22 October Monday

ഗുജറാത്ത്: ബിജെപിക്ക് മേല്‍ക്കൈ നഷ്ടമായ ജനവിധി

വിദ്യ ഭൂഷണ്‍ റാവത്ത്Updated: Wednesday Dec 27, 2017

ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം ഹിന്ദുത്വക്യാമ്പിന് ഇളക്കംതട്ടിക്കുന്നതാണ്. 'അറവുശാലയില്‍' ഇരുന്ന് വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്ന കള്ളനാണയങ്ങള്‍ (ചില മാധ്യമങ്ങള്‍) തുറന്നുകാട്ടപ്പെട്ടു. രാജ്യത്തിന് ഒരു പുതുജീവന്‍ നല്‍കുന്ന ജനവിധിയാണ് ഗുജറാത്തിലുണ്ടായത്. തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചെങ്കിലും അവരുടെ അപ്രമാദിത്യത്തിന് ഇളക്കംതട്ടി. സംഘടനാപരമായി തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് പാര്‍ടിക്ക് ഗുജറാത്തില്‍നിന്ന് ഒരു തിരിച്ചുവരവുണ്ടാകുമോ, ജനവിധി മറ്റു പാര്‍ടികള്‍ക്ക് നല്‍കുന്ന പാഠമെന്ത്, ഗുജറാത്തില്‍ ഉദിച്ചുയര്‍ന്ന മൂന്ന് യുവനേതാക്കളുടെ ഭാവിയെന്ത്് എന്നീ കാര്യങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. മാധ്യമപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ചില കള്ളനാണയങ്ങള്‍ ജനവിധിയെ തകിടംമറിക്കാന്‍ ശ്രമിച്ച് മാധ്യമങ്ങള്‍ക്കുതന്നെ വിലയില്ലാതാക്കി തീര്‍ത്ത സാഹചര്യവും ചര്‍ച്ച ചെയ്യപ്പെടണം.
 പല ചാനലുകളുടെയും 'പ്രൈംടൈം ചര്‍ച്ചകള്‍' ബിജെപിയുടെയും സംഘപരിവാറിന്റെയും വിഷലിപ്തമായ ഹിന്ദുത്വ അജന്‍ഡ പ്രചരിപ്പിക്കാനും ജനങ്ങളെ ജാതീയമായി വേര്‍തിരിക്കാനുമാണ് ഉപയോഗിക്കുന്നത്. ഹിന്ദുത്വ അജന്‍ഡയെ എതിര്‍ക്കുന്നവരെ തേജോവധം ചെയ്യലാണ് ഇത്തരം ചാനലുകളുടെ മുഖ്യലക്ഷ്യം. 'അറവുശാലകളു'ടെ ഇത്തരം വിഷലിപ്ത പ്രചാരണങ്ങള്‍ ഗുജറാത്തില്‍ വിലപ്പോയില്ല. ജനങ്ങളുടെ അജന്‍ഡ രാഷ്ട്രീയപാര്‍ടികളെ ബോധ്യപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുവഹിക്കാനുണ്ട്. എന്നാല്‍, ഇന്ന് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി അവരെ വര്‍ഗീയമായി ചേരിതിരിക്കുന്ന തരത്തില്‍ പല മാധ്യമങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ അധഃപതിച്ചിരിക്കുന്നു.

