17 January Thursday

ഷാര്‍ജയുടെ സ്നേഹമുദ്ര

കെ ജെ തോമസ്Updated: Tuesday Oct 3, 2017

ഷാര്‍ജ ഭരണാധികാരി ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരളസന്ദര്‍ശനം സമാനതകള്‍ക്കതീതവും ചരിത്രപരവുമായത്, അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോടും ഇവിടത്തെ ജനതയോടും കാണിച്ച മാനുഷികതലംകൊണ്ടാണ്. പ്രവാസിമലയാളികളുടെ മനസ്സറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളോടും നിമിഷങ്ങള്‍ക്കകം ഏറ്റവും അനുതാപാര്‍ഹമായ നിലപാട് സ്വീകരിച്ച് നടപടിയെടുക്കുകവഴി അദ്ദേഹം കേരളത്തെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുകയായിരുന്നു. ഒപ്പം ഒരു സംസ്ഥാനം എന്ന പരിമിതിക്കുള്ളില്‍നിന്ന് ഇവിടത്തെ ജനതയ്ക്കുവേണ്ടി എങ്ങനെ ഏറ്റവും ഫലപ്രദമായി ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെളിയിക്കുകയും ചെയ്തു. പക്വതയും ആര്‍ജവവുമുള്ള ഒരു മുഖ്യമന്ത്രിയുടെ നയതന്ത്ര ഇടപെടലിലൂടെ ഒരു രാഷ്ട്രത്തലവനെക്കൊണ്ട് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ഒരു തീരുമാനം എങ്ങനെ എടുപ്പിക്കാമെന്നതിന്റെ മാതൃകയായി ഇവിടെ പിണറായി വിജയന്‍.

ജീവിതദുരിതങ്ങള്‍ക്ക് തെല്ലൊരു പരിഹാരം കാണാനാണ് ഭൂരിപക്ഷമാളുകളും പ്രവാസജീവിതം തെരഞ്ഞെടുക്കുന്നത്. ചെറിയ തര്‍ക്കങ്ങളിലും ബിസിനസ് സംബന്ധമായ കേസുകളിലും ചതിയിലും വഞ്ചനയിലുംപെട്ട് നിരവധിയാളുകള്‍ കര്‍ശനശിക്ഷ നടപ്പാക്കുന്ന ഗള്‍ഫ്രാജ്യങ്ങളിലെ ജയിലുകളില്‍ അകപ്പെടാറുണ്ട്. അവരോട് കരുണ കാട്ടുകയും ജയില്‍മോചിതരാക്കുകയും ചെയ്യണമെന്നായിരുന്നു സുല്‍ത്താനോടുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. ആ ആത്മാര്‍ഥതയ്ക്കുമുന്നില്‍ അനുഭാവപൂര്‍ണമായ തീരുമാനമെടുക്കാന്‍ ഷാര്‍ജ സുല്‍ത്താന്് അധികസമയം വേണ്ടിവന്നില്ല. മുഖ്യമന്ത്രിയുടെ ആവശ്യത്തിന്മേല്‍ 24 മണിക്കൂറിനുള്ളിലാണ് തീരുമാനം വന്നത്. ആ തീരുമാനം പ്രഖ്യാപിച്ച് ഇരുട്ടിവെളുക്കും മുമ്പ് വലിയ കുറ്റങ്ങള്‍ ചെയ്തവരൊഴിച്ചുള്ളവരെല്ലാം ജയില്‍മോചിതരായി. പലരും ആ നിമിഷം നാട്ടിലേക്ക് തിരിച്ചു. അല്ലാത്തവര്‍ക്ക് അവിടെ ജോലിചെയ്യാനുള്ള എല്ലാ സഹായവും ഷാര്‍ജ ഭരണകൂടം ചെയ്യുമെന്ന് സുല്‍ത്താന്‍ ഉറപ്പുനല്‍കുകയും ചെയ്തു. 

