23 April Monday

സ്ത്രീക്കുവേണ്ടത് സംരക്ഷണമല്ല, സ്വാതന്ത്യ്രം

ഡോ. പി എസ് ശ്രീകലUpdated: Saturday Mar 25, 2017

ഡോ.പി എസ് ശ്രീകല

ഡോ.പി എസ് ശ്രീകല

സുവ്യക്തമായ ഒരു ലിഖിത ഭരണഘടനയിലൂടെ ലിംഗസമത്വം പൌരാവകാശമാണെന്ന് പ്രഖ്യാപിക്കുന്ന രാജ്യമാണ് ഇന്ത്യ. ഭരണഘടനയുടെ അനുച്ഛേദം 15 ലിംഗപരമായ വിവേചനം നിരോധിച്ചിരിക്കുന്നു. അനുച്ഛേദം 14 നിയമത്തിനുമുന്നില്‍ ഒരു വ്യക്തിക്കും തുല്യത നിഷേധിക്കരുതെന്ന് ഭരണകൂടത്തോട് നിഷകര്‍ഷിക്കുന്നു. അനുച്ഛേദം 21 ഇന്ത്യന്‍ പൌരര്‍ക്കനുവദിക്കുന്ന മൌലികാവകാശമാണ് വ്യക്തിസ്വാതന്ത്യ്രം. ഒരു വ്യക്തിയുടെയും ജീവിതവും സ്വാതന്ത്യ്രവും നിയമപരമല്ലാത്ത ഒരു സാഹചര്യത്താലും അപഹരിക്കപ്പെടരുതെന്ന് ഭരണഘടന അനുശാസിക്കുന്നു. ഈ അവകാശങ്ങള്‍ ഇന്ത്യന്‍ പൌരര്‍ക്ക് അനുഭവിക്കാന്‍ സാഹചര്യമൊരുക്കലാണ്, അഥവാ അവ അനുഭവിക്കാനാകുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ് വിവിധ നിയമങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. തുല്യതയിലും വ്യക്തിസ്വാതന്ത്യ്രത്തിലും വിവേചനനിരോധനത്തിലും അധിഷ്ഠിതമായ നിയമങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ. എന്നാല്‍, യാഥാര്‍ഥ്യം വൈരുധ്യത്തിന്റേതാണ്. ലിംഗപരമായ അസമത്വവും സ്വാതന്ത്യ്രനിഷേധങ്ങളും വിവേചനങ്ങളും രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ലോകത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത നഗരങ്ങളില്‍ നാലാംസ്ഥാനത്താണ് ഡല്‍ഹി എന്നത് ഈ യാഥാര്‍ഥ്യത്തിന്റെ അപമാനകരമായ തെളിവാണ്. 

ഡല്‍ഹിയില്‍ 2015ല്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസുകളുടെ എണ്ണത്തെ അപേക്ഷിച്ച് 20 ശതമാനം വര്‍ധനയാണ് സമാനസ്വഭാവമുള്ള കേസുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 2016ല്‍ ഉണ്ടായിരിക്കുന്നത്. ഭരണസിരാകേന്ദ്രമായ തലസ്ഥാന നഗരത്തിന്റെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ രാജ്യത്ത് ദരിദ്ര ജനകോടികള്‍ ജീവിതം തള്ളിനീക്കുന്ന  ഇതരഭാഗങ്ങളിലെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുമല്ലോ. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതെയും പൊലീസിന് പരാതി നല്‍കാതെയും നല്‍കുന്ന പരാതികള്‍ രേഖപ്പെടുത്താതെയും കുറ്റകൃത്യങ്ങള്‍ സ്വാഭാവിക സാമൂഹിക പ്രതിഭാസങ്ങളായി തുടരുകയാണ്.