ഗുജറാത്തില്‍ ജാതിരാഷ്ട്രീയത്തിനും പ്രീണനതന്ത്രങ്ങള്‍ക്കുമെതിരായ ജനവിധിയാണ് ഉണ്ടായതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പറയുന്നത്. സര്‍ക്കാരിന്റെ ജനപക്ഷഭരണത്തിനും വികസന അജന്‍ഡയ്ക്കുമുള്ള അംഗീകാരമാണ് ജനങ്ങള്‍ നല്‍കിയതെന്നും ഇരുവരും അഭിപ്രായപ്പെടുന്നു. എന്നാല്‍, തെരഞ്ഞെടുപ്പുപ്രചാരണ വേളയില്‍ 'സദ്ഭരണ'ത്തെപ്പറ്റിയും വികസനനയങ്ങളെപ്പറ്റിയും ബിജെപി ചര്‍ച്ചചെയ്തിരുന്നോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ബിജെപി നേതാക്കളോട് ചോദിക്കണം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കുമെന്ന പ്രചാരണം വന്നതോടെയാണ് നരേന്ദ്ര മോഡി വേവലാതിപ്പെട്ട് തുടങ്ങിയത്. തുടര്‍ന്നാണ് മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയെ മോഡി തെരഞ്ഞെടുപ്പുപ്രചാരണത്തിന് ഉപയോഗിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പങ്കെടുത്ത യോഗത്തില്‍ അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ പാകിസ്ഥാന്‍ മുന്‍കൈയെടുത്തു എന്നായിരുന്നു മോഡിയുടെ ആരോപണം. ഇത്തരത്തിലൊരു പ്രസ്താവന നടത്തേണ്ട ആവശ്യം എന്തായിരുന്നു? പ്രധാനമന്ത്രിപദത്തിലിരിക്കുന്ന വ്യക്തി ഇത്തരം ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കൂടുതല്‍ ഗൌരവമുള്ളതാണ്.

ബിജെപിയെ രാഷ്ട്രീയമായി നേരിടുന്നതിനുപകരം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ മൃദുഹിന്ദുത്വ സമീപനവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. രാഹുല്‍ ഗാന്ധി ഒരു ശിവഭക്തനാണെന്ന തരത്തില്‍ കോണ്‍ഗ്രസ് നടത്തിയ ഹിന്ദുത്വപ്രീണന നയം തരംതാണ നടപടിയായി. സംഘപരിവാറിനോ മറ്റുള്ളവര്‍ക്കോ രാഹുല്‍ അമ്പലത്തില്‍ പോകുന്നതിനെ ചോദ്യംചെയ്യാന്‍ അവകാശമില്ല. അത് ഒരാളുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. എന്നാല്‍, ഇത്തരം നയങ്ങളിലൂടെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി മാറുന്നതാണ് നമ്മള്‍ കണ്ടത്. കോണ്‍ഗ്രസിന്റെ ഈ നയവ്യതിയാനം അവര്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഇന്ത്യ ഇന്ന് ആഗ്രഹിക്കുന്നതുപോലെ കോണ്‍ഗ്രസിനെ മതേതര ജനാധിപത്യ പാര്‍ടിയായി ഉയര്‍ത്തിക്കാട്ടാനാണ് രാഹുല്‍ ശ്രമിക്കേണ്ടത്. അമ്പലം- പള്ളി