Top
27
Tuesday, June 2017
About UsE-Paper

പോരാളികളുടെ വഴികാട്ടിനക്ഷത്രം

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

നമ്മുടെ ചരിത്രത്തിന്റെ ഇന്നലെകളില്‍ സാമൂഹ്യമായി അന്ധകാരാവൃതമായ ഒരു ഘട്ടമുണ്ടായിരുന്നു. കിരാതവും മനുഷ്യത്വരഹിതവുമായ ഘട്ടം. ആ ഇരുണ്ട ഘട്ടത്തോട് വിടപറഞ്ഞ് മനുഷ്യത്വപൂര്‍ണമായ കാലത്തിലേക്ക് കേരളത്തെ എത്തിക്കുന്നതില്‍ നിസ്തുല സംഭാവന നല്‍കിയ വിപ്ളവകാരിയായിരുന്നു ടി കെ രാമകൃഷ്ണന്‍. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും പ്രവര്‍ത്തിച്ച ഉന്നത മനുഷ്യസ്നേഹിയായ ആ നേതാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വര്‍ഷമാകുന്നു. മനുഷ്യത്വപൂര്‍ണമായ ഒരു സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കാന്‍ പോരാടുന്നവര്‍ക്കുമുന്നിലെ വഴികാട്ടി നക്ഷത്രമാണ് ടി കെ. സ്വാതന്ത്യ്രസമരത്തിന് മുമ്പും പിമ്പും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ അനുഭവം ടികെയ്ക്കുണ്ട്. ഒരു വിപ്ളവപ്രസ്ഥാനത്തിന് വ്യത്യസ്ത കാലഘട്ടങ്ങളെ അഭിമുഖീകരിക്കുന്നതിന് എന്നും ആശ്രയിക്കാവുന്ന ഒരുപാട് അനുഭവങ്ങളുള്ള ഒരു ജീവിതപാഠപുസ്തകമാണ് ടി കെ.

അടിയന്തരാവസ്ഥയ്ക്കുശേഷം പാര്‍ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കുന്നതിനായി ഇ എം എസ് ഡല്‍ഹിയിലായതിനെത്തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷനേതാവായി പോരാടിയത് ടി കെ ആയിരുന്നു. മികച്ച പാര്‍ലമെന്റേറിയനെന്ന് എതിരാളികള്‍പോലും സമ്മതിക്കുന്നതായി ഈ അവസരത്തിലെ ടി കെയുടെ ഇടപെടലുകളും പ്രസംഗങ്ങളും. 1969 മുതല്‍ കേരളത്തില്‍ നിലനിന്ന കമ്യൂണിസ്റ്റ്വിരുദ്ധമുന്നണിയുടെ തകര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് പ്രതിപക്ഷനേതാവെന്ന നിലയില്‍ ടി കെയുടെ പ്രവര്‍ത്തനം നല്‍കിയത്. 1980 മുതലുള്ള നായനാര്‍ മന്ത്രിസഭകളില്‍ മന്ത്രിയായി ടി കെ. ഇതില്‍ ആഭ്യന്തരം, സഹകരണം, എക്സൈസ്, സാംസ്കാരികം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളിലെല്ലാം മികവ് പുലര്‍ത്തി. മത്സ്യമേഖലയ്ക്ക് ഇത്രയധികം പുരോഗതിയും മാറ്റവും പ്രധാനംചെയ്ത മറ്റൊരു ഭരണാധികാരിയില്ല. മണ്‍സൂണ്‍കാലത്തെ യന്ത്രവല്‍കൃത മത്സ്യബന്ധന നിരോധനം ഒരു പതിവായത് ടി കെയുടെ ഭരണകാലയളവിലാണ്.