കടുത്ത ദാരിദ്യ്രവും വര്‍ധിച്ചുവരുന്ന തൊഴില്‍ചൂഷണവും അനുഭവിക്കുന്നതിനിടയിലാണ് മാനസികവും ശാരീരികവുമായ അതിക്രമങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്നത്. ദാരിദ്യ്രത്തിന്റെയും തൊഴില്‍ചൂഷണത്തിന്റെയും ആഘാതം താരതമ്യേന കുറവുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ പൊതുജീവിതാവസ്ഥയും ആരോഗ്യ വിദ്യാഭ്യാസ സൂചകങ്ങളും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്കനുകൂലമാണ്. ഐക്യരാഷ്ട്രസഭ തയ്യാറാക്കുന്ന മാനവ വികസന സൂചകത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. അതേസമയം, സ്ത്രീകളോടുള്ള സമീപനത്തില്‍ ഇന്ത്യയില്‍ പൊതുവെ നിലനില്‍ക്കുന്ന ഫ്യൂഡല്‍ മൂല്യബോധമാണ് കേരളസമൂഹത്തിലും പ്രകടമാകുന്നത്.

ഇവിടെ നിലനിന്ന ജാതിജന്മിനാടുവാഴി മേധാവിത്വത്തെ രാഷ്ട്രീയമായി പരാജയപ്പെടുത്താനും ജനാധിപത്യത്തെ രാഷ്ട്രീയമായി സാംസ്കാരികമായി ശക്തിപ്പെടുത്താനും കേരളത്തിന് കഴിഞ്ഞു. എന്നാല്‍, ജാതിജന്മിനാടുവാഴി മേധാവിത്വത്തെ സാംസ്കാരികമായി പൂര്‍ണമായും പരാജയപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. അതിന്റെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള സമീപനത്തില്‍ പ്രകടമാകുന്നത്. സദാചാരം, കുടുംബമഹിമ, തറവാടിത്തം, കുലീനത തുടങ്ങിയ പ്രയോഗങ്ങളും ആശയങ്ങളുമായി ജാതിജന്മിനാടുവാഴി മേധാവിത്വം സമൂഹത്തിന്റെ സാംസ്കാരിക അവബോധത്തില്‍ ആധിപത്യം നിലനിര്‍ത്തുന്നു. സ്ത്രീയുടെ കാര്യത്തില്‍ ഈ ഫ്യൂഡല്‍ആശയം വിനയാന്വിത, സര്‍വംസഹ, പതിവ്രത, കുടുംബിനി തുടങ്ങിയ പ്രയോഗങ്ങളായി നിലനില്‍ക്കുന്നു.

ഇത്തരം ഫ്യൂഡല്‍ ആശയങ്ങള്‍ പ്രബലമായതുകൊണ്ടാണ് ഒരുഭാഗത്ത് നിയമപാലനത്തിന്റെയും മറുഭാഗത്ത് സദാചാരസംരക്ഷണത്തിന്റെയും വക്താക്കളായി ഒരേ സംവിധാനംതന്നെ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം തടയുന്ന പൊലീസ് സംവിധാനംതന്നെയാണ് ആണും പെണ്ണും സൌഹൃദം പങ്കിടുന്നതുകാണുമ്പോള്‍ അസ്വസ്ഥരാകുന്നതും !! ആദ്യത്തേത്  നിയമപാലനമാണെങ്കില്‍ രണ്ടാമത്തേത് സദാചാരസംരക്ഷണമാണ്. മറ്റൊരര്‍ഥത്തില്‍ ആദ്യത്തേത് ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കലാകുമ്പോള്‍ രണ്ടാമത്തേത് ഫ്യൂഡല്‍ മൂല്യസംരക്ഷണമാണ്. ഇവ രണ്ടും സമന്വയിപ്പിക്കാനുള്ള ശ്രമം ആത്യന്തികമായി ഭരണഘടനാമൂല്യങ്ങളുടെ നിഷേധവുമാണ്. സംരക്ഷിക്കേണ്ടത് സ്ത്രീയെയല്ല, ഭരണഘടനാമൂല്യങ്ങളെയാണ് എന്നര്‍ഥം.