ചര്‍ച്ചകളില്‍നിന്ന് വിട്ടുനിന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇന്ത്യയുടെ മതേതര ജനാധിപത്യമനസ്സിനെ അഭിസംബോധനചെയ്ത് സദ്ഭരണ നയങ്ങളിലേക്കാണ് ശ്രദ്ധതിരിക്കേണ്ടത്. ദളിത്, ആദിവാസി, മുസ്ളിം തുടങ്ങി പിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങളെ കൂടെക്കൂട്ടി തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്കുകൂടി അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണംവരെ തെരഞ്ഞെടുപ്പുപ്രചാരണത്തിനായി ബിജെപി ഉപയോഗിച്ചത് ഖേദകരമാണ്. വികസനചര്‍ച്ചകളില്‍നിന്ന് വഴിതിരിച്ച് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മോഡി- അമിത് ഷാ കൂട്ടുകെട്ട് ഇത്തരം ചര്‍ച്ചകള്‍ മനഃപൂര്‍വം മുന്നോട്ടുവയ്ക്കുകയാണ്. യഥാര്‍ഥത്തില്‍ ഗുജറാത്ത് ജനത മോഡി മോഡലിനെ തള്ളിക്കളഞ്ഞെന്ന് തെളിയിക്കുന്നതാണ് ജനവിധി. ബിജെപി ഭരിക്കുന്ന 19 സംസ്ഥാനങ്ങളിലും ഭരണമാറ്റം വരും. ജനാധിപത്യ സംവിധാനത്തില്‍ പാര്‍ടികള്‍ അധികാരത്തിലേറുകയും തൂത്തെറിയപ്പെടുകയും ചെയ്യും. ഇന്ത്യന്‍ പാര്‍ലമെന്റില്‍ രണ്ട് സീറ്റില്‍മാത്രമായി ബിജെപി ഒതുങ്ങിയിരുന്നു. ജനാധിപത്യസംവിധാനം നിലനില്‍ക്കുന്നതിനാല്‍ ബിജെപി ഇനിയും പരാജയപ്പെടുമെന്നതില്‍ തര്‍ക്കമില്ല. തെരഞ്ഞെടുപ്പുഫലം ബിജെപിക്ക് നല്‍കുന്ന അജയ്യതയും അവരുടെ ഹിന്ദുത്വ അജന്‍ഡ രൂപപ്പെടുത്തിയ ദേശീയതയും സവര്‍ണ ഹിന്ദുവിഭാഗത്തെമാത്രം സഹായിക്കുന്നവയാണ്. ദളിത്, ആദിവാസി, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരായ നയങ്ങള്‍മൂലം ഇവരെ മുഖ്യധാരയില്‍നിന്നും ഭരണരംഗത്തുനിന്നും ബിജെപി അകറ്റിനിര്‍ത്തുന്നു. മുസ്ളിംവിരുദ്ധ അജന്‍ഡയും ബിജെപിയുടെ മുഖമുദ്രയാണ്. ഇത്തരം പകപോക്കല്‍ രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ് ഗുജറാത്തില്‍ കണ്ടത്. പട്ടീദാര്‍ വിഭാഗക്കാര്‍ക്കിടയില്‍ കണ്ട എതിര്‍പ്പ് കേവലം തൊഴില്‍പരം മാത്രമല്ല. ഒരുകാലത്ത് ഗുജറാത്തിലെ രാഷ്ട്രീയനേതൃത്വത്തില്‍ പട്ടീദാര്‍ വിഭാഗത്തിനുണ്ടായിരുന്ന ആധിപത്യം നഷ്ടപ്പെട്ടതില്‍നിന്നുണ്ടായ അമര്‍ഷംകൂടിയായിരുന്നു അത്. മോഡിയുടെ നേതൃത്വത്തില്‍ പട്ടീദാര്‍ വിഭാഗം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു.

