുള്ള കുടിയേറ്റ വിഷയങ്ങളിലെ തീരുമാനം എടുക്കുന്ന പാതയിലാണ് സര്‍ക്കാരെന്ന്  ട്രംപിന്റെ പ്രസ് സെക്രട്ടറി ഷോണ്‍ സ്പൈസറാണ് വ്യക്തമാക്കിയത്. ഇതിനിടെയാണ് കുടിയേറ്റവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടിവ് ഓഡറിന്റെ കരട് ചോര്‍ന്നത്. ചോര്‍ന്ന രേഖയില്‍ എച്ച് വണ്‍ ബിയെക്കുറിച്ച് പരാമര്‍ശമില്ലെങ്കിലും എല്‍ വണ്‍ വിസയുടെ പരിശോധന ശക്തമാക്കുന്നതിനെക്കുറിച്ച് ട്രംപ് സൂചിപ്പിക്കുന്നുണ്ട്.   ഇതര രാജ്യങ്ങളില്‍  നിന്ന് സ്ഥലമാറ്റം നേടി സ്വന്തം സ്ഥാപനത്തിന്റെ  അമേരിക്കയിലെ ഓഫീസിലേക്ക് വരുന്നവരാണ് എല്‍ വണ്‍  വിസ ഉപയോഗിക്കുന്നത്. വിസ അപേക്ഷയില്‍ പറഞ്ഞ ഓഫീസില്‍ തന്നെ ഇവര്‍ ജോലി ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കുന്നത് കര്‍ശനമാക്കാനുള്ള നടപടിക്കാണ് ട്രംപ് ഒരുങ്ങുന്നത്.

പുതിയ വിസ നിബന്ധനകള്‍ ശരിയായ നടപടിയാകുമോ?

യഥാര്‍ഥത്തില്‍ എച്ച് വണ്‍ബി വിസ നല്‍കേണ്ടത് വിദഗ്ദരായ വിദേശ പ്രൊഫഷനലുകള്‍ക്കാണ്. കൂടുന്ന ഡിമാന്റിനനുസരിച്ച്  ശാസ്ത്ര സാങ്കേതിക മേഖലയില്‍ പ്രാവീണ്യം നേടിയവരെ ആഭ്യന്തരമായി ലഭിക്കില്ല എന്നതുകൊണ്ട് പുറമേ നിന്നു കൊണ്ടു വരിക എന്നതാണ് സങ്കല്‍പം. അങ്ങനെയാണെങ്കില്‍ അവര്‍ എല്ലാ അര്‍ഥത്തിലും ഹൈ സ്കില്‍ ഉള്ളവരായിരിക്കണം എന്നതാണ് എച്ച് വണ്‍ ബിയുടെ അടിസ്ഥാന തത്വം. അങ്ങനെ വരുന്നവര്‍ ഉയര്‍ന്ന ശന്പളം അര്‍ഹിക്കുന്നുമുണ്ട്. കുറഞ്ഞ ശന്പളത്തിന് സാധാരണ ഐടി ജോലികളിലേക്ക് എച്ച് വണ്‍ ബി വിസയുള്ളവര്‍ വന്നാല്‍ അത് തിരിച്ചടിയാകുന്നത് അമേരിക്കക്കാരുടെ ജോലി സാധ്യതക്കാണെന്നാണ് വാദം. അങ്ങനെ നോക്കിയാല്‍ ട്രംപിന്റെ നീക്കവും ബില്ലിലെ വ്യവസ്ഥയും ന്യായീകരിക്കാവുന്നതാണ്. എന്നാല്‍ അമേരിക്കയിലെ ഐടി മേഖലയുടെ വ്യാപ്തിയും ഡിമാന്റും കണക്കിലെടുക്കുന്പോള്‍ ഐടി രംഗത്തിനു വേണ്ടത്ര  മനുഷ്യ വിഭവശേഷി രാജ്യത്ത് ഇല്ലെന്നു വാദിക്കുന്നവരുമുണ്ട്. അവിടെയാണ് അന്യ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷനലുകള്‍ക്ക് ഒരു ലക്ഷത്തി മുപ്പതിനായിം ഡോളറെങ്കിലും ശന്പളം കൊടുക്കണമെന്ന വ്യവസ്ഥ അമേരിക്കന്‍ കന്പനികളെ സംബന്ധിച്ചും തിരിച്ചടിയാവുക.

