21 April Saturday

തമസ്സ് പരക്കാതെ നോക്കണം

അശോകന്‍ ചരുവില്‍Updated: Thursday Apr 6, 2017

കേരളം തങ്ങളുടെ ടാര്‍ജെറ്റാണെന്ന് ഏതാണ്ടെല്ലാ വര്‍ഗീയ രാഷ്ട്രീയക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ പലമട്ടില്‍ നടക്കുന്നതായി ഭയപ്പെടുന്നു. കണ്ണൂരിലെ തളാപ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ കൊലപാതകശ്രമത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നു. ശസ്ത്രക്രിയക്കായി സര്‍ജന്‍മാര്‍ ഉപയോഗിക്കുന്ന കത്തിയാണത്രെ കൊലപാതകികളുടെ നവീന ആയുധം. മുമ്പ് തെരുവുനായകളെ തലയറുത്തു കൊന്ന് പരിശീലനം നടത്തുന്നതിനെ കുറിച്ച് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കാസര്‍കോട്ടെ മദ്രസാ അധ്യാപകന്‍ മുഹമ്മദ് റിയാസിന്റ കൊലപാതകം ഈ നാണയത്തിന്റെ മറുവശമായി കാണണം. അവിടെ ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.

മുഹമ്മദ് റിയാസിന്റെ കൊലപാതകം എന്റെ ഓര്‍മയെ കാല്‍നൂറ്റാണ്ടിനു പിറകിലേക്ക് കൊണ്ടുപോയി. ഏതാണ്ട് സമാനമായ സംഭവമാണ് അന്ന് എന്റെ ഗ്രാമമായ (തൃശൂരിലെ) കാട്ടൂരില്‍ നടന്നത്. ഇവിടെയുള്ള ഒരു ഒറ്റമുറി മദ്രസയില്‍ കിടന്നുറങ്ങിയിരുന്ന അലി എന്ന പട്ടാമ്പിക്കാരന്‍ മുക്രിയെ ഒരു സംഘം ആര്‍എസ്എസുകാര്‍ തലങ്ങുംവിലങ്ങും വെട്ടിക്കൊന്നു. ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും ഭീകരമായ ദൃശ്യം വെട്ടേറ്റു കിടക്കുന്ന ആ മൃതശരീരമാണ്. ആദ്യത്തെ വെട്ടുകിട്ടിയപ്പോള്‍ ആ പാവം മനുഷ്യന്‍ തലയിണ എടുത്തായിരിക്കണം തന്റെ ജീവനുവേണ്ടിയുള്ള അവസാനത്തെ പ്രതിരോധം നടത്തിയത്. കാരണം തലയിണ ഛിന്നഭിന്നമായി കിടന്നിരുന്നു. പറന്നുവീണ പഞ്ഞിത്തുണ്ടുകള്‍ തളംകെട്ടിയ ചോരയിലും മൃതശരീരത്തിലും വീണുകിടക്കുന്നു. ജയിലില്‍ വധശിക്ഷ നടപ്പാക്കുമ്പോള്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, എന്തിനെന്നറിയാതെ ആക്രമിക്കപ്പെടുക, കൊല്ലപ്പെടുക എന്നതില്‍പ്പരം ഭീകരമായ സംഗതിയില്ല. 

അന്നും ഏഴോ എട്ടോ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ജീവപര്യന്തം ശിക്ഷയാണ് കോടതി അവര്‍ക്കു നല്‍കിയത്. ദൃക്സാക്ഷികള്‍ ഇല്ലാത്ത ആ കേസില്‍ അപ്പീല്‍ കോടതി ശിക്ഷ ലഘൂകരിക്കുകയോ റദ്ദാക്കുകയോ ചെയ്തു എന്നാണ് ഓര്‍മ. ജീവിതമാര്‍ഗം തേടി മലബാറില്‍നിന്നു വരുന്നവരാണ് ഞങ്ങളുടെ നാട്ടിലെ പള്ളികളിലെ മൊല്ലാക്കമാരും കത്തീബുകളും. കുട്ടികളെ ഓതാന്‍ പഠിപ്പിച്ചും ഊഴമിട്ട് സമ്പന്ന വീടുകളില്‍ ചെന്ന് ഭക്ഷണം കഴിച്ചും ജീവിക്കുന്ന അവരില്‍ പുരോഹിതര്‍ എന്ന ഭാവം കണ്ടിട്ടില്ല. ആരും അവരെ അങ്ങനെ ഗൌനിക്കാറുമില്ല. കാസര്‍കോട്ട് കൊല്ലപ്പെട്ട മതാധ്യാപകനെപ്പോലെ അലി മുക്രിക്കും കൊലപ്പെടുത്തിയവരുമായി എന്തെങ്കിലും ബന്ധമോ പരിചയമോ അതിന്മേലുണ്ടാകാവുന്ന വിദ്വേഷമോ ഉണ്ടായിരുന്നില്ല. ആ രാത്രിയില്‍ കാട്ടൂരില്‍ത്തന്നെയുള്ള മറ്റു രണ്ട് മുസ്ളിം പള്ളികള്‍ക്കു നേരെയും ആക്രമണം നടന്നിരുന്നു. അവ രണ്ടും അടച്ചുറപ്പുള്ള കെട്ടിടങ്ങള്‍ ആയതുകൊണ്ട് അനിഷ്ടസംഭവം ഉണ്ടായില്ല. മൂന്നാമത്തെ ജീര്‍ണിച്ച വാതിലുകളുള്ള ആ ഒറ്റമുറി മദ്രസ അക്രമികള്‍ക്ക് സൌകര്യപ്പെട്ടു കിട്ടി.

