20 July Friday

ഒന്നാം ടേമില്‍ എപ്ളസ്

കെ കെ ശിവദാസന്‍Updated: Wednesday Oct 11, 2017

സ്കൂള്‍ പ്രവര്‍ത്തനം ഈ വര്‍ഷത്തെ ഒന്നാം ടേം പൂര്‍ത്തിയാക്കി രണ്ടാം ടേമിലേക്ക് കടന്നു. വലിയതോതിലുള്ള മുന്നൊരുക്കംആവശ്യമുള്ളതാണ് ആദ്യ ടേം. കൃത്യമായ ആസൂത്രണം, പരിശീലനങ്ങള്‍, പാഠപുസ്തക വിതരണം, തസ്തികനിര്‍ണയം, അധ്യാപക നിയമനം തുടങ്ങിയവയെല്ലാം ആദ്യ ടേമിലെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. ഒരു അധ്യയനവര്‍ഷത്തിന് മൊത്തം ഉണര്‍വേകുന്ന ഘട്ടമാണിത്. ഈ വര്‍ഷത്തെ ആദ്യ ടേം പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് അഭിമാനിക്കാം. സ്കൂള്‍ തുറക്കുംമുമ്പുള്ള തയ്യാറെടുപ്പുകള്‍തന്നെ ആസൂത്രണത്തിലും നടത്തിപ്പിലും മികച്ചുനിന്നു. മധ്യവേനലവധി ദിനങ്ങളില്‍ അധ്യാപകരെയും രക്ഷാകര്‍തൃസമിതി പ്രവര്‍ത്തകരെയുമെല്ലാം സ്കൂളില്‍ സജീവമാക്കി നിര്‍ത്താന്‍ കഴിഞ്ഞത് പ്രധാന നേട്ടമായി. അവധിക്കാലത്ത് അധ്യാപകര്‍ ചേര്‍ന്ന് തയ്യാറാക്കിയ സ്കൂള്‍തല വാര്‍ഷികാസൂത്രണ പരിപാടികള്‍ പുതിയവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാന്‍ സഹായിച്ചു. അധ്യാപകര്‍ക്കായി നടത്തിയ അവധിക്കാല പരിശീലനങ്ങള്‍ ഉള്ളടക്കത്തിലും സംഘാടനത്തിലും മികവുറ്റതായി. ക്ളാസ് മുറിയിലെ ഐടി അധിഷ്ഠിത പഠന ബോധന പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ക്കിത് വലിയ പിന്തുണ നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നല്‍കിയ ഉത്തേജനവും ഫലം കണ്ടുതുടങ്ങിയതിന്റെ സൂചനകള്‍ സ്കൂള്‍പ്രവേശന സമയത്തുതന്നെ പ്രകടമായി. ഒന്നര ലക്ഷം കുട്ടികള്‍ അണ്‍ എയ്ഡഡ് സ്കൂളില്‍നിന്ന് പിന്‍വലിഞ്ഞ് പൊതുവിദ്യാലയങ്ങളിലെത്തി. സര്‍ക്കാരിനും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും ഇത് നല്‍കിയ ആവേശം ചെറുതല്ല.

കഴിഞ്ഞ അധ്യയനവര്‍ഷാവസാനംതന്നെ പുതിയ വര്‍ഷത്തേക്കുള്ള നല്ലൊരു ഭാഗം പാഠപുസ്തകങ്ങളും സ്കൂളിലെത്തി. അവശേഷിക്കുന്നത് സ്കൂള്‍ തുറക്കുമ്പോഴേക്കും കുട്ടികള്‍ക്ക് കിട്ടി. സ്കൂള്‍ അധികൃതരുടെയോ മറ്റോ വീഴ്ച എവിടെയെങ്കിലും വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് യഥാസമയം ഇടപെടാന്‍ വിദ്യാഭ്യാസവകുപ്പ് കാണിച്ച ജാഗ്രത എടുത്തുപറയേണ്ടതാണ്. രണ്ടാംഭാഗം പുസ്തകങ്ങള്‍ ഓണാവധിക്കിടയില്‍തന്നെ സ്കൂള്‍ സൊസൈറ്റികള്‍ക്ക് നല്‍കി.

