24 October Wednesday

ജ്വലിക്കുന്ന ഓര്‍മയായി സാവിത്രിഭായി ഫൂലെ

കെ രാധാകൃഷ്ണന്‍Updated: Wednesday Jan 3, 2018

2014 ജനുവരി മൂന്ന്- മഹാരാഷ്ട്രയിലെ താനെ ജില്ലയ്ക്ക് ചുറ്റുമുള്ള നൂറോളം ഗ്രാമങ്ങളില്‍നിന്ന് ആറായിരത്തോളം ആദിവാസി സ്ത്രീകള്‍ സഖാവ് ഗോദാവരി ശ്യാം റാവു പരുലക്കേര്‍ ഭവനില്‍ ഒത്തുകൂടി. 19-ാംനൂറ്റാണ്ടില്‍ ഇന്ത്യക്കാകെ മാതൃകയായിത്തീര്‍ന്ന പ്രമുഖ സാമൂഹ്യപരിഷ്കര്‍ത്താവ് സാവിത്രിഭായി ഫൂലെയുടെ ജന്മവാര്‍ഷികം ആഘോഷിക്കുന്നതിനായിരുന്നു അത്. വീണ്ടുമൊരു ജന്മദിനംകൂടി കടന്നുവരുന്ന ഈ വേളയില്‍ ത്യാഗനിര്‍ഭരവും അവിസ്മരണീയവുമായ ജീവിതത്തിന് ഉടമയായ സാവിത്രിഭായിയുടെ സ്മരണ പുതുക്കുകയാണിവിടെ. ഇന്ത്യന്‍ നവോത്ഥാനകാലചരിത്രത്തിലെ മറക്കാനാകാത്ത ഏട്.

1831 ജനുവരി മൂന്നിന് മഹാരാഷ്ട്രയിലെ നയിഗവോണിലെ കര്‍ഷകകുടുംബത്തിലാണ് സാവിത്രിഭായി ഫൂലെ ജനിച്ചത്. സാമൂഹിക അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞുനിന്ന ആ കാലഘട്ടത്തില്‍ സാവിത്രിഭായിക്ക് ഒമ്പതുവയസ്സുമാത്രമുള്ളപ്പോള്‍ 12 വയസ്സുള്ള ജ്യോതിറാവു ഫൂലെയ്ക്ക് അവരെ വിവാഹം കഴിച്ച് കൊടുത്തു. തികഞ്ഞ പുരോഗമനവാദിയായ ജ്യോതി റാവു ഫൂലെയുമായുള്ള വിവാഹം സാവിത്രിഭായിയുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കി.

ജാതിവ്യവസ്ഥയില്‍നിന്ന് രക്ഷനേടണമെങ്കില്‍ സ്ത്രീകളുടെയും ദരിദ്രരുടെയും താഴ്ന്നജാതിക്കാരുടെയും വിദ്യാഭ്യാസത്തിലൂടെമാത്രമേ സാധ്യമാകുകയുള്ളൂ എന്ന തന്റെ ഭര്‍ത്താവിന്റെ വിശ്വാസത്തോട് അവരും യോജിച്ചു. 1848ല്‍ ബുദ്ധുവാസ് പേട്ടില്‍ താഴ്ന്നജാതിക്കാരായ കുട്ടികള്‍ക്കുവേണ്ടി ജ്യോതിറാവു ഫൂലെ ആരംഭിച്ച സ്കൂളില്‍ അധ്യാപികമാരെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായി. ഈ പ്രതിസന്ധി നേരിടാന്‍ സാവിത്രിഭായിയെ പഠിപ്പിച്ച് ആ സ്കൂളില്‍ അധ്യാപികയാക്കി. ഏറ്റവും അധികം പെണ്‍കുട്ടികള്‍ ഈ സ്കൂളില്‍ വിദ്യാഭ്യാസം ചെയ്യുന്നത് സവര്‍ണജാതിക്കാരുടെ വിദ്വേഷത്തിന് കാരണമായി. സാവിത്രിഭായി ഫൂലെയ്ക്കുനേരെ ആക്രമണംവരെ ഉണ്ടായി. ജാതിവെറിയന്മാരുടെ എതിര്‍പ്പും ശക്തമായ സമ്മര്‍ദവും കാരണം സാവിത്രിഭായി ഫൂലെയ്ക്ക് ജ്യോതിറാവു ഫൂലെയോടൊപ്പം ഭര്‍തൃഗൃഹത്തില്‍നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യംവരെ നേരിടേണ്ടിവന്നു.