മീന്‍കച്ചവടം ചെയ്യുന്ന തൊഴിലാളിസ്ത്രീകള്‍ക്കുവേണ്ടി ബസ് ഏര്‍പ്പെടുത്തിയതും മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമനടപടികള്‍ തീവ്രമാക്കിയതും അദ്ദേഹം മന്ത്രിയായിരിക്കുമ്പോഴാണ്. പാവങ്ങളുടെ ഉന്നമനത്തിനായി ഭരണസംവിധാനത്തെയും നിയമസഭയെയും പോരാട്ടവേദിയാക്കിയ കമ്യൂണിസ്റ്റ് പ്രവര്‍ത്തനശൈലിക്കുടമയായി. ഒരിക്കല്‍ മീന്‍പിടിക്കാന്‍പോയ ഏഴ് മത്സ്യത്തൊഴിലാളികള്‍ ബോട്ടുതകര്‍ന്ന് ശ്രീലങ്കയില്‍ അകപ്പെട്ടപ്പോള്‍ അവരെ വിമാനത്തില്‍ നാട്ടിലെത്തിക്കണമെന്ന് ഫിഷറീസ് മന്ത്രിയായിരുന്ന ടി കെ ബന്ധപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. എന്നാല്‍, വിമാനത്തില്‍ ഉടനെ കൊണ്ടുവരുന്നതിന് സാങ്കേതികകാരണം പറഞ്ഞ് ഉത്തരവ് നല്‍കാന്‍ ഉദ്യോഗസ്ഥന്‍ മടിച്ചപ്പോള്‍ ആ ഉദ്യോഗസ്ഥനെ കസേരയില്‍നിന്ന് മാറ്റാനും മത്സ്യത്തൊഴിലാളികളെ വിമാനത്തില്‍ നാട്ടിലെത്തിക്കാനും ടി കെ നടപടിയെടുത്തു. ഇങ്ങനെ ഭരണം പാവപ്പെട്ടവര്‍ക്കെന്ന കമ്യൂണിസ്റ്റ് നയത്തിന്റെ പ്രയോക്താവായിരുന്നു ടി കെ. 

കമ്യൂണിസ്റ്റ് നേതൃഭരണം കേരളത്തില്‍ ഉണ്ടായിരുന്നപ്പോഴെല്ലാം പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും വെറുതെവിടാന്‍ ശത്രുവര്‍ഗം തയ്യാറായിരുന്നില്ല. 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ ടി കെ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ ക്രമസമാധാനം തകര്‍ന്നുവെന്നപേരില്‍ പ്രതിപക്ഷം കാട്ടിക്കൂട്ടിയ ബഹളത്തിന് കൈയും കണക്കുമില്ല. പ്രതിപക്ഷപ്രചാരണത്തെ ശക്തിപ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന യോഗേന്ദ്ര മക്വാന കൂടെക്കൂടെ ഡല്‍ഹിയില്‍നിന്ന് ഇവിടെയെത്തി വിവാദപ്രസ്താവനകള്‍ നടത്തി. ഏറ്റുമാനൂര്‍ അമ്പലത്തിലെ വിഗ്രഹം മോഷ്ടിക്കപ്പെട്ടപ്പോള്‍ നാടെമ്പാടും പ്രതിപക്ഷം കുഴപ്പമുണ്ടാക്കി. അമ്പലത്തിലെ വിഗ്രഹം തിരിച്ചുകൊണ്ടുവന്നാല്‍ നായനാര്‍ക്കും ടി കെയ്ക്കും പൂമാല കൊടുക്കാമെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് കെ കരുണാകരന്‍ പരിഹാസപൂര്‍വം പറഞ്ഞു. എന്നാല്‍, പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും അവസാനം ഓലത്താന്നി സ്റ്റീഫനെ വിഗ്രഹത്തോടൊപ്പം അറസ്റ്റുചെയ്യുകയും ചെയ്തു.

