19 November Monday

നിതീഷിന്റെ വഞ്ചനയും ദേശീയബദലിന്റെ ഭാവിയും

പ്രകാശ് കാരാട്ട്Updated: Thursday Aug 3, 2017

ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയായി നിതീഷ്കുമാറിന്റെ രാഷ്ട്രീയ മലക്കംമറിച്ചില്‍ രേഖപ്പെടുത്തും. അവസരവാദ രാഷ്ട്രീയക്കാരുടെ അവസരവാദപരമായ ഇത്തരം പൊരുമാറ്റംകൊണ്ട് പുഷ്കലമാണ് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം.  

ബിഹാറില്‍ 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ വിജയത്തിനുശേഷം ദേശീയതലത്തില്‍തന്നെ ബിജെപി വിരുദ്ധ സഖ്യത്തിന്റെ പ്രയോക്താവായി നിതീഷ്കുമാര്‍ ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍പ്പോലും ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ടികള്‍ കൈകോര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിതീഷ്കുമാര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന് നേതൃത്വം നല്‍കാന്‍ അദ്ദേഹം കോണ്‍ഗ്രസ് പാര്‍ടിയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. 

പെട്ടെന്ന് നടത്തിയ കരണംമറിച്ചിലിലൂടെ നിതീഷ്കുമാറും ജെഡിയുവും ബിഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കുകയും മണിക്കൂറുകള്‍ക്കകം ബിജെപിയുമായി സഖ്യംസ്ഥാപിച്ച് പുതിയ കൂട്ടുകക്ഷി സര്‍ക്കാരിന് രൂപം നല്‍കുകയും ചെയ്തു. ലാലുപ്രസാദ് യാദവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ അഴിമതിക്കേസില്‍ സിബിഐ ഫയല്‍ചെയ്ത എഫ്ഐആറാണ് പരിഹാസ്യമായ ഈ നാടകത്തിന് നിതീഷ്കുമാര്‍ ഉപയോഗിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. 

'മഹാസഖ്യത്തിന്റെ' തകര്‍ച്ചയും നിതീഷ്കുമാറിന്റെ കൂറുമാറ്റവും ജനാധിപത്യ- മതനിരപേക്ഷപക്ഷത്ത് വന്‍ സംഭ്രമമാണ് സൃഷ്ടിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതും എല്ലാ മതനിരപേക്ഷ കക്ഷികളും ഉള്‍പ്പെട്ടതുമായ ഒരു സഖ്യരൂപീകരണത്തിന്റെ ശില്‍പ്പിയായാണ് പലരും നിതീഷ്കുമാറിനെ വീക്ഷിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ 'മഹാസഖ്യത്തിന്റെ' ശില്‍പ്പിതന്നെ കൂറുമാറി ബിജെപി ക്യാമ്പിലേക്ക് പോയിരിക്കുന്നു. അതോടെ മഹാസഖ്യമെന്ന സങ്കല്‍പ്പംതന്നെ തകര്‍ന്നടിയുകയും ചെയ്തു.

നിതീഷ്കുമാര്‍ പ്രകടിപ്പിച്ച അവസരവാദം അപലപനീയമാണ്. അതേസമയം, മഹാസഖ്യം രൂപീകരിക്കാനുള്ള പദ്ധതിയുടെ തകര്‍ച്ച സിപിഐ എമ്മിനെ ഒട്ടും അത്ഭുതപ്പെടുത്തുന്നുമില്ല.

ഈ നീക്കം പരാജയപ്പെടാന്‍ രണ്ട് കാരണമുണ്ട്. ഒന്നാമതായി വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത രീതിയിലുള്ള പ്രാദേശിക കക്ഷികളുടെ സ്വഭാവം. ഏറെക്കാലം പ്രാദേശിക കക്ഷികളുമായി അടുത്ത് പ്രവര്‍ത്തിച്ച സിപിഐ എം അതിന്റെ അനുഭവങ്ങള്‍ 2015 ഏപ്രിലില്‍ ചേര്‍ന്ന 21-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവലോകനം ചെയ്യുകയുണ്ടായി. പ്രാദേശിക കക്ഷികള്‍ പ്രധാന ഘടകക്ഷികളായുള്ള ദേശീയതലത്തിലുള്ള സഖ്യം അപ്രായോഗികമാണെന്ന് പാര്‍ടി വിലയിരുത്തി. ഭൂരിപക്ഷം പ്രാദേശിക കക്ഷികളും നവ ഉദാരവല്‍ക്കരണനയങ്ങളെ അതേപടി സ്വീകരിക്കുകയുണ്ടായി. മാത്രമല്ല, അവസരംപോലെ സ്വന്തം രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കുമാത്രം മുന്‍ഗണന നല്‍കി അവര്‍ കോണ്‍ഗ്രസുമായും ബിജെപിയുമായും സഖ്യം സ്ഥാപിക്കുകയും ചെയ്തു. ഒന്നോ രണ്ടോ ഒഴിച്ച് ബാക്കിയെല്ലാ പ്രാദേശിക കക്ഷികളും ബിജെപിയുമായി അവസരവാദപരമായ സഖ്യം സ്ഥാപിക്കാന്‍ തയ്യാറായി. നിതീഷ്കുമാറിന്റെ കൂടുമാറ്റവും ഈ വസ്തുതയ്ക്കാണ് അടിവരയിടുന്നത്.