ഐടി ഓഫ് ഷോറിങ്ങ് വ്യവസായത്തെ പൂര്‍ണമായും ട്രംപ് കൈവെക്കുമോ?

കരാറടിസ്ഥാനത്തില്‍ ചില ജോലികള്‍ രാജ്യത്തിനു പുറത്തും അകത്തുമുള്ള സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നതാണ്  ഔട്ട് സോഴ്സിങ്ങ് എങ്കില്‍ ജോലികള്‍ പൂര്‍ണമായും പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതാണ് ഓഫ് ഷോറിങ്ങ്. അമേരിക്കയിലെ പല രാഷ്ട്രീയ നേതാക്കളും പുറമേക്കെങ്കിലും എതിര്‍ക്കുന്ന മോഡലാണിത്. അമേരിക്കക്കാരന് പ്രതിവര്‍ഷം അറുപതിനായിം മുതല്‍ എണ്‍പതിനായിരം വരെ ഡോളര്‍ കൊടുക്കേണ്ടിടത്ത് പതിനഞ്ചു മുതല്‍ ഇരുപതിനായിരം  ഡോളറിന് ഓഫ് ഷോറിങ്ങിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ തൊഴിലാളികളെ കിട്ടും. ഇതിലൂടെ വന്‍ സാന്പത്തിക ലാഭമാണ് സ്ഥാപനങ്ങള്‍ നേടുന്നത്. എച്ച് വണ്‍ ബി വിസയിലൂടെ പതിനായിരക്കണക്കിന്  സാങ്കേതിക വിദഗ്ധര്‍  അമേരിക്കയിലെ തൊഴില്‍മേഖലയിലേക്ക് എത്തിയെന്നത്  ശരിയാണ്.ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ നിലനില്‍പ്  എച്ച് വണ്‍ ബി യില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.    അവിടെയാണ് ട്രംപ് സര്‍ക്കാരിന്റെ നടപടി നിര്‍ണായകമാവുക.  അമേരിക്കയിലെ തൊഴിലില്ലായ്മ അവസാനിപ്പിക്കാന്‍ ഔട്ട് സോഴ്സിങ്ങിന്  കടിഞ്ഞാണിട്ടാല്‍ മതിയെന്ന അഭിപ്രായം ട്രംപിനെ പിന്തുണക്കുന്നവര്‍ക്കുണ്ട്. ഒശൃല അമേരിക്കന്‍സ് എന്ന മുദ്രാവാക്യം തന്നെ ട്രംപ് ഉയര്‍ത്തിക്കാട്ടിയത് ഈ പശ്ച്താത്തലത്തിലാണ്. മാത്രമല്ല ഉത്പാദന മേഖലയില്‍ ഇതിനകം തന്നെ ഓഫ് ഷോറിങ്ങ് നിരുല്‍സാഹപ്പെടുത്താനുള്ള നടപടികള്‍ നാഫ്റ്റ, ട്രാന്‍സ് പസിഫിക് പാര്‍ട്ട്നര്‍ഷിപ്പ് എന്നീ കരാറുകളിന്മേലുള്ള നിലപാടിലൂടെ ട്രംപ് തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഐടി മേഖലയിലെക്കും ട്രംപ് ശ്രദ്ധ പതിപ്പിക്കുമോ എന്ന ചര്‍ച്ച സജീവമായിരിക്കുന്നത്. അതിനുള്ള സാധ്യത ഉണ്ടെന്നും ഇല്ലെന്നും പറയാം. അമേരിക്കക്കാരെ ജോലിക്ക് എടുക്കുക എന്ന മുദ്രാവാക്യം ട്രംപ് എത്രത്തോളം പാലിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇതിന്റെ ഭാവി. ഇത് പ്രാവര്‍ത്തികമാക്കുന്നത് അത്ര എളുപ്പമാവില്ല   . ഫോര്‍ച്യൂണ്‍ ഫൈവ് ഹണ്‍ഡ്രഡിലെയടക്കം അമേരിക്കയുടെ നെടുംതൂണുകളായി മാറിയ നൂറു കണക്കിന് ബിസിനസുകള്‍ വലിയ തോതില്‍ ഓഫ് ഷോറിങ്ങിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നുണ്ട്. കടിഞ്ഞാണ്‍ വീഴുന്നത് അവരുടെ കൂടി ലാഭത്തിനായിരിക്കുമെന്നത് ബിസിനസുകാരനായ ട്രംപിന് നന്നായറിയാം. ഈ ബിസിനസ് താല്‍പര്യങ്ങള്‍ കണക്കിലാക്കിയേ ട്രംപ് തീരുമാനങ്ങളെടുക്കൂ എന്നും കരുതുന്നവരുണ്ട്.  

