21 July Saturday

ഇവരും ജീവിക്കട്ടെ നമുക്കൊപ്പം

ഇ സുദേഷ്Updated: Saturday Aug 12, 2017

ആണ്‍-പെണ്‍ ദ്വന്ദ്വത്തിന്റെ പരമ്പരാഗതമാതൃകകള്‍ക്കും അടയാളങ്ങള്‍ക്കും പുറത്താണ് ഒരു ട്രാന്‍സ്ജന്‍ഡറിന്റെ സ്വത്വം നിലകൊള്ളുന്നത്. ഇത്തരം ലൈംഗികാവസ്ഥകളെ ഒന്നിച്ചുവിളിക്കുന്ന പേരാണ് ട്രാന്‍സ്ജന്‍ഡേഴ്സ്. ആണ്‍ശരീരവും പെണ്‍മനസ്സുമുള്ളവര്‍ (ട്രാന്‍സ്വുമണ്‍) പെണ്‍ശരീരവും ആണ്‍മനസ്സുമുള്ളവര്‍(ട്രാന്‍സ്മാന്‍) എന്നിങ്ങനെ ഇക്കൂട്ടരെ രണ്ടായി തിരിക്കാം. വേഷം, പെരുമാറ്റം, സംസാരം, ശരീരചലനം എന്നിവയില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ വ്യവസ്ഥാപിതമായി നിര്‍ണയിക്കപ്പെട്ട ലിംഗത്തിന്റെ എതിര്‍വശത്ത് നിലകൊള്ളും. 

ഒരാണ്‍ശരീരത്തില്‍ ഒരു പെണ്‍മനസ്സോ ഒരു പെണ്‍ശരീരത്തില്‍ ഒരാണ്‍മനസ്സോ ഉണ്ടാകാനുള്ള സാധ്യതകളെ ഒരിക്കലും അനുവദിക്കാന്‍ തയ്യാറാകാത്ത സമൂഹം ഇത്തരക്കാരെ ജീവിതകാലം മുഴുവന്‍ കുറ്റവാളികളെപ്പോലെ കാണുന്നു. ഒരിക്കലും സ്വത്വം പുറത്തുകാണിക്കാന്‍ കഴിയാതെ ജന്മവൈകല്യമെന്ന തടവറയില്‍ ഒരായുസ്സ് മുഴുവന്‍ അവര്‍ തളച്ചിടപ്പെടുന്നു. ക്രോമസോമുകള്‍ക്കും ഹോര്‍മോണുകള്‍ക്കും ജനനേന്ദ്രിയങ്ങള്‍ക്കും ഉണ്ടാകുന്ന മാറ്റമാണ് ട്രാന്‍സ്ജന്‍ഡര്‍ എന്ന ലിംഗാവസ്ഥയ്ക്ക് കാരണമെന്ന് ശാസ്ത്രം വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്.

ആണ്‍, പെണ്‍ ലിംഗപദവികള്‍മാത്രമാണ് സ്വാഭാവികമെന്നും മറ്റെല്ലാം വൈകല്യമാണെന്നും ഉറച്ച് കരുതുന്ന നമ്മുടെ സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡേഴ്സ് കടുത്ത ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നു. പൊതു ഇടങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്നു. നാട്ടുകാരും ബന്ധുക്കളും അടക്കമുള്ളവര്‍ ചേര്‍ന്ന്, അങ്ങേയറ്റം അറപ്പുളവാക്കുന്ന ഒന്നാണ് തങ്ങളെന്ന തോന്നല്‍ ഇവരില്‍ ഉറപ്പിക്കുന്നു. വീട്ടുകാരും അംഗീകരിക്കാതാകുന്നതോടെ ഭൂമിക്ക് വേണ്ടാത്തവരാണെന്ന് ഇവര്‍ ചിന്തിക്കുന്നു.

കേരളത്തിലെ ട്രാന്‍സ്ജന്‍ഡേഴ്സില്‍ 60 ശതമാനത്തോളം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ്. പലരും നാടുവിടുന്നു. ട്രാന്‍സ്ജന്‍ഡേഴ്സിനായി നടത്തിയ സംസ്ഥാന സര്‍വേയില്‍ 70 ശതമാനത്തോളംപേര്‍ ആത്മഹത്യക്ക് ശ്രമിച്ചവരാണെന്ന ഞെട്ടിക്കുന്ന കണക്കുമുണ്ട്. ലൈംഗികത്തൊഴിലും ഭിക്ഷാടനവും ജീവിതമാര്‍ഗമാക്കേണ്ടി വന്ന അതിദാരുണമായ വ്യക്തിത്വവിനാശത്തിലാണ് ഇവരില്‍ വലിയൊരു വിഭാഗം.

