21 May Monday

ആസൂത്രിത ആക്രമണം

പ്രകാശ് കാരാട്ട്Updated: Thursday Sep 14, 2017

പത്രപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൌരി ലങ്കേഷ് ബംഗളൂരുവില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. സ്വാഭാവികമായും രാജ്യത്തെമ്പാടും വന്‍ പ്രതിഷേധമുയര്‍ന്നു. തീവ്ര ഹിന്ദുത്വസംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ഇത് വീണ്ടും അവസരമൊരുക്കി. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തുന്ന നാലാമത്തെ കൊലപാതകമാണ് ഗൌരി ലങ്കേഷിന്റേത്.  മുന്നുപേരെ നേരത്തെ സമാനമായ രീതിയില്‍ വധിച്ചു. 2013ല്‍ പുണെയില്‍ നരേന്ദ്ര ധബോല്‍ക്കറും 2015 ഫെബ്രുവരിയില്‍ ഗോവിന്ദ് പന്‍സാരെയും 2015 ആഗസ്തില്‍ കര്‍ണാടകയിലെ ധാര്‍വാഡില്‍ പ്രൊഫ. എം എം കലബുര്‍ഗിയുമാണ് ഇങ്ങനെ കൊല്ലപ്പെട്ടത്. 

ഗൌരി ലങ്കേഷിന്റെ കൊലപാതകത്തെ ദേശവ്യാപകമായിത്തന്നെ അപലപിച്ചതോടെ ആര്‍എസ്എസും ഹിന്ദുത്വ അനുയായികളും കടുത്ത പ്രതിരോധത്തിലായി. ഗൌരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിക്കുന്നവര്‍ കേരളത്തില്‍ ആര്‍എസ്എസുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ മിണ്ടാതിരുന്നത് എന്തുകൊണ്ടാണെന്നാണ് അവരുടെ ചോദ്യം.

ഗൌരി ലങ്കേഷിന്റെയും മറ്റ് മൂന്നു പ്രമുഖ ബുദ്ധിജീവികളുടെയും കൊലപാതകം വിരല്‍ചൂണ്ടുന്നത് ഹിന്ദുത്വ വര്‍ഗീയശക്തികള്‍ക്കെതിരെ എഴുതുകയും ചിന്തിക്കുകയും ചെയ്യുന്നവരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിതമായ നീക്കത്തിലേക്കാണ്. ഇതേ ആസൂത്രിത ആക്രമണമാണ് ആര്‍എസ്എസ് കേരളത്തില്‍ സിപിഐ എമ്മിനെതിരെയും അഴിച്ചുവിടുന്നത്. കേരളത്തില്‍ വര്‍ഗീയ ശക്തികളെ ശക്തമായി ചെറുക്കുന്നത് കമ്യൂണിസ്റ്റുകാരായതുകൊണ്ടാണിത്.  തീവ്ര ഹിന്ദുത്വസംഘടനകള്‍ അഴിച്ചുവിടുന്ന ഇത്തരം ആക്രമണങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ആര്‍എസ്എസും അവരെ പിന്തുണയ്ക്കുന്നവരും കേരളത്തില്‍ ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുകയാണെന്ന് ബഹളം വയ്ക്കുന്നത്. 

ധബോല്‍ക്കര്‍ കേസ് അന്വേഷിച്ചുവരുന്ന സിബിഐയും പന്‍സാരെ, കലബുര്‍ഗി കൊലപാതകക്കേസുകള്‍ അന്വേഷിച്ചുവരുന്ന മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും പ്രത്യേക അന്വേഷക സംഘവും ഈ കൊലപാതകങ്ങളില്‍ ഏറെ സമാനതകള്‍ കണ്ടെത്തി. കലബുര്‍ഗിയെയും പന്‍സാരയെയും വധിക്കുന്നതിന് ഒരേ തോക്കാണ് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍നിന്നു തെളിഞ്ഞു. ഇതുവരെ ശേഖരിച്ച തെളിവുകളും വിരല്‍ചൂണ്ടുന്നത് ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്ഥ എന്ന തീവ്രവാദ സംഘടനയിലേക്കാണ്.  ധബോല്‍ക്കര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇഎന്‍ടി ഡോക്ടര്‍ വീരേന്ദ്രനാഥ് തവാഡെ സനാതന്‍ സന്‍സ്ഥയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ്. പന്‍സാരെ വധക്കേസില്‍ സനാതന്‍ സന്‍സ്ഥയുടെ മറ്റൊരു പ്രവര്‍ത്തകനായ സമീര്‍ ഗെയ്ക്വാദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.  പൊലീസ് അന്വേഷിക്കുന്ന സന്‍സ്ഥയുമായി ബന്ധമുള്ള മറ്റുള്ളവര്‍ ഒളിവിലാണ്. കലബുര്‍ഗി വധവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഗോവയിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലുമായി പ്രവര്‍ത്തിക്കുന്ന സന്‍സ്ഥയ്ക്ക് 50000 സജീവ പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് അവകാശവാദം. 2009ല്‍ ഗോവയിലെ ചര്‍ച്ചിലും മഹാരാഷ്ട്രയിലെ ഒരു സിനിമാഹാളിലും ബോംബ് സ്ഫോടനം നടത്തിയത് ഇവരാണെന്നാണ് സംശയിക്കുന്നത്. സനാതന്‍ സന്‍സ്ഥയ്ക്ക് ഹിന്ദു ജന ജാഗ്രതാ സമിതി (എച്ച്ജെഎസ്) എന്ന പോഷകസംഘടനയുമുണ്ട്. കടുത്ത വര്‍ഗീയ പ്രചാരണം നടത്തുന്ന സംഘടനയാണിത്.