കൊടിഞ്ഞിയിലെ മതം മാറിയ ഫൈസലിന്റെയും കാസര്‍കോട്ടെ മുഹമ്മദ് റിയാസിന്റെയും കൊലപാതകങ്ങള്‍ കേരളത്തിലെ സംഘപരിവാര്‍ ദൌത്യം പുതിയ ഘട്ടത്തിലേക്ക് കടന്നതിന്റെ സൂചന നല്‍കുന്നു. നരേന്ദ്ര മോഡിയെയും യോഗി ആദിത്യനാഥിനെയും പോലുള്ളവര്‍‘ഭരണാധികാരികളായി മാറുമ്പോള്‍ അതിനനുസൃതമായ മാറ്റം ഉണ്ടാകണമല്ലോ. കൃത്യമായ ഉദ്ദേശ്യത്തോടെ ഒരു കൊലപാതകമോ സ്ഫോടനമോ നടത്താന്‍ ആദ്യം തീരുമാനിക്കുകയും അതിനു പറ്റിയ സ്ഥലവും ഇരയും പിന്നീട് കണ്ടെത്തുകയും ചെയ്യുന്നതാണ് ലോകമെങ്ങും മത രാഷ്ട്രീയ തീവ്രവാദികള്‍ അനുഷ്ഠിച്ചു കാണുന്ന രീതി. ഇറാനിലും സിറിയയിലും ഐഎസ്  ഇതേ രീതി അവലംബിക്കുന്നു. ഇവിടെ പള്ളിയും പുരോഹിതനുമാകുമ്പോള്‍,  ഒത്തുകിട്ടിയാല്‍ ഒന്നാന്തരം ഒരു വര്‍ഗീയ ലഹള. അതിലൂടെ സമൂഹത്തിലുണ്ടാകുന്ന ശത്രുതാപരമായ ഭിന്നത. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ഈ വഴിക്ക് അധികാരത്തിലെത്താമെന്ന് ഗുജറാത്തിലും യുപിയിലും പരീക്ഷിച്ചു തെളിഞ്ഞിട്ടുള്ളതാണ്. കൈ നനയാതെ എന്നുപറയാനാവില്ല. അന്യന്റെ ചോരകൊണ്ട് കൈ നനയുന്നുണ്ടല്ലോ.

വര്‍ഗീയ ലഹളകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഭീഷ്മാ സാഹ്നിയുടെ തമസ്സ്’എന്ന നോവലാണ് എനിക്ക് ഓര്‍മ വരിക. ഇന്ത്യക്കുള്ളില്‍ ശൈഥില്യത്തിന്റെ മാരക വിത്തുകള്‍ വിതയ്ക്കപ്പെട്ട വിഭജനകാല വര്‍ഗീയ കലാപങ്ങളുടെ ചോരയില്‍ കാലു നനഞ്ഞ് നടന്നാകണം സാഹ്നി ആ നോവല്‍ എഴുതിയത്. ദളിത് കോളനിയിലെ തന്റെ കുടിലില്‍ വച്ച് ഒരു മനുഷ്യന്‍ പന്നിയെ കൊല്ലുന്ന രംഗത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. പന്നിയെ കൊല്ലുന്നതും മുറിച്ചുവില്‍ക്കുന്നതും അയാളുടെ തൊഴിലാണ്. പക്ഷേ, ആ രാത്രിയില്‍ അത്രയും രഹസ്യമായി ആ പന്നിയെ കൊല്ലുന്നത് എന്തിനു വേണ്ടിയാണെന്ന് അവനറിഞ്ഞുകൂടാ. ഒരു യജമാനന്‍ വന്നു പറഞ്ഞു:‘എടാ, നീ ഒരു പന്നിയെ കൊന്ന് എന്നെ ഏല്‍പ്പിക്കണം.