തുടര്‍ന്ന് പുത്തരിക്കണ്ടം മൈതാനിയില്‍ നായനാരും ടി കെയും പങ്കെടുത്ത് നടന്ന പൊതുസമ്മേളനത്തിലും പിന്നീട് നിയമസഭയിലും ഇരുനേതാക്കളും കരുണാകരന്റെ വെല്ലുവിളിയുടെ അര്‍ഥശൂന്യതയെ സരസമായി വിവരിച്ചു. വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകനായാണ് ടി കെ പൊതുരംഗത്തെത്തുന്നത്. ഏലൂരിലെ സംസ്കൃതസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തൃപ്പൂണിത്തുറ സംസ്കൃതകോളേജില്‍ പഠിക്കുമ്പോഴാണ് 1940ല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നേതാവാകുന്നത്. 1942ല്‍ ക്വിറ്റിന്ത്യാസമരത്തില്‍ പങ്കെടുക്കാനുള്ള ആഹ്വാനത്തിന് ക്യാമ്പസില്‍ നോട്ടീസ് ഇറക്കിയതിന് ടി കെയെ കോളേജില്‍നിന്ന് പുറത്താക്കി. അതിനും ഒരുവര്‍ഷംമുമ്പുതന്നെ ടി കെ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. കലാലയത്തില്‍നിന്ന് പുറത്തായ ടി കെ കരിങ്കല്‍ത്തൊഴിലകളികളെയും വള്ളത്തൊഴിലാളികളെയും സംഘടിപ്പിച്ച് പൊതുപ്രവര്‍ത്തനത്തില്‍ സദാമുഴുകി. തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ ചെത്ത് തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിതരാക്കുന്നതിനും മുന്നിട്ടിറങ്ങി. തൊഴിലാളികളെയും സാധാരണക്കാരെയും ആകര്‍ഷിക്കുന്നതിനുവേണ്ടി നാടകം രചിക്കുകയും അത് അവതരിപ്പിക്കുകയും ചെയ്യുന്നതിലും പ്രാഗത്ഭ്യംകാട്ടി. ചങ്ങമ്പുഴയുടെ വാഴക്കുലയും പി ഭാസ്കരന്റെ വയലാര്‍ ഗര്‍ജിക്കുന്നുവെന്നതും കഥാപ്രസംഗരൂപത്തില്‍ ടി കെ വേദിയില്‍ അവതരിപ്പിക്കുമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാട്ടിന്‍പുറത്ത് പട്ടിണിയും രോഗവും ഭക്ഷ്യക്ഷാമവും കൊടുമ്പിരിക്കൊണ്ടപ്പോള്‍ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുവേണ്ടി ഗ്രാമത്തകര്‍ച്ചയെന്ന നാടകം രചിച്ചു. ഈ നാടകം അവതരിപ്പിക്കുന്നതിന് പൊലീസ് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഇരുമ്പനത്ത് പുഴയുടെ നടുക്ക് വള്ളങ്ങള്‍ കൂട്ടിക്കെട്ടി സ്റ്റേജ് കെട്ടി നാടകം കളിച്ച് പൊലീസിനെ വെല്ലുവിളിച്ചു. ത്യാഗഭവനം, ആരാധന, അഗതിമന്ദിരം, സഹോദരന്‍, കല്ലിലെ തീപ്പൊരികള്‍ തുടങ്ങിയ നാടകങ്ങളും ടികെ എഴുതി. കാലായ്ക്കല്‍ കുമാരന്‍, കെടാമംഗലം സദാനന്ദന്‍ തുടങ്ങിയ പ്രഗത്ഭരൊക്കെ ഈ നാടകങ്ങളില്‍ അഭിനയിച്ചു. കല്ലിലെ തീപ്പൊരികള്‍ ടി കെ പിന്നീട് നോവലാക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിച്ച ടി കെയുടെ നാടകങ്ങള്‍ വീണ്ടെടുത്ത് പുസ്തകരൂപത്തിലാക്കാന്‍ കഴിയുമോയെന്ന അന്വേഷണം ആവശ്യമാണ്. സാംസ്കാരികവകുപ്പിന്റെ ചുമതലകൂടി വഹിച്ച മന്ത്രിയായ ടി കെ സാംസ്കാരികമേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനശൈലിയായിരുന്നു കാഴ്ചവച്ചത്.