ഭരണ-നിയമ വ്യവസ്ഥകളെല്ലാം ഈ കൊടുംപാതകത്തില്‍ കാര്യമായ പങ്കുവഹിച്ചു. മതവ്യവസ്ഥാപിത ബോധവും കൊളോണിയല്‍ ജീവിതമൂല്യങ്ങളും രൂഢമൂലമായ ഇന്ത്യന്‍ സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡറുകളോടുള്ള വിവേചനം അത്രയേറെ രൂക്ഷമാണ്. സ്വവര്‍ഗലൈംഗികത അടക്കമുള്ള ന്യൂനപക്ഷ ലൈംഗികതകളെ ക്രിമിനല്‍ കുറ്റമാക്കി വ്യാഖ്യാനിക്കുന്നതാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാംവകുപ്പ്. ക്യാനഡ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവര്‍ ട്രാന്‍സ്ജന്‍ഡേഴ്സിന്റെ അവകാശങ്ങള്‍ക്കും അംഗീകാരത്തിനും നിയമപരിരക്ഷ നല്‍കാന്‍ തയ്യാറായപ്പോള്‍ ഏറെക്കാലം നമ്മള്‍ ആ പരിസരങ്ങളിലേക്ക് തിരിഞ്ഞുനോക്കിയില്ല.

2009ല്‍ ഡല്‍ഹി ഹൈക്കോടതി ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് ഇന്ത്യന്‍ ഭരണഘടനയുടെ 14,15,21 വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്ന് വിധിച്ചു. സ്വവര്‍ഗലൈംഗികത അടക്കമുള്ള ന്യൂനപക്ഷ ലൈംഗികതകളെ ക്രിമിനല്‍കുറ്റമാക്കി വ്യാഖ്യാനിക്കുന്ന ഈ വകുപ്പ് മനുഷ്യാവകാശലംഘനമാണെന്ന ഡല്‍ഹി ഹൈക്കോടതിയുടെ കണ്ടെത്തല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച ആശ്വാസവും ഉണര്‍വും വളരെ വലുതായിരുന്നു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ സ്വകാര്യമായും ഉഭയസമ്മതപ്രകാരവും നടത്തുന്ന ലൈംഗികപ്രവൃത്തികളെ കുറ്റകൃത്യമാക്കുന്നത് നീതിയല്ലെന്ന തിരിച്ചറിവില്‍നിന്നായിരുന്നു ഈ കോടതിവിധി.

അതോടെ മാറ്റത്തിന്റെ നേര്‍ത്ത കാറ്റ് വീശിത്തുടങ്ങി. കേരളത്തിലും ഇന്ത്യയില്‍ പലയിടത്തും ലിംഗന്യൂനപക്ഷങ്ങള്‍ പ്രകടനങ്ങളും മറ്റും പതിവാക്കി. കല, സാഹിത്യ, സാംസ്കാരിക രംഗങ്ങളില്‍ ലിംഗന്യൂനപക്ഷങ്ങളോട് അനുഭാവം പ്രകടമായ സൃഷ്ടികള്‍ ഉണ്ടാകാന്‍ തുടങ്ങി. സ്വത്വം പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായ ചില ഉറച്ച ശബ്ദങ്ങളായിരുന്നു മാറ്റത്തിനുപിന്നില്‍. ഒപ്പം ഭരണ, നിയമ സംവിധാനങ്ങളുടെ പരിഗണനയില്‍ ഉള്‍പ്പെട്ടതും ലിംഗന്യൂനപക്ഷത്തിന് കരുത്തായി. എണ്ണത്തില്‍ കുറവാണെങ്കിലും സമൂഹത്തില്‍ ഒന്നുമല്ലാതെ ഇല്ലാതാകുന്ന തങ്ങളുടെ ട്രാന്‍സ്ജന്‍ഡേഴ്സ് സുഹൃത്തുക്കള്‍ക്ക് ജീവിക്കാനുള്ള അവകാശം നേടിക്കൊടുക്കാന്‍ അവര്‍ രാവും പകലുമില്ലാതെ ഓടിനടന്നു. ത്യാഗനിര്‍ഭരമായ ഈ പോരാട്ടത്തിനൊടുവില്‍ ട്രാന്‍സ്ജന്‍ഡേഴ്സിന് പ്രവര്‍ത്തിക്കാനുള്ള ഒരിടം സമൂഹത്തില്‍ സ്വന്തമാക്കി കൊടുക്കുന്നതിലും ചെറുതെങ്കിലും ശക്തമായ ഒരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിലും അവര്‍ വിജയിച്ചു. ഇന്ന് കേരളത്തിലടക്കം സംഘടിതമായി അവകാശപോരാട്ടം നടത്താന്‍ ട്രാന്‍സ്ജന്‍ഡേഴ്സിന് സാധിക്കുന്നു.