അക്രമങ്ങളിലും കൊലപാതകങ്ങളിലും സന്‍സ്ഥയുടെ പങ്കാളിത്തം തെളിഞ്ഞിട്ടും ആ സംഘടനയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തത് ആശ്ചര്യമുളവാക്കുന്നു. 2011ല്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാന സര്‍ക്കാരുകള്‍ സന്‍സ്ഥയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, അന്ന് അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ ഈ ആവശ്യം തള്ളി. 'വ്യക്തമായ സംഭവങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും'  അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഗോവയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം സന്‍സ്ഥയെ ന്യായീകരിക്കാന്‍ അവര്‍ മുന്നോട്ടുവരികയും ചെയ്യും.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് സംഘടനയെ നിരോധിക്കുന്നതിന് ആവശ്യമായ ഒരു നടപടിയും ഉണ്ടായില്ല. കേന്ദ്രത്തില്‍ മോഡി നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്ഥിതിഗതിയാകെ മാറി.  മലേഗാവ്, മെക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് ബോംബ് സ്ഫോടനക്കേസുകളില്‍ ഉള്‍പ്പെടെ ഹിന്ദുത്വ ഭീകരസംഘടനകളിലുള്ളവരെ കുറ്റവിമുക്തമാക്കാനാണ് സര്‍ക്കാരിന് താല്‍പ്പര്യം.  മലേഗാവ് കേസിലെ പ്രതികള്‍ക്ക് നേരെയുള്ള കുറ്റാരോപണങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മയപ്പെടുത്തിയതിന്റെ ഫലമായി ചിലര്‍ക്കൊക്കെ ജാമ്യം ലഭിച്ചു. പ്രഗ്യസിങ് ഠാക്കൂര്‍ അവരിലൊരാളാണ്. മറ്റൊരു ഹിന്ദുത്വ ഭീകരസംഘടനയിലെ അംഗമായ അസീമാനന്ദയ്ക്ക് മെക്ക മസ്ജിദ് കേസില്‍ ജാമ്യം ലഭിച്ചു. അജ്മീര്‍ സ്ഫോടനക്കേസില്‍നിന്ന് ഇയാളെ കുറ്റവിമുക്തനാക്കി. ഈ കേസുകളില്‍ നിരവധി കുറ്റങ്ങള്‍ ചുമത്തപ്പെട്ട ലഫ്റ്റനന്റ് കേണല്‍ പുരോഹിതിനും അടുത്തിടെ ജാമ്യം ലഭിച്ചു.

മഹാരാഷ്ട്രയിലും ഗോവയിലും ഇപ്പോള്‍ ബിജെപി സര്‍ക്കാരുകളാണ് അധികാരത്തിലുള്ളത്. ഈ സര്‍ക്കാരുകള്‍ സന്‍സ്ഥയ്ക്കെതിരായ കേസുകള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുമോ എന്ന കാര്യം സംശയമാണ്. ഈ ഘട്ടത്തില്‍ ഒരിക്കല്‍പോലും തെളിവുശേഖരണത്തിനായി പൊലീസ് സന്‍സ്ഥയുടെ ആസ്ഥാനം റെയ്ഡ് ചെയ്തിട്ടില്ല.  ഗൌരി ലങ്കേഷ് വധക്കേസ് അന്വേഷണത്തിലും ഇതൊക്കെ പ്രസക്തമാണ്. 

കര്‍ണാടക പൊലീസിന്റെ രണ്ട് പ്രത്യേക അന്വേഷകസംഘങ്ങളാണ് കലബുര്‍ഗിയുടെയും ഗൌരി ലങ്കേഷിന്റെയും കൊലപാതകക്കേസുകള്‍ അന്വേഷിക്കുന്നത്.  അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കുകയും ക്രൂരമായ കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരികയും ചെയ്യുകയെന്ന ശ്രമകരമായ ജോലി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുണ്ട്. 

ഗൌരി ലങ്കേഷിനെ വധിച്ചതില്‍ പ്രതിഷേധിച്ചും കൊലയാളികളെ നീതിക്കു മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും സെപ്തംബര്‍ 12ന് ബംഗളൂരുവില്‍ വന്‍ റാലി അരങ്ങേറി. ലക്ഷ്യം നേടുന്നതുവരെയും ഈ ജനകീയ പടയൊരുക്കം തുടരുകതന്നെ ചെയ്യും  


 

പ്രധാന വാർത്തകൾ
Top