22 September Saturday

ഇനി പറയാതിരിക്കാനാകില്ല; സമ്പദ്ഘടന തകരുന്നു

യശ്വന്ത് സിന്‍ഹUpdated: Thursday Sep 28, 2017

ഇന്ത്യന്‍ സാമ്പത്തികമേഖലയില്‍ ധനമന്ത്രി വരുത്തിവച്ചിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ഇപ്പോഴെങ്കിലും പറയാന്‍ സാധിച്ചില്ലെങ്കില്‍ അതെന്റെ ദേശീയ ഉത്തരവാദിത്തത്തിനേല്‍ക്കുന്ന പരാജയമായിരിക്കും. ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ അനേകം ബിജെപി പ്രവര്‍ത്തകരിലുണ്ടാക്കാവുന്ന പ്രതിഫലനത്തെക്കുറിച്ച് കൃത്യമായ ബോധ്യത്തോടെയാണ് ഇതെഴുതുന്നത്. ഇക്കാര്യങ്ങള്‍ ഏറ്റവും നന്നായി അറിഞ്ഞിട്ടും ഭയംമൂലം മിണ്ടാതിരിക്കുന്നവരാണ് അവര്‍.

നരേന്ദ്ര മോഡി മന്ത്രിസഭയിലെ ഏറ്റവും ബുദ്ധിശാലിയും മികവുറ്റ വ്യക്തിയും എന്ന് വിശേഷിപ്പിക്കുന്നയാളാണ് ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്ലി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ജെയ്റ്റ്ലി ധനമന്ത്രിയാകുമെന്ന മുന്‍വിധിയുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ മണ്ഡലത്തില്‍ ഏല്‍ക്കേണ്ടി വന്ന പരാജയം അദ്ദേഹത്തിന്റെ ധനമന്ത്രിപദത്തിലേക്കുള്ള യാത്രയ്ക്ക് തടസ്സമായില്ല. 1998ല്‍ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയിയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന രണ്ട് വ്യക്തികളായിരുന്നു യശ്വന്ത് സിന്‍ഹയും പ്രമോദ് മഹാജനും. പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇരുവരെയും ക്യാബിനറ്റിലേക്ക് പരിഗണിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല എന്നത് ഈ ഘട്ടത്തില്‍ ഓര്‍ക്കണം.

ധനമന്ത്രിപദത്തിനൊപ്പം പ്രതിരോധമന്ത്രിസ്ഥാനവും ഓഹരിവില്‍പ്പനയുടെയും കോര്‍പറേറ്റ് വകുപ്പിന്റെയും ചുമതലയും ജെയ്റ്റലിക്ക് നല്‍കി. പ്രധാനമന്ത്രിയുടെ ഈ നടപടി മന്ത്രിസഭയില്‍ ജെയ്റ്റ്ലിയുടെ സാന്നിധ്യം അദ്ദേഹത്തിന് അത്രമേല്‍ ആവശ്യമാണെന്ന് അടിവരയിട്ട് തെളിയിക്കുന്നു. ഇതില്‍ പ്രതിരോധമൊഴികെ മറ്റ് മൂന്ന് മന്ത്രാലയങ്ങളുടെയും ചുമതല ഇപ്പോഴും ജെയ്റ്റ്ലിക്കാണ്. ധനമന്ത്രിപദമെന്നത് എത്രത്തോളം പ്രയാസമേറിയതാണെന്ന് ആ പദവി വഹിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ എനിക്കറിയാം. അനായാസ സാഹചര്യങ്ങളില്‍പ്പോലും ധനമന്ത്രി അത്രമേല്‍ ശ്രദ്ധാലുവായിരുന്നെങ്കിലേ ആ ജോലി കൃത്യമായി ചെയ്തുതീര്‍ക്കാന്‍ സാധിക്കൂ. ഏതെങ്കിലും തരത്തില്‍ പ്രതിസന്ധി നേരിടുന്ന ഘട്ടമാണെങ്കില്‍ 24 X 7 (മുഴുവന്‍ സമയവും) എന്ന ക്രമത്തില്‍ ജോലി ചെയ്യേണ്ടിവരും. ജെയ്റ്റ്ലിയെപ്പോലെ ഒരു സൂപ്പര്‍മാനുപോലും ഈ ജോലിയോട് നീതിപുലര്‍ത്താന്‍ സ്വാഭാവികമായി കഴിയില്ല.

ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിയശേഷം ധനമന്ത്രിപദത്തിലേക്ക് എത്തിയവരില്‍വച്ച് ഏറ്റവും ഭാഗ്യവാനായിട്ടായിരുന്നു ജെയ്റ്റ്ലിയുടെ മന്ത്രിസഭാപ്രവേശം. അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ ഇടിവ് ലക്ഷക്കണക്കിനു കോടി രൂപയുടെ അധികവരുമാനമുണ്ടാക്കി. അഭൂതപൂര്‍വമായി കൈവന്ന ഈ ഭാഗ്യത്തെ സ്വപ്നതുല്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമായിരുന്നു. അതുപോലെ, നിലച്ചുപോയ പദ്ധതികള്‍ക്കുവേണ്ടി നീക്കിവച്ച പണവും ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയും ചേര്‍ത്ത് വലിയൊരു തുകയും സര്‍ക്കാരിന്റെ പക്കലുണ്ടായിരുന്നു. അസംസ്കൃത എണ്ണയില്‍നിന്നുള്ള വരുമാനത്തിനൊപ്പം ഈ തുകയും ക്രിയാത്മകമായി ഉപയോഗപ്പെടുത്താമായിരുന്നു. കൃത്യമായ ആസൂത്രണമില്ലാത്ത ഉപയോഗം സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കുകയായിരുന്നു.

എന്താണ് ഇപ്പോള്‍ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി? സ്വകാര്യനിക്ഷേപം കഴിഞ്ഞ രണ്ട് ദശകത്തില്‍വച്ച് ഏറ്റവും മോശമായി. വ്യാവസായികമേഖല എക്കാലത്തേക്കാളും തകര്‍ന്നു. കാര്‍ഷികരംഗമാകെ പ്രതിസന്ധിയിലായി. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന നിര്‍മാണമേഖല സ്തംഭനാവസ്ഥയിലാണ്. സര്‍വീസ്മേഖലയും മന്ദഗതിയില്‍. കയറ്റുമതിയില്‍ വലിയ ചുരുക്കമുണ്ടായിരിക്കുന്നു. ഓരോ സാമ്പത്തികമേഖലയും കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുകയാണ്. നോട്ട് അസാധുവാക്കല്‍ നടപടി ശമിപ്പിക്കാന്‍ കഴിയാത്തവിധം സാമ്പത്തികദുരന്തമാണ് വരുത്തിവച്ചിരിക്കുന്നത്. വേണ്ടത്ര മുന്നൊരുക്കമില്ലാതെ കൊണ്ടുവന്ന് ജാഗ്രതയില്ലാതെ നടപ്പാക്കിയ ജിഎസ്ടി വ്യാപാരമേഖലയ്ക്ക് കനത്ത പ്രഹരമായി. നിരവധിയാളുകള്‍ക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചു. പലര്‍ക്കും തൊഴില്‍തന്നെ നഷ്ടപ്പെട്ടു. പുതിയ തൊഴിലവസരങ്ങള്‍ക്കുള്ള സാധ്യത വിരളമായി.
ഓരോ മൂന്നുമാസം കൂടുമ്പോഴും സാമ്പത്തികവളര്‍ച്ചയുടെ നിരക്ക് കുറഞ്ഞുവരികയാണ്. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ കാല്‍ഭാഗത്ത് വളര്‍ച്ചനിരക്ക് ഏറ്റവും താണ നിലയായ 5.7ല്‍ എത്തി. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചനിരക്കും ഇതുതന്നെയാണ്. നോട്ട് അസാധുവാക്കല്‍ സാമ്പത്തികമാന്ദ്യത്തിന് കാരണമായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വക്താക്കള്‍ വാദിക്കുന്നത്. അവരുടെ വാദം ശരിയാണ്. കാരണം, അതിനുമുന്നേ ആരംഭിച്ച സാമ്പത്തികപ്രതിസന്ധിക്ക് വേഗംപകരുകയായിരുന്നു നോട്ട് അസാധുവാക്കല്‍.