ട്രാന്‍സ്ജന്‍ഡറുകളുടെ സ്വത്വാവകാശപോരാട്ടത്തിന് ശക്തമായ പിന്തുണയുമായി അവര്‍ക്കിടയില്‍നിന്നല്ലാതെ ചിലര്‍കൂടി എത്തിയത് നിര്‍ണായകമായി. ട്രാന്‍സ്ജന്‍ഡേഴ്സ് എന്ന ജീവിത യാഥാര്‍ഥ്യത്തെ പൊതുസമൂഹത്തിനുമുന്നില്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ നിലനിന്ന തെറ്റിദ്ധാരണകളും അറിവില്ലായ്മകളും പരിഹരിക്കുന്നതില്‍ പുറമെനിന്നുള്ളവരുടെ പങ്ക് നിര്‍ണായകമായി.

സുപ്രീംകോടതി 2014 ഏപ്രില്‍ 15ന് പ്രഖ്യാപിച്ച വിധിപ്രകാരം ട്രാന്‍സ്ജന്‍ഡേഴ്സിന് തുല്യാവകാശങ്ങളും പരിരക്ഷയും വാഗ്ദാനം ചെയ്യപ്പെട്ടു. ഇക്കൂട്ടര്‍ക്ക് നിയമപരമായ അംഗീകാരം ഉറപ്പാക്കാനും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരായി പരിഗണിച്ച് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം ഏര്‍പ്പെടുത്താനും കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.

ഈ കോടതി ഉത്തരവുകള്‍ക്കുമുമ്പ് കേരളം ട്രാന്‍സ്ജന്‍ഡേഴ്സിന്റെ വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ തുടങ്ങിയിരുന്നു. കോടതിവിധികള്‍ വന്നതോടെ കുറെക്കൂടി ഗൌരവപൂര്‍ണമായ സമീപനമുണ്ടായി. വിപുലമായ സര്‍വേയിലൂടെ ഇക്കൂട്ടരുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ മനസ്സിലാക്കി. കേരളത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളിലൊന്നാണ് ട്രാന്‍സ്ജന്‍ഡേഴ്സ് എന്ന യാഥാര്‍ഥ്യം അപ്പോഴാണ് തിരിച്ചറിയപ്പെട്ടത്. കാല്‍ലക്ഷത്തോളം ട്രാന്‍സ്ജന്‍ഡേഴ്സ് കേരളത്തിലുണ്ടെന്നാണ് അനുമാനം. എന്നാല്‍, 4000 പേരുടെ വിവരങ്ങള്‍മാത്രമാണ് സര്‍വേയിലൂടെ ലഭിച്ചത്. ഇവര്‍ക്ക് ഒരു ജോലി കൊടുക്കാന്‍പോലും പലരും തയ്യാറാകുന്നില്ല. 75 ശതമാനംപേരും തൊഴിലിടത്ത് സ്വത്വം മറച്ചുപിടിക്കാന്‍ നിര്‍ബന്ധിതരാകുന്നു. 59 ശതമാനംപേര്‍ പഠനം ഉപേക്ഷിച്ചു. വിദ്യാഭ്യാസത്തിലൂടെയും മറ്റും ഇക്കൂട്ടരില്‍ ചിലര്‍ക്ക് ഉയരാനും സ്വത്വം വിളിച്ചുപറയാനും സാധിച്ചിട്ടുണ്ട്. എന്നാല്‍, അങ്ങനെയല്ലാതെ ആയിരങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്നതാണ് സത്യം.

ലിംഗന്യൂനപക്ഷങ്ങളെ സമൂഹത്തില്‍ തുല്യപൌരജനങ്ങളാകാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ട ബാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ട്രാന്‍സ്ജന്‍ഡേഴ്സിന്റെ ഉന്നമനത്തിന് വിപുലമായ പദ്ധതികള്‍ സാമൂഹ്യനീതിവകുപ്പ് നടപ്പാക്കുന്നുണ്ട്. ട്രാന്‍സ്ജന്‍ഡേഴ്സിന്റെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കണമെങ്കില്‍ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടത് പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ് അത്തരം പ്രവര്‍ത്തനങ്ങള്‍ക്കും—വകുപ്പ് മുന്‍കൈയെടുക്കുന്നു. ബ്രിട്ടീഷ് ഭരണബാക്കിയായ സെക്ഷന്‍ 377 റദ്ദാക്കാനുള്ള കരടുനിയമം നിയമസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ഇത്തരത്തില്‍ അനുകൂലസാഹചര്യം ഒരുങ്ങിയാല്‍ ഇക്കൂട്ടര്‍ ശാക്തീകരിക്കപ്പെടുമെന്നും പൊതുജീവിതത്തില്‍ പങ്കാളികളാകാന്‍ മുന്നോട്ടുവരുമെന്നും ഉറപ്പ്

പ്രധാന വാർത്തകൾ
Top