22 May Tuesday

ദൈവവും സീസറും കോടതിവിധിയും

കോടിയേരി ബാലകൃഷ്ണന്‍Updated: Friday Jan 6, 2017

സ്ഥാനാര്‍ഥിയുടെ മാത്രമല്ല വോട്ടറുടെ മതവും ജാതിയും വംശവും ഭാഷയും പറഞ്ഞ് വോട്ടുപിടിക്കരുതെന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി ഫലപ്രദമായി നടപ്പാക്കിയാല്‍ ദൂരവ്യാപക ഫലമുണ്ടാകും. പക്ഷേ, ഈ വിധി ബാധകമാകുന്നത് മുഖ്യമായി ആര്‍ക്കാണോ ആ ശക്തികള്‍തന്നെ കോടതിവിധിയോട് യോജിപ്പു പ്രകടിപ്പിച്ച് വിധിയുടെ അന്തഃസത്തയെത്തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. അതാണ് വിധിയെ അനുകൂലിക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെയും ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ജ്യയുടെയും പ്രതികരണങ്ങളില്‍ കണ്ടത്.

വിരമിക്കുന്നതിന്തൊട്ടുമുമ്പ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ നേതൃത്വം നല്‍കിയ ഏഴംഗ ഭരണഘടനാ ബഞ്ചിന്റെ വിധി ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണെന്നും മതത്തിന് ഇവിടെ പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി  ജനപ്രതിനിധികളുടെ പ്രവര്‍ത്തനം മതനിരപേക്ഷമാകണമെന്നും വ്യക്തമാക്കി. സ്ഥാനാര്‍ഥിയുടെ മാത്രമല്ല, വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടുപിടിക്കുന്നതും തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കാരണമാകും. ബഞ്ചിലെ ഭൂരിപക്ഷംപേരും (നാലുപേര്‍) ഈ നിലപാട് സ്വീകരിച്ചപ്പോള്‍ മൂന്നുപേര്‍ വിയോജിച്ചു.

ജനപ്രാതിനിധ്യനിയമത്തിലെ 123(3) വകുപ്പാണ് ഭരണഘടനാ ബഞ്ച് വ്യാഖ്യാനിച്ചത്. സ്ഥാനാര്‍ഥിയോ ഏജന്റോ അവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തിയോ മതം, വര്‍ണം, ജാതി, സമുദായം, ഭാഷ എന്നിവ ഉന്നയിച്ച് വോട്ടുചോദിക്കുന്നതും എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യരുതെന്ന് ആവശ്യപ്പെടുന്നതും വിലക്കുന്നതാണ് ഈ വകുപ്പ്. ഇതില്‍ വോട്ടര്‍ വരില്ലെന്ന വാദമാണ് വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജിമാരുടെ നിലപാട്. അതിനുപുറമെ ചില കാര്യങ്ങളില്‍ മൂന്ന് ജഡ്ജിമാര്‍ ഉയര്‍ത്തിയ വിയോജിപ്പ് സമഗ്രമായ തുടര്‍ ചര്‍ച്ച ആവശ്യപ്പെടുന്നവയാണ്.

മതം, വര്‍ണം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വെറുപ്പും വിദ്വേഷവും ശത്രുതയും ഉണ്ടാക്കുന്നതിനെതിരെ നിലകൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനയുടെ സത്തയെ പൊതുവില്‍ബലപ്പെടുത്തുന്നതാണ് ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധി. 1990ല്‍ മഹാരാഷ്ട്ര എംഎല്‍എ ആയിരുന്ന ബിജെപി നേതാവ് അഭിരാം സിങ് ഹിന്ദുമതത്തിന്റെ പേരില്‍ വോട്ടുപിടിച്ചതില്‍ ബോംബെ ഹൈക്കോടതി ജയം അസാധുവാക്കിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയം ഭരണഘടനാ ബഞ്ചിലെത്തിയത്. ഇത് വ്യക്തമാക്കുന്നത് മതവും ജാതിയും പറഞ്ഞ് ഇപ്പോഴും വോട്ടുപിടിക്കുന്ന ബിജെപി സൂക്ഷ്മമായി നോക്കിയാല്‍ ഈ കേസില്‍ പ്രതിഭാഗത്തായിരുന്നുവെന്നതാണ്. കേസിലെ വിധി പ്രത്യക്ഷത്തില്‍ത്തന്നെ ജാതിയും മതവും പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന ബിജെപിക്കെതിരായ കുറ്റപത്രമാണ്.