ജിഡിപി കണക്കാക്കുന്ന രീതിയില്‍ ഈ സര്‍ക്കാര്‍ 2015ല്‍ മാറ്റംവരുത്തിയിരുന്നു. അതിനെത്തുടര്‍ന്ന് മുമ്പുണ്ടായിരുന്നതിനേക്കള്‍ 200 പോയിന്റുവരെ അധികമാണ് സാമ്പത്തികവളര്‍ച്ചയുടെ സൂചിക ഉയര്‍ന്നത്. മുമ്പ് നിലവിലുണ്ടായിരുന്ന മാനദണ്ഡപ്രകാരം കണക്കാക്കിയാല്‍ 5.7 ശതമാനമെന്ന ഇപ്പോഴത്തെ വളര്‍ച്ചനിരക്ക് യഥാര്‍ഥത്തില്‍ കേവലം 3.7 ശതമാനമോ അതിനു താഴെയോ മാത്രമാണ്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐപോലും സാമ്പത്തികമാന്ദ്യം സ്ഥിരീകരിച്ചിരിക്കുന്നു. ഇപ്പോഴുള്ള മാന്ദ്യം താല്‍ക്കാലികമോ കേവലം സാങ്കേതികമോ അല്ലെന്നാണ് എസ്ബിഐ പറയുന്നത്. നിലവിലുള്ള സാഹചര്യത്തെ കൂടുതല്‍ വഷളാക്കുന്നതാണ് ഈ സാമ്പത്തികമാന്ദ്യം. ആദ്യ കാല്‍ഭാഗത്തുണ്ടായ മാന്ദ്യം കേവലം സാങ്കേതികംമാത്രമാണെന്നും വൈകാതെ പരിഹരിക്കപ്പെടുമെന്നുമാണ് ബിജെപി അധ്യക്ഷന്‍ കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍, എസ്ബിഐ ചെയര്‍മാന്റെ അഭിപ്രായപ്രകാരം ടെലികോം മേഖലകൂടി സാമ്പത്തികഞെരുക്കത്തിലേക്ക് നീങ്ങുകയാണ് ഇന്ന്.
നിലവിലെ മാന്ദ്യത്തിനു കാരണമായ വസ്തുതകള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഒന്നല്ല. സാമ്പത്തികമേഖലയില്‍ പിടിമുറുക്കാന്‍ കുറച്ചുകാലമായി അവയെ അനുവദിച്ചതുകൊണ്ടുണ്ടായ ഒന്നാണത്. അതിനെ മറികടക്കുകയും മറുവഴികള്‍ തേടുകയും ചെയ്യുന്നത് അത്ര പ്രയാസമേറിയ കാര്യമല്ല. പ്രശ്നങ്ങള്‍ എന്താണെന്ന് കൃത്യമായി പഠിച്ച് എന്ത് ചെയ്യണമെന്ന് മനസ്സിരുത്തി തീരുമാനിച്ചാല്‍ മതിയാകും. നിരവധി അധിക ചുമതലകള്‍ വഹിക്കുന്ന ഒരാളില്‍നിന്ന് ഒരുപക്ഷേ അത് എളുപ്പം പ്രതീക്ഷിക്കാനാകില്ല.

