24 September Monday

ജനാധിപത്യ അട്ടിമറിക്ക് ഇനി വിദേശപണവും

പി ഡി ടി ആചാരിUpdated: Tuesday Mar 27, 2018

വിദേശകമ്പനികളിൽനിന്ന് രാഷ്ട്രീയ പാർടികൾക്ക് സംഭാവന സ്വീകരിക്കാമെന്ന് വ്യവസ്ഥചെയ്യുന്ന ഭേദഗതി ഈയിടെ പാർലമെന്റ് പാസാക്കിയതിനെക്കുറിച്ച് വിവാദങ്ങൾ ഉയർന്നിരിക്കുകയാണല്ലോ. എന്നാൽ, ഈ വിഷയത്തിന് അർഹിക്കുന്ന ഒരു പരിഗണന മാധ്യമങ്ങൾ നൽകിയതായി തോന്നുന്നില്ല. ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ പോകുന്ന തെരഞ്ഞെടുപ്പു ബോണ്ടുകൾപോലെ ഇക്കാര്യവും അധികം ജനശ്രദ്ധ ലഭിക്കാതെ പോകുമെന്നാണ് തോന്നുന്നത്. രാഷ്ട്രീയ പാർടികൾക്ക് ആര് സംഭാവന നൽകിയെന്നും എത്ര നൽകിയെന്നും മറ്റുമുള്ള വിവരങ്ങൾ ആരും അറിയരുതെന്നുള്ള ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച ഒരു നിയമനടപടിയാണ് ബോണ്ടുകൾ. സുതാര്യതയുടെ ഉത്തമമായ ഒരു ഉദാഹരണം!

വിദേശ സംഭാവനയുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെ. 1976ൽ പാർലമെന്റ് പാസാക്കിയ ഒരു നിയമമുണ്ട്‐ വിദേശ സംഭാവന നിയന്ത്രണ നിയമം. ഈ നിയമം പിന്നീട് റദ്ദാക്കുകയും പുതിയ ഒരു നിയമം 2010ൽ ഉണ്ടാക്കുകയും ചെയ്തു. ഈ നിയമത്തിന്റെ രണ്ടാം അധ്യായത്തിൽ മൂന്നാംവകുപ്പിൽ പറഞ്ഞിരിക്കുന്നത് തെരഞ്ഞെടുപ്പിൽ നിൽക്കുന്ന സ്ഥാനാർഥിയോ, രാഷ്ട്രീയപാർടിയോ, അതിന്റെ ഭാരവാഹികളോ, ഒരുവിധമായ വിദേശ സംഭാവനയും സ്വീകരിക്കാൻ പാടില്ല എന്നാണ്. ഈ വിലക്ക് ജനപ്രാതിനിധ്യ നിയമത്തിലെ 29ബി വകുപ്പിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിലക്കിന്റെ പിന്നിൽ വ്യക്തമായ നയം ഉണ്ടായിരുന്നു. അതായത്, വിദേശകമ്പനികളിൽനിന്ന് സംഭാവന വാങ്ങി അവസാനം അവർക്ക് അടിമയാവുകയും നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുകയും ചെയ്യുന്നതിൽനിന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തടയുക എന്നുള്ളതായിരുന്നു ആ നയം. ലോകത്തിലെ പല രാജ്യങ്ങളിലും വിദേശകമ്പനികൾ പണം നൽകി ആ സർക്കാരിന്റെ നയങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നുള്ളതിനെക്കുറിച്ചുള്ള  വ്യക്തമായ പഠനങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ നയമായിരുന്നു അത്. 

ഇന്ന് കേന്ദ്രം ഭരിക്കുന്ന സർക്കാർ വന്നതിനുഷേശം 2016ൽ അവതരിപ്പിച്ച ധനബില്ലിൽ ഈ നയത്തിൽ മാറ്റംവരുത്തിക്കൊണ്ടുള്ള ഭേദഗതി കൊണ്ടുവരികയുണ്ടായി. ആ ധനബില്ലിന്റെ 236‐ാം വകുപ്പിലൂടെ കൊണ്ടുവന്ന ഭേദഗതി ശ്രദ്ധേയമായിരുന്നു. ഈ ഭേദഗതിയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ വിദേശ സ്രോതസ്സുകളിൽനിന്ന് വരുന്ന സഹായത്തെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കാം. അതായത്, ഏതെങ്കിലും കമ്പനിയിൽ ഒരു വിദേശ സർക്കാരിനോ, വിദേശ പൗരന്മാർക്കോ, വിദേശകമ്പനിക്കോ, വിദേശ കോർപറേഷനുകൾക്കോ ഒറ്റയ്ക്കോ അല്ലാതെയോ പകുതിയിൽ കൂടുതൽ ഓഹരികൾ ഉണ്ടെങ്കിൽ ആ കമ്പനികളെ ഈ നിയമമനുസരിച്ച് വിദേശകമ്പനികളായി കണക്കാക്കപ്പെടുമെന്നാണ്. അങ്ങനെയുള്ള കമ്പനികളിൽനിന്ന് രാഷ്ട്രീയപാർടികൾ ഒരു സംഭാവനയും വാങ്ങാൻ പാടില്ല എന്നുള്ളതാണ് ഈ നിയമം.