ഹിന്ദുത്വം ഒരു മതമല്ല, ജീവിത രീതിയാണെന്ന 1995ലെ കോടതി നിര്‍വചനത്തെ ഭരണഘടനാ ബഞ്ച് വ്യാഖ്യാനിച്ചിട്ടില്ല. എന്നാല്‍, ഹിന്ദുത്വത്തെ ഒരു മതമായല്ല ഒരു ജീവിത രീതിയായി കാണണമെന്നാണ് കോടതിയുടെ നിരീക്ഷണം. അതായത് ഹിന്ദുത്വത്തെ ഒരു മതമായി ചിത്രീകരിച്ച് പ്രചാരണം നടത്തി ജനങ്ങളെ വശീകരിക്കുന്നതും ശത്രുക്കളാക്കുന്നതുമായ ബിജെപിയുടെ രാഷ്ട്രീയ നിലപാടിന്റെ പൊള്ളത്തരം കോടതി പിന്തുണച്ചിട്ടില്ല. ബിജെപി പ്രതിനിധാനം ചെയ്യുന്നത് ഭൂരിപക്ഷ വര്‍ഗീയതയാണ്. അഹൈന്ദവ മതവിഭാഗത്തെ മാത്രമല്ല, ഹിന്ദുക്കളിലെതന്നെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കും സംഘപരിവാര്‍ പ്രത്യയശാസ്ത്രം എതിരാണ്. ഭൂരിപക്ഷം ഹിന്ദുക്കളുടെമേല്‍ സവര്‍ണരുടെ ആധിപത്യമാണ് സംഘപരിവാറിന്റെ പ്രമാണം.

മതവും ഭരണകൂടവും തമ്മിലും ദൈവവും തെരഞ്ഞെടുപ്പും തമ്മിലും ബന്ധമരുതെന്ന ആശയമാണ് സുപ്രീംകോടതി ഉയര്‍ത്തിയത്. ഈ ആശയം 18-ാം നൂറ്റാണ്ടില്‍തന്നെ യൂറോപ്പില്‍ ഉയര്‍ന്നുവന്നതാണ്. സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം എന്നിവ യാഥാര്‍ഥ്യമാക്കാന്‍ മതപ്രമാണിമാരുടെ ശാഠ്യത്തില്‍നിന്ന് മോചനം നേടണമായിരുന്നു. ഫ്യൂഡല്‍ പ്രഭുക്കന്മാരുടെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മേധാവിത്വത്തിന് സംരക്ഷണം മധ്യകാല മതനേതാക്കളുടെ പിന്തുണയായിരുന്നു. ഈ സാഹചര്യത്തില്‍ ഫ്യൂഡല്‍ വ്യവസ്ഥയെ മറികടന്ന് പുതിയ വ്യവസ്ഥ വരുന്നതിന് മതവും ഭരണകൂടവും വേറിട്ടുനില്‍ക്കുകയെന്ന ന്യായമായ ആശയത്തിന് ശക്തിപകരേണ്ടത് ആവശ്യമായിരുന്നു. ഈ മതനിരപേക്ഷ നിലപാടിനെ വര്‍ത്തമാനകാലത്ത് ശക്തിപ്പെടുത്തുന്നതാണ് സുപ്രീംകോടതി വിധി. ഭരണകൂടം ഏതെങ്കിലും മതത്തെ പ്രോത്സാഹിപ്പിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നതിനോട് യോജിക്കുന്നില്ലെന്ന സന്ദേശവും കോടതി നല്‍കിയിട്ടുണ്ട്. അതായത് ജനപ്രതിനിധികള്‍ ജാതി-മത-സമുദായ വിദ്വേഷമോ പ്രീണനമോ കാട്ടുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന് സുപ്രീംകോടതി യോജിക്കുന്നില്ല. എല്ലാ മതങ്ങള്‍ക്കും തുല്യമായ ബഹുമാനം ഭരണകൂടവും നല്‍കണമെന്ന കാഴ്ചപ്പാടാണ് കോടതിവിധി ഉയര്‍ത്തിപ്പിടിക്കുന്നത്. പ്രത്യക്ഷത്തില്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ക്ക് അനുകൂലമോ പ്രതികൂലമോ ആയ പ്രകടനപരമായ അഭിപ്രായങ്ങള്‍ വിധിയിലില്ല എന്നത് ശരിയാണ്. പക്ഷേ, വര്‍ത്തമാനകാല സ്ഥിതിയും വിധിക്ക് അടിസ്ഥാനമായ കേസിന്റെ ഉറവിടവും മനസ്സിലാക്കുന്ന ആരും ബിജെപി പ്രതിക്കൂട്ടിലായി എന്ന് തീര്‍ച്ചയായും കാണും.