സ്ത്രീകള്‍, പ്രത്യേകിച്ച് ദളിത് സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യുന്നത് വിലക്കപ്പെട്ട ആ കാലഘട്ടത്തില്‍ ഇന്ത്യയിലാദ്യമായി സ്ത്രീകള്‍ക്കുവേണ്ടി അവര്‍ വിദ്യാലയം ആരംഭിച്ചു. വിദ്യാലയത്തിലേക്ക് അധ്യാപകരെ കണ്ടെത്തുന്നതിലും കുട്ടികള്‍ക്ക് സുരക്ഷിതമായ പഠനസൌകര്യമൊരുക്കുന്നതിലും ജാതിമേലാളന്മാരില്‍നിന്ന് ഇവര്‍ക്ക് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നു. പക്ഷേ, എല്ലാ എതിര്‍പ്പും അവഗണിച്ച് തന്റെ ഉദ്യമവുമായി മുന്നോട്ടുപോയി.

പത്തൊമ്പതാംനൂറ്റാണ്ടില്‍ മഹാരാഷ്ട്രയിലെ ഹിന്ദുസമുദായങ്ങള്‍ക്കിടയില്‍ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പുതന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കുന്ന പതിവുണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പുതന്നെ ഇവരില്‍ പലരും വിധവകളായി. അങ്ങനെ വിധവകളാകുന്ന ബാലികമാര്‍ പിന്നീട് കുടുംബത്തിലെ മറ്റു മുതിര്‍ന്ന പുരുഷാംഗങ്ങളുടെ പീഡനങ്ങള്‍ക്കും ലൈംഗികചൂഷണങ്ങള്‍ക്കും ഇരകളാക്കപ്പെട്ടു.

സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ വിധവാവിവാഹം ആ കാലഘട്ടത്തില്‍ ചിന്തിക്കാന്‍പോലും ആരും ധൈര്യപ്പെട്ടില്ല. വിധവകളാകുന്ന ബാലികമാര്‍ നരകതുല്യജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരായി. തലമുണ്ഡനം ചെയ്തും ചുവപ്പുനിറത്തിലുള്ള ഒറ്റസാരി ചുറ്റിയും ആയുഷ്കാലം മുഴുവന്‍ പീഡനത്തിനും ചൂഷണത്തിനും വിധേയരാക്കപ്പെട്ട് ജീവിക്കേണ്ട അവസ്ഥ. ലൈംഗികചൂഷണത്തിന് വിധേയരാകുന്ന വിധവകള്‍ ഒന്നുകില്‍ സ്വയം ജീവന്‍ ഒടുക്കുകയോ അല്ലെങ്കില്‍ ഉദരത്തിലുള്ള ഭ്രൂണത്തെ നശിപ്പിക്കുകയോ ചെയ്തിരുന്ന കാലഘട്ടം. ഈ ദുരവസ്ഥ കണ്ട് സഹികെട്ട സാവിത്രിഭായി വിധവകളുടെ തല മുണ്ഡനം ചെയ്യാന്‍ വന്ന ക്ഷൌരക്കാര്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. ഇത് വലിയ ഒച്ചപ്പാട് സൃഷ്ടിച്ച സംഭവമായിരുന്നു.

ഒരുഘട്ടത്തില്‍ ഗര്‍ഭിണിയായ ഒരു വിധവയെ ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിച്ച് അവരുടെ കുഞ്ഞിനെ രക്ഷിച്ച സാവിത്രിഭായി സ്വന്തം ജീവിതത്തിലേക്ക് അവനെ ദത്തെടുത്ത് യഷ്വന്ത് റാവു എന്ന പേരും നല്‍കി വളര്‍ത്തി ഒരു ഡോക്ടറാക്കി. ചൂഷണത്തിനുവിധേയരായി ഗര്‍ഭിണികളാകുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി പാര്‍ക്കാനും അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമുള്ള ഒരു സംരക്ഷണകേന്ദ്രം സാവിത്രിഭായിയും ജ്യോതിറാവുവുംചേര്‍ന്ന് തുടങ്ങി.

അക്കാലത്ത് താഴ്ന്നജാതിക്കാര്‍ക്ക് പൊതുകിണറില്‍നിന്ന് വെള്ളമെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. വിലക്ക് ലംഘിച്ച് വെള്ളമെടുത്തവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയിരുന്നു. സാവിത്രിഭായിയും ജ്യോതിറാവുവും 1868ല്‍ അവരുടെ വീട്ടിലെ കിണര്‍ താഴ്ന്നജാതിക്കാര്‍ക്കുവേണ്ടി തുറന്നുകൊടുത്തു. സ്വന്തം ജീവിതംകൊണ്ട് മാതൃക കാട്ടിയ സാവിത്രിഭായി നൂറ്റാണ്ടുകള്‍ പിന്നിട്ടാലും അനശ്വരമായി നമ്മുടെ ബോധമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കും.

സാവിത്രിഭായിയുടെ ഡോക്ടറായ വളര്‍ത്തുമകന്‍ യഷ്വന്തും സാവിത്രിഭായിയും 1897ല്‍ പുണെയെ ഗ്രസിച്ച പ്ളേഗ് രോഗത്തെ പ്രതിരോധിക്കാനായി ഒരു ആശുപത്രി തുടങ്ങി. സാവിത്രിഭായിയാണ് പ്ളേഗ് രോഗികളെ പരിചരിച്ചത്. അവരെ പരിചരിക്കുന്നതിനിടയില്‍ സാവിത്രിഭായിയും പ്ളേഗ് രോഗം ബാധിച്ച് 1897 മാര്‍ച്ച് പത്തിന് മരണത്തിന് കീഴടങ്ങി.