ഇന്ത്യയു‌‌ടെ ആശങ്കകണക്കുകള്‍പറയുന്നതെന്ത്?
നാസ് കോമിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഔട്ട് സോഴ്സിങ്ങ് വ്യവസായം പ്രതിസന്ധിയുടെ പാതയിലാണ്. പതിനയ്യായിരം കോടി രൂപ വലിപ്പമുള്ള മേഖല ഇപ്പോള്‍ പതിനായിരം കോടിയിലേക്ക് എത്തി നില്‍ക്കുകയാണ്. നാല്‍പതു ലക്ഷം പേരാണ് നേരിട്ട് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. അമേരിക്കയാണ് ഇന്ത്യയൂടെ ഏറ്റവും വലിയ മാര്‍ക്കറ്റ്. അറുപത് ശതമാനവും ബിസിനസ് അമേരിക്കയില്‍ നിന്നാണ് വരുന്നത്. ബ്രെക്സിറ്റിന്റേയും ട്രംപിന്റെ വിജയത്തിന്റേയും പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഐടി സേവനത്തിന്റെ പ്രധാന ഉപയോക്താക്കള്‍ കൂടുതല്‍ ശക്തമായ ദേശീയ വാദം ഏറ്റു പിടിക്കുന്പോള്‍ സ്വാഭാവികമായും ഐടി ഔട്ട് സോഴ്സിങ്ങ് വളര്‍ച്ചയെ അത് നേരിട്ട് ബാധിക്കുകയാണ്. റിക്രൂട്ട്മെന്റില്‍ തന്നെ ഈ കണക്കുകള്‍ വ്യക്തമാണ്. രണ്ടായിരത്തി പതിനാറ് അവസാനം വന്ന കണക്കനുസരിച്ച് ഐടി വന്പന്മാര്‍ പതിനയ്യായിരത്തോടടുത്ത് പ്രൊഫഷണലുകളെ ജോലിക്കെടുത്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് നാല്‍പത് ശതമാനം കുറവാണ്. രണ്ടായിരത്തി പതിനേഴില്‍ ഇത് ഇരുപത് ശതമാനം കൂടി കുറയുമെന്ന് നാസ് കോം പ്രവചിക്കുന്നു. മാത്രമല്ല രണ്ടായിരത്തി പതിനേഴ് പതിനെട്ട് സാന്പത്തിക വര്‍ഷത്തില്‍ ഔട്ട് സോഴ്സിങ്ങ് വ്യവസായത്തിന്റെ വളര്‍ച്ച എട്ടു മുതല്‍ പത്തു ശതമാനം വരെയാകുമെന്ന് നാസ് കോം പ്രവചിക്കുന്നു. രണ്ടായിരത്തി പതനിനൊന്നില്‍ പതിനെട്ട് ശതമാനവും രണ്ടായിരത്തി പതിനാലില്‍ പതിനാലു ശതമാനവുമായിരുന്നു വളര്‍ച്ച. ഈ രംഗത്തെ പ്രമുഖ കണ്‍സള്‍ട്ടന്റായ ഫ്ലോറിഡ ആസ്ഥാനമായുള്ള ഹാക്കെറ്റ് പ്രവചിക്കുന്നതു പോലെ ഔട്ട് സോഴ്സിങ്ങ് വ്യവസായം തന്നെ പത്തു വര്‍ഷത്തിനകം അപ്രത്യക്ഷമായേക്കാം. സാന്പത്തികലാഭം, വിദഗ്ധരുടെ ലഭ്യത, ബിസിനസിന് അനുകൂലമായ അന്തരീക്ഷം എന്നീ മൂന്നു ക്രൈറ്റീരിയയിലും മികച്ച സ്കോര്‍ ലഭിച്ചതാണ് ഇന്ത്യയെ ഐടി ഔട്ട് സോഴ്സിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്. നിലവിലെ ലോക രാഷ്ട്രീയ സാഹചര്യത്തില്‍ ഈ മുന്നു ഘടകങ്ങളുടെ പ്രാധാന്യം കുറഞ്ഞു വരുന്നുവെന്ന് വേണം കരുതാന്‍. അനിവാര്യമായ ഒരു ഘട്ടത്തിലേക്കാണ് ഇന്നത്തെ നിലയില്‍ തുടരുന്ന ഇന്ത്യന്‍ ഐടി സര്‍വീസ് വ്യവസായം മുന്നോട്ടു പോകുന്നതെന്ന് അമേരിക്കയിലെ പല സാന്പത്തിക സ്ഥാപനങ്ങളും കരുതുന്നു.. ഓട്ടമേഷന്റേയും അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള വര്‍ധിക്കുന്ന  ഉത്പാദന ക്ഷമതയുടേയും കൂടെ നിലവില രാഷ്ട്രീയ സാഹചര്യവും കൂടിയാകുന്പോള്‍ വിദേശ സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കുമെന്ന് ഉറപ്പാണ്. അവിടെ ആദ്യം തലപോകുന്നത് ഇന്ത്യന്‍ സേവന മേഖലയുടേത് ആകാതിരിക്കണമെങ്കില്‍ പുതിയ വെല്ലുവിളിക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ സാങ്കേതിക രംഗത്ത് വരുത്തിയേ മതയാകൂ.