എങ്കിലും ഹിന്ദുത്വത്തെ വ്യാഖ്യാനിക്കുന്ന വിഷയം കോടതി അപ്രസക്തമാക്കിയത് പോരായ്മയാണ്. ഇതിന്റെ മറവില്‍ കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാരും കൂട്ടരും വിധി ദുരുപയോഗപ്പെടുത്തുമെന്ന ആശങ്ക ചില വിഭാഗങ്ങള്‍ക്കുണ്ട്. മതത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്തുന്നതിനെതിരായ ചിന്ത സമൂഹത്തില്‍ പടര്‍ത്തുന്നതില്‍ കമ്യൂണിസ്റ്റുകാരുടെ സംഭാവന വിലപ്പെട്ടതാണ്. 'ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും' എന്ന നിലപാട് മുന്നോട്ടുവച്ചുകൊണ്ട് ഈ രംഗത്തുനടത്തിയ ഇടപെടല്‍ മതം രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്നതിലെ അപകടത്തെപ്പറ്റി ജനങ്ങളെ വലിയതോതില്‍ ബോധവല്‍ക്കരിക്കുന്നതിന് ഉപകരിച്ചു. ഇക്കാര്യത്തില്‍ ഗാന്ധിജിയുടെ മതനിരപേക്ഷ നിലപാട് പ്രചരിപ്പിക്കുന്നതിനും കമ്യൂണിസ്റ്റുകാര്‍ മുന്നിട്ടുനിന്നു. ഉറച്ച ഹിന്ദുവായിരിക്കുമ്പോള്‍തന്നെ ഗാന്ധിജി മുസ്ളിങ്ങളെയും തുല്യരായി കണക്കാക്കി ബഹുമാനിച്ചു. അതുകാരണമാണ് ആര്‍എസ്എസ് ആശയത്താല്‍ പ്രേരിതനായ ഹിന്ദുമതഭ്രാന്തന്‍ അദ്ദേഹത്തെ വധിച്ചത്. എല്ലാ മതങ്ങളെയും തുല്യമായാണ് ഗാന്ധിജി പരിഗണിച്ചത്. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവര്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുത് എന്നല്ല. മതനേതാക്കന്മാരും ആത്മീയനേതാക്കളും അവരുടെ മതപരമായ അധികാരവും സ്ഥാനവും ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെയോ സംഘടനയുടെയോ താല്‍പ്പര്യത്തിന് ഉപയോഗിച്ചുകൂടായെന്നാണ് അര്‍ഥമാക്കുന്നത്. അത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് രാഷ്ട്രീയ നേതാക്കളോ ജനപ്രതിനിധികളോ ഇടപെടുന്നതും ഭരണഘടനാപരമായി ശരിയല്ലെന്ന സന്ദേശം നല്‍കുന്നതാണ് ഇപ്പോഴത്തെ കോടതി വിധി.