ഇനി 2016ലെ ധനബില്ലിൽ കൊണ്ടുവന്ന ഭേദഗതി നോക്കാം. വിദേശ സംഭാവന നിയന്ത്രണ ബില്ലിന്റെ രണ്ടാംവകുപ്പിന്റെ 'ജെ' ഉപവകുപ്പിലെ ആറാമത്തെ ഖണ്ഡികയിൽ വിദേശസ്രോതസ്സുകളുടെ നിർവചനത്തിൽ മാറ്റംവരുത്തിയാണ് ഈ ലക്ഷ്യം സാക്ഷാൽ്ക്കരിച്ചിരിക്കുന്നത്. അതായത്, ഓഹരി പകുതിയിൽ കൂടുതൽ വിദേശികളുടെ പക്കലുണ്ടായാലും, ആ കമ്പനികളെ വിദേശസ്രോതസ്സുകളായി കണക്കാക്കപ്പെടുകയില്ല. കണക്കാക്കപ്പെടുമെന്നുള്ള നിയമം കണക്കാക്കപ്പെടുകയില്ല എന്നാക്കി. 2016ൽ കൊണ്ടുവന്ന ഈ ഭേദഗതി 2010 മുതൽ പ്രാബല്യത്തിലാക്കുകയും ചെയ്തു.

അതുകൊണ്ട് മതിയായില്ല എന്നൊരു േതാന്നൽ സർക്കാരിന് പിന്നീടുണ്ടായി. അതുകൊണ്ട് ഈ വർഷം വീണ്ടും ഭേദഗതി കൊണ്ടുവന്നു. ഈ വർഷത്തെ ധനബില്ലിന്റെ 217‐ാം വകുപ്പിലാണ് പുതിയ ഭേദഗതി കൊണ്ടുവന്നത്. ഗൂഢബുദ്ധി ശരിക്കും പ്രയോഗിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നത്. ഭേദഗതി ഇതാണ്‐ 2010 മുതൽ പ്രാബല്യത്തിൽ വരുത്തിയ ഭേദഗതി ഈ പ്രാവശ്യം കൂറെക്കൂടി പുറകോട്ട് കൊണ്ടുപോയി 1976 മുതലാക്കി. അതായത്, 1976 മുതൽ വിദേശകമ്പനികളിൽനിന്നും വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽനിന്നും സർക്കാരുകളിൽനിന്നും രാഷ്ട്രീയപാർടികൾ നിയമവിരുദ്ധമായി സ്വീകരിച്ച എല്ലാ സംഭാവനയും നിയമവിധേയമാക്കിക്കൊണ്ടുള്ള ഒരു ഭേദഗതിയാണ് ഇത്. അപ്പോൾ കഴിഞ്ഞുപോയ കാലങ്ങളിൽ കിട്ടിയ പണമെല്ലാം വെള്ളപൂശി വെളുപ്പിക്കുന്നതോടൊപ്പം, ഭാവിയിൽ എത്ര പണം വേണമെങ്കിലും വിദേശികൾക്ക് ഉടമസ്ഥാവകാശവും നിയന്ത്രണവുമുള്ള കമ്പനികളിൽനിന്ന് വാങ്ങാൻ ഒരു നിയമതടസ്സുവുമില്ല. അങ്ങനെ വിദേശ സംഭാവന നിയന്ത്രണനിയമത്തെ ശീർഷാസനത്തിൽ നിർത്തിയിരിക്കുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്.