സാമ്പത്തികമാന്ദ്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഏറെ അസ്വസ്ഥനാണ്. ധനമന്ത്രിയെയും തന്റെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രധാനമന്ത്രി കഴിഞ്ഞദിവസം ഒരുയോഗം വിളിച്ചിരുന്നു. സാമ്പത്തികവളര്‍ച്ച വീണ്ടെടുക്കാന്‍ ഒരു പാക്കേജിന് രൂപം നല്‍കുമെന്നാണ് ധനമന്ത്രി നല്‍കിയിരിക്കുന്ന ഉറപ്പ്. നമ്മളെല്ലാം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്നതും ആ പാക്കേജിനുവേണ്ടിയാണ്. അതേതായാലും ഇതുവരെ നിലവില്‍ വന്നിട്ടില്ല. സാമ്പത്തിക ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു എന്നതുമാത്രമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. മഹാഭാരതകഥയില്‍ പഞ്ചപാണ്ഡവര്‍ യുദ്ധം ജയിച്ചതിനു സമാനമായി അവര്‍ നമുക്കുവേണ്ടി ഈ പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.
കാലവര്‍ഷം ഇത്തവണ വേണ്ടത്ര ലഭിച്ചിട്ടില്ലെന്നത് ഗ്രാമീണ മേഖലയിലെ പ്രതിസന്ധി കൂടുതല്‍ വര്‍ധിപ്പിക്കാനാണിട. വ്യാപകമായി കാര്‍ഷിക കടാശ്വാസപദ്ധതി നടപ്പാക്കിയ ചില സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് നല്‍കിയത് ഒരു പൈസയുടെയോ അല്ലെങ്കില്‍ തുച്ഛമായ തുകയുടെയോ ആശ്വാസംമാത്രമാണ്. രാജ്യത്തെ 40 മുന്‍നിര കമ്പനികളാണ് പാപ്പര്‍ഹര്‍ജി നടപടികളുമായി മുന്നോട്ടുപോകുന്നത്. പലരും ഈ നടപടികളിലേക്ക് കടക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ചെറുകിട- ഇടത്തരം വ്യവസായമേഖല അഭൂതപൂര്‍വമായ അസ്തിത്വ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. 95,000 കോടി രൂപ ആദായനികുതി പിരിച്ചെടുക്കേണ്ടിടത്ത് ഇപ്പോള്‍ 65,000 കോടിമാത്രമാണ് സാധ്യമായിരിക്കുന്നത്. വലിയ ബാധ്യത ക്ളെയിം ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിലെല്ലാം നിരീക്ഷണവും പരിശോധനയും വേണമെന്നാണ് സര്‍ക്കാര്‍ ആദായനികുതിവകുപ്പിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. റെയ്ഡ് രാജിനെതിരെ പ്രതിപക്ഷത്തിരുന്ന കാലത്ത് ഞങ്ങള്‍ ശക്തമായി വാദിച്ചിരുന്നു. എന്നാല്‍, ഇന്ന് അത് ഒരു ശീലമായി മാറിയിരിക്കുകയാണ്. നോട്ട് അസാധുവാക്കലിനുശേഷം ലക്ഷക്കണക്കിന് ആളുകളുടെ കേസ് അന്വേഷിക്കേണ്ട ഉത്തരവാദിത്തമാണ് ആദായനികുതിവകുപ്പിന് വന്നിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ഇത്തരത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നു. പുതിയ രീതികളുടെ പേരില്‍ ജനങ്ങളുടെ മനസ്സില്‍ ഭീതി നിറയ്ക്കുകയാണ് ചെയ്യുന്നത്.

സാമ്പത്തികമേഖലയെ നിര്‍മിച്ചെടുക്കുന്നതിലും വേഗത്തില്‍ നശിപ്പിക്കാനാകും. 1998ല്‍ അനുഭവിച്ച പ്രതിസന്ധി മറികടക്കാന്‍ നാലുവര്‍ഷത്തെ കഠിന പ്രയത്നം വേണ്ടിവന്നു. സാമ്പത്തികമേഖലയെ ഒറ്റരാത്രികൊണ്ട്  നവീകരിക്കാന്‍ ആരുടെ പക്കലും മാന്ത്രികവടിയില്ല. ഇപ്പോള്‍ എടുക്കുന്ന ഓരോ നടപടിയുടെയും ഫലം പിന്നീടുമാത്രമേ ലഭിക്കൂ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുസമയത്ത് നവീകരണ നടപടിയെടുക്കാമെന്നത് സാധ്യമല്ലാത്ത ഒന്നായിരിക്കും. വമ്പ് പറച്ചിലും വീമ്പിളക്കലുകളും പ്രസംഗവേദികള്‍ക്കുമാത്രമായിരിക്കും അനുയോജ്യമാവുക. അത് യാഥാര്‍ഥ്യത്തോട് അടുക്കുമ്പോള്‍ ബാഷ്പീകരിക്കപ്പെട്ടുപോകും.

ദാരിദ്യ്രം അടുത്തുനിന്ന് കണ്ടയാളാണ് താനെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എല്ലാ ഇന്ത്യക്കാരെയും ദാരിദ്യ്രം അടുത്തുനിന്ന് കണ്ട് ശീലിപ്പിക്കാനുള്ള കഠിനപ്രയത്നത്തിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ധനമന്ത്രി *

(മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമാണ് ലേഖകന്‍.
കടപ്പാട്: ദ ഇന്ത്യന്‍  എക്സ്പ്രസ്)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top