19 September Wednesday

ടി കെ: വറ്റാത്ത സ്നേഹപ്രവാഹം

കോടിയേരി ബാലകൃഷ്ണൻUpdated: Saturday Apr 21, 2018

പ്രാകൃതാവസ്ഥയിൽനിന്ന് മനുഷ്യത്വപൂർണമായ സ്ഥിതിയിലേക്ക് കേരളത്തെ മാറ്റിത്തീർത്ത വിപ്ലവകാരികളിൽ പ്രമുഖനാണ് ടി കെ രാമകൃഷ്ണൻ. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ച കിസാൻസഭയുടെ ദേശീയ നേതാവുകൂടിയായിരുന്ന സഖാവിന്റെ 12‐ാം ചരമവാർഷികദിനമാണിന്ന്. രാജ്യത്തിന്റെ മോചനത്തിനായുള്ള ദിശ നിർണയിക്കുന്നതിൽ സുപ്രധാന പങ്ക് നിർവഹിക്കുന്ന പാർടിയുടെ 22‐ാം കോൺഗ്രസ് ഹൈദരാബാദിൽ നടക്കുന്നതിനുമധ്യേയാണ് ഇത്തവണ ടി കെയുടെ സ്മരണ പുതുക്കുന്നത്.  

ഒരു വിപ്ലവപ്രസ്ഥാനത്തിന് വ്യത്യസ്ത കാലഘട്ടങ്ങളെ അഭിമുഖീകരിക്കുന്നതിന് എന്നും ആശ്രയിക്കാവുന്ന ഒരുപാട് അനുഭവങ്ങളുള്ള ജീവിതപാഠപുസ്തകമാണ് ടി കെ. സ്വാതന്ത്ര്യസമരത്തിനുമുമ്പും പിൻപും രാഷ്ട്രീയപ്രവർത്തനം നടത്തിയ അനുഭവത്തിന് ഉടമയാണ്. വിദ്യാർഥിസംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലെത്തിയത്. തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ പഠിക്കുമ്പോഴാണ് 1940ൽ സ്റ്റുഡൻസ് ഫെഡറേഷന്റെ നേതാവാകുന്നത്. ക്വിറ്റ് ഇന്ത്യാസമര നോട്ടീസ് ഇറക്കിയതിന് 1942ൽ ടി കെയെ കോളേജിൽനിന്ന് പുറത്താക്കി. ഇതിനും ഒരുവർഷംമുമ്പേ ടി കെ കമ്യൂണിസ്റ്റ് പാർടി അംഗമായി. കലാലയത്തിൽനിന്ന് പുറത്താക്കപ്പെട്ട സഖാവ് കരിങ്കൽത്തൊഴിലാളികളെയും വള്ളത്തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും സംഘടിതരാക്കാൻ ഇറങ്ങി. അവരെ ആകർഷിക്കാനായി നാടകം രചിച്ച് അത് അവതരിപ്പിച്ചു. ചങ്ങമ്പുഴയുടെ 'വാഴക്കുല'യും പി ഭാസ്കരന്റെ 'വയലാർ ഗർജിക്കുന്നു' എന്നതും കഥാപ്രസംഗരൂപത്തിലാക്കി കഥപറഞ്ഞും പാട്ടുപാടിയും ജനങ്ങളെ കൂട്ടി.

രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടിണിയും പരിവട്ടവും കൊടുമ്പിരിക്കൊണ്ടപ്പോൾ ജനങ്ങളെ യുദ്ധവിരുദ്ധവികാരത്തിൽ കോർത്തിണക്കാൻ 'ഗ്രാമത്തകർച്ച' എന്ന നാടകം രചിച്ച് അവതരിപ്പിച്ചു. അത് നിരോധനം വന്നപ്പോൾ പൊലീസിനെ കബളിപ്പിച്ച് ഇരുമ്പനത്ത് പുഴയുടെ നടുക്ക് വള്ളങ്ങൾ കൂട്ടിക്കെട്ടി സ്റ്റേജുണ്ടാക്കി നാടകം കളിച്ചു. ത്യാഗഭവനം, ആരാധന, അഗതിമന്ദിരം, സഹോദരൻ, കല്ലിലെ തീപ്പൊരികൾ തുടങ്ങിയ നാടകങ്ങളും ടി കെ എഴുതി. കാലായ്ക്കൽ കുമാരൻ, കെടാമംഗലം സദാനന്ദൻ തുടങ്ങിയ പ്രഗത്ഭരൊക്കെ ഈ നാടകങ്ങളിൽ അഭിനയിച്ചു. 'കല്ലിലെ തീപ്പൊരികൾ' പിന്നീട് നോവലാക്കുകയും അത് പുസ്തകമായി പുറത്തിറക്കുകയും ചെയ്തു. പക്ഷേ എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ച ടി കെയുടെ നാടകങ്ങൾ വീണ്ടെടുത്ത് പുസ്തകരൂപത്തിലാക്കാൻ കഴിയുമോ എന്ന അന്വേഷണം ആവശ്യമാണ്. അക്കാര്യത്തിൽ സാംസ്കാരികരംഗത്തുള്ളവരും സാംസ്കാരിക സ്ഥാപനങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