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നതില്‍ ആദ്യംതന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപിയെന്ന രാഷ്ട്രീയ കക്ഷിയാണ്്. ഭാരതീയ ജനതാ പാര്‍ടിയെന്ന പേരുകൊണ്ടു മാത്രമാണ് ഈ പാര്‍ടിക്ക് കണ്ണില്‍പൊടിയിട്ട് തുടരാനാകുന്നത്. അതുകൊണ്ട് ബിജെപിയുടെ മതമൌലികതാ വാദം കാണാതിരുന്നു കൂടാ. ആര്‍എസ്എസ് എന്ന പേര് ഉപയോഗിക്കുന്നതിനുള്ള നിയമപരമായ പ്രശ്നം ഒഴിവാക്കാനാണ് ആദ്യം ജനസംഘമെന്നും പിന്നീട് ഭാരതീയ ജനത പാര്‍ടി എന്നും നാമകരണം ചെയ്തത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യം മറച്ചുവയ്ക്കാത്ത ഈ പാര്‍ടിക്ക് സത്യസന്ധമായി പരിശോധിച്ചാല്‍ നിലനില്‍ക്കാന്‍ അവകാശമില്ല. നിയമപരമായ കര്‍ശനവും സ്വതന്ത്രവുമായ പരിശോധനയ്ക്ക് സംവിധാനമുണ്ടായാല്‍ ബിജെപി പിരിച്ചുവിടപ്പെടും. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നതിനെതിരായ സുപ്രീംകോടതി വിധിയെ കമ്യൂണിസ്റ്റുകാര്‍ സ്വാഗതം ചെയ്യുന്നു. സംഘപരിവാറിനെയും അവരുടെ ആശയസംഹിതകളെയും പ്രവര്‍ത്തനശൈലികളെയും തുടക്കംമുതല്‍ തുടര്‍ച്ചയായി എതിര്‍ക്കുന്ന തത്വശാസ്ത്രമാണ് മാര്‍ക്സിസവും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനവും. ഹിന്ദുരാഷ്ട്രവാദത്തിന്റെ പൊള്ളത്തരവും ഹിന്ദുത്വക്കാരുടെ കപട ആത്മീയതയും തുറന്നുകാട്ടിയത് കമ്യൂണിസ്റ്റുകാരാണ്.

കേന്ദ്രത്തിലോ സംസ്ഥാനത്തിലോ അധികാരം കിട്ടിയാല്‍ അതിന്റെ തണലില്‍ ഹിന്ദുത്വത്തെ സൈനികവല്‍ക്കരിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. ഇത് അന്യമതവിശ്വാസങ്ങളെ നിഗ്രഹിക്കുകയോ ആക്രമിക്കുകയോ ചെയ്ത് മൂലയിലൊതുക്കുകയെന്ന ലക്ഷ്യം നേടാന്‍ വേണ്ടിയാണ്. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്തില്‍ വംശഹത്യ നടത്തിയതുമെല്ലാം ഹിന്ദുത്വത്തെ സൈനികവല്‍ക്കരിച്ചതിന്റെ ഫലമാണ്. ഈ ഓരോ ഘട്ടങ്ങളിലും മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ ആപത്ത് സിപിഐ എം ഉറക്കെ പറഞ്ഞു. കര്‍സേവകര്‍ അയോധ്യയിലേക്ക് നീങ്ങിയപ്പോള്‍തന്നെ അത് തടയണമെന്നും ബാബറി മസ്ജിദ് സംരക്ഷിക്കണമെന്നും സിപിഐ എം നേതാവ് ഹര്‍കിഷന്‍സിങ് സുര്‍ജിത് ഉള്‍പ്പെടെയുള്ള ഇടതുപക്ഷനേതാക്കള്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനോട് ആവശ്യപ്പെട്ടതാണ്്. പക്ഷേ, കോണ്‍ഗ്രസ് സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു. കാവിപ്പട ബാബറി മസ്ജിദ് തകര്‍ത്തു.

സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ മതത്തെ ഭരണകൂടത്തില്‍നിന്ന് വേര്‍തിരിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം. പക്ഷേ, ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യം നടപ്പാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ അത് ചെയ്യില്ലായെന്നത് ഉറപ്പ്. പക്ഷേ, നിയമം സംരക്ഷിക്കാന്‍ വമ്പിച്ച ബഹുജനശബ്ദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യശക്തികളും വ്യക്തികളും സംഘടനകളും മുന്നോട്ടുവരണം. മതം, ജാതി, ഭാഷ എന്നിവയുടെ പേരിലുള്ള അനീതികളും വിവേചനങ്ങളും തെരഞ്ഞെടുപ്പു പ്രക്രിയയിലെ സംവാദങ്ങളില്‍ വന്നുപോകുന്നത് നിയമവിരുദ്ധമാക്കിയാല്‍, അത് സാമൂഹ്യമുന്നേറ്റത്തെ തടയുമെന്ന മൂന്ന് ജഡ്ജിമാരുടെ അഭിപ്രായം ഗൌരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതാണ്. തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായോ എതിര്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ വേണ്ടിയോ ഇത്തരം ഘടകങ്ങളുടെ പേരില്‍ അഭ്യര്‍ഥന നടത്തുന്നതും സാമൂഹ്യ വിവേചനത്തിന്റെയും അനീതിയുടെയും വിഷയങ്ങള്‍ ഉയര്‍ത്തുന്നതും തമ്മിലുള്ള വ്യത്യാസത്തില്‍ വ്യക്തത വരുത്തണം.

സുപ്രീംകോടതി വിധി കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ യുഡിഎഫിനെയും ബിജെപി നയിക്കുന്ന എന്‍ഡിഎയെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കി. ജാതിമത പരിഗണനകള്‍ക്ക് അനുസൃതമായി രൂപീകരിച്ചിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ രണ്ടു മുന്നണിയും. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിലെ പ്രമുഖ ഘടക കക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന് ഇനി മുസ്ളിം ലീഗ് എന്ന പേരുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിയമപരമായി കഴിയാതെ വരും. അതിനാല്‍ മുസ്ളിം ലീഗ് എന്ന പാര്‍ടിയെ പിരിച്ചുവിട്ട് അതിലെ അണികളെ വിവിധ പ്രസ്ഥാനങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് ലീഗ് നേതൃത്വം അനുമതി നല്‍കുമോ? അല്ലെങ്കില്‍ സ്വയം പേരുമാറ്റുകയും കേന്ദ്രത്തിലെ മോഡി ഭരണത്തെ തറപറ്റിക്കാനും ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനും കഴിയുംവിധമുള്ള സ്വതന്ത്ര രാഷ്ട്രീയ നിലപാടും മതനിരപേക്ഷ നയവും സ്വീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നു. ലീഗ് നേതൃത്വം എന്തുമാര്‍ഗം സ്വീകരിക്കുമെന്ന് നോക്കിക്കാണാം.

കേരളത്തില്‍ എന്‍ഡിഎ നയിക്കുന്ന ബിജെപിയുടെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്ന ഉള്ളടക്കം സുപ്രീംകോടതി വിധിയിലുള്ളതിനെപ്പറ്റി നേരത്തെ ചൂണ്ടിക്കാട്ടി. അതിനുപുറമെ ആ മുന്നണിയിലെ ഘടക കക്ഷിയായ ബിഡിജെഎസ്, ഗോത്ര മഹാസഭ തുടങ്ങിയ കക്ഷികളെല്ലാം ജാതിയുടെയോ സമുദായത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലുള്ളതാണ്. ആ പാര്‍ടികള്‍ക്കും ആ പാര്‍ടികളെ ഉള്‍ക്കൊള്ളുന്ന മുന്നണിക്കും നിയമപരമായി തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു. ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും എന്ന മുദ്രാവാക്യത്തില്‍ അടിയുറച്ച് മുന്നോട്ടുപോകുന്ന എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ ആശയപരമായും സംഘടനാപരമായും പൊതുവില്‍ ഉപകരിക്കുന്നതാണ് സുപ്രീംകോടതി വിധി

പ്രധാന വാർത്തകൾ
Top