അവധിക്കാലത്തുതന്നെ അധ്യാപകരുടെ സ്ഥലംമാറ്റങ്ങളും പ്രൊമോഷനുമെല്ലാം പൂര്‍ത്തീകരിച്ചു. ഏതാനും വര്‍ഷമായി അലസമായി കൈകാര്യം ചെയ്തുവന്ന തസ്തികനിര്‍ണയം വളരെ ജാഗ്രതയോടെ നിശ്ചിത സമയത്തില്‍ പൂര്‍ത്തീകരിച്ച് അധ്യാപകരുടെ പുനര്‍വിന്യാസം നടത്തി. വര്‍ഷങ്ങളായി നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കാര്യത്തില്‍ സമയബന്ധിതമായി തീരുമാനമെടുക്കുന്നതിലും സര്‍ക്കാരിന്റെ കര്‍ശന നിലപാട് തുണയായി. ഇതെല്ലാം അധ്യാപകസമൂഹത്തിന് വിദ്യാഭ്യാസവകുപ്പിലുള്ള വിശ്വാസ്യത വര്‍ധിപ്പിച്ചു. കല- കായിക അധ്യാപകര്‍, റിസോഴ്സ് അധ്യാപകര്‍ തുടങ്ങിയവര്‍ക്കെല്ലാം കൃത്യമായി പുനര്‍നിയമം നല്‍കി വര്‍ഷാരംഭത്തില്‍തന്നെ സ്കൂളുകളില്‍ അവരുടെ സാന്നിധ്യമുറപ്പാക്കി.

വിദ്യാലയങ്ങളില്‍ മാതൃഭാഷയെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള നിയമനിര്‍മണംവരെ നടത്തി ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഒന്നുകൂടി തെളിയിച്ചതും വിദ്യാഭ്യാസ പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി. അക്ഷരജ്ഞാനമുറയ്ക്കാത്തവര്‍ക്കായി സര്‍വ ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ തുടങ്ങിയ 'മലയാളത്തിളക്കം' പദ്ധതി ആദ്യഘട്ടത്തില്‍ത്തന്നെ വിജയം കണ്ടു. ബിആര്‍സികളിലും മറ്റും പ്രവര്‍ത്തിക്കുന്ന വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകര്‍ ഭാഷാശേഷി ഉറയ്ക്കാത്ത കുട്ടികള്‍ക്ക് നേരിട്ട് പരിശീലനം നല്‍കുന്നു. പൊതുവിദ്യാലയങ്ങളില്‍ പുത്തനുണര്‍വുമായി കടന്നുവന്ന ഹലോ ഇംഗ്ളീഷ് പദ്ധതിയും സ്കൂളുകളില്‍ പുരോഗമിക്കുകയാണ്. എല്‍പിവിഭാഗം വിദ്യാര്‍ഥികളുടെ ഇംഗ്ളീഷ് പഠനത്തിന് പിന്തുണയായി തുടങ്ങിയ പദ്ധതി അടുത്ത നവംബറോടെ യുപി ക്ളാസിലേക്കും വ്യാപിപ്പിക്കും.

ക്ളാസ് മുറികളുടെ ആധുനികവല്‍ക്കരണം യാഥാര്‍ഥ്യമായി വരികയാണ്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ളാസ് മുറികള്‍ ഹൈടെക് ആക്കാന്‍ പ്രാദേശികസമൂഹം വലിയ പിന്തുണയാണ് നല്‍കിവരുന്നത്. ക്ളാസ് മുറി സുരക്ഷിതമാക്കല്‍, വയറിങ്, ടൈല്‍ പതിക്കല്‍, ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള അലമാരകളൊരുക്കല്‍ എന്നിവയെല്ലാം പിടിഎകളുടെയും സ്കൂള്‍ വികസന സമിതികളുടെയും നേതൃത്വത്തില്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചു.