ഇത്തരമൊരു സാഹചര്യത്തിലാണ് സിപിഐ എം പ്രാദേശിക കക്ഷികളുമായി വിഷയങ്ങളുടെ അടിസ്ഥാനത്തില്‍മാത്രം അതും സംസ്ഥാനതലത്തില്‍ സംയുക്ത പ്രക്ഷോഭത്തിനും ഐക്യവേദിക്കും തയ്യാറാകുന്നത്. രാഷ്ട്രീയസാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം ആ പ്രത്യേക സംസ്ഥാനത്തുമാത്രം പ്രാദേശിക കക്ഷികളുമായി തെരഞ്ഞെടുപ്പ് ധാരണയിലെത്താമെന്നും സിപിഐ എം തീരുമാനിച്ചു. പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് അഖിലേന്ത്യാതലത്തില്‍ വിശ്വസനീയമായ ബദല്‍ സ്ഥാപിക്കാന്‍ കഴിയുകയില്ല.

രണ്ടാമതായി ഇന്നത്തെ രാഷ്ട്രീയ സ്ഥിതിഗതിയില്‍ ബിജെപിക്കും മോഡി സര്‍ക്കാരിനുമെതിരെ പൊരുതുക എന്നതാണ് പാര്‍ടിയുടെ മുഖ്യ കടമ. എന്നാല്‍, കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിച്ചുകൊണ്ട് ഇത് ചെയ്യാനാകില്ല. മോഡി സര്‍ക്കാരും കേന്ദ്ര ഭരണകക്ഷിയും നവ ഉദാരവല്‍ക്കരണനയങ്ങളും ഹിന്ദുത്വ വര്‍ഗീയ അജന്‍ഡയും ശക്തമായി മുന്നോട്ടുവയ്ക്കുകയാണ് ഇപ്പോള്‍. അതിനാല്‍, മോഡി സര്‍ക്കാരിനെതിരെയുള്ള സമരം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ അവരുടെ നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെയും വര്‍ഗീയാതിക്രമങ്ങള്‍ക്കെതിരെയും ശക്തമായി പൊരുതണം. മോഡി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവനോപാധിയെയും അവകാശങ്ങളെയും ആക്രമിക്കുകയാണിന്ന്. ജനങ്ങളുടെ ജീവനും അവകാശങ്ങള്‍ക്കുമെതിരെ നടക്കുന്ന ഈ ആക്രമണങ്ങള്‍ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതുന്നതോടൊപ്പംതന്നെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിഭാഗീയ-വര്‍ഗീയ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടവും നടത്തണം.

കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ ഈ ലക്ഷ്യം നേടാന്‍ ഇടതുപക്ഷത്തിന് കഴിയില്ല. കാരണം, ജനങ്ങള്‍ക്ക് ദോഷകരമായ നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് പ്രധാന കാരണം കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഇപ്പോഴും നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കുവേണ്ടി വാദിക്കുകയാണ്.

ജനവിരുദ്ധനയങ്ങളും അഴിമതിയും ദുര്‍ഭരണവും കാരണം കോണ്‍ഗ്രസിന്റെ വിശ്വാസ്യതതന്നെ തകര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസിന് ഒരു ബദല്‍ എന്ന നിലയിലാണ് ബിജെപി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര തകര്‍ച്ചയുടെയും അരാഷ്ട്രീയവല്‍ക്കരണത്തിന്റെയും ആഴം വ്യക്തമാക്കുന്നതാണ് ആ പാര്‍ടിയിലെ നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. 

എല്ലാ മതനിരപേക്ഷ പാര്‍ടികളുടെയും അവസരവാദ കൂട്ടുകെട്ടല്ല ഇന്ന് ആവശ്യം. തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകരുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള വിശാല ഐക്യവേദിയാണ് കെട്ടിപ്പടുക്കേണ്ടത്. അതോടൊപ്പം വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തിനുള്ള വിശാലമായ ഐക്യവും കെട്ടിപ്പടുക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും യോജിച്ച പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരുന്നതു കാണാം. 
മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും ബിജെപിക്കെതിരെയും ബദല്‍ കെട്ടിപ്പടുക്കേണ്ടത് ആവശ്യമാണ്. ബദല്‍ പദ്ധതി മുന്നോട്ടുകൊണ്ടുവച്ചായിരിക്കണം ഈ ബദലിന് രൂപം നല്‍കേണ്ടത്. അത്തരമൊരു ബദല്‍ പദ്ധതിയില്‍ നവ ഉദാരവല്‍ക്കരണനയത്തിനെതിരെയുള്ള സാമ്പത്തികനയങ്ങളും വര്‍ഗീയതയെ ചെറുക്കാനുള്ള മതനിരപേക്ഷ- ജനാധിപത്യ അജന്‍ഡയും ദളിതര്‍, ആദിവാസികള്‍, വനിതകള്‍, മറ്റ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ എന്നിവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും അവസാനമായി സാമ്രാജ്യത്വവിരുദ്ധ അജന്‍ഡയും സ്വതന്ത്ര വിദേശനയം സംബന്ധിച്ച കാഴ്ചപ്പാടും പ്രതിഫലിക്കണം. 

ഇടതുപക്ഷ ജനാധിപത്യ പദ്ധതിയാണ് സിപിഐ എം ബദലായി ഉയര്‍ത്തിക്കാട്ടുക. ദേശീയതലത്തില്‍ വിശ്വസനീയമായ ബദലാക്കി ഇതിനെ മാറ്റണമെങ്കില്‍ അധ്വാനിക്കുന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള കൂടുതല്‍ യോജിച്ച പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും ഉയര്‍ന്നുവരണം. ഇടതുപക്ഷ ഐക്യവും ശക്തിപ്പെടുത്തണം. ഹിന്ദുത്വ വര്‍ഗീയശക്തികള്‍ക്കെതിരെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെമാത്രമേ ഇത് സാധ്യമാകൂ

പ്രധാന വാർത്തകൾ
Top