ഈ വർഷത്തെ ധനബിൽ നോക്കിയാൽ ഇതൊന്നും പെട്ടെന്നു പിടികിട്ടുകയില്ല. ആ രീതിയിലാണ് ഇത് എഴുതിച്ചേർത്തിരിക്കുന്നത്. 2016ലെ ധനനിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുകയാണ്. ഇത് വിചിത്രമായ ഒരു നിയമനിർമാണ രീതിയാണ്. 2016ലെ ഭേദഗതി വിദേശ സംഭാവന നിയന്ത്രണനിയമത്തിലാണ് വരുത്തിയിരിക്കുന്നത്. അപ്പോൾ ആ നിയമത്തിൽ ഭേദഗതിവരുത്തുന്ന പ്രത്യക ബിൽ അവതരിപ്പിക്കുകയും പാർലമെന്റിന്റെ ഇരു സഭയും പാസാക്കിയെടുക്കുകയുമായിരുന്നു ചെയ്യേണ്ടത്. പക്ഷേ, സർക്കാർ ചെയ്തത് 2017ലെ ധനബില്ലിൽ 2016ലെ ധനനിയമം ഭേദഗതിചെയ്യുന്ന വ്യവസ്ഥയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇത് തെറ്റായ ഒരു നിയമനിർമാണ രീതിയാണ്. അങ്ങനെ ചെയ്യാൻ കാരണമുണ്ട്. ഒന്ന്, ധനബില്ലിന്റെ ഭാഗമായിവന്നാൽ രാജ്യസഭയ്ക്ക് അതിലൊരു മാറ്റവും വരുത്താൻ സാധിക്കുകയില്ല, കാരണം ധനബിൽ ഒരു 'മണിബില്ലാ'ണ്. രണ്ട്, 2016ലെ ധനനിയമം എന്നു പറയുമ്പോൾ പെട്ടെന്ന് ആർക്കും ഇതെന്താെണന്നു കണ്ടുപിടിക്കാൻ പറ്റുകയില്ല. അതേസമയത്ത് വിദേശ സംഭാവന നിയമമെന്നും ധനബില്ലിൽ പറയുകയാണെങ്കിൽ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. അങ്ങനെ പെട്ടെന്ന് മനസ്സിലാക്കരുതെന്നുള്ള ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സുപ്രധാനമായ വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി പാർലമെന്റിൽ നടക്കുന്ന ബഹളത്തിനിടയിൽ ഒരു ചർച്ചയും നടത്താതെ പാസാക്കിയത് ന്യായീകരിക്കാൻ സാധിക്കാത്ത ഒരു നടപടിയാണ്. സാധാരണ ഭേദഗതിയല്ലിത്. ഇന്നോളം രാജ്യം പിന്തുടർന്നുവന്ന നയത്തിനെ തകിടംമറിക്കുന്ന ഒരു നിയമനടപടിയാണ്. ഇങ്ങനെയൊരു നയമാറ്റം വേണമെങ്കിൽത്തന്നെ, ഒരു പ്രത്യക ബിൽ അവതരിപ്പിച്ച് പാർലമെന്ററി സമിതിയുടെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിമാത്രമേ പാസാക്കാവൂ. അതാണ് പാർലമെന്റിന്റെ കീഴ്വഴക്കം. പാർലമെന്റ് അംഗങ്ങൾക്കുപോലും എന്താണ് നടന്നതെന്ന് വ്യക്തമായൊരു രൂപവുമില്ല. മാധ്യമങ്ങളിൽ ഒരു ചർച്ചയും നടക്കുന്നില്ല. ഈ രാജ്യത്തെ ജനാധിപത്യത്തെ സാരമായി സ്വാധീനിക്കാൻ കഴിവുള്ള വിദേശപണം ധാരാളമായി രാഷ്ട്രീയപാർടികളുടെ കൈയിൽ എത്താൻ സഹായിക്കുന്ന ഈ നിയമഭേദഗതിക്കെതിരെ സമൂഹം പ്രതികരിക്കേണ്ടതാണ്. വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കുപോലും ഈ റൂട്ടിലൂടെ പണം ഇവിടെ എത്തിക്കാൻ കഴിയുന്ന സാഹചര്യവും ഉണ്ടായിക്കൂടെന്നില്ല. ഈ അപകടങ്ങളെല്ലാം പാർലമെന്റ് വിശദമായി ചർച്ചചെയ്യേണ്ടതായിരുന്നു. ബഹളത്തിനിടയിൽ പാസാക്കാവുന്ന ഒരു ഭേദഗതിയായിരുന്നില്ല ഇത്

(മുൻ ലോക് സഭാ സെക്രട്ടറി ജനറലാണ് ലേഖകൻ)

പ്രധാന വാർത്തകൾ
Top