സ്നേഹത്തിന്റെ മറുനാമമായാണ് ടി കെയെ രാഷ്ട്രീയ എതിരാളികൾപോലും കണ്ടത്. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. സിപിഐ എമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും പ്രവർത്തിച്ചു. മികച്ച പാർലമെന്റേറിയനായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയ്ക്കുശേഷം പാർടി ജനറൽ സെക്രട്ടറിയുടെ ചുമതല നിർവഹിക്കുന്നതുമായി ഇ എം എസ് ഡൽഹിയിലായതിനെതുടർന്ന് നിയമസഭയിൽ പ്രതിപക്ഷനേതാവായി പോരാടിയത് ടി കെയായിരുന്നു. അന്നത്തെ ഇടപെടലുകളും പ്രസംഗങ്ങളും ചരിത്രമായി മാറി. 1969 മുതൽ കേരളത്തിൽ നിലനിന്ന കമ്യൂണിസ്റ്റുവിരുദ്ധ മുന്നണിയുടെ തകർച്ചയ്ക്ക് വലിയ സംഭാവനയാണ് പ്രതിപക്ഷനേതാവ് എന്ന നിലയിൽ ടി കെയുടെ പ്രവർത്തനം നൽകിയത്. 1980 മുതലുള്ള നായനാർ മന്ത്രിസഭകളിൽ മന്ത്രിയായി. ആഭ്യന്തരം, ഫിഷറീസ്, സഹകരണം, എക്സൈസ്, സാംസ്കാരികം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുകയും ഭരണമികവ് കാട്ടുകയും ചെയ്തു.

കമ്യൂണിസ്റ്റ് നേതൃഭരണം കേരളത്തിലുണ്ടായിരുന്നപ്പോഴെല്ലാം പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ക്രൂശിക്കാൻ ശത്രുവർഗവും പിന്തിരിപ്പൻ മാധ്യമങ്ങളും ഉത്സാഹം കാട്ടാറുണ്ട്. 1980ൽ നായനാർ മന്ത്രിസഭയിൽ ടി കെ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ ക്രമസമാധാനം തകർന്നു എന്ന പേരിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ കോപ്രായങ്ങൾക്ക് കൈയും കണക്കുമില്ല. പ്രതിപക്ഷപ്രചാരണത്തിന് കാറ്റുപിടിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായിരുന്ന യോഗേന്ദ്ര മക്വാന കൂടെക്കൂടെ ഡൽഹിയിൽനിന്ന് ഇവിടെവന്ന് വിവാദപ്രസ്താവനകൾ നടത്തി. ഏറ്റുമാനൂർ അമ്പലത്തിൽ വിഗ്രഹമോഷണം ഉണ്ടായപ്പോൾ എൽഡിഎഫ് സർക്കാരിനെതിരെ സൃഷ്ടിച്ച പുകപടലം ചെറുതായിരുന്നില്ല. വിഗ്രഹം കിട്ടിയാൽ നായനാർക്കും ടി കെയ്ക്കും പൂമാല കൊടുക്കാമെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് കെ കരുണാകരൻ പരിഹാസപൂർവം പറഞ്ഞു. എന്നാൽ, പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തുകയും ഓലത്താന്നി സ്റ്റീഫനെ വിഗ്രഹത്തോടൊപ്പം അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്തും പിന്നീട് നിയമസഭയിലും കരുണാകരന്റെ വെല്ലുവിളിയുടെ അർഥശൂന്യത വിവരിച്ച് നായനാരും ടി കെയും നടത്തിയ സരസമായ പ്രസംഗങ്ങൾ സ്മരിക്കപ്പെടുന്നവയാണ്.