പ്രതിഫലമായി കിട്ടിയ ഒരു വയര്‍ ‘ഭക്ഷണവും മദ്യവും കഴിച്ച് എവിടെയോ കിടന്നുറങ്ങിയ അയാള്‍ പിന്നെ ഉണരുന്നത് പിറ്റേന്ന് ഉച്ചയ്ക്കാണ്. അതിനകം ആ കോളനി കത്തിച്ചാമ്പലായിരുന്നു. കോളനി മാത്രമല്ല, നഗരവും. അടുത്ത ഗ്രാമങ്ങളിലേക്ക് കൊള്ളയും കൊള്ളിവയ്പും പടര്‍ന്നുകൊണ്ടിരിക്കുന്നു. നൂറുകണക്കിനു പേര്‍ ഇതിനകം കൊല്ലപ്പെട്ടു. അന്തംവിട്ടു പുറത്തുവന്ന അവനോട് പരക്കംപായുന്നവര്‍ പറയുന്നു: അവന്മാര്‍ പള്ളിക്കു മുമ്പില്‍ പന്നിയെ കൊന്ന് കൊണ്ടിട്ടു.

ഇപ്പോള്‍ ഇരയെന്നപോലെ ഉപകരണവും മൃഗത്തിനു പകരം മനുഷ്യന്‍ ആയിരിക്കുന്നു എന്ന വ്യത്യാസമുണ്ട്. ഞാന്‍ ഓര്‍ക്കുന്നു: ഏതാണ്ട് സമാനമായ സാമൂഹ്യ സാഹചര്യങ്ങളാണ് അന്ന് കാട്ടൂര്‍ സംഭവം നടക്കുമ്പോള്‍ രാജ്യത്തുണ്ടായിരുന്നത്. ബാബ്റി മസ്ജിദ് ആക്രമിച്ചു തകര്‍ക്കപ്പെട്ടിട്ടില്ല. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു. പ്രചണ്ഡമായ വര്‍ഗീയ പ്രചാരണം. ചോരയൊഴുക്കിക്കൊണ്ടുള്ള രഥയാത്രകള്‍. പാലക്കാട്ടെ സിറാജുന്നിസ എന്ന പിഞ്ചു പെണ്‍കുട്ടിയടക്കം ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ഇഷ്ടിക പൂജ. മതവിദ്വേഷ വിഷം തുപ്പുന്ന മൈതാന പ്രസംഗങ്ങള്‍. ദുര്‍ബല വിശ്വാസിയെ അന്യമതസ്ഥനായ അയല്‍ക്കാരനെതിരെ കൊടുവാളെടുക്കാന്‍ പ്രേരിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു. ഭാഗ്യത്തിന് അന്ന് കാട്ടൂരിലോ ഇന്നു കാസര്‍കോട്ടോ കണ്ണൂരിലോ സംഘപരിവാര്‍ അജന്‍ഡ നടപ്പായില്ല. നവോത്ഥാനം നല്‍കിയ വിവേകംകൊണ്ട് കാട്ടൂര്‍ ഗ്രാമം മാത്രമല്ല, കേരളം മുഴുവന്‍ അന്നു പ്രതിരോധിച്ചു നിന്നത് എനിക്ക് ഓര്‍മയുണ്ട്. അന്നും എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളം ഭരിച്ചിരുന്നത്. പ്രതികള്‍ അതിവേഗം പിടിയിലായി. മന്ത്രിമാരായ ടി കെ രാമകൃഷ്ണന്റെയും ലോനപ്പന്‍ നമ്പാടന്റെയും പ്രതിപക്ഷത്തെ കെ കരുണാകരന്‍, വി എം സുധീരന്‍ എന്നിവരുടെയും നേതൃത്വത്തില്‍ നാട്ടിലെ മുഴുവന്‍ ജനങ്ങളും പങ്കെടുത്ത സമാധാന റാലി തങ്ങള്‍ വര്‍ഗീയതയ്ക്ക് ഒപ്പമില്ല എന്ന് പ്രഖ്യാപിച്ചു.