ഔട്ട് സോഴ്‌സിങ്ങ് വ്യവസായം ഇരുതല മൂര്‍ച്ഛയുള്ള വാളാണ്. എവിടെ തൊട്ടാലും അപകടമാകുന്ന മേഖല .ഇതില്‍ കറുപ്പോ വെള്ളയോ ഇല്ല. ഒരു തരം ഗ്രേ ഏറിയ ആണെന്നു പറയാം.  ഇതുവരെ ആരും അതില്‍ കൈവയ്ക്കാത്തതും അതുകൊണ്ടായിരിക്കാം. പക്ഷേ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണ്. അദ്ദേഹത്തിന് എല്ലാ വിഷയങ്ങളിലും കറുപ്പും വെള്ളയും മാത്രമേ ഉള്ളൂ എന്ന് ദിവസേന തെളിയിച്ചുകൊണ്ടിരിക്കുകയുമാണ്. പക്ഷേ ട്രംപ് കുശാഗ്ര ബുദ്ധിയുള്ള ബിസിനസുകാരനാണെന്നും അമേരിക്കയിലെ ഐടി തൊഴിലാളികുളുടെ ജോലിയേക്കാള്‍ ഇന്ത്യയുമായുള്ള ബിസിനസ് ബന്ധത്തിനായിരിക്കും മുന്‍തൂക്കം കൊടുക്കുകയെന്നും മോദി അനുകൂലികള്‍ കരുതുന്നു. അങ്ങനെയല്ലെങ്കിലും അമേരിക്കയുടെ ബിസിനസ് താല്‍പര്യങ്ങളെങ്കിലും അദ്ദേഹം കണക്കാക്കുമെന്നും കരുതാം. എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിവരും.

പ്രധാന വാർത്തകൾ
Top