മത്സ്യമേഖലയ്ക്ക് ഗുണകരമായ മാറ്റങ്ങൾ വരുത്തിയ ഭരണത്തിനാണ് ഫിഷറീസ് വകുപ്പിന്റെ ചുമതലക്കാരനായിരിക്കെ ടി കെ നേതൃത്വം നൽകിയത്. മൺസൂൺ കാലത്തെ യന്ത്രവൽകൃത മത്സ്യബന്ധന നിരോധനം പതിവായതും മീൻ വിൽക്കുന്ന സ്ത്രീകൾക്കായി ബസ് ഏർപ്പെടുത്തിയതും ക്ഷേമനടപടികൾ തീവ്രമാക്കിയതും അന്നാണ്. ഭരണം പാവപ്പെട്ടവരുടെ ഉന്നമനത്തിനും അവരുടെ ജീവൻ രക്ഷിക്കാനുമാകണം എന്നതാണ് കമ്യൂണിസ്റ്റ് കാഴ്ചപ്പാട്. അത് മുറുകെപ്പിടിച്ചാണ് ഭരണയന്ത്രം തിരിച്ചത്. അതിന് ദൃഷ്ടാന്തങ്ങളായ സംഭവങ്ങൾ എത്രയെത്ര. ഒരിക്കൽ മീൻ പിടിക്കാൻപോയ ഏഴു മത്സ്യത്തൊഴിലാളികൾ ബോട്ട് തകർന്ന് ശ്രീലങ്കയിൽ അകപ്പെട്ടപ്പോൾ അവരെ വിമാനത്തിൽ നാട്ടിലെത്തിക്കാൻ ഫിഷറീസ് മന്ത്രിയായിരുന്ന ടി കെ നിർദേശിച്ചു. എന്നാൽ, വിമാനത്തിൽ മത്സ്യത്തൊഴിലാളികളെ കൊണ്ടുവന്നാൽ തനിക്ക് പെൻഷൻ വാങ്ങാൻ പറ്റില്ലെന്ന നിലപാട് ബന്ധപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ എടുക്കുകയും അതിനിണങ്ങുന്ന സാങ്കേതികന്യായം ഉന്നയിക്കുകയും ചെയ്തു. ആ ഐഎഎസ് ഉദ്യോഗസ്ഥനെ ആ കസേരയിൽനിന്നു മാറ്റി മത്സ്യത്തൊഴിലാളികളെ വിമാനത്തിൽ നാട്ടിലെത്തിക്കാൻ ടി കെയുടെ ഭരണമികവിന് കഴിഞ്ഞു.

ടി കെ ഉൾപ്പെടെയുള്ള നേതാക്കളുടെയും മുൻ എൽഡിഎഫ് സർക്കാരുകളുടെയും ഭരണാനുഭവങ്ങൾകൂടി ഉൾക്കൊണ്ടാണ് ഇന്നത്തെ എൽഡിഎഫ് സർക്കാർ കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കർമപദ്ധതികൾ നടപ്പാക്കുന്നത്. ഹിന്ദുത്വ വർഗീയതയുടെയും നവഉദാരവൽക്കരണത്തിന്റെയും വിപത്തിന്റെ വേലിയേറ്റത്തിൽ കേരളത്തിലെ പിണറായി വിജയൻ സർക്കാർ ജനക്ഷേമത്തിലും നാടിന്റെ രക്ഷയ്ക്കും ഇന്ത്യക്ക് ദിശാബോധം പകരുന്ന വിളക്കുമാടമാണ്. ഈ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ദുഷ്പ്രചാരണം നടത്തുന്ന ആർഎസ്എസ്‐ ബിജെപി ശക്തികളും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും മത്സരിക്കുകയാണ്. എൽഡിഎഫിനെയും അതിന്റെ സർക്കാരിനെയും ഒറ്റപ്പെടുത്താനുള്ള അവിശുദ്ധസഖ്യത്തിലാണ് ബിജെപിയും കോൺഗ്രസ് മുന്നണിയും. ഇത്തരം നെറികെട്ട രാഷ്ട്രീയത്തിന് മറുപടി നൽകാൻ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്ന അവസരമാണ് ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ്. ടി കെയുടെ പ്രവർത്തനകേന്ദ്രങ്ങളിൽ ഒന്നായിരുന്ന ചെങ്ങന്നൂരിലെ ജനവിധി എൽഡിഎഫിന് അഭിമാനവിജയം നൽകുന്നതാകണം. അതിനായുള്ള പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ ടി കെ സ്മരണ നമുക്ക് ഊർജമാകും. നാലുവർഷമാകുന്ന ബിജെപിയുടെ കേന്ദ്രഭരണം ഇന്ത്യക്ക് കനത്ത ഭീഷണിയാണ്. സാമൂഹ്യ‐ രാഷ്ട്രീയ ജീവിതത്തെ മാത്രമല്ല, ഭരണഘടനയുടെ അടിസ്ഥാനശിലകളെപ്പോലും അട്ടിമറിക്കുന്ന ഫാസിസ്റ്റ് പ്രവണതയുള്ള ഭരണമാണ് മോഡിസർക്കാരിന്റേത്. ഇതിന്റെ വിപത്ത് അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ അടവുനയത്തിനാണ് സിപിഐ എം 22‐ാം പാർടി കോൺഗ്രസ് രൂപംനൽകിയിരിക്കുന്നത്. മോഡിഭരണത്തിന്റെ ആഘാതത്തിൽനിന്ന് മോചനം നേടാനുള്ള തീക്ഷ്ണപോരാട്ടങ്ങളെ ശക്തിപ്പെടുത്താൻ ടി കെയുടെ സ്മരണ നമുക്ക് കരുത്താണ്; ടി കെയുടെ ഓർമയ്ക്കുമുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു

പ്രധാന വാർത്തകൾ
Top