ഗുജറാത്തിലെ പല സീറ്റുകളില്‍ ബിഎസ്പി സ്ഥാനാര്‍ഥികള്‍ മത്സരിച്ചതാണ് കോണ്‍ഗ്രസിന്റെ വിജയത്തിന് തടയിട്ടതെന്ന വാദം ശക്തമാണ്. വലിയ പാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസാണ് ബിഎസ്പിയെപ്പോലുള്ള പാര്‍ടികളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്. ബിഎസ്പിക്ക് പല സംസ്ഥാനങ്ങളിലും സ്വാധീനം കുറവാണെങ്കിലും ദളിത് വിഭാഗക്കാര്‍ക്കിടയില്‍ മായാവതിക്ക് നല്ല അംഗീകാരമുണ്ട്. ബിഎസ്പിയെപ്പോലുള്ള ചെറുപാര്‍ടികളുമായി സംസാരിച്ച് സമവായത്തിലെത്തി ബിജെപിവിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണം.

ജിഗ്നേഷ് മേവാനിയുടെ വിജയം ഗുജറാത്തില്‍ ബിഎസ്പിക്ക് പ്രസക്തിയില്ലാതാക്കിയെന്ന വാദവും ശക്തമാണ്. മേവാനി ഗുജറാത്തില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് സാമൂഹ്യ ഇടപെടലുകളും സഖ്യസാധ്യതകളും സജീവമാക്കുമെന്നാണ് കരുതുന്നത്. അദ്ദേഹം സ്വതന്ത്രനായി നിലകൊള്ളുമോ അതോ കോണ്‍ഗ്രസില്‍ ചേരുമോ എന്നത് ചര്‍ച്ചാവിഷയമാണ്. ഇന്ത്യയിലെ ദളിത്മുന്നേറ്റത്തിന്റെ പ്രതീകമായി ജിഗ്നേഷ് മേവാനിയെ പലരും കാണുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ടി രൂപീകരിക്കുന്നത് ഗുണമാകുമെന്ന് തോന്നുന്നില്ല. ഗുജറാത്തിലെ സ്ഥിതിഗതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഫെയ്സ്ബുക്ക് സുഹൃത്തുക്കള്‍ വിചാരിക്കുന്നതുപോലെ ലളിതമല്ല ഗുജറാത്തിലെ സ്ഥിതിഗതികള്‍. ദളിത്, പിന്നോക്ക വിഭാഗങ്ങള്‍, മുസ്ളിങ്ങള്‍ എന്നിവരെ സഹകരിപ്പിച്ച് ശക്തമായ അടിത്തറയൊരുക്കി 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനാണ് ജിഗ്നേഷ് ശ്രമിക്കേണ്ടത്.

ഇന്ത്യയെപ്പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്ത് കൂടുതല്‍ രാഷ്ട്രീയപാര്‍ടികള്‍ രൂപപ്പെടുന്നത് മോശപ്പെട്ട കാര്യമല്ല. ദളിത് പോരാട്ടത്തിന്റെ പ്രതീകമായി ബിഎസ്പി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അതിനെ നയിക്കുന്നതില്‍ മായാവതിക്ക് പരിമിതികളുണ്ട്. ചന്ദ്രശേഖര്‍ ആസാദ്, ജിഗ്നേഷ് മേവാനി തുടങ്ങിയ യുവനേതാക്കളെ പാര്‍ടിയിലേക്ക് അടുപ്പിക്കാനോ ശക്തമായ ഒരു സാമൂഹ്യ അടിത്തറയൊരുക്കാനോ മായാവതിക്ക് കഴിയുന്നില്ല. ഉത്തര്‍പ്രദേശില്‍ മികച്ച ജനകീയാടിത്തറയുള്ള ബിഎസ്പി മറ്റു പ്രതിപക്ഷകക്ഷികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിക്ക് കഴിയുന്നതുപോലെ ഉത്തര്‍പ്രദേശില്‍ മറ്റു പിന്നോക്കക്കാരുടെയും മുസ്ളിംവിഭാഗത്തിന്റെയും വോട്ട് നേടാന്‍ ബിഎസ്പിക്ക് കഴിയില്ല. വ്യത്യസ്ത സംസ്ഥാനങ്ങളുടെ സ്വഭാവങ്ങള്‍ക്കനുസരിച്ച് സഖ്യം രൂപീകരിക്കാന്‍ പ്രതിപക്ഷപാര്‍ടികള്‍ക്ക് കഴിയണം.

പരീക്ഷണഘട്ടത്തിലൂടെ കടന്നുപോകുന്ന കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കുന്നതാണ് ഗുജറാത്ത് ജനവിധി. രാഹുലിനെ വ്യക്തിപരമായി ആക്ഷേപിക്കാനാണ് തെരഞ്ഞെടുപ്പുപ്രചാരണ ഘട്ടത്തില്‍ സംഘപരിവാറും 'അറവുശാല'കളിലെ ചര്‍ച്ചക്കാരും മുതിര്‍ന്നത്. എന്നിട്ടും തന്റെ നിലപാടുകളും രീതികളുമാണ് കോണ്‍ഗ്രസിന്റെ കരുത്തെന്ന് ഗുജറാത്ത് ഫലത്തിലൂടെ തെളിയിക്കാന്‍ രാഹുലിന് കഴിഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയത്തെ രണ്ടു പാര്‍ടികള്‍ തമ്മിലുള്ള മത്സരമായി കാണുന്നതിനുപകരം മതേതരസ്വഭാവമുള്ള മറ്റു പാര്‍ടികള്‍ക്ക് രാജ്യത്തുള്ള ഇടം അംഗീകരിക്കാനും അവര്‍ക്ക് അവരുടേതായ സ്ഥാനം നല്‍കുന്നതിലും കോണ്‍ഗ്രസ് ശ്രദ്ധിക്കണം. ഈ അവസരത്തിലാണ് മുന്‍ പ്രധാനമന്ത്രി വി പി സിങ്ങിന്റെ പ്രസ്താവനയ്ക്ക് പ്രാധാന്യമേറുന്നത്. ഇന്ത്യയില്‍ മതനിരപേക്ഷതയും സാമൂഹ്യനീതിയും സംരക്ഷിക്കപ്പെടുകയാണെങ്കില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും മതേതരപാര്‍ടികള്‍മാത്രമേ ഉണ്ടാകൂവെന്നായിരുന്നു വി പി സിങ്ങിന്റെ വിലയിരുത്തല്‍.