ഈ വര്‍ഷം തുടക്കംമുതല്‍തന്നെ ഓരോ പാഠഭാഗവും ഏതെല്ലാംതരത്തില്‍ എത്രമാത്രം മികവോടെ കുട്ടികളിലെത്തിക്കാമെന്നത് സംസ്ഥാനതലത്തില്‍തന്നെ രൂപകല്‍പ്പന ചെയ്തു. ഇങ്ങനെ തയ്യാറാക്കിയ പാഠാസൂത്രണം സമഗ്ര’എന്ന പേരില്‍ പോര്‍ട്ടല്‍ വഴി ലഭ്യമാക്കി. അധ്യാപകര്‍ക്കുമാത്രമല്ല രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം ഇത് ലഭ്യമാണ്. സമഗ്രയിലെ പാഠക്കുറിപ്പുകളും അധിക വിവരങ്ങളുമെല്ലാം സ്വന്തം ക്ളാസിലെ കുട്ടികളെക്കൂടി പരിഗണിച്ച് ആവശ്യമായ മാറ്റങ്ങളോടെയാണ് അധ്യാപകര്‍ ഉപയോഗപ്പെടുത്തുന്നത്. ഇതിനുള്ള പരിശീലനം എല്ലാ അധ്യാപകര്‍ക്കും നല്‍കി. എസ്സിഇആര്‍ടിയും ഐടി@ സ്കൂളും ഇക്കാര്യത്തില്‍ വഹിച്ചുവരുന്ന പങ്ക് വലുതാണ്.

ആയിരം പഠനമണിക്കൂര്‍ ഉറപ്പാക്കുന്നതിനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം തുടക്കത്തില്‍തന്നെ ഫലപ്രദമായി. പ്രവൃത്തിദിനങ്ങളിലുള്ള സ്കൂളിലെ മറ്റു പരിപാടികള്‍ ഉത്തരവിലൂടെതന്നെ നിരുത്സാഹപ്പെടുത്തി. അധ്യാപകര്‍ ഒരു കാരണവശാലും മറ്റാവശ്യങ്ങള്‍ക്കായി സ്കൂളില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് നിഷ്കര്‍ഷിച്ചു. യോഗങ്ങളും കോണ്‍ഫറന്‍സുകളുമെല്ലാം ശനിയാഴ്ചകളിലേക്കു മാറ്റി. ഇതോടെ പഠനസമയം പൂര്‍ണമായും പ്രയോജപ്പെടുത്തുന്ന സാഹചര്യം വന്നു.
കുട്ടികളെ പ്രകൃതിയോടിണക്കുന്ന ജൈവ വൈവിധ്യ ഉദ്യാനം പദ്ധതി വിദ്യാലയങ്ങള്‍ സ്വയം ഏറ്റെടുത്തു. പ്രകൃതിയെത്തന്നെ പാഠപുസ്തകമാക്കി മാറ്റാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തിയത്. എസ്എസ്എ തയ്യാറാക്കിയ കൈപ്പുസ്തകങ്ങളും ക്ളസ്റ്റര്‍ പരിശീലനങ്ങളുമെല്ലാം ജൈവ വൈവിധ്യ ഉദ്യാനത്തിന് തുടക്കമിടുന്നതിന് സഹായിച്ചു.

പരീക്ഷ കുട്ടികള്‍ക്ക് പീഡനമാകാതിരിക്കാനും മാനസികസംഘര്‍ഷം ലഘൂകരിക്കാനുമുതകുന്ന പരിഷ്കരണങ്ങള്‍ക്കും തുടക്കമായി. കല- കായിക- ശാസ്ത്ര മേളകള്‍ കുറ്റമറ്റതാക്കാനുള്ള ശ്രമവും ആരംഭിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികളെ എസ്എസ്എ മുഖേന പുനരുജ്ജീവിപ്പിച്ചുതുടങ്ങി. എല്ലാറ്റിലും സൂക്ഷ്മതല ഇടപെടലുകള്‍ നടത്തിയെന്നതാണ് വിദ്യാഭ്യാസവകുപ്പിന്റെ നേട്ടം

പ്രധാന വാർത്തകൾ
Top