സാവിത്രിഭായിയുടെ മരണശേഷം അവരുടെ രണ്ടു കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു. വനിതാ സാമൂഹികപ്രവര്‍ത്തകര്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ സാവിത്രിഭായിയുടെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തി. 1988 മാര്‍ച്ച് പത്തിന് സാവിത്രിഭായിയോടുള്ള ആദരസൂചകമായി തപാല്‍വകുപ്പ് ഒരു സ്റ്റാമ്പ് പുറത്തിറക്കി. 2014ല്‍ സാവിത്രിഭായിയെ ആദരിക്കാനായി പുണെ സര്‍വകലാശാലയുടെ പേര് സാവിത്രിഭായി ഫൂലെ പുണെ യൂണിവേഴ്സിറ്റി എന്നാക്കി മാറ്റി. അങ്ങനെ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഓര്‍മകള്‍ കെട്ടുപോകാത്ത ദീപ്തസ്മരണയായി നിലനില്‍ക്കുന്ന സാവിത്രിഭായി ഫൂലെ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.

ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങള്‍ സാവിത്രിഭായി ഫൂലെയെപ്പോലുള്ള സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുകയാണ്. കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്താകമാനം ദളിതരെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുകയാണ്. യുപിയില്‍ പിന്നോക്കക്കാര്‍ക്കുള്ള സ്കോളര്‍ഷിപ് നിര്‍ത്തലാക്കി. രാജസ്ഥാനിലെ സ്കൂളുകള്‍ സവര്‍ണ സ്വകാര്യലോബികള്‍ക്ക് വിട്ടുനല്‍കി. സ്ത്രീസാക്ഷരതയില്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളവും ത്രിപുരയുമെല്ലാമാണ് ഇന്ന് ഇന്ത്യക്ക് മാതൃക. കേരളത്തില്‍ 91 ശതമാനവും ത്രിപുരയില്‍ 83.15 ശതമാനവുമാണ് സ്ത്രീസാക്ഷരത. ദേശീയ ശരാശരി 65.46 ശതമാനമാണ്. എന്നാല്‍, ബിജെപി ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ത്രീസാക്ഷരത ദേശീയ ശരാശരിയേക്കാള്‍ വളരെ പിറകിലാണ്.

സ്വാതന്ത്യ്രം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞിട്ടും പട്ടികജാതി- വര്‍ഗ വിഭാഗത്തിന് മറ്റു ജനവിഭാഗങ്ങള്‍ക്കൊപ്പം സമൂഹത്തില്‍ സാമ്പത്തികമായോ സാമൂഹികമായോ വിദ്യാഭ്യാസപരമായോ ഒരു സമത്വവും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തിന്റെ, വിശിഷ്യാ ദളിതരുടെയും സ്ത്രീകളുടെയും ഉന്നതിക്കായി പ്രവര്‍ത്തിക്കാതെ രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനാണ് ശ്രമം. മതേതരത്വം എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയില്‍നിന്ന് എടുത്തുകളയുമെന്നും മതനിരപേക്ഷകര്‍ പിതൃത്വം ഇല്ലാത്തവരാണെന്നുമാണ് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡേ പറയുന്നത്. ഇന്ത്യന്‍ ഭരണഘടന തിരുത്തിയെഴുതി മനുസ്മൃതി കൊണ്ടുവരാനുള്ള ആര്‍എസ്എസ് നേതൃത്വത്തിന്റെ കുത്സിതശ്രമമാണ് അനന്തകുമാര്‍ ഹെഗ്ഡേയുടെ പ്രസ്താവനയിലൂടെ കണ്ടത്.

അശരണര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കുംവേണ്ടി സ്വന്തം ജീവന്‍ ത്യജിച്ച സാവിത്രിഭായി ഫൂലെയെപ്പോലുള്ളവരുടെ മാതൃക നൂറ്റാണ്ടുകള്‍ പിന്നിട്ടാലും ജനമനസ്സില്‍ ജ്വലിക്കുന്ന ഓര്‍മയാണ്. സാവിത്രിഭായിയുടെ ജന്മദിനമായ ജനുവരി മൂന്ന് ദളിത് ശോഷന്‍ മുക്തി മഞ്ചിന്റെ (ഡിഎസ്എംഎം) ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും പട്ടികജാതി ക്ഷേമസമിതി (പികെഎസ്) നേതൃത്വത്തില്‍ കേരളത്തിലും ദേശീയ സ്ത്രീ വിദ്യാഭ്യാസദിനമായി ആചരിക്കുകയാണ്. *

(ദളിത് ശോഷന്‍ മുക്തി മഞ്ച് പ്രസിഡന്റാണ് ലേഖകന്‍)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top