ജയില്‍മോചിതരായ ഇന്ത്യക്കാര്‍ നല്‍കേണ്ടിയിരുന്ന രണ്ടുകോടി ദിര്‍ഹ (35.58 കോടി രൂപ)ത്തിന്റെ സാമ്പത്തികബാധ്യത ഷാര്‍ജ ഭരണകൂടംതന്നെ അടച്ചുതീര്‍ത്തതും അപൂര്‍വതയായി. മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും മാത്രമല്ല, മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയുടെ ഗുണഫലം ലഭിച്ചു. ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവരോടൊപ്പം യുഎഇയിലെ മറ്റ് എമിറേറ്റ്സുകളിലും ഇതര ഗള്‍ഫ്രാജ്യങ്ങളിലും ജയിലുകളില്‍ പെട്ടുപോയ മലയാളികള്‍ക്കും  കുടുംബാംഗങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് ഷാര്‍ജ സുല്‍ത്താന്റെ തീരുമാനം. അവരുടെ മോചനത്തിന് സത്വര ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ഥിച്ച് വിദേശമന്ത്രി സുഷ്മ സ്വരാജിന് മുഖ്യമന്ത്രി ഉടന്‍ കത്തയക്കുകയും ചെയ്തു. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തടവുകാരുടെ മോചനം. കേരളത്തിന്റെ വികസനത്തിനും പ്രവാസി മലയാളികളുടെ ക്ഷേമത്തിനുമായി ഭവനപദ്ധതിയടക്കം ഏഴു പദ്ധതിനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സുല്‍ത്താനുമുന്നില്‍ വയ്ക്കുകയും അതിന് അനുകൂലതീരുമാനം ഉണ്ടാകുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ചെയ്ത കാര്യങ്ങളും അത് ഫലപ്രാപ്തിയില്‍ എത്തിയതുമാണ് ഇന്ന് മലപ്പുറത്തെ, വിശിഷ്യ വേങ്ങര മണ്ഡലത്തിലെ തെരഞ്ഞെടുപ്പുചര്‍ച്ചകളില്‍ മുഖ്യം. രണ്ടുതവണ കേന്ദ്രമന്ത്രിയായ ഇ അഹമ്മദിനും നാലുതവണ സംസ്ഥാനമന്ത്രിയായ പി കെ കുഞ്ഞാലിക്കുട്ടിക്കും പ്രവാസികള്‍ക്കായി കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, മൂന്നു ദിവസത്തെ പര്യടനവേളയില്‍ നിരവധി കാര്യങ്ങള്‍ ഷാര്‍ജ ഭരണാധികാരിക്കുമുന്നില്‍ അവതരിപ്പിക്കാനും നിമിഷനേരംകൊണ്ട് അവയില്‍ പലതും നേടിയെടുക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലയാണ് മലപ്പുറം. അതില്‍ മുന്നില്‍ വേങ്ങര മണ്ഡലവും. പ്രവാസിയുടെ ദുരിതവും നൊമ്പരവും ഇന്നാട്ടുകാര്‍ക്ക് പുത്തരിയല്ല. ഷാര്‍ജയിലെ ജയിലില്‍ കുടുങ്ങിയ പാവങ്ങളെ ജയിലുകളില്‍നിന്ന് പുറത്തിറക്കി നാട്ടിലെത്തിക്കാന്‍, തൊഴില്‍ നല്‍കാന്‍ നടത്തിയ ഇടപെടലിനെയാണ് വേങ്ങര ഒന്നടങ്കം വാഴ്ത്തുന്നത്. ഇതേ ആവശ്യമുന്നയിച്ച് കേന്ദ്ര- സംസ്ഥാന മന്ത്രിസഭകളില്‍ വിരാജിച്ച കാലത്ത് പ്രവാസികുടുംബങ്ങള്‍ നല്‍കിയ നിവേദനങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതിരുന്ന ലീഗ് നേതാക്കളുടെ നിലപാടും എല്‍ഡിഎഫ് നയവും താരതമ്യം ചെയ്യുകയാണ് മലപ്പുറത്തുകാര്‍.
മോഡി അധികാരത്തില്‍ വന്നതോടെ സംഘപരിവാറുകാര്‍ രാജ്യമെമ്പാടും വര്‍ഗീയകലാപങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ അതിനെതിരെ ഒന്നു പ്രതികരിക്കാന്‍പോലും ലീഗിനായില്ല.

കേരളത്തില്‍ യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ ഇന്നത്തെ സ്ഥിതി അതീവ ദയനീയമാണ്. ബിജെപി എംപിമാരില്‍ മൂന്നില്‍ രണ്ടും മുമ്പ് കോണ്‍ഗ്രസ് എംപിമാരോ മന്ത്രിമാരോ നേതാക്കളോ ആയിരുന്നവരാണ്. അതിനാല്‍, ന്യൂനപക്ഷവേട്ടയ്ക്കെതിരെ പ്രതികരിക്കാന്‍പോലും കഴിയാത്ത കോണ്‍ഗ്രസിനെയും മുസ്ളിംലീഗിനെയും എങ്ങനെ വിശ്വസിക്കാനാകുമെന്നതാണ് വേങ്ങര ഉയര്‍ത്തുന്ന ചോദ്യം. അതേസമയം, സംഘപരിവാറിന്റെ 'ഗുഡ്ബുക്കില്‍' ഇടംപിടിക്കാന്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസും മുസ്ളിംലീഗും. വേങ്ങരയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരണം ഉദ്ഘാടനംചെയ്ത വേദിയില്‍നിന്ന് ഉയര്‍ന്നുകേട്ടതും ആര്‍എസ്എസും യുഡിഎഫും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ അലയൊലിയായിരുന്നു. യുഡിഎഫും ബിജെപിയും ചേര്‍ന്ന് വടകരയിലും ബേപ്പൂരിലും ഒറ്റ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചത് കേരളത്തിന് മറക്കാനാകുമോ?

പ്രധാന വാർത്തകൾ
Top