മതേതര ജനാധിപത്യ ഇടങ്ങള്‍ നിലനിര്‍ത്തി രാജ്യത്തെ കെട്ടിപ്പടുക്കേണ്ട സമയമാണിത്. സംഘപരിവാര്‍ അജന്‍ഡയെ എങ്ങനെ മറികടക്കുമെന്നതും ചിന്തിക്കേണ്ടതാണ്. ബിജെപിയും സംഘപരിവാറും ഉയര്‍ത്തുന്ന രാഷ്ട്രീയത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ് തെളിയിക്കേണ്ടതുണ്ട്. സാമൂഹികമായി ഉയര്‍ത്തിയ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് എല്ലാവര്‍ക്കും അവരുടേതായ ഇടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ തങ്ങളുടെ പങ്ക് കോണ്‍ഗ്രസ് നിര്‍വഹിക്കേണ്ടതുണ്ട്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ സംഘപരിവാറും കൂട്ടരും വികസനമോ സദ്ഭരണമോ ചര്‍ച്ചയാക്കില്ലെന്ന് ഉറപ്പാണ്. ഹിന്ദുത്വ അജന്‍ഡയില്‍ ഊന്നി ഹിന്ദു- മുസ്ളിം വിഭജനരാഷ്ട്രീയമാണ് സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുക. ഇത്തരം തെറ്റായ നീക്കത്തിനെതിരെ ഇന്ത്യയെന്ന ആശയം മുന്‍നിര്‍ത്തി കോണ്‍ഗ്രസും മറ്റു മതേതരകക്ഷികളും പോരാടേണ്ടതുണ്ട്. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതുകൊണ്ട് ജനങ്ങളെ വിഭജിച്ചുകാണുന്നതിനുപകരം ഇന്ത്യക്കാരെന്ന നിലയില്‍ ജനങ്ങളെ നോക്കിക്കണ്ട് അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കണം.

വിഭജനരാഷ്ട്രീയത്തിലൂടെ സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഇന്ത്യന്‍ ജനത അധികം താമസിയായെ മറികടക്കും. വ്യത്യസ്ത ജാതി മത വ്യവസ്ഥകള്‍ നിലനിന്നിട്ടും ഇന്ത്യന്‍ ജനത ഒന്നിച്ചുജീവിച്ച സാഹചര്യം മനസ്സിലാക്കി വികസനരാഷ്ട്രീയം ചര്‍ച്ചയാക്കുന്നതില്‍ കോണ്‍ഗ്രസും മറ്റു മതേതരപാര്‍ടികളും ഊന്നല്‍ നല്‍കണം. രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ച് പ്രവര്‍ത്തിക്കാനാകണം. ഗുജറാത്തില്‍ പുരോഗമനചിന്താഗതിയുള്ളവരെ കൂടെനിര്‍ത്തി ചെറുത്തുനില്‍പ്പിന്റെ ലക്ഷണങ്ങള്‍ കോണ്‍ഗ്രസ് കാണിച്ചത് ശുഭസൂചകമാണ്. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ, മതേതര ജനാധിപത്യ ശക്തികള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഗുജറാത്ത് ജനവിധി.

(സാമൂഹ്യ മനുഷ്യാവകാശ
പ്രവര്‍ത്തകനാണ് ലേഖകന്‍.
കടപ്പാട്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top