‘ഭൂരിപക്ഷ ഹിന്ദുവര്‍ഗീയതയ്ക്ക് ബദലെന്ന വ്യാജേന ഉയര്‍ന്നുവരുന്ന എസ്ഡിപിഐ പോലുള്ള ഇസ്ളാം മത തീവ്രസംഘങ്ങള്‍ ഫലത്തില്‍ വിഷ വൃക്ഷത്തിനുള്ള ജലസേചനമായി മാറുന്നു. ഈയിടെ കോട്ടക്കലില്‍ വച്ച് നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സക്കറിയ ഒരു ജമാഅത്തെ ഇസ്ളാമി വേദിയില്‍ പറഞ്ഞ കാര്യം ഓര്‍മ വരുന്നു: ന്യൂനപക്ഷ തീവ്രവാദവും ‘ഭൂരിപക്ഷ തീവ്രവാദവും പരസ്പര പൂരകങ്ങളാണ്. കുഴിയില്‍ വീണ ആനയ്ക്ക് കയറിവരാന്‍ ചണ്ടിയിട്ടു കൊടുക്കുന്നതു പോലെയാണ് ന്യൂനപക്ഷ തീവ്രവാദം‘ഭൂരിപക്ഷ തീവ്രവാദത്തെ സഹായിക്കുന്നത്.’മതേതര ജനാധിപത്യ ശക്തികളുടെ ഐക്യവും പ്രതിരോധവും മാത്രമാണ് പ്രതിവിധി.

പ്രതിരോധത്തിന് നാം കൂടിയ വില കൊടുക്കേണ്ടി വരുമെന്നതും മറക്കരുത്. വാക്കിനെ തോക്കുകൊണ്ട് നേരിടുന്നവരാണ് വര്‍ഗീയ രാഷ്ട്രീയക്കാര്‍. ഗാന്ധിജിമുതല്‍ കല്‍ബുര്‍ഗിവരെ നമുക്ക് നഷ്ടപ്പെട്ട വിലമതിക്കാനാകാത്ത ജീവനുകള്‍ അത് തെളിയിക്കുന്നു. എഴുപതിലെ തലശ്ശേരി ലഹളക്കാലത്ത് മുസ്ളിം പള്ളിക്ക് കാവല്‍നിന്ന സഖാവ് യു കെ കുഞ്ഞിരാമനെ കൊലപ്പെടുത്തിയതുമുതല്‍ സംഘപരിവാറിന് ഒരുകാര്യം ബോധ്യമായിട്ടുണ്ട്. കേരളത്തില്‍ സൃഷ്ടിക്കുന്ന ഒരു വര്‍ഗീയ സംഘര്‍ഷം ഉദ്ദേശിക്കുന്ന വിധം ഫലവത്താകണമെങ്കില്‍ ആദ്യം കശാപ്പുചെയ്യേണ്ടത് ആരെയെന്ന്. ആക്രമിക്കപ്പെട്ടത് പി ജയരാജനായാലും കൊല്ലപ്പെട്ടത് കെ വി സുധീഷ് ആയാലും പത്രമാധ്യമങ്ങള്‍ക്ക് അത് ആര്‍എസ്എസ് മാര്‍ക്സിസ്റ്റ്്് സംഘട്ടനമാണ്. ശരി അവ കേവലം സംഘട്ടനങ്ങളായിത്തന്നെ നില്‍ക്കട്ടെ. പക്ഷേ, ഇന്ത്യയെ ആക്രമിച്ചുകൊണ്ടിരിക്കുന്ന വിഭജനപ്പിശാചില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ തങ്ങള്‍ ഇതുവരെ എന്തു ചെയ്തു, ഇനി എന്തു ചെയ്യുമെന്ന് കേവലമായ രാഷ്ട്രീയ‘ഭിന്നതകള്‍ മാറ്റിവച്ച് അവര്‍ ചിന്തിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ദേശീയ സ്വാതന്ത്യ്രത്തിനു വേണ്ടി താന്‍ എന്തു ചെയ്യണമെന്ന് അന്നത്തെ ഓരോ യുവാവും ചിന്തിച്ചതുപോലെ നെഞ്ചില്‍ കൈ വച്ച്് ഓരോ മലയാളിയും സ്വയം തീരുമാനമെടുക്കേണ്ടതുണ്ട്. കാരണം വര്‍ഗീയ സംഘര്‍ഷം അതുദ്ദേശിക്കുന്ന രാഷ്ട്രീയാധികാരത്തെ മാത്രമല്ല സൃഷ്ടിക്കുന്നത്. അതിന് നിരവധി പാര്‍ശ്വഫലങ്ങളുണ്ട്. അതു ഒരു ദുരന്തം മാത്രമല്ല; അവസാനമില്ലാത്ത ദുരന്തകാലത്തിന്റെ തുടക്കവുമാണ്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top