അതേസമയം, മേല്‍പ്പറഞ്ഞവയില്‍ ആദ്യത്തേതുമായി ബന്ധപ്പെട്ട വാദങ്ങള്‍ സ്ത്രീയെ സംരക്ഷിക്കണം എന്ന നിലയിലാണ് പൊതുവെ ഉന്നയിക്കപ്പെടുന്നത്. രണ്ടാമത്തേതിലാകട്ടെ, സദാചാരസങ്കല്‍പ്പത്തെ വിമര്‍ശിക്കലാണ് പൊതുപ്രവണത. എന്നാല്‍, ഇവ രണ്ടിലും അടിസ്ഥാനപ്രശ്നം സ്ത്രീസ്വാതന്ത്യ്രത്തിന്റേതാണ്. ഇന്ത്യന്‍ പൌര എന്ന നിലയില്‍ ഭരണഘടനാപരമായ സ്വാതന്ത്യ്രം സ്ത്രീക്ക് അനുഭവിക്കാന്‍ കഴിഞ്ഞാല്‍, സംരക്ഷണത്തിന് പ്രസക്തിയില്ലാതാകും. മാത്രമല്ല, സംരക്ഷണവാദത്തില്‍ അപകടവുമുണ്ട്. ഒരു വ്യക്തിയുടെ / സംവിധാനത്തിന്റെ (പുരുഷന്റെ/ കുടുംബത്തിന്റെ ) സംരക്ഷണത്തിലാകുമ്പോള്‍ ആ വ്യക്തിയുടെ / സംവിധാനത്തിന്റെ നിബന്ധനകള്‍ക്കും തീരുമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയയാകേണ്ടിവരും. അതുകൊണ്ട് സംരക്ഷണ വാദം സ്വാതന്ത്യ്രനിഷേധമാണ്. സംരക്ഷകരും ഉടമകളും തമ്മില്‍ വലിയ ദൂരമില്ല. സ്വന്തം അധീനതയിലുള്ള സ്ഥാവരജംഗമവസ്തുക്കള്‍  ഭൂമി, പണം, സമ്പത്ത്, കന്നുകാലികള്‍ തുടങ്ങിയവ  സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കേണ്ട  വസ്തുവോ ജീവിയോ അല്ലല്ലോ സ്ത്രീ.

ഇന്ത്യയെ സംബന്ധിച്ച് സ്ത്രീ ഭരണഘടനാപരമായ അവകാശങ്ങള്‍ അനുഭവിക്കേണ്ട വ്യക്തിയാണ്. ലോകസമൂഹത്തെ സംബന്ധിച്ച് അവള്‍ മനുഷ്യാവകാശങ്ങള്‍ അനുഭവിക്കേണ്ട വ്യക്തിയാണ്. പൌരാവകാശവും മനുഷ്യാവകാശവും അനുഭവിക്കാനാകുന്നത് സ്വാതന്ത്യ്രത്തില്‍ മാത്രമാണ്. അതുകൊണ്ട് സ്ത്രീസംരക്ഷണമെന്ന പിതൃമേധാവിത്വപുരുഷാധിപത്യ ഫ്യൂഡല്‍ബോധത്തിന്റെ സ്ഥാനത്ത് സ്ത്രീസ്വാതന്ത്യ്രമെന്ന ജനാധിപത്യബോധം സ്ഥാപിക്കപ്പെടണം. സംരക്ഷകരുടെ കുറവല്ല, സ്ത്രീയുടെ സ്വാതന്ത്യ്രം അംഗീകരിക്കാനുള്ള വിമുഖതയാണ് സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് ഒരു കാരണം. പ്രമുഖ മലയാളിനടിക്ക് നേരിടേണ്ടി വന്ന അതിക്രമം അവര്‍ക്ക് സഞ്ചരിക്കാനും താല്‍പ്പര്യമുള്ള മേഖലയില്‍ പ്രവര്‍ത്തിക്കാനുമുള്ള അവരുടെ സ്വാതന്ത്യ്രത്തെ നിഷേധിക്കലാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയും കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളുമായ ഗുര്‍മെഹര്‍ കൌര്‍ എന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന ബലാത്സംഗഭീഷണി അവളുടെ അഭിപ്രായസ്വാതന്ത്യ്രത്തെ നിഷേധിക്കലാണ്. ഇതെല്ലാം നടന്നുകൊണ്ടേയിരിക്കുന്നത് 'സ്വതന്ത്ര' ഇന്ത്യയിലുമാണ്
 

പ്രധാന വാർത്തകൾ
Top