13 November Tuesday

ആര്‍എസ്എസിന്റേത് ഇന്ത്യക്കെതിരായി യുദ്ധം ചെയ്‌ത പാരമ്പര്യം മാത്രം

കെ ടി കുഞ്ഞിക്കണ്ണന്‍Updated: Wednesday Feb 14, 2018

ലോകത്തിലെ തന്നെ ഏറ്റവും വലിയ സമാന്തരസേനയാണുപോലും ആര്‍എസ്എസ്! ഭരണഘടനയെ വെല്ലുവിളിക്കുന്ന മതരാഷ്‌‌‌‌‌ട്രവാദം ലക്ഷ്യമായി സ്വീകരിച്ച സേനയെന്നുകൂടി ആര്‍എസ്എസിനെ വിശേഷിപ്പിക്കണം.

മിസ്റ്റര്‍ ഭാഗവത് വീമ്പുപറഞ്ഞതാവാം. ഇന്ത്യന്‍ സേന ആറു മാസമെടുത്ത് സജ്ജമാകുന്ന കാര്യങ്ങള്‍ മൂന്ന് ദിവസംകൊണ്ട് ആര്‍എസ്എസിന് കഴിയുമെന്ന്. ഭരണഘടനയും അത് കല്‍പിച്ചുനല്‍കുന്ന സൈനിക അധികാരങ്ങളെയും ഇന്ത്യന്‍ സേനകളുടെ അര്‍പ്പിതമായ പ്രവര്‍ത്തനങ്ങളെയും അക്ഷരാര്‍ത്ഥത്തില്‍ അപഹസിക്കുകയായിരുന്നു മോഹന്‍ഭഗവത്. ആര്‍എസ്എസ് നാസികളെയും ഫാസിസ്റ്റികളെയും പോലെ വംശാഭിമാനം നെഞ്ചിലേറ്റിയ സംഘടനയാണ്.

സെമറ്റിക് മതവിരോധമാണ് അതിന്റെ ഇന്ധനം. അച്ചടക്കത്തെയും സേവനോത്സുകതയെയും ധീരതയെയുമൊക്കെ കുറിച്ച് പറഞ്ഞ് ആര്‍എസ്എസിനെ ന്യായീകരിക്കുന്നവര്‍ ഗാന്ധിയുടെ ഈ വാക്കുകള്‍ ഓര്‍ക്കുന്നത് നന്ന്. 'ഹിറ്റ്ലറുടെ നാസികളും മുസോളിനിയുടെ ഫാസിസ്റ്റുകളും അങ്ങനെത്തന്നെയായിരുന്നു എന്ന് മറക്കേണ്ട.'' (ഗാന്ധി വാഹ് അഭയാര്‍ത്ഥിക്യാമ്പ് സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ കൂടെയുള്ള ആള്‍ ആര്‍എസ്എസിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു പ്രതികരണം നടത്തിയത്പ്യാരിലാല്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്)

ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറുടെ ധൈഷണിക മാര്‍ഗദര്‍ശിയായിരുന്നു ഡോ.മുംഞ്ചെ. അദ്ദേഹം ഇറ്റലിയില്‍ ചെന്ന് മുസോളിനിയുടെ സൈനിക കോളേജും ഫാസിസ്റ്റ് അക്കാദമി ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനും സെന്‍ട്രല്‍ മിലിട്ടറി സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനും സന്ദര്‍ശിച്ച് അവിടുത്തെ രീതികള്‍ പഠിച്ചു. മുംഞ്ചെയുടെ നിര്‍ദ്ദേശമനുസരിച്ചാണ് മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനാ രീതികളും പ്രവര്‍ത്തനശൈലിയും ആര്‍എസ്എസ് രൂപപ്പെടുത്തിയത്. ഡ്രില്ലുകളും പരേഡുകളും വംശവിരോധത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രവും അതാണ് ആര്‍എസ്എസ് എന്ന സേനയുടെ അടിസ്ഥാനം.

സത്യം പറയണമല്ലോ അവര്‍ കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്രരാജ്യമാക്കാന്‍ ദോഗ്രി രാജാവിന്റെ കൂലിപ്പട്ടാളമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഔട്ട്‌പോസ്റ്റുകളില്‍ കാവല്‍കിടന്ന ഇന്ത്യന്‍ ഭടന്മാരുടെ തോക്കുകള്‍ തട്ടിപ്പറിക്കാന്‍ ദോഗ്രി സൈന്യത്തിന്റെ ശിങ്കിടികളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായി കൂലപ്പട്ടാളമായി പ്രവര്‍ത്തിച്ച പാരമ്പര്യം അവര്‍ക്കുമാത്രം അവകാശപ്പെട്ടതാണ്. അല്ലാതെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ ആര്‍എസ്എസ് ഒന്നും ചെയ്തതായി ചരിത്രത്തിലില്ല.

മുംഞ്ചെയുടെ ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ബലില്ല പോലുള്ള മുസോളിനിയുടെ സംഘടനകളില്‍ നിന്നാണ് ആര്‍എസ്എസ് അതിന്റെ സംഘടനാരീതികള്‍ പകര്‍ത്തിയതെന്നാണ്. ഹിന്ദു ഇന്ത്യക്കുവേണ്ടിയാണ് ആര്‍എസ്എസിനെ പോലുള്ള ഒരു അര്‍ദ്ധസൈനിക സംഘടന രൂപീകരിച്ചിട്ടുള്ളതെന്ന് മുംഞ്ചെ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍എസ്എസിന് രാജ്യം കാക്കാനായി ഭരണഘടന ഏല്‍പിച്ച ഇന്ത്യന്‍ സൈന്യത്തേക്കാള്‍ ബൃഹത്തും കാര്യക്ഷമതയുള്ളതുമായ സേനാവിഭാഗമായി സ്വയം അവരോധിക്കുന്ന മോഹന്‍ഭഗവതിന്റെ മനസ്സിലുള്ളത് എന്തെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍പ്പടിവരെ പോകേണ്ടതില്ല. ഹിന്ദു ഇന്ത്യ എന്ന വംശാഭിമാനബോധമാണ് ആര്‍എസ്എസുകാരുടെ പേശികളെ ചലിപ്പിക്കുന്നത്. ഇന്ത്യയെന്ന മതനിരപേക്ഷ രാജ്യത്തെ ഹിന്ദുരാഷ്‌‌ട്രമായി പിടിച്ചെടുക്കാന്‍ ഹിന്ദുസേനാദളമുണ്ടെന്ന ഭഗവതിന്റെ മനസ്സിലിരിപ്പാണ് പുറത്തുവന്നിരിക്കുന്നത്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top