സ്നേഹത്തിന്റെ പര്യായമായാണ് രാഷ്ട്രീയ എതിരാളികള്‍പോലും ടി കെയെ കണ്ടിരുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ എറണാകുളം ജില്ലാസെക്രട്ടറിയായിരുന്നു. സിപിഐ എം കോട്ടയം ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു. രാഷ്ട്രീയഭേദമെന്യേ നാട്ടുകാരുടെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ കേള്‍ക്കാനും അവയ്ക്ക് പരിഹാരം കാണാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. 1980-81ലെ മന്ത്രിസഭയില്‍ അംഗമായിരുന്ന ബേബിജോണിനെതിരെ സരസന്‍കേസുണ്ടായപ്പോള്‍ യുക്തിപൂര്‍വവും നീതിനിഷ്ഠവുമായ നിലപാടാണ് ഭരണാധികാരിയെന്ന നിലയിലും രാഷ്ട്രീയനേതാവെന്ന നിലയിലും ടി കെ സ്വീകരിച്ചത്. ചവറയിലെ സരസനെ ബേബിജോണ്‍ കൊന്നുകുഴിച്ചുമൂടിയെന്നായിരുന്നു പ്രചാരണം. ഇത് നാട്ടില്‍ കൊടുങ്കാറ്റായി വീശിയപ്പോള്‍ എല്‍ഡിഎഫിലെ ഘടകകക്ഷികളില്‍പെട്ടവരുള്‍പ്പെടെ അതിനടിമപ്പെടുകയും ബേബിജോണിനെതിരായ സമരത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. യുഡിഎഫിലെ ഘടകകക്ഷികളുമായിക്കൂടി സമരരംഗത്ത് വരാന്‍ ചവറയിലെയും കൊല്ലത്തെയും സിപിഐ പ്രവര്‍ത്തകര്‍ മടികാട്ടിയില്ല എന്ന അവസ്ഥയുമുണ്ടായി. എന്നാല്‍, പൊലീസ് സംവിധാനം ഉപയോഗിച്ചും ജനങ്ങളുമായുള്ള ബന്ധത്തെ പ്രയോജനപ്പെടുത്തിയും ബേബിജോണിനെതിരായി ഉയര്‍ന്ന സരസന്‍ കേസ് കെട്ടുകഥയാണെന്ന് മനസ്സിലാക്കുകയും അതിനനുസരണമായ രാഷ്ട്രീയ ഭരണനിലപാട് നായനാര്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയും ചെയ്തു. അതില്‍ ടികെ പുലര്‍ത്തിയ ജാഗ്രതയും രാഷ്ട്രീയ ഉള്‍ക്കാമ്പും സ്മരിക്കേണ്ടതാണ്. വ്യാജപ്രചാരണങ്ങളുടെ കൊടുങ്കാറ്റ് വീശിയാലും മൂല്യാധിഷ്ഠിത രാഷ്ട്രീയ നിലപാടുകള്‍ ഉപേക്ഷിക്കാന്‍പാടില്ലെന്ന പാഠമാണ് ഇത് നല്‍കുന്നത്.

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് ഭരണം 11 മാസം പിന്നിടുന്ന ഘട്ടത്തിലാണ് ടി കെയുടെ സ്മരണ പുതുക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പുഫലം നല്‍കുന്ന രാഷ്ട്രീയ സന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഇത്തവണത്തെ ദിനാചരണം. മലപ്പുറത്ത് മുസ്ളിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ജയിച്ചത് ഒരു അത്ഭുതമായി ആരും കാണില്ല. കേരളത്തില്‍ ഏറ്റവും സുരക്ഷിതമായ യുഡിഎഫിന്റെ ലോക്സഭാസീറ്റാണിത്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് 47,853 വോട്ടും (55.61 ശതമാനം) വെല്‍ഫെയര്‍ പാര്‍ടിക്ക് 29216 വോട്ടും (3.42 ശതമാനം) കിട്ടിയിരുന്നു. ഈ രണ്ട് കക്ഷികളുടെയും വോട്ട് യുഡിഎഫിന് കൊടുത്തിട്ടും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം കിട്ടിയില്ലെന്നത് നിസ്സാരമല്ല. ഇ അഹമ്മദ് രണ്ടുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചതെങ്കില്‍ കുഞ്ഞാലിക്കുട്ടി 1.71 ലക്ഷം വോട്ടിനാണ് ജയിച്ചത്. അഹമ്മദിന്റെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി മറികടക്കുമെന്ന ലീഗിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷ തകര്‍ത്ത വിധിയെഴുത്തായി മലപ്പുറത്തേത്. 2014ലെ ലോക്സഭാതെരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞുവെന്നതു മാത്രമല്ല എല്‍ഡിഎഫിന്റെ വോട്ട് ഒരുലക്ഷത്തിലേറെ വര്‍ധിപ്പിക്കാനും കഴിഞ്ഞു. 2014ല്‍ 28.48 ശതമാനം വോട്ട് ലഭിച്ചിടത്ത് 36.77 ശതമാനമായി വോട്ടുവിഹിതം വര്‍ധിപ്പിച്ചു. അങ്ങനെ എട്ടുശതമാനത്തിലധികം വോട്ട് വര്‍ധിച്ചു. ഇത് എല്‍ഡിഎഫിന് ജനപിന്തുണ വര്‍ധിച്ചുവരുന്നുവെന്നതിന് തെളിവാണ്. യുഡിഎഫ് വോട്ടുശതമാനം 55.03 ആണ്. ഇത് 2014നെ അപേക്ഷിച്ച് 3.7 ശതമാനത്തിന്റെ വര്‍ധനയാണ്. എന്നാല്‍, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ടി എന്നിവ നല്‍കിയ ഒമ്പത് ശതമാനത്തോളം വോട്ടുകൂടി കൂട്ടുമ്പോള്‍ യുഡിഎഫിന്റെ വോട്ടുവര്‍ധനയുടെ പൊള്ളത്തരം വ്യക്തമാകും.

മലപ്പുറം തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിനെതിരായ ഒരുതരത്തിലുള്ള വികാരപ്രകടനത്തിന്റെയും ഫലമല്ല. എന്നാല്‍, കേന്ദ്രത്തിലെ മോഡി ഭരണത്തിന് താക്കീത് നല്‍കുന്നതാണ്. ഉത്തരേന്ത്യയില്‍ ന്യൂനപക്ഷമനസ്സടക്കം ബിജെപിക്ക് അനുകൂലമായി മാറുന്നുവെന്നും അതിന്റെ മാറ്റൊലി കേരളത്തിലും പ്രതിഫലിക്കാന്‍ പോകുകയാണെന്നും അത് മലപ്പുറത്ത് തെളിയുമെന്നും ബിജെപി നേതാക്കള്‍ ഊറ്റംകൊണ്ടിരുന്നു. അതുപോലെ 30 ശതമാനത്തോളം ഹിന്ദുവോട്ടര്‍മാരുടെ മണ്ഡലത്തില്‍ ബിജെപി വന്‍ വോട്ടുനേട്ടം ഉണ്ടാക്കുമെന്നും അവകാശപ്പെട്ടു. ആ പ്രതീക്ഷ അസ്തമിച്ചു. കേരളം പിടിക്കുകയെന്ന ബിജെപി- ആര്‍എസ്എസ് തന്ത്രം ഇവിടെ ചെലവാകില്ലെന്നും ഓര്‍മപ്പെടുത്തിയിരിക്കുകയാണ്. രണ്ട് പ്രധാന മുന്നണികളിലും മുസ്ളിം സമുദായത്തില്‍പെട്ടവരാണ് സ്ഥാനാര്‍ഥികളെന്ന പ്രചാരണം നടത്തി ഹിന്ദുവോട്ട് ഏകീകരിക്കാനുള്ള പരിശ്രമംവരെ ബിജെപി നടത്തി. എന്നിട്ടും വോട്ടുശതമാനത്തില്‍ ബിജെപിക്ക് ഇടര്‍ച്ചയാണ് സംഭവിച്ചത്. 2014ല്‍ 7.58 ശതമാനമായിരുന്നു ബിജെപിക്ക് ലഭിച്ച വോട്ടെങ്കില്‍ ഇത്തവണ ഏഴ് ശതമാനത്തോളമായി കുറഞ്ഞു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 11 സീറ്റ് പിടിക്കുമെന്ന് ബിജെപി ദേശീയ കൌണ്‍സില്‍ പ്രഖ്യാപനത്തിനിടയിലാണ് മലപ്പുറത്തെ തിരിച്ചടി. മുസ്ളിംലീഗിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ഥികള്‍ വോട്ടിനുവേണ്ടി വര്‍ഗീയധ്രുവീകരണമുണ്ടാക്കാന്‍ വലിയതോതില്‍ പ്രവര്‍ത്തിച്ചു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ടി തുടങ്ങിയവയെ മാത്രമല്ല വിവിധ മുസ്ളിംസമുദായ സംഘടനകളെയും ഒരേ കുടക്കീഴില്‍ അണിനിരത്താന്‍ വര്‍ഗീയതയെ വലിയതോതില്‍ യുഡിഎഫ് ആയുധമാക്കി. ഇതേസമയം, ഹിന്ദുവര്‍ഗീയത ഇളക്കിവിടുന്ന വിഷലിപ്തമായ പ്രചാരണമാണ് വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപി- ആര്‍എസ്എസ് ശക്തികള്‍ നടത്തിയത്. മതനിരപേക്ഷതയെ ശക്തിപ്പെടുത്തിയും വര്‍ഗീയതയ്ക്കെതിരെയും ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കെതിരെയും ജനങ്ങളെ കൂടുതല്‍ അണിനിരത്തിയുമാണ് എല്‍ഡിഎഫ് മുന്നോട്ടുപോകുന്നത്. വര്‍ഗീയനയങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം, മോഡി സര്‍ക്കാര്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴിലുറപ്പു പദ്ധതിയുടേതടക്കം സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. ഇതടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ദേശീയപ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. ഈ പ്രക്ഷോഭം വിജയിപ്പിക്കുന്നതടക്കമുള്ള കടമകള്‍ ഏറ്റെടുക്കാന്‍ ടി കെയുടെ സ്മരണ